Follow

Subscribe

ബുദ്ധിമാനായ കാക്ക

Aesop's Fables

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

ഒരിടത്തൊരിടത്ത് കാർത്തു എന്ന കുസൃതിക്കുട്ടി ഉണ്ടായിരുന്നു. കഥകൾ വളരെ ഇഷ്ടപ്പെട്ടിരുന്ന കാർത്തു കഥ കേൾക്കുന്നതിനായി എന്നും തൻ്റെ മുത്തശ്ശിയോടൊപ്പമായിരുന്നു ഉറങ്ങിയിരുന്നത്. ഒരു ദിവസം അവൾ മുത്തശ്ശിയോട്

“എനിക്കിന്ന് കാക്കയുടെ കഥ പറഞ്ഞു തരാമോ?”

എന്ന് ചോദിച്ചു. മുത്തശ്ശി അവൾക്കായി കാക്കയുടെ കഥ പറഞ്ഞു തുടങ്ങി. 

പണ്ടു പണ്ടൊരിടത്ത് ഒരു കാക്ക ഉണ്ടായിരുന്നു.  അവൻ വളരെ ബുദ്ധിമാനായിരുന്നു. കാക്കയ്ക്ക് ചുറ്റിക്കറങ്ങി നടക്കുന്നത് വളരെ ഇഷ്ടമായിരുന്നു. അങ്ങനെ ഒരു ദിവസം അവൻ ചുറ്റിക്കറങ്ങി ഒരു ഗ്രാമത്തിലെത്തി. അന്ന് പതിവിലും ചൂടുള്ള ദിവസമായിരുന്നു. അതുകൊണ്ടു തന്നെ അവന് വല്ലാത്ത ദാഹം അനുഭവപ്പെട്ടു. ദാഹിച്ചു വലഞ്ഞ കാക്ക വെള്ളത്തിനായി എല്ലായിടത്തും അലഞ്ഞു. ഒരിടത്തും കാക്കയ്ക്ക് വെള്ളം കണ്ടെത്താനായില്ല. അവന് നല്ല ക്ഷീണവും അനുഭവപ്പെട്ടു. ഒടുവിൽ ഒരു വീടിൻ്റെ മുറ്റത്ത് ഒരു കുടം ഇരിക്കുന്നത് കണ്ടു. കുടം കണ്ട കാക്ക മനസ്സിൽ കരുതി

“ദാഹിച്ചു വയ്യ. എന്തായാലും ആ കുടത്തിനകത്ത് നിറയെ വെള്ളം കാണും. വീട്ടിലുള്ളവർ കാണുന്നതിനു മുൻപ് തനിക്കാവശ്യമായ വെള്ളം അതിൽ നിന്ന് കുടിക്കാം.”

അങ്ങനെ കാക്ക പറന്നു വെള്ളം കുടിക്കുന്നതിനായി കുടത്തിനരികിൽ എത്തി. എന്നാൽ അവന് തൻ്റെ കൂർത്ത ചുണ്ടുകൊണ്ട് കുടിക്കാൻ പറ്റുന്നതിലും താഴെ മാത്രമേ ആ കുടത്തിൽ വെള്ളം ഉണ്ടായിരുന്നുള്ളൂ. അവൻ ഒരു നിമിഷം ആലോചിച്ചു.

” വെള്ളം അന്വേഷിച്ച് ഇപ്പോൾതന്നെ ഒരുപാട് അലഞ്ഞു. ഇനിയെന്തു ചെയ്യും?” 

പെട്ടെന്ന് അവനൊരു ബുദ്ധി തോന്നി. അവൻ ഒരു കല്ലെടുത്ത് ആ കുടത്തിലേക്കിട്ടു. കല്ല് കുടത്തിൽ വീണതും കുടത്തിലെ  വെള്ളം കുറച്ചു പൊങ്ങി വന്നു. അങ്ങനെ വെള്ളം പൊങ്ങി വരുന്നതിനനുസരിച്ച് കാക്ക വീണ്ടും വീണ്ടും കല്ലുകൾ ഇട്ടുകൊണ്ടിരുന്നു.  ഒടുവിൽ കുടത്തിൽ വെള്ളം അവനു കുടിക്കാൻ പാകത്തിന് നിറഞ്ഞു വന്നു. ബുദ്ധിമാനായ ആ  കാക്ക അവന്  ആവശ്യമുള്ള വെള്ളം മുഴുവൻ കുടിച്ചു. വെള്ളം കുടിച്ചു ദാഹം തീർത്ത കാക്ക സന്തോഷത്തോടെ പറന്നുപോയി. 

മുത്തശ്ശി കഥ പറഞ്ഞു നിർത്തിയിട്ട് കാർത്തുവിനോട് ചോദിച്ചു.

“ഈ കഥയിൽ നിന്ന്  കാർത്തുവിന് എന്ത് മനസ്സിലായി?”

“നമ്മൾ ചിന്തിച്ചു പ്രവൃത്തിക്കണം.”

അവൾ പറഞ്ഞു. ഇത് കേട്ട മുത്തശ്ശി പറഞ്ഞു

“നന്നായി ചിന്തിക്കാനും ഒപ്പം ക്ഷമയോടെ പ്രവൃത്തിക്കാനുമുള്ള മനസ്സുണ്ടെങ്കിൽ ഏതു സാഹചര്യത്തെയും നമുക്ക് അതിജീവിക്കാൻ സാധിക്കും.”

ഗുണപാഠം

നന്നായി ചിന്തിക്കാനും ക്ഷമയോടെ പ്രവൃത്തിക്കാനും സാധിക്കുമെങ്കിൽ നമുക്ക് ഏതു പ്രശ്നത്തിനും പരിഹാരം കണ്ടെത്താവുന്നതാണ്.

Read More Short Stories For Kids In Malayalam

English Summary: The Clever Crow, short stories for kids in Malayalam

Story Malayalam ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

10 Comments on ബുദ്ധിമാനായ കാക്ക