പണ്ടുപണ്ട് ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു. രാജാവ് പ്രജകളുടെ ക്ഷേമത്തിനു വളരെയധികം പ്രാധാന്യം കൊടുത്തിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങളുടെ ക്ഷേമം നേരിട്ട് അറിയുന്നതിനു വേണ്ടി രാജാവ് വേഷംമാറി തൻ്റെ രാജ്യത്തിലുടനീളം സഞ്ചരിക്കുക പതിവായായിരുന്നു. സത്യസന്ധമായി കാര്യങ്ങൾ അറിയുന്നതിന് രാജാവിനെ ഇത് വളരെയധികം സഹായിച്ചു.
ഒരു ദിവസം വേഷംമാറി എത്തിയ രാജാവ് ഒരു ഗ്രാമത്തിലെത്തി. അവിടെ ഒരു വീട്ടിനു മുൻപിലെത്തിയ രാജാവ് ഒരു കാഴ്ച കണ്ടു നിന്നു. എണീറ്റു നിൽക്കാൻ തന്നെ ബുദ്ധിമുട്ടുന്ന ഒരു വൃദ്ധൻ മരത്തൈകൾ നട്ടുകൊണ്ടിരിക്കുന്നു. ഇതുകണ്ട രാജാവ് വൃദ്ധന്റെ അടുത്തേക്ക് പോയി. അദ്ദേഹത്തിൻ്റെ പ്രവൃത്തിയുടെ സത്യസന്ധതയും ആത്മാർത്ഥതയും പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. അതിനായി രാജാവ് വൃദ്ധനോട് ചോദിച്ചു.
“നിങ്ങൾ എന്തിനാണ് ഈ പ്രായത്തിലും മരത്തൈകൾ നടുന്നത്? എന്തായാലും ഈ തൈകൾ മരമായി കായ്ഫലം നല്കാറാകുമ്പോൾ ഒരുപാട് കാലം ആകും. ചിലപ്പോൾ അത് നിങ്ങൾക്ക് കഴിക്കാൻ കഴിഞ്ഞെന്നും വരില്ല.”
ഇതുകേട്ട വൃദ്ധൻ തൻ്റെ മുൻപിൽ നിന്ന ആളിനോട് പറഞ്ഞു.
“നമുക്കിന്ന് ഫലങ്ങൾ തരുന്ന മരങ്ങൾ ഒന്നും ഞാനോ നിങ്ങളോ നട്ടതല്ല. നമ്മുടെ പൂർവികർ നട്ടതാണ്. അവർ ഇതുപോലെ കരുതിയിരുന്നെങ്കിൽ നമുക്കിന്ന് കഴിക്കാൻ ഒന്നും ഉണ്ടാകുമായിരുന്നില്ല.”
“അപ്പോൾ നിങ്ങൾ അടുത്ത തലമുറയ്ക്ക് വേണ്ടിയാണോ ഈ തൈകൾ നടുന്നത്?”
രാജാവ് വൃദ്ധനോട് വീണ്ടും ചോദിച്ചു.
വൃദ്ധൻ പറഞ്ഞു
“തീർച്ചയായും. നമ്മൾ വിതയ്ക്കുന്നതിൻ്റെ ഫലം നമുക്ക് കിട്ടിയില്ലെങ്കിലും മറ്റാർക്കെങ്കിലും അതുപകരിക്കും.”
ഇതുകേട്ട രാജാവിന് വൃദ്ധന്റെ സഹജീവികൾക്കും നന്മ ചെയ്യണമെന്നുള്ള ഉദ്ദേശത്തോടെയുള്ള പ്രവൃത്തിയിൽ അഭിമാനം തോന്നി.
രാജാവ് താൻ ആരാണെന്ന രഹസ്യം വൃദ്ധനോട് പറഞ്ഞു. തൻ്റെ മുൻപിൽ നിൽക്കുന്നതു രാജാവാണെന്ന് അറിഞ്ഞ വൃദ്ധൻ വളരെയധികം സന്തോഷിച്ചു. തുടർന്ന് രാജാവ് പറഞ്ഞു
“നിങ്ങൾ രാജ്യത്തിലുള്ളവർക്കെല്ലാം ഒരു മാതൃകയാണ്.”
അതിനുശേഷം വൃദ്ധന് തൻ്റെ പ്രവൃത്തിക്കുള്ള സമ്മാനമായി ധാരാളം സ്വർണനാണയങ്ങൾ നൽകുകയും ചെയ്തു.
ഗുണപാഠം
പ്രതിഫലം ആഗ്രഹിക്കാതെ നല്ല പ്രവൃത്തികൾ ചെയ്യുക.
Read More Stories For Kids In Malayalam
- കുഞ്ഞിക്കിളി
- പാട്ടിനു കിട്ടിയ സമ്മാനം
- ആമയും കൂട്ടുകാരും
- തെനാലിരാമനും വഴിയാത്രക്കാരനും
- പൂച്ചയ്ക്കൊരു മണികെട്ടാം
English Summary: The Old Man And The King, stories for kids in Malayalam