പണ്ടു പണ്ട് വിജയനഗര സാമ്രാജ്യത്തിലെ രാജാവായ കൃഷ്ണദേവരായർ രാജ്യം ഭരിക്കുന്ന കാലം. പ്രജാക്ഷേമ തല്‌പരനായിരുന്ന അദ്ദേഹം തന്റെ പ്രജകൾക്കെല്ലാം ഏതു സമയവും കൊട്ടാരത്തിൽ വന്നു തങ്ങളുടെ പരാതികൾ പറയാൻ അനുവാദം നൽകിയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം രാജാവിനെ കാണാൻ ഒരു ഗ്രാമത്തലവൻ കൊട്ടാരത്തിൽ എത്തി. സൈനികർ രാജാവിന്റെ അനുവാദത്തോടെ അദ്ദേഹത്തിനെ കൊട്ടാരത്തിനുള്ളിലേക്കു കടത്തിവിട്ടു. സഭയിലെത്തിയ ഗ്രാമത്തലവൻ രാജാവിനെ വണങ്ങി. രാജാവ് അയാളോട് കൊട്ടാരത്തിൽ വന്നതിന്റെ കാരണം ആരാഞ്ഞു. അപ്പോൾ ഗ്രാമത്തലവൻ രാജാവിനോട് പറഞ്ഞു
“പ്രഭു, ഞങ്ങളുടെ ഗ്രാമത്തിൽ എലികളുടെ ശല്യം കാരണം ഗ്രാമവാസികൾ ദുരിതത്തിലാണ്. വീടുകളിലും കൃഷിയിടങ്ങളിലുമെല്ലാം എലികൾ യഥേഷ്ടം വിഹരിക്കുകയാണ്. അങ്ങ് ഇതിനെന്തെങ്കിലും പരിഹാരം കണ്ടെത്തണം.”
ഗ്രാമത്തലവന്റെ പ്രശ്നം അറിഞ്ഞ രാജാവ് എത്രയും വേഗം ഇതിനൊരു പരിഹാരം കാണാമെന്ന് അദ്ദേഹത്തിന് ഉറപ്പു നൽകി. എന്നിട്ടു മന്ത്രിമാരെ ഉടൻ തന്നെ സഭയിലേക്കു വിളിച്ചു വരുത്തി. ഗ്രാമീണരുടെ പ്രശ്നത്തിനു ഒരു പരിഹാരം കണ്ടെത്താൻ നിർദ്ദേശിച്ചു. അപ്പോൾ കൂട്ടത്തിൽ ഒരു മന്ത്രി പറഞ്ഞു
“എലി ശല്യം കുറയ്ക്കുന്നതിനായി എന്റെ പക്കൽ ഒരു ഉപായം ഉണ്ട് പ്രഭു.”
ഇതു കേട്ട രാജാവ് അദ്ദേഹത്തിനോട് ആ ഉപായം എന്താണെന്നു പറയാൻ ആവശ്യപ്പെട്ടു. അപ്പോൾ ആ മന്ത്രി പറഞ്ഞു
“പ്രഭു, ഗ്രാമത്തിലെ ഓരോ വീട്ടിലുള്ളവർക്കും ഓരോ പൂച്ചയെ വീതം നൽകാം. പൂച്ച എലികളെ മുഴുവൻ കൊന്നൊടുക്കും അതോടെ ഗ്രാമത്തിലെ എലി ശല്യവും തീരും.”
ഇതുകേട്ട മറ്റൊരു മന്ത്രി പറഞ്ഞു
“ഗ്രാമവാസികൾക്ക് പൂച്ചയെ കൊടുക്കുക എന്ന ആശയം വളരെ നല്ലതാണ്. പക്ഷെ ദരിദ്രരായ ഗ്രാമവാസികൾക്ക് പൂച്ചയെ നൽകിയാൽ അവർ എങ്ങനെയാണ് അതിനു ആഹാരം നൽകുന്നത്? അതവർക്കു ബുദ്ധിമുട്ട് ആകുകയില്ലേ?”
ഇതുകേട്ട ആദ്യത്തെ മന്ത്രി വീണ്ടും പറഞ്ഞു
“അതിനും എന്റെ പക്കൽ ഒരു ഉപായം ഉണ്ട്. നമുക്ക് പൂച്ചയോടൊപ്പം ഗ്രാമവാസികൾക്ക് ഓരോ പശുവിനെ കൂടി നൽകാം. അതാകുമ്പോൾ കർഷകരായ ഗ്രാമവാസികൾക്ക് സഹായവുമാകും പൂച്ചയ്ക്ക് പാൽ കൊടുക്കുകയും ചെയ്യാം.”
ഈ നിർദ്ദേശം രാജാവിനും മറ്റു മന്ത്രിമാർക്കും സ്വീകാര്യമായി. അടുത്ത ദിവസം തന്നെ രാജാവ് ഗ്രാമത്തിലെ ഓരോ വീടിനും ഓരോ പൂച്ചയേയും പശുവിനെയും വീതം നൽകി.
എന്നാൽ പാൽ കുടിച്ചു വളർന്ന പൂച്ചകൾ തടിച്ചു കൊഴുത്തു മടിയന്മാരായി മാറി. ഇതറിഞ്ഞ തെനാലിരാമൻ ഒരു ഗ്രാമവാസിയിൽ നിന്നും പൂച്ചയെ വാങ്ങി തന്റെ വീട്ടിലേക്കു കൊണ്ടുപോയി. ഏതാനും ദിവസങ്ങൾക്കു ശേഷം രാമൻ ആ പൂച്ചയെ അതിന്റെ ഉടമസ്ഥന് മടക്കി നൽകുകയും ചെയ്തു. എന്നാൽ മടങ്ങി വന്നതിനു ശേഷം പൂച്ച പാൽ കാണുമ്പോഴേ പേടിച്ചു ഓടാൻ തുടങ്ങി. മാത്രമല്ല പൂച്ച എലിയെ പിടിക്കാനും തുടങ്ങിയിരുന്നു. ഇതുകണ്ട ഗ്രാമവാസിക്ക് അത്ഭുതമായി. എന്നാൽ പൂച്ചയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അയാൾക്ക് അറിയില്ലായിരുന്നു. പൂച്ച എലികളെ പിടിക്കുന്നത് കണ്ട അയാൾ സന്തോഷിച്ചു. അപ്പോഴും അയാളുടെ പൂച്ച ഒഴിച്ചു മറ്റൊരു ഗ്രാമവാസികളുടെയും പൂച്ച എലികളെ പിടിക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഗ്രാമത്തിൽ എലി ശല്യം കുറഞ്ഞതുമില്ല.
ഈ സമയം ഗ്രാമത്തിൽ എലി ശല്യം കുറഞ്ഞില്ല എന്നറിയുവാനിടയായ രാജാവ് ഗ്രാമവാസികളോട് പൂച്ചകളുമായി കൊട്ടാരത്തിൽ എത്താൻ ആവശ്യപ്പെട്ടു. കൊട്ടാരത്തിൽ എത്തിയ ഗ്രാമവാസികൾ പൂച്ചകൾ എലികളെ പിടിക്കുന്നില്ല എന്ന് രാജാവിനോട് പരാതി പറഞ്ഞു. എന്നാൽ കൂട്ടത്തിൽ ഒരാൾ മാത്രം തന്റെ പൂച്ച എലികളെ പിടിക്കുന്നതായി പറഞ്ഞു. ഇതുകേട്ട രാജാവ് പൂച്ചകളെയെല്ലാം പരിശോധിച്ചു. എല്ലാ പൂച്ചകളും തടിച്ചു കൊഴുത്തു ആരോഗ്യത്തോടെ തന്നെയാണ് ഇരിക്കുന്നതെന്നു രാജാവിന് മനസിലായി. അദ്ദേഹം എലിയെ പിടിക്കുന്ന പൂച്ചയുടെ ഉടമസ്ഥനോട് പൂച്ചക്ക് കഴിക്കാൻ എന്തൊക്കെയാണ് കൊടുക്കുന്നതെന്നു ചോദിച്ചറിഞ്ഞു. അപ്പോൾ അയാൾ തന്റെ പൂച്ച പാൽ കുടിക്കാത്ത കാര്യം രാജാവിനോട് പറഞ്ഞു. ഇതു കേട്ട രാജാവ് അത്ഭുതപ്പെട്ടു. എന്നിട്ട് ആ ഗ്രാമവാസിയോട് ചോദിച്ചു
“പാൽ കുടിക്കാത്ത പൂച്ചയോ? അതെന്താണ് നിങ്ങളുടെ പൂച്ച മാത്രം പാൽ കുടിക്കാത്തത്?”
അപ്പോൾ ആ ഗ്രാമവാസി രാജാവിനോട് പറഞ്ഞു
“പ്രഭു, ഈ പൂച്ചയും മറ്റു പൂച്ചകളെ പോലെ തന്നെ പാല് കുടിക്കുമായിരുന്നു. എന്നാൽ തെനാലിരാമൻ ഒരു ദിവസം വീട്ടിലെത്തി തന്റെ പൂച്ചയെയും കൊണ്ടു പോയിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പൂച്ചയെ തിരികെ കൊണ്ടു വന്നത്. എന്നാൽ തിരികെ വന്നതിനു ശേഷം പൂച്ച പാൽ കുടിക്കാതെ ആയി. മാത്രമല്ല എലികളെ പിടിക്കുവാനും തുടങ്ങിയിരുന്നു.”
ഗ്രാമവാസിയുടെ വാക്കുകൾ കേട്ട രാജാവ് ഉടൻ തന്നെ തെനാലി രാമനെ കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി. കൊട്ടാരത്തിലെത്തിയ രാമനോട് രാജാവ് പൂച്ചക്ക് എന്താണ് സംഭവിച്ചതെന്ന് ആരാഞ്ഞു?
രാമൻ രാജാവിനോട് പറഞ്ഞു
“പ്രഭു, അങ്ങ് പൂച്ചയോടൊപ്പം പശുവിനെയും കൊടുത്തപ്പോൾ ഗ്രാമവാസികൾ എപ്പോഴും പൂച്ചകൾക്ക് വയറു നിറച്ചു പാൽ കൊടുത്തു. അതുകൊണ്ടു തന്നെ പൂച്ചകൾക്ക് വിശപ്പില്ലാതായി. അവ വയറു നിറയുവോളം പാലും കുടിച്ചു മടിയന്മാരായി മാറി. വിശപ്പില്ലാത്തതു കൊണ്ടു തന്നെ പൂച്ചകൾ എലികളെ പിടിക്കുവാൻ ശ്രമിച്ചതുമില്ല.”
അപ്പോൾ രാജാവ് രാമനോട് ചോദിച്ചു
“അങ്ങനെയാണെങ്കിൽ രാമൻ വീട്ടിൽ കൊണ്ടു പോയ പൂച്ച മാത്രം എങ്ങനെയാണ് എലികളെ പിടിക്കാൻ തുടങ്ങിയത് ? “
അപ്പോൾ രാമൻ ചിരിച്ചു കൊണ്ട് പറഞ്ഞു
“ഞാൻ വീട്ടിൽ കൊണ്ടു പോയ പൂച്ചയ്ക്ക് കുടിക്കാനായി നൽകിയത് നല്ല ചൂടുള്ള പാലായിരുന്നു. പാലു കണ്ട പൂച്ച കുടിക്കാനായി ഓടി വന്നു. എന്നാൽ പാൽ കുടിക്കാനായി ശ്രമിച്ചതും ചൂട് കാരണം അതിന്റെ നാവു പൊള്ളി. അതുകൊണ്ടു തന്നെ പൂച്ചയ്ക്ക് പാൽ കുടിക്കാൻ സാധിച്ചില്ല. അടുത്ത ദിവസങ്ങളിലും ഞാൻ ഇതു തന്നെ ആവർത്തിച്ചു. അങ്ങനെ പൂച്ച പാൽ കാണുമ്പോഴേ ഭയന്നു ഓടാൻ തുടങ്ങി. മാത്രമല്ല വിശന്നു തുടങ്ങിയ പൂച്ച സ്വയം ആഹാരം കണ്ടെത്താനും ആരംഭിച്ചു. അങ്ങനെ ഈ പൂച്ച വിശപ്പടക്കാനായി എലികളെ പിടിക്കാനും തുടങ്ങി.”
രാമൻ പറഞ്ഞത് കേട്ടപ്പോൾ രാജാവിന് തന്റെ തീരുമാനത്തിലെ പിഴവ് മനസിലായി. തന്റെ പിഴവ് മനസ്സിലാക്കിയ രാജാവ് രാമന് ധാരാളം സ്വർണനാണയങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു.
Read More Stories for Kids
- വൃദ്ധനും രാജാവും
- നാല് സുഹൃത്തുക്കൾ
- തെനാലിരാമനും വഴിയാത്രക്കാരനും
- ബീർബലിന്റെ കിച്ചടി
- സ്വർണനാണയവും നീതിയും
English Summary: Funny Malayalam Story: Tenali Raman and the Cat
Tenali Raman and the Cat is a hilarious Malayalam story about the cleverness of the famous court jester, Tenali Raman. Known for his quick wit and ability to outsmart everyone, Raman finds himself in a tricky situation involving a cat. The story is filled with unexpected twists and turns that will leave you laughing out loud. This classic tale is a perfect example of the humorous and entertaining nature of Malayalam folklore.