Follow

Subscribe

ആമയും മുയലും

Aesop's Fables, Moral Stories

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ടു പണ്ടൊരിടത്ത് ഒരു കാട്ടിൽ രണ്ടു കൂട്ടുകാരുണ്ടായിരുന്നു. ഒരു ആമയും ഒരു മുയലും. ആമയ്ക്ക് വളരെ പതുക്കെ മാത്രമേ സഞ്ചരിക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ മുയലിന് വളരെ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുമായിരുന്നു. അതുകൊണ്ടു തന്നെ മുയൽ ആമയുടെ മെല്ലെ പോക്കിനെ പരിഹസിക്കുക പതിവായിരുന്നു. 

ഒരു ദിവസം കാട്ടിലെ മൃഗങ്ങളെല്ലാം ഒത്തു കൂടിയ സമയത്ത് ആമയെ പരിഹസിക്കുന്നതിനായി മുയൽ ചോദിച്ചു.

“സുഹൃത്തേ, നമുക്കൊരു ഓട്ടമത്സരം നടത്തിയാലോ?”

തന്നെ പരിഹസിക്കാനായാണ് മുയൽ ഇത് ചോദിച്ചത് എന്ന് മനസ്സിലാക്കിയിട്ടും ആമ പറഞ്ഞു.

“തീർച്ചയായും ഞാൻ തയ്യാറാണ്. നമുക്ക്  ഓട്ടമത്സരം നടത്താം.”

ആമ അത് നിരസിക്കും എന്ന് കരുതിയ മുയലിനെ ഞെട്ടിച്ചു കൊണ്ടുള്ളതായിരുന്നു ഈ മറുപടി. മറ്റു മൃഗങ്ങളും അത്ഭുതപ്പെട്ടു. അവർ ആമയോട് പറഞ്ഞു

“നിനക്കൊരിക്കലും മുയലിനോടൊപ്പം ഓടി ജയിക്കാൻ കഴിയില്ല. അതുകൊണ്ടു വെറുതെ മത്സരിക്കാൻ നിൽക്കരുത്.”

എന്നാൽ ആമ പിൻമാറാൻ തയ്യാറായിരുന്നില്ല. ഒടുവിൽ ഓട്ടമത്സരം നടത്താൻ തന്നെ തീരുമാനിച്ചു. മത്സരം തുടങ്ങേണ്ട മണി മുഴങ്ങിയതും മുയൽ വളരെ വേഗം ഓടാൻ തുടങ്ങി. ആമ തന്നെ കൊണ്ട് പറ്റുന്ന വേഗത്തിൽ ഇഴയാനും തുടങ്ങി. ഓടി പകുതിയോളം ദൂരം എത്തിയപ്പോൾ മുയലിന് നല്ല ക്ഷീണം തോന്നി. അവൻ തിരിഞ്ഞു നോക്കി. ആമയെ ആ പരിസരത്തൊന്നും കാണാനുണ്ടായിരുന്നില്ല. 

“എന്തായാലും ആമ ഇഴഞ്ഞ് ഇവിടെ എത്താൻ തന്നെ ഒരുപാട് സമയമെടുക്കും. കുറച്ചു നേരം ഒരു മരത്തിന്റെ ചുവട്ടിലിരുന്ന് അല്പം ക്ഷീണം മാറ്റിയിട്ട് പോകാം.” 

എന്നും പറഞ്ഞു മുയൽ അടുത്തു കണ്ട ഒരു മരത്തിന്റെ ചുവട്ടിലിരുന്നു. എന്നാൽ ക്ഷീണം കാരണം അവൻ ഉറങ്ങിപ്പോയി പോയി. 

ഈ സമയത്തും ഇഴഞ്ഞു വന്നു കൊണ്ടിരുന്ന ആമ മുയൽ ഉറങ്ങുന്നതു കണ്ടു. എന്നിട്ടും അവൻ ക്ഷീണമൊന്നും വക വയ്ക്കാതെ ലക്ഷ്യസ്ഥാനത്തേക്ക്  നീങ്ങി. കുറച്ചു കഴിഞ്ഞു ഉറക്കമുണർന്ന മുയൽ ചുറ്റും നോക്കി. അവിടെയെങ്ങും ആമയെ കണ്ടില്ല. ആമ ഇവിടെ എത്തിയിട്ടുണ്ടാവില്ല എന്ന് കരുതി മുയൽ വീണ്ടും ഓട്ടം തുടങ്ങി. ഓടി ലക്ഷ്യസ്ഥാനത്തെത്തിയ മുയൽ  അവിടെ കണ്ട കാഴ്ച കണ്ടു ഞെട്ടിപ്പോയി. ആമ അതാ തനിക്കു മുൻപേ എത്തിയിരിക്കുന്നു. ഇതു കണ്ട മുയൽ നാണിച്ചു തലതാഴ്ത്തി. ആമ തന്റെ സുഹൃത്തിന്റെ അടുത്തുചെന്നു. എന്നിട്ട് അവനോട് പറഞ്ഞു

“നമ്മൾ ആരെയും പരിഹസിക്കരുത്. നമുക്ക് ഓരോരുത്തർക്കും അവരവരുടേതായ കഴിവുകളുണ്ട്. അത് തിരിച്ചറിയാൻ കഴിയണം. നിനക്ക് വേഗത്തിൽ ഓടാനുള്ള കഴിവാണുള്ളത്. അതുപോലെ എനിക്ക് കരയിലും വെള്ളത്തിലും ജീവിക്കാനുള്ള കഴിവുണ്ട്. ” 

ഇതു കേട്ട മുയലിന് തന്റെ തെറ്റ് മനസ്സിലായി. അവൻ ആമയോട് ക്ഷമയും ചോദിച്ചു. എന്നിട്ട് ഒരുപാട് കാലം അവർ നല്ല സുഹൃത്തുക്കളായി ആ കാട്ടിൽ കഴിഞ്ഞു.

ഗുണപാഠം

സാവധാനത്തിലായാലും നിറുത്താതെയുള്ള പരിശ്രമം ലക്ഷ്യപ്രാപ്തിയിൽ എത്തിച്ചേരുക തന്നെ ചെയ്യും.

Enjoyed The Moral Story In Malayalam? Read More

English Summary: The Rabbit and the Turtle, moral story in Malayalam

Nifal ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

14 Comments on ആമയും മുയലും