Follow

Subscribe

ബുദ്ധിമാന്മാരായ ആടുകൾ

Aesop's Fables

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ടു പണ്ടൊരിടത്ത് ഒരു സുന്ദരമായ ഗ്രാമം ഉണ്ടായിരുന്നു. അവിടെ ധാരാളം മനുഷ്യരും മൃഗങ്ങളും വസിച്ചിരുന്നു. വളരെ സന്തോഷത്തോടെ അവർ ആ ഗ്രാമത്തിൽ കഴിഞ്ഞു. ഈ ഗ്രാമത്തിന് മധ്യത്തിലൂടെ ഒരു ചെറിയ നദി ഒഴുകുന്നുണ്ടായിരുന്നു. മനുഷ്യരും മൃഗങ്ങളുമെല്ലാം ഈ നദിയിലൂടെ നടന്നായിരുന്നു യാത്ര ചെയ്തിരുന്നത്. അങ്ങനെയിരിക്കെ ആ ഗ്രാമത്തിൽ വലിയൊരു വെള്ളപ്പൊക്കം ഉണ്ടാവുകയും നദികളെല്ലാം കര കവിഞ്ഞൊഴുകാൻ തുടങ്ങുകയും ചെയ്തു. എന്നാൽ വെള്ളപ്പൊക്കത്തിനു ശേഷം ചെറിയ നദിയിൽ ക്രമാതീതമായി വെള്ളം കൂടി വന്നു. ഇതു കാരണം മനുഷ്യർക്കും മൃഗങ്ങൾക്കും കാൽനടയായി നദി മുറിച്ചു കടക്കാൻ പറ്റാതെയായി. ഇതോടെ ഗ്രാമത്തിലുള്ളവർക്ക് പരസ്പരം കാണുന്നതിനും സാധനങ്ങൾ കൊണ്ടുപോകാനും കഴിയാതെയായി. അവിടെയുള്ളവർ വളരെയധികം യാത്രാക്ലേശം അനുഭവിക്കാൻ തുടങ്ങി. ഇതൊഴുവാക്കാനായി അവർ വളരെയധികം ബുദ്ധിമുട്ടി നദിയിലൂടെ ഒരു ചെറിയ പാലം പണിതു. എന്നാലത് കഷ്ടിച്ചു ഒരാൾക്ക് മാത്രം പോകാൻ കഴിയുന്ന വളരെ ചെറിയൊരു പാലം ആയിരുന്നു. അതുകൊണ്ടു തന്നെ ഒരു സമയം ഒരാൾ മാത്രമേ ആ പാലത്തിലൂടെ കടന്നു പോയിരുന്നുള്ളൂ. 

അങ്ങനെയിരിക്കെ ഒരു ദിവസം രണ്ടു വശത്തു നിന്നുമായി രണ്ടാടുകൾ ആ പാലത്തിലൂടെ കടന്നുവരാൻ ഇടയായി. പാലത്തിന്റെ മധ്യത്തിൽ എത്തിയപ്പോഴാണ് അവർ പരസ്പരം കണ്ടത്. എന്നാൽ അവരിരുവരും തിരിച്ചു പോകാൻ തയ്യാറായില്ല. മറിച്ച് പാലത്തിന്റെ മധ്യത്തിൽ നിന്നും പരസ്പരം തർക്കിച്ചു. ആദ്യത്തെ ആട്‌ രണ്ടാമത്തെ ആടിനോട് പറഞ്ഞു

“ഞാനാണ് ആദ്യം പാലത്തിൽ കയറിയത്. ശ്രദ്ധിക്കാതെ കടന്നുവന്നത് നീയാണ്. അതുകൊണ്ട് നീ തിരിച്ചു പോകണം. ഞാൻ കടന്നു പോയതിനു ശേഷം നിനക്കു പോകാം.”

എന്നാൽ രണ്ടാമത്തെ ആടിന്‌ അതു അംഗീകരിക്കാൻ കഴിഞ്ഞില്ല. അവൻ ആദ്യത്തെ ആടിനോട് പറഞ്ഞു

“നീ പറഞ്ഞതു കളവാണ്. ഞാനാണ് ആദ്യം പാലത്തിൽ കയറിയത്. അതുമാത്രമല്ല എനിക്ക് നിന്നെക്കാൾ പ്രായക്കൂടുതൽ ഉണ്ട്. അതുകൊണ്ട് നീ തിരിച്ചു പോകുക. ഞാൻ കടന്നുപോയതിനു ശേഷം നീ പോകുന്നതാണ് ഉചിതം.”

രണ്ടാമത്തെ ആടിന്‌ ആദ്യത്തെ ആടിന്റെ തീരുമാനവും അംഗീകരിക്കാൻ കഴിഞ്ഞില്ല. അവർ തമ്മിൽ പാലത്തിന്റെ നടുക്ക് നിന്നു അടി വയ്ക്കാൻ തുടങ്ങി. ഒരാൾക്ക് മാത്രം ഒരു സമയം പോകാൻ കഴിയുന്ന വീതി മാത്രമുണ്ടായിരുന്ന പാലത്തിൽ നിന്നും  അടിവച്ചാലുണ്ടാകുന്ന അപകടത്തെക്കുറിച്ചു അവർ ഓർമിച്ചില്ല. തിരിച്ചു പോകാനുള്ള മടിയും പരസ്പരം തോറ്റു കൊടുക്കാതിരിക്കാനുള്ള വാശിയും മാത്രമായിരുന്നു അവർ ഇരുവരുടെയും മനസ്സിൽ. അവരുടെ ആ വാശി കാരണം അധികം വൈകാതെ രണ്ടുപേരും പാലത്തിൽ നിന്നും താഴേക്കു വീണു. നദിയിലൂടെ ഒഴുകി പോയി. 

അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം അതേ പാലത്തിലൂടെ വീണ്ടും രണ്ടാടുകൾ വരാനിടയായി. ആ ആടുകളും പരസ്പരം കണ്ടത് പാലത്തിന്റെ മധ്യത്തു വച്ചായിരുന്നു. രണ്ടാടുകളും പരസ്പരം നോക്കി. എന്നാൽ അവർക്ക് രണ്ടുപേർക്കും തിരികെ പോകാൻ ഇഷ്ടമുണ്ടായിരുന്നില്ല.  കടന്നുപോകുന്നതിനെ കുറിച്ച്‌ അവർ പരസ്പരം കലഹിക്കാൻ തുടങ്ങി. എന്നാൽ ഉടൻ തന്നെ ഒരു ആട് പാലത്തിൽ നിന്നും താഴേക്ക് നോക്കി. എന്നിട്ടു മറ്റേ ആടിനോട് പറഞ്ഞു

“സുഹൃത്തേ, നമ്മൾ ഇങ്ങനെ പാലത്തിന്റെ മധ്യത്തിൽ നിന്നും കലഹിക്കുകയാണെങ്കിൽ നമ്മൾ ഇരുവരും താഴേക്കു വീഴുകയും നമുക്കു നമ്മുടെ ജീവൻ നഷ്ടമാവുകയും ചെയ്യും. അതുകൊണ്ടു ഞാനൊരു കാര്യം ചെയ്യാം, ഞാൻ ഇവിടെ കിടക്കാം നീയെന്നെ ചവിട്ടികൊണ്ടു മുന്നോട്ടു പോകൂ. അതാകുമ്പോൾ നമുക്ക് രണ്ടുപേർക്കും ഒരേസമയം പാലവും കടക്കാം തിരിച്ചും പോകേണ്ടി വരില്ല. മാത്രമല്ല സമയവും ലാഭിക്കാം.” 

ഇതും പറഞ്ഞു ആ ആട് പാലത്തിന്റെ മധ്യത്തിൽ കിടന്നു. ഉടൻതന്നെ മറ്റേ ആട് ഈ ആടിന്റെ പുറത്തു ചവിട്ടി മുന്നോട്ടു പോയി. ആ ആട് പോയതും പാലത്തിൽ കിടന്ന ആടും എണീറ്റു പോയി. അങ്ങനെ പാലത്തിന്റെ മധ്യത്തിൽ നിന്നും കലഹിച്ചു സമയവും ജീവനും നഷ്ടപ്പെടുത്താതെ രണ്ടാമതു വന്ന ആടുകൾ ബുദ്ധിപൂർവം പ്രവർത്തിച്ചതിനാൽ അവർക്ക് രണ്ടുപേർക്കും ഒരേസമയം പാലം കടക്കുവാനായി.

Read More Malayalam Short Stories

English Summary: Two Goats – Malayalam short story for kids
We hope your kids enjoyed the Malayalam short story Two Goats. Please read and share more Malayalam short stories with them to allow their imagination to take flight.

Leave a Comment