Follow

Subscribe

രാജാവിന്റെ സ്വപ്നം

Tenali Raman Stories

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

വിജയനഗര സാമ്രാജ്യത്തിലെ ചക്രവർത്തിയായിരുന്നു കൃഷ്ണദേവരായർ. ഒരു ദിവസം രാത്രിയിൽ രാജാവ് വിചിത്രമായ ഒരു സ്വപ്നം കണ്ടു. അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന സ്ഥടികം കൊണ്ടുള്ള ഒരു കൊട്ടാരം. കൊട്ടാരത്തിൽ പതിപ്പിച്ചിരുന്ന തിളക്കമുള്ള കല്ലുകളും അതിലെ പ്രകാശവും സൗകര്യങ്ങളും എല്ലാം രാജാവിനെ വല്ലാതെ ആകർഷിച്ചു. ഉറങ്ങി എണീറ്റിട്ടും താൻ സ്വപ്നത്തിൽ കണ്ട ആ കൊട്ടാരത്തിനെ മറക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അടുത്ത ദിവസം സഭയിലെത്തിയ രാജാവ് ഉദാസീനനായി ഇരുന്നു. ഇതുകണ്ട സഭാവാസികൾ  രാജാവിനോട് കാര്യം എന്താണെന്ന് തിരക്കി.

രാജാവ് താൻ സ്വപ്നത്തിൽ കണ്ട കൊട്ടാരത്തെക്കുറിച്ച് സഭയിലുള്ളവരോട് പറഞ്ഞു. അന്തരീക്ഷത്തിൽ നിൽക്കുന്ന ആ അത്ഭുത കൊട്ടാരത്തെക്കുറിച്ചു കേട്ടതും അവർ ആശ്ചര്യപ്പെട്ടു. അപ്പോഴാണ് രാജാവ് സഭയിലുള്ളവരോടായി ഇപ്രകാരം പറഞ്ഞത്. 

“ഞാൻ സ്വപ്നം കണ്ടത് പോലെ അന്തരീക്ഷത്തിൽ നിൽക്കുന്ന കൊട്ടാരം പണിയാൻ ഒരു ശില്പിയെ നിങ്ങൾ എത്രയും വേഗം കണ്ടെത്തുക. അങ്ങനെ കണ്ടെത്തുന്നവർക്ക് ആയിരം സ്വർണ നാണയം സമ്മാനമായി നൽകുന്നതാണ്.”

രാജാവിന്റെ ആജ്ഞ കേട്ട സഭാവാസികൾ ഞെട്ടി. 

“അന്തരീക്ഷത്തിൽ നിൽക്കുന്ന കൊട്ടാരം പണിയുന്ന ഒരു ശില്പിയോ? അങ്ങനെ ഒരാളെ നമ്മൾ എവിടെ പോയി കണ്ടെത്താനാണ് ?”

അവർ പരസ്പരം ചോദിച്ചു. എന്നാൽ രാജാവിനോട് അങ്ങനെ പറയാൻ ആർക്കും തന്നെ ധൈര്യം വന്നില്ല. അവർ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. അപ്പോഴാണ് കൂട്ടത്തിൽ ഒരാൾ പറഞ്ഞത് 

“നമുക്ക് തെനാലി രാമനെ പോയി കണ്ടാലോ? തീർച്ചയായും ഇതിൽ നമ്മളെ സഹായിക്കാൻ അദ്ദേഹത്തിന് കഴിയും.”

അങ്ങനെ സഭാവാസികളെല്ലാവരും കൂടി തെനാലി രാമനെ കണ്ടു നടന്ന കാര്യം പറഞ്ഞു. എന്നിട്ടു അദ്ദേഹത്തിനോട് പറഞ്ഞു 

“അല്ലയോ തെനാലി രാമാ, നിങ്ങൾക്ക് മാത്രമേ ഞങ്ങളെ ഈ പ്രശ്നത്തിൽ നിന്നും രക്ഷപ്പെടുത്താൻ കഴിയുകയുള്ളൂ. ദയവായി ഞങ്ങളെ സഹായിക്കൂ.”

ഇതു കേട്ട രാമൻ അവരോട് പറഞ്ഞു 

“നിങ്ങൾ എനിക്ക് ഒരാഴ്ച സമയം നൽകണം. തീർച്ചയായും ഈ പ്രശ്നത്തിന് ഞാൻ പരിഹാരം കണ്ടെത്തുന്നതാണ്.”

രാമന്റെ ഉറപ്പു കിട്ടിയതും സഭാവാസികളെല്ലാം സന്തോഷത്തോടെ മടങ്ങി. ദിവസങ്ങൾ കടന്നു പോയി. രാജാവ് ശില്പിയുടെ കാര്യം ഇടയ്ക്കു ചോദിച്ചു കൊണ്ടേയിരുന്നു. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം കൊട്ടാരത്തിൽ ഒരു വൃദ്ധൻ രാജാവിനെ കാണാനായി എത്തി. കൈയിൽ ഊന്നു വടിയും തലയിൽ തലപ്പാവും ധരിച്ചു വന്ന ആ വൃദ്ധന്റെ താടി മുഴുവൻ നരച്ചതായിരുന്നു. രാജാവിനെ കണ്ടതും വൃദ്ധൻ പറഞ്ഞു 

“രാജാവേ, ഞാൻ ഒരു പരാതി ബോധിപ്പിക്കുവാനായി എത്തിയതാണ്. പക്ഷേ അത് പറയുന്നതിന് മുൻപ് അങ്ങ് എനിക്കൊരു ഉറപ്പു നൽകണം.”

ഇതു കേട്ട രാജാവ് വൃദ്ധനോട് ചോദിച്ചു 

“ഞാൻ അങ്ങേക്ക് എന്ത് ഉറപ്പാണ് നൽകേണ്ടത് എന്നു പറയൂ?”

അപ്പോൾ വൃദ്ധൻ പറഞ്ഞു 

“രാജാവേ, എന്റെ സമ്പാദ്യമെല്ലാം ഒരാൾ കൊള്ളയടിച്ചു. അതാരാണെന്ന് ഞാൻ പറയാം. പക്ഷെ  അതാരായാലും മുഖം നോക്കാതെ ശിക്ഷ നൽകാം എന്നെനിക്ക് ഉറപ്പു നൽകണം.”

അപ്പോൾ രാജാവ് പറഞ്ഞു 

“നമ്മുടെ രാജ്യത്ത് ആർക്കാണ് ഇങ്ങനെ ചെയ്യാൻ ധൈര്യം വന്നത് ? തീർച്ചയായും ആരായാലും മുഖം നോക്കാതെ തന്നെ ശിക്ഷ നൽകുന്നതാണ്.”

രാജാവിൽ നിന്ന് ഉറപ്പു കിട്ടിയപ്പോൾ ആ വൃദ്ധൻ പറഞ്ഞു 

“എന്റെ സമ്പാദ്യം കൊള്ളയടിച്ചത് അങ്ങാണ് പ്രഭു.”

ഇതുകേട്ട രാജാവിന് തന്റെ കോപം അടക്കാൻ ആയില്ല. 

“നിങ്ങൾ എന്ത് ഭ്രാന്താണ് ഈ പറയുന്നത് ? ഞാൻ നിങ്ങളുടെ സമ്പത്ത് കൊള്ളയടിച്ചെന്നോ? ഈ രാജ്യം തന്നെ എന്റേതാണ്. ആ ഞാൻ എന്തിനു നിങ്ങളുടെ സമ്പത്ത് കൊള്ളയടിക്കണം.”

അപ്പോൾ വൃദ്ധൻ പറഞ്ഞു 

“ക്ഷമിക്കണം പ്രഭു, ഞാൻ ഇന്നലെ സ്വപ്നം കണ്ടതാണ് അങ്ങ് കുറച്ചു സൈനികരുമായി വന്നു എന്റെ വീട് കൊള്ളയടിക്കുന്നത്. അതുകൊണ്ടാണ് ഞാൻ അങ്ങയുടെ അടുത്ത് നീതിക്കായി വന്നത്.”

ഇതു കേട്ട രാജാവിന് ചിരിയടക്കാനായില്ല. അദ്ദേഹം വൃദ്ധനോട് ചോദിച്ചു 

“അങ്ങ് സ്വപ്നം കണ്ടതല്ലേ. സ്വപ്നവും യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലല്ലോ. പിന്നെ എങ്ങനെയാണ് ഞാൻ എനിക്ക് ശിക്ഷ നൽകുന്നത്.”

അപ്പോൾ വൃദ്ധൻ പറഞ്ഞു 

“അതെങ്ങനെയാണ് പ്രഭു, അങ്ങേയ്ക്ക്  സ്വപ്നത്തിൽ കണ്ട അന്തരീക്ഷത്തിൽ നിൽക്കുന്ന കൊട്ടാരം പണിയാമെങ്കിൽ എന്റെ സ്വപ്നത്തിൽ കണ്ട കള്ളന് ശിക്ഷയും നൽകാം.”

അതു കേട്ടപ്പോൾ  രാജാവും സഭയിലുള്ളവരും അമ്പരന്നു. അപ്പോൾ വൃദ്ധൻ തന്റെ തലപ്പാവും നരച്ച താടിയും എല്ലാം മാറ്റി. ആളെ തിരിച്ചറിഞ്ഞ രാജാവും സഭാവാസികളും അമ്പരന്നു. അവർ വിളിച്ചു 

“തെനാലി രാമൻ, തെനാലി രാമൻ, തെനാലി രാമൻ “

അപ്പോൾ തെനാലി രാമൻ രാജാവിനോട് പറഞ്ഞു 

“അല്ലയോ പ്രഭു, സഭാവാസികളുടെ സമസ്യക്ക് പരിഹാരം കാണാനാണ് ഞാൻ ഇങ്ങനെ വേഷം കെട്ടിയത്. ഒരു വൃദ്ധനായി വന്നു അങ്ങയെ കബളിപ്പിച്ചതിന് ദയവായി എന്നോട് ക്ഷമിക്കൂ.”

ഇതു കേട്ടതും രാജാവ് പറഞ്ഞു 

“അങ്ങ് എന്നോട് ക്ഷമ ചോദിക്കേണ്ട ആവശ്യം ഇല്ല രാമാ. തെറ്റ് എന്റേതാണ്. ഞാൻ സ്വപ്നത്തിൽ കണ്ടത് പോലെ ഒരു കൊട്ടാരം നിർമിക്കാൻ ആഗ്രഹിച്ചു. അതൊരിക്കലും സാധ്യമാകാത്തതാണെന്നു ഓർത്തില്ല. എന്നെ ആ സത്യം ബോധ്യപ്പെടുത്തിയതിനു നിങ്ങൾക്ക് നന്ദി.”

അങ്ങനെ രാജാവ് തന്റെ സ്വപ്നത്തിൽ കണ്ട കൊട്ടാരം നിർമിക്കാനുള്ള ആഗ്രഹം അവിടെ ഉപേക്ഷിച്ചു. അതോടെ സഭാവാസികളെല്ലാം സന്തുഷ്ടരുമായി. അവർ തെനാലി രാമനോടുള്ള തങ്ങളുടെ നന്ദിയും അറിയിച്ചു.

രാജാവിന്റെ സ്വപ്നം കഥ കേൾക്കാം

Read More Stories for Kids In Malayalam

English Summary: Explore the fascinating story of Tenali Raman The King’s Dream About The Palace. Dive into Malayalam as you enjoy this interesting tale. Start your journey to learn Malayalam reading with the charm of Tenali Raman’s adventures. Have fun with a story that entertains and helps you with your language skills.

Leave a Comment