പണ്ടു പണ്ടൊരു കാട്ടിൽ നദിയുടെ കരയിലായി ഒരു ആപ്പിൾ മരം ഉണ്ടായിരുന്നു. ഈ ആപ്പിൾ മരത്തിലായിരുന്നു ഒരു കുരങ്ങൻ ജീവിച്ചിരുന്നത്. അവൻ ഒറ്റയ്ക്കായിരുന്നു അവിടെ താമസം. ആപ്പിൾ മരത്തിൽ നിന്നും ആപ്പിളുകളും ഭക്ഷിച്ച് അവൻ സന്തോഷത്തോടെ അവിടെ കഴിഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം വിശന്നു വലഞ്ഞ ഒരു മുതല അവിടെ എത്തിച്ചേർന്നു. അവൻ ആഹാരം അന്വേഷിച്ചു ഒരുപാട് അലഞ്ഞു. ഒടുവിൽ ആപ്പിൾ മരത്തിലിരിക്കുന്ന കുരങ്ങനെ കണ്ടു. കുരങ്ങനെ കണ്ടതും മുതല പറഞ്ഞു
“സുഹൃത്തേ, ഞാൻ കുറച്ചു ദൂരെ നിന്നാണ് വരുന്നത്. രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല. നല്ല വിശപ്പുണ്ട് എന്തെങ്കിലും കഴിക്കാൻ കിട്ടിയാൽ നന്നായിരുന്നു.”
ഇതു കേട്ട് ദയ തോന്നിയ കുരങ്ങൻ ആപ്പിൾ മരത്തിൽ നിന്നും കുറച്ച് മധുരമുള്ള ചുവന്ന ആപ്പിളുകൾ അടർത്തിയെടുത്തു മുതലയ്ക്കു നൽകി. മുതല അതെല്ലാം വളരെ സ്വാദോടെ കഴിച്ചു. വിശന്നു തളർന്ന തനിക്ക് ആഹാരം നൽകിയ കുരങ്ങനുമായി മുതല വളരെ വേഗം ചങ്ങാത്തത്തിലായി. ദിവസവും മുതല കുരങ്ങനെ കാണാൻ ആപ്പിൾ മരത്തിന്റെ ചുവട്ടിൽ എത്തുമായിരുന്നു. അവർ ആപ്പിൾ മരത്തിലെ സ്വാദുള്ള ചുവന്ന ആപ്പിളുകളും കഴിച്ചു വളരെ നേരം സംസാരിച്ചു കൊണ്ടിരിക്കുക പതിവായി.
ഒരു ദിവസം അങ്ങനെ അവർ സംസാരിക്കുന്നതിനിടയിൽ മുതല തന്റെ ഭാര്യയെക്കുറിച്ചു പറയുവാനിടയായി. നല്ലവനായ കുരങ്ങൻ അന്നു മുതൽ നദിയുടെ അക്കരെ താമസിക്കുന്ന മുതലയുടെ ഭാര്യയ്ക്കു വേണ്ടിയും ആപ്പിളുകൾ നൽകി തുടങ്ങി. മുതലയുടെ ഭാര്യയ്ക്കും ആപ്പിൾ വളരെയധികം ഇഷ്ടപ്പെട്ടു. അവൾ എന്നും തന്റെ ഭർത്താവ് കൊണ്ടു വരുന്ന ആപ്പിളുകൾക്കായി കാത്തിരിക്കുമായിരുന്നു. ഒരു ദിവസം അവൾ വിചാരിച്ചു
“ആപ്പിളിന് ഇത്രയും രുചിയാണെങ്കിൽ മധുരമുള്ള ആപ്പിളുകൾ മാത്രം കഴിക്കുന്ന കുരങ്ങന്റെ ഹൃദയത്തിന് എന്തു മധുരമായിരിക്കും? അവനെ കഴിക്കാൻ പറ്റിയാൽ കുശാലായിരിക്കും”.
ഇതെല്ലാം മനസ്സിലൊളിപ്പിച്ച് കുരങ്ങനെ വീട്ടിലേക്ക് ക്ഷണിക്കാൻ അവൾ മുതലയോട് ആവശ്യപ്പെട്ടു. എന്നാൽ തന്റെ സുഹൃത്തിനെ വീട്ടിലേക്കു ക്ഷണിച്ചാൽ ഉണ്ടാകാവുന്ന അപകടം ഓർത്ത് ആ പാവം മുതല അതിനു തയ്യാറായില്ല. എങ്ങനെയും കുരങ്ങനെ വീട്ടിൽ എത്തിക്കാനായി മുതലയുടെ ഭാര്യ ഒരു പദ്ധതി തയ്യാറാക്കി. അതിനായി അവൾ ഒരു രോഗിയായി നടിച്ചു. അതിനു ശേഷം ഒരു കുരങ്ങന്റെ ഹൃദയം ഭക്ഷിച്ചാൽ മാത്രമേ തന്റെ അസുഖം ഭേദമാകുകയുള്ളൂ എന്ന് വൈദ്യൻ പറഞ്ഞതായി തന്റെ ഭർത്താവായ മുതലയെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് തന്റെ ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ സുഹൃത്തായ കുരങ്ങന്റെ ഹൃദയം കൊണ്ടുവരാൻ അവൾ ആവശ്യപ്പെട്ടു.
മണ്ടനായ മുതല തന്റെ ഭാര്യ പറഞ്ഞത് അതുപോലെ വിശ്വസിച്ചു. എന്നാൽ സുഹൃത്തിനെ കൊല്ലണമല്ലോ എന്ന ചിന്ത അവനെ അസ്വസ്ഥനാക്കി. ഭാര്യ മരിക്കുന്നത് കാണാൻ ആ മുതലയെ കൊണ്ട് സാധിക്കുമായിരുന്നില്ല. ഒടുവിൽ കുരങ്ങനെ കൊണ്ടു വരാൻ തന്നെ മുതല തീരുമാനിച്ചു. അതിനായി ആപ്പിൾ മരത്തിനടുത്തു ചെന്ന് കുരങ്ങനെ മുതല വീട്ടിലേക്ക് ക്ഷണിച്ചു. തന്റെ സുഹൃത്തായ മുതലയുടെ ക്ഷണം കുരങ്ങൻ വളരെയധികം സന്തോഷത്തോടെ സ്വീകരിച്ചു. കുരങ്ങൻ പറഞ്ഞു
“സുഹൃത്തേ, എനിക്ക് നിങ്ങളുടെ വീട്ടിൽ വരുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷേ നദിയുടെ അക്കരെയല്ലേ നിങ്ങളുടെ വീട്. ഞാൻ എങ്ങനെയാണ് അങ്ങോട്ടേക്ക് വരുന്നത്? എനിക്ക് നിന്നെ പോലെ വെള്ളത്തിലൂടെ നീന്താനൊന്നും അറിയില്ലല്ലോ?”
ഇതു കേട്ട മുതല പറഞ്ഞു
“അതിനാണോ വിഷമം. നീ എന്റെ പുറത്തു കയറിക്കോളൂ. ഞാൻ നിന്നെ അക്കരെ എത്തിക്കാം.”
ഇതു കേട്ടതും കുരങ്ങൻ മുതലയുടെ പുറത്തു കയറി നദിയുടെ അക്കരേയ്ക്ക് യാത്രയായി. അവൻ നദിയിലെ കാഴ്ചകളും കണ്ടു അങ്ങനെ ഇരുന്നു. നദിയുടെ മധ്യത്തിൽ എത്തിയപ്പോൾ മുതല കരുതി
“ഇനി എന്തായാലും കുരങ്ങനു തിരിച്ചു പോകാൻ കഴിയില്ല. അതുകൊണ്ട് അവനോടു സത്യം പറയാം.”
മുതല കുരങ്ങനോട് പറഞ്ഞു.
“സുഹൃത്തേ, എന്റെ ഭാര്യക്ക് അസുഖമാണ്. ഒരു കുരങ്ങന്റെ ഹൃദയം ഭക്ഷിച്ചാൽ മാത്രമേ അസുഖം ഭേദമാകൂ. നിന്നെ അതിനു വേണ്ടിയാണ് ഞാൻ കൊണ്ടു പോകുന്നത്.”
ഇതു കേട്ട കുരങ്ങൻ ഞെട്ടിപ്പോയി. അവൻ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. പക്ഷെ അവൻ തന്റെ ധൈര്യം കൈവിടാതെ ചിന്തിച്ചു പെട്ടന്ന് തന്നെ ഒരു ഉപായം കണ്ടെത്തി. എന്നിട്ട് മുതലയോട് ഇപ്രകാരം പറഞ്ഞു.
“നീ എന്തൊരു മണ്ടനാണ്. ഇതിനാണോ എന്നെ കൊണ്ടു പോകുന്നത്. നിന്റെ ഭാര്യയുടെ ജീവൻ രക്ഷിക്കുന്നതിന് എന്റെ ഹൃദയം നൽകുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ എന്റെ ഹൃദയം ഞാൻ ആപ്പിൾ മരത്തിലെ പൊത്തിൽ വച്ചിരിക്കുകയാണ്. ഞങ്ങൾ കുരങ്ങന്മാർ അങ്ങനെ ഹൃദയം കൊണ്ടു നടക്കാറില്ല. നീ ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഹൃദയവും എടുത്തു കൊണ്ടു വരുമായിരുന്നല്ലോ. നമുക്ക് ഒരു കാര്യം ചെയ്യാം എത്രയും വേഗം തിരിച്ചു പോയി ഹൃദയവുമായി മടങ്ങി വരാം.”
ഇതു കേട്ട മണ്ടനായ മുതല വളരെയധികം സന്തോഷിച്ചു. അവൻ മനസ്സിൽ പറഞ്ഞു
“ഒരു മടിയും കൂടാതെ തന്റെ ഹൃദയം നൽകാൻ മാത്രം ദയയുള്ളവനാണല്ലോ തന്റെ സുഹൃത്ത്. ഭാര്യയുടെ അസുഖം മാറുകയും ചെയ്യും സുഹൃത്തിനെ കൊല്ലുകയും വേണ്ട.”
ഇങ്ങനെ ചിന്തിച്ചു മുതല കഴിയുന്നത്ര വേഗത്തിൽ തിരിച്ചു നീന്തി.
ആപ്പിൾ മരത്തിന്റെ ചുവട്ടിൽ അവർ എത്തിയതും കുരങ്ങൻ ഒറ്റച്ചാട്ടത്തിന് ആപ്പിൾ മരത്തിലേക്ക് കയറി. എന്നിട്ട് ഹൃദയവും പ്രതീക്ഷിച്ചു നിന്ന മുതലയോട് ഇപ്രകാരം പറഞ്ഞു.
“ഭാര്യയുടെ വാക്കു കേട്ട് സ്വന്തം സുഹൃത്തിനെ അപായപ്പെടുത്താൻ തുനിഞ്ഞ നീ എന്തൊരു മണ്ടനാണ്. പോയി ദുഷ്ടയായ നിന്റെ ഭാര്യയോട് പറയൂ, അവളുടെ ഭർത്താവാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢിയെന്ന്.”
എന്നിട്ട് ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ കുരങ്ങൻ മരച്ചില്ലകൾക്കിടയിൽ ഒളിച്ചു.
ഗുണപാഠം
നമ്മുടെ മനസാന്നിധ്യവും ബുദ്ധിസാമർഥ്യവും കൊണ്ട് ഏതു പ്രതിസന്ധി ഘട്ടത്തെയും അതിജീവിക്കാൻ സാധിക്കുന്നതാണ്.
ആപ്പിൾ മരത്തിലെ ഹൃദയം കഥ കേൾക്കാം
Read More Short Stories For Kids In Malayalam
- മടയനായ കഴുത
- തെനാലിരാമന്റെ കുതിര
- സത്യസന്ധനായ മനുഷ്യൻ
- വേട്ടക്കാരനും നാല് സുഹൃത്തുക്കളും
- രാജ്യത്തിലെ കാക്കകൾ
English Summary: The Monkey And The Crocodile, short stories for kids in Malayalam
An Amazing story , my bro!
Thank you 😊
Nice storyyy
Thank you Mahalsa 😊
good
Thank you Alina 😊
good story
താങ്കളുടെ പിന്തുണക്കു വളരെയധികം നന്ദി 🙏
Very good
Thank you 😊