Follow

Subscribe

മുതല പഠിച്ച പാഠം

Grandma Stories

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

ഒരിടത്ത് ഒരു സുന്ദരമായ ഗ്രാമം ഉണ്ടായിരുന്നു. അവിടെ കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന ഒരു മുത്തശ്ശിയമ്മ ഉണ്ടായിരുന്നു. എന്നും വൈകുന്നേരങ്ങളിൽ മുത്തശ്ശിയമ്മ ഗ്രാമത്തിലെ ഒരു മാവിൻചുവട്ടിൽ കുട്ടികളോടൊപ്പം എത്തിയിരുന്നു. അവർക്ക് പലതരം കളികൾ പറഞ്ഞു കൊടുത്തും കഥകൾ പറഞ്ഞു കൊടുത്തും അവർ സമയം ചിലവഴിച്ചു. മുത്തശ്ശിയുടെ കഥകൾ കേൾക്കുന്നതു കുട്ടികളും വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. മുത്തശ്ശിയമ്മയുടെ കഥ കേൾക്കുവാനായി കുട്ടികൾ നിശബ്ദരായിരിക്കും. അങ്ങനെ പതിവുപോലെ മുത്തശ്ശി കഥ പറഞ്ഞു തുടങ്ങി.

ഒരിടത്തൊരിടത്ത് ഒരു വനത്തിൽ വലിയ പുഴയുണ്ടായിരുന്നു. ആ പുഴയിൽ സ്വാർത്ഥനായ ഒരു മുതല ജീവിച്ചിരുന്നു. മറ്റൊരു ജീവിയേയും ആ പുഴയിൽ ഇറങ്ങുവാനോ വെള്ളം കുടിക്കുവാനോ മുതല അനുവദിച്ചില്ല. അത്  തന്റെ മാത്രം പുഴയാണെന്ന് മുതല സ്വയം കരുതി. അതുകൊണ്ടുതന്നെ മറ്റു ജീവജാലങ്ങളെല്ലാം പുഴയിൽ വരുന്നതിൽ നിന്നും മുതല വിലക്കി. തങ്ങളെ മുതല കഴിക്കുമെന്ന് ഭയന്ന് ഒരു ജീവജാലങ്ങളും ആ പുഴയിലേക്ക് പോകാതെയുമായി. തവളകളും മീനുകളും ഞണ്ടുകളുമെല്ലാം തങ്ങളുടെ വാസസ്ഥലം ഉപേക്ഷിക്കാൻ നിർബന്ധിതരായി. വനത്തിലെ മറ്റു മൃഗങ്ങളും പുഴയിലേക്ക് പോകാൻ ഭയന്നു. അവർ ദാഹിക്കുമ്പോൾ മൈലുകൾക്കപ്പുറമുള്ള നദികളിലേക്കോ അരുവികളിലേക്കോ പോയി. അങ്ങനെ മറ്റുള്ള ജീവികളെയെല്ലാം പുഴയിൽ നിന്നകറ്റി മുതല ഒറ്റയ്ക്ക് സ്വൈര്യമായി കഴിഞ്ഞു. 

ഒരുദിവസം പ്രഭാതമായപ്പോൾ വലിയൊരു ശബ്ദം കേട്ടായിരുന്നു കാടുണർന്നത്. മുതല പിടിച്ച ഏതെങ്കിലും മൃഗത്തിന്റെ ഒച്ചയായിരിക്കും എന്നാണ് മറ്റു ജീവികൾ ആദ്യം കരുതിയത്. എന്നാൽ കൂടുതൽ പ്രകാശം വന്നപ്പോഴാണ് അത് മുതലയുടെ തന്നെ ശബ്ദമാണെന്ന് അവർ തിരിച്ചറിഞ്ഞത്. മുതല തന്റെ വീർത്ത താടിയും പിടിച്ചത് കരയുകയായിരുന്നു. 

ഇതു കണ്ട ഒരു മാൻ ചോദിച്ചു

“അവനെന്തു പറ്റി?”

“എനിക്കറിയില്ല”

അണ്ണാൻ പറഞ്ഞു.

ഇതു കേട്ടുകൊണ്ടിരുന്ന ഒരു പക്ഷി ചിരിച്ചുകൊണ്ടു പറഞ്ഞു 

“അവൻ ഈ പുഴയിൽ നിന്നും ഒന്നു പോയാൽ മതിയായിരുന്നു.” 

അപ്പോൾ കാട്ടു പന്നി പറഞ്ഞു

 “അങ്ങനെയാണെങ്കിൽ നമുക്ക് സുരക്ഷിതരായി പുഴയിൽ പോകാം.”

ഇങ്ങനെ മൃഗങ്ങൾ പരസ്പരം പിറുപിറുത്തതല്ലാതെ വേദനകൊണ്ട് പുളയുന്ന അവനെ സഹായിക്കാനോ എന്തുപറ്റി എന്നറിയാനോ ആരും ശ്രമിച്ചില്ല.

ആ സമയത്തായിരുന്നു തൊട്ടടുത്തുള്ള കാട്ടിൽ നിന്നും ചിണ്ടൻ എലിയുടെ വരവ്. അവൻ ഭയം ഒന്നും കൂടാതെ തന്നെ മുതലയുടെ അടുത്തേക്ക് പോയി. ചുറ്റും നിന്നവർ എല്ലാം അന്ധാളിച്ചു. ഇവനെ ഇപ്പോൾ തന്നെ മുതല ഭക്ഷണമാക്കുമെന്ന് അവർ കരുതി. എന്നാൽ  ചിണ്ടൻ എലി മുതലയുടെ ചുറ്റും നടന്ന് അവനെന്താണ് സംഭവിച്ചത് എന്ന് നോക്കി. അതിന്റെ വാലിലും വയറിലുമെല്ലാം അവൻ മാറി മാറി നോക്കി. ഒടുവിൽ അവൻ മുതലയുടെ തലയ്ക്കരികിൽ വന്ന് പരിശോധിച്ചു.

ചിണ്ടൻ എലി മുതലയോട്  അവന്റെ കരച്ചിലിന്റെ കാരണം അന്വേഷിച്ചു. മുതല തന്റെ വീർത്തതാടി അവന് കാട്ടിക്കൊടുത്തു. ചിണ്ടൻ എലി അതിന്റെ വാതുറന്നു നോക്കി. മുതലയുടെ ഒരു പല്ല് കേടായതായിരുന്നു. ആ കേടായ പല്ലിന്റെ  വേദന കാരണമായിരുന്നു മുതല കരഞ്ഞത്. ചിണ്ടൻ എലി ആ പല്ലിളക്കാൻ അവനെ സഹായിച്ചു. ആ പല്ലിളക്കിയതും മുതലക്ക് വലിയ സന്തോഷമായി.

അവൻ സന്തോഷത്തോടെ എലിയെ എലിയെ നോക്കി പറഞ്ഞു

“തനിക്ക് ഇപ്പോൾ മുൻപത്തെ പോലെ അത്രയും വേദനയില്ല. മാത്രമല്ല നല്ല ആശ്വാസവുമുണ്ട്.”

മുതല വീണ്ടും ചിണ്ടനെലിയോട് കൃതാർത്ഥതയോടെ പറഞ്ഞു.

“എന്നെ സഹായിച്ചതിന് ഒരുപാട് നന്ദി. മറ്റുള്ളവർ എന്നെ സഹായിക്കാൻ മടി കാണിച്ചപ്പോൾ നീ മാത്രമാണ് എന്നെ സഹായിച്ചത്.”

താമസിയാതെ തന്നെ അവർ നല്ല സുഹൃത്തുക്കളുമായി. ഈയൊരു സംഭവത്തോടെ മുതല ഒരു പാഠം പഠിച്ചു. തനിക്ക് ആപത്തുണ്ടായപ്പോൾ തന്നെ ആരും സഹായിക്കാത്തത് തന്റെ തന്നെ സ്വഭാവവൈകല്യം കൊണ്ടാണെന്ന് തിരിച്ചറിഞ്ഞു. മാത്രമല്ല പുഴയിൽ ഇറങ്ങാൻ മറ്റു ജീവികളെ അനുവദിക്കുകയും ചെയ്തു.

കഥ തീർന്നതും മുത്തശ്ശിയമ്മ കുട്ടികളോടായി ചോദിച്ചു.

“ഈ കഥയിൽ നിന്ന് നിങ്ങൾ എന്തു മനസ്സിലാക്കി?” 

അപ്പോൾ ഒരു കുട്ടി പറഞ്ഞു

“നമ്മൾ എല്ലാവരെയും സ്നേഹിക്കണം ആരെയും ദ്രോഹിക്കരുത്.”

മറ്റൊരു കുട്ടി പറഞ്ഞു

“നന്മ പ്രവർത്തിച്ചാലേ നമുക്ക് സഹായത്തിനാരെങ്കിലും ഉണ്ടാകൂ”.

മൂന്നാമതൊരു കുട്ടി പറഞ്ഞു “നമ്മൾ സ്വാർത്ഥത കാണിക്കരുത്.”

മുത്തശ്ശിയമ്മ കുട്ടികളോടായി പറഞ്ഞു

“നമ്മൾ മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറിയാൽ മാത്രമേ അവർ തിരിച്ചു നമ്മളെയും സ്നേഹിക്കുകയുള്ളൂ.”

ഗുണപാഠം

നന്മ, സ്നേഹം എന്നിവ കൊണ്ടേ നല്ലതുണ്ടാകൂ. നമ്മൾ സ്വാർത്ഥരായാൽ നമ്മുടെ കഷ്ടകാലത്ത് ആരും തന്നെ ഉണ്ടാകുകയില്ല.

Enjoyed The Kids Story In Malayalam? Read More

English Summary: The Rat And The Crocodile, bedtime kids story in Malayalam with morals

Leave a Comment