Follow

Subscribe

About

എല്ലാ പ്രിയപ്പെട്ട  മലയാളികൾക്കും സ്റ്റോറി മലയാളം (Story Malayalam) എന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിലേക്ക് സ്വാഗതം. നമുക്കേവർക്കും കഥകൾ കേൾക്കാനും വായിക്കാനും ഇഷ്ടമാണ്. നമ്മുടെ എല്ലാം കുട്ടിക്കാലം കടന്നുവന്നത് നിരവധി കഥകൾ കേട്ടും വായിച്ചുമൊക്കെയാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ കഥകൾക്ക് വലിയൊരു പങ്കുണ്ട്. നമ്മൾ പറഞ്ഞു കൊടുക്കുന്ന ഗുണപാഠകഥകളിൽ നിന്നും അവർ കാണുന്ന കാഴ്ചകളിൽ നിന്നുമാണ് കുട്ടികൾ ശരി/തെറ്റ്, സത്യം/അസത്യം, നന്മ/തിന്മ, സ്നേഹം/വെറുപ്പ്, ധർമം/അധർമം എന്നിവയെല്ലാം ആദ്യമായി മനസ്സിലാക്കുന്നത്.  വെള്ളപേപ്പറിൽ ചായങ്ങൾ തേച്ച് മനോഹര ചിത്രങ്ങൾ വരയ്ക്കുന്നതു പോലെ കഥകളിലൂടെയും മറ്റും കുട്ടികളുടെ മനസ്സിൽ സ്നേഹം,ശരി, സത്യം, നന്മ,ധർമ്മം എന്നീ ഗുണങ്ങൾ നമുക്ക് വരച്ചിടാം. ബാല്യത്തിൽ മനസ്സിലാക്കുന്ന ഈ ഗുണങ്ങൾ വലുതാകുമ്പോഴും അവരുടെ സ്വഭാവത്തിൻ്റെ ഭാഗമായുണ്ടാകും.

കളിക്കുടുക്കയും ബാലരമയും പൂമ്പാറ്റയും ബാലഭൂമിയുമെല്ലാം വായിച്ചുവളർന്ന നമ്മുടെ തലമുറയിൽ നിന്നും ഇന്നത്തെ തലമുറ വളരെ വ്യത്യസ്തമാണ്. പലപ്പോഴും തിരക്കുപിടിച്ച നമ്മുടെ ജീവിതത്തിൽ ഇത്തരം പുസ്തകങ്ങൾ കണ്ടുപിടിച്ച് കുട്ടികൾക്കായി കഥകൾ പറഞ്ഞു കൊടുക്കാൻ നമുക്ക് സമയം ഉണ്ടാകണമെന്നില്ല.  പുതിയ തലമുറയിലെ കുട്ടികളും കഥകൾകേട്ട് വളരണമെന്ന ഉദ്ദേശത്തോടെയാണ്  സ്റ്റോറി മലയാളം എന്ന ഓൺലൈൻ പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്നത്. കുട്ടികളുടെ കഥകളായ  മുത്തശ്ശി കഥകൾ, കാട്ടിലെ കഥകൾ, രാജകുമാരിയുടെ കഥകൾ, സിന്ഡ്രല്ല, കുട്ടി കഥകൾ തുടങ്ങിയവയെല്ലാം വളരെ രസകരമായി നമ്മുടെ മാതൃഭാഷയിൽ സ്റ്റോറി മലയാളത്തിലൂടെ അവതരിപ്പിക്കുന്നു. 

കുട്ടികൾക്കായി ഇത്തരത്തിലുള്ള ഒരു വെബ്സൈറ്റിൻ്റെ അപര്യാപ്തത നികത്തുക എന്നതാണ്  സ്റ്റോറി മലയാളത്തിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇതിലെ കുഞ്ഞുകുഞ്ഞു കഥകൾ മാതാപിതാക്കൾക്ക് കുറച്ചു സമയത്തിനുള്ളിൽ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കാൻ സാധിക്കും. പണ്ടൊക്കെ വീട്ടിൽ പ്രായമായവർ ഉണ്ടായിരുന്നപ്പോൾ കുട്ടികൾ അവരിൽ നിന്നും നിരവധി കഥകൾ കേട്ട് വളരുമായിരുന്നു. എന്നാൽ ഇന്ന് കൂട്ടുകുടുംബങ്ങളുടെ സ്ഥാനത്ത് അണുകുടുംബങ്ങളാണ് നിലവിലുള്ളത്. ഇവിടെ കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുക്കുക എന്ന ഉത്തരവാദിത്തം അച്ഛനമ്മമാരുടേതാണ്. തിരക്കുപിടിച്ച ജീവിതത്തിൽ പലപ്പോഴും നമുക്ക് അറിയാവുന്ന കഥകൾ പോലും ഓർത്തെടുത്തു കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കാൻ കഴിഞ്ഞെന്നു വരില്ല. ഇവിടെയാണ് സ്റ്റോറി മലയാളത്തിൻ്റെ പ്രസക്തിയും. നിങ്ങൾക്കെപ്പോഴും എവിടെവച്ചും കഥകൾ വായിക്കാനും അത് കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കാനും ഇതിലൂടെ സാധിക്കുന്നു. കുട്ടികളിൽ വായനശീലവും ചിന്താശേഷിയും വളർത്താനുതകുന്ന തരത്തിലാണ് സ്റ്റോറി മലയാളത്തിലെ കഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്റ്റോറി മലയാളത്തിൻ്റെ വളർച്ചയ്ക്ക് നിങ്ങളുടെ പിന്തുണ വളരെ അത്യാവശ്യമാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അതെന്തായാലും ഞങ്ങളെ അറിയിക്കുക. ഇതിൽ അപ്ഡേറ്റ് ചെയ്യുന്ന കഥകൾ നിങ്ങൾ വായിക്കുകയും ഒപ്പം അത് മറ്റുള്ളവർക്ക് ഷെയർ ചെയ്യുകയും വേണം. നിങ്ങളുടെ പൂർണ പിന്തുണ പ്രതീക്ഷിച്ചുകൊണ്ട് സ്റ്റോറി മലയാളം.