Follow

Subscribe

രണ്ടു സുഹൃത്തുക്കൾ

Aesop's Fables

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

ഒരിടത്ത് രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. രാമുവും രാജുവും. ഒരേ ഗ്രാമത്തിലായിരുന്നു അവരിരുവരും താമസിച്ചിരുന്നത്. രണ്ടുപേരും സമയം കിട്ടുമ്പോഴെല്ലാം ഒത്തുകൂടുമായിരുന്നു. അവർ ഒരുമിച്ച് കളിച്ചുല്ലസിച്ചു നടന്നു. അവരുടെ ഗ്രാമത്തിനോട് ചേർന്ന് ഒരു കാടുണ്ടായിരുന്നു. വന്യമൃഗങ്ങളെല്ലാമുള്ള ഒരു വലിയ കാടായിരുന്നു അത്. 

ഒരു ദിവസം രാജു രാമുവിനോട് ചോദിച്ചു. 

“നമുക്ക് കാട്ടിൽ പോയാലോ? അവിടെ നിറയെ പലതരത്തിലുള്ള പഴങ്ങളുണ്ട്. പഴങ്ങളും ശേഖരിച്ച് വൈകുന്നേരത്തിനു മുൻപ് മടങ്ങാം.” ഇതുകേട്ട രാമുവിന് സന്തോഷമായി. അവൻ പറഞ്ഞു

“തീർച്ചയായും നമുക്ക് പോകാം. എനിക്കും കാട്ടിൽ പോകുന്നത് ഇഷ്ടമാണ്. കൂടാതെ നമുക്ക് നിറയെ പഴങ്ങളും കഴിക്കാമല്ലോ!”

അങ്ങനെ അവരിരുവരും കൂടി കാട്ടിലേക്ക് പുറപ്പെട്ടു. യാത്രയ്ക്കിടയിൽ രാജു രാമുവിനോട് പറഞ്ഞു

“നമ്മൾ കാട്ടിലേക്കാണ് പോകുന്നത് വളരെയധികം സൂക്ഷിക്കണം. വന്യമൃഗങ്ങളൊക്കെ ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.”

ഇതുകേട്ട രാമു പറഞ്ഞു 

“നീ പറഞ്ഞത് ശരിയാണ്. നമുക്ക് ശ്രദ്ധിച്ചു മുന്നോട്ടുപോകാം.”

അങ്ങനെ അവർ കാട്ടിലെത്തി. അവിടെ മരങ്ങളിൽ നിറയെ പലതരത്തിലുള്ള പഴങ്ങൾ നിൽക്കുന്നു. ഇതുകണ്ട രാജുവും രാമുവും അത്ഭുതപ്പെട്ടു. അവർ പഴങ്ങൾ ശേഖരിക്കാനായി തുടങ്ങി. അവരുടെ മുഴുവൻ ശ്രദ്ധയും പഴങ്ങൾ ശേഖരിക്കുന്നതിൽ മാത്രമായിരുന്നു. അപ്പോൾ പുറകിൽ ഒരു ശബ്ദം കേട്ടു. അവർ ശബ്ദംകേട്ട ഭാഗത്തേക്ക് നോക്കി.

അതാ ഒരു കരടി!

അത് അവരുടെ അടുത്തേക്ക് വരുന്നു. ഇതുകണ്ട രാജുവും രാമുവും ഓടി.

മരത്തിൽ കയറാൻ അറിയാവുന്ന രാജു രാമുവിനെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ ഒരു മരത്തിൽ ഓടികയറി. എന്നാൽ രാമുവിനാകട്ടെ മരത്തിൽ കയറാൻ അറിയില്ലായിരുന്നു.

കരടി രാമുവിൻ്റെ അടുത്തെത്താറായി. എന്തുചെയ്യണം എന്നറിയാതെ അവൻ വിഷമിച്ചു. അപ്പോഴാണ് പണ്ട് മുത്തശ്ശി പറഞ്ഞുകൊടുത്ത് അവന് ഓർമവന്നത്.

“കരടി ഒരിക്കലും ജീവനില്ലാത്തവയെ ഭക്ഷിക്കുകയില്ല.”

അവൻ മറ്റൊന്നും ചിന്തിക്കാതെ നിലത്ത് കിടന്നു. കരടി അടുത്തെത്തിയപ്പോൾ അവൻ കണ്ണുകളും അടച്ച് ശ്വാസമടക്കിപിടിച്ച് ജീവനില്ലാത്ത പൊലെ അനങ്ങാതെ കിടന്നു. കരടി അവൻ്റെ കൈയും കാലും ചെവിയുമൊക്കെ മണപ്പിച്ചു. ജീവനില്ല എന്ന് ഉറപ്പിച്ചശേഷം കരടി അവിടെ നിന്നും പോയി. 

രാജു മരത്തിൻ്റെ മുകളിലിരുന്നു ഇതെല്ലാം കാണുന്നുണ്ടായിരുന്നു. കരടി പോയി കഴിഞ്ഞു എന്നുറപ്പായപ്പോൾ  രാജു മരത്തിൽനിന്നും പതിയെ താഴെയിറങ്ങി. രാമുവിൻ്റെ അരികിലെത്തി അവനെ തട്ടിവിളിച്ചു. രാമു കണ്ണുകൾ തുറന്ന് ചുറ്റുംനോക്കി. കരടി പോയിക്കഴിഞ്ഞു എന്ന് മനസിലാക്കിയ അവൻ നിലത്തുനിന്നും ചാടിയെഴുന്നേറ്റു.

ആശ്ചര്യം വിട്ടുമാറാത്ത രാജു രാമുവിനോട് ചോദിച്ചു.

“കരടി നിൻ്റെ ചെവിയിൽ എന്തോ പറയുന്നത് കണ്ടല്ലോ എന്താണ് കരടി പറഞ്ഞത്?”

ഇതുകേട്ട രാമു ചിരിച്ചുകൊണ്ട് പറഞ്ഞു

“അതോ, ആപത്തിൽ സഹായിക്കാതെ സ്വന്തം കാര്യം മാത്രം നോക്കി പോകുന്ന സുഹൃത്തിനെ ഒരിക്കലും വിശ്വസിക്കരുത് എന്നാണ് കരടി എന്നോട് പറഞ്ഞത്.”

രാമുവിൻ്റെ മറുപടി കേട്ട രാജു ഇളിഭ്യനായി ഒന്നും പറയാനാകാതെ തലകുനിച്ചു നിന്നു.

ഗുണപാഠം

ഏത് സാഹചര്യത്തിലും നമ്മോടൊപ്പം നിൽക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നവരാണ് യഥാർഥ സുഹൃത്തുക്കൾ.

Read More Good Moral Stories For Kids

English Summary: The Bear and the Two Friends, Good moral stories for kids

Story Malayalam ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

28 Comments on രണ്ടു സുഹൃത്തുക്കൾ

  1. വളരെ നല്ലത്…. എന്റെ പൊന്നൂസിനും പാറൂസിനും പറഞ്ഞു കൊടുക്കാൻ പറ്റിയ ഒരുപാട് നല്ല കഥകൾ ഉണ്ട്

    മറുപടി