ഒരിക്കൽ തെനാലിരാമൻ ഒരു ദൂരയാത്ര പോകുകയായിരുന്നു. യാത്രചെയ്ത് അദ്ദേഹം ഒരു കാട്ടിലെത്തിച്ചേർന്നു. അവിടെവച്ച് അദ്ദേഹം മറ്റൊരു യാത്രക്കാരനെ കണ്ടു. അയാൾ കാട്ടിൽ ഭയന്നു നിൽക്കുകയായിരുന്നു. തെനാലിരാമനെ കണ്ടതും അയാൾ സന്തോഷത്തോടെ അദ്ദേഹത്തിൻ്റെ അടുത്തേക്ക് ഓടിവന്നു. എന്നിട്ട് പറഞ്ഞു
“നിങ്ങളെ കണ്ടത് വളരെനന്നായി. ഇവിടെ ഒരുപാട് കള്ളന്മാരുണ്ടെന്ന് കേട്ടിട്ടുണ്ട്. ഒറ്റയ്ക്കു യാത്ര ചെയ്യാൻ ഭയന്നാണ് ഞാൻ ഇവിടെ നിന്നത്. ഇനിയുള്ള യാത്ര നമുക്ക് ഒരുമിച്ചായാലോ?”
ഇതുകേട്ടതും തെനാലിരാമൻ ഒരു നിമിഷം ചിന്തിച്ചു. അതിനു ശേഷം പറഞ്ഞു.
“തീർച്ചയായും സുഹൃത്തേ നമുക്കൊരുമിച്ച് പോകാം. അപ്പോൾ പിന്നെ നമുക്കിരുവർക്കും കള്ളന്മാരെ ഭയക്കാതെ യാത്രചെയ്യാമല്ലോ.”
അങ്ങനെ അവർ ഒരുമിച്ച് യാത്ര തുടങ്ങി. വൈകുന്നേരമായപ്പോൾ ഇരുവരും യാത്ര ചെയ്ത് ക്ഷീണിച്ചു. അപ്പോൾ തെനാലിരാമൻ പറഞ്ഞു.
“ഇവിടെ അടുത്തൊരു സത്രമുണ്ട്. നമുക്കിന്ന് അവിടെ കഴിഞ്ഞിട്ട് നാളെ രാവിലെ യാത്ര തുടരാം.”
ഇതുകേട്ട യാത്രക്കാരനും സന്തോഷമായി. അങ്ങനെ സത്രത്തിൽ എത്തിയ അവർക്കായി ആ സത്രത്തിൻ്റെ ഉടമ ഒരു മുറിയൊരുക്കി കൊടുത്തു. യാത്രാക്ഷീണം കാരണം തെനാലിരാമൻ നേരത്തെ തന്നെ ഉറങ്ങാനായി കിടന്നു.
തെനാലിരാമൻ ഉറങ്ങിയതും കൂടെയുണ്ടായിരുന്ന യാത്രക്കാരൻ തെനാലിരാമൻ്റെ ഭാണ്ഡക്കെട്ടൊക്കെ പരിശോധിക്കാൻ തുടങ്ങി. തെനാലിരാമൻ്റെ കൂടെയുണ്ടായിരുന്ന യാത്രക്കാരൻ വാസ്തവത്തിൽ ഒരു കള്ളനായിരുന്നു. വനത്തിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരുടെ കൂടെ കൂടി അവരുടെ പണവും സ്വർണവും എല്ലാം കവരുന്നതായിരുന്നു അയാളുടെ പ്രധാന പരിപാടി. അതിനു വേണ്ടിയായിരുന്നു അയാൾ തെനാലിരാമൻ്റെ ഒപ്പം കൂടിയതും. എന്നാൽ അയാൾക്ക് ആ ഭാണ്ഡക്കെട്ട് മുഴുവൻ പരിശോധിച്ചിട്ടും അതിൽ നിന്നും ഒന്നും തന്നെ കിട്ടിയില്ല. കള്ളൻ ആശ്ചര്യപ്പെട്ടു.
“ഇതെന്താണ് ഭാണ്ഡക്കെട്ടിൽ ഒന്നും തന്നെയില്ലല്ലോ. ദൂരയാത്രയ്ക്ക് പോകുന്നവരുടെ കയ്യിൽ ഒന്നുമില്ലാതെ വരാനും തരമില്ലല്ലോ.”
എന്നു പിറുപിറുത്തു കൊണ്ട് കള്ളൻ തെനാലിരാമൻ്റെ കിടക്കയുടെ അടിയിലും തലയണയുടെ അടിയിലുമൊക്കെ പരിശോധിച്ചു. അപ്പോഴും കള്ളനും നിരാശനാകേണ്ടി വന്നു. ഒടുവിൽ പരിശോധനയെല്ലാം നിർത്തി കള്ളൻ കിടന്നുറങ്ങാൻ തീരുമാനിച്ചു.
അടുത്തദിവസം തെനാലിരാമൻ രാവിലെ തന്നെ ഉണർന്നു. കൂടെയുണ്ടായിരുന്ന യാത്രക്കാരനെയും വിളിച്ചുണർത്തി. അവർ രണ്ടുപേരുംകൂടി വീണ്ടും യാത്ര തുടർന്നു.
തെനാലിരാമനും ആ കള്ളനായ യാത്രക്കാരനും യാത്രയിലുടനീളം പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. സംസാരത്തിനിടയിൽ ആ കള്ളൻ തെനാലിരാമൻ്റെ കയ്യിലുള്ള പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അറിയുവാനായി പല സൂത്രങ്ങളും പ്രയോഗിച്ചു നോക്കി. എന്നാൽ തെനാലിരാമൻ തൻ്റെ പക്കലുള്ള പണത്തെക്കുറിച്ചോ അതെവിടെ സൂക്ഷിച്ചിരിക്കുന്നു എന്നതിനെക്കുറിച്ചോ ഒന്നും തന്നെ പറഞ്ഞില്ല. അന്നും വൈകുന്നേരത്തോടെ അവർ യാത്ര മതിയാക്കി തലേദിവസത്തെ പോലെ തന്നെ രാത്രി കഴിയുവാനായി ഒരു സത്രത്തിൽ എത്തി. രണ്ടുപേരും ഒരു മുറിയിൽ തന്നെയായിരുന്നു അന്നും കിടന്നിരുന്നത്.
കഴിഞ്ഞ ദിവസത്തേതു പോലെ കള്ളൻ തെനാലിരാമൻ ഉറങ്ങുന്നതും കാത്തിരുന്നു. അദ്ദേഹം ഉറങ്ങിയെന്നു ഉറപ്പായപ്പോൾ കള്ളൻ തെനാലിരാമൻ്റെ ഭാണ്ഡക്കെട്ടൊക്കെ വീണ്ടും പരിശോധിക്കാൻ തുടങ്ങി. അന്നും കുറച്ചു തുണികളല്ലാതെ അതിൽ മറ്റൊന്നും കള്ളൻ കണ്ടില്ല. തുടർന്നയാൾ തെനാലിരാമൻ കിടന്ന കിടക്കയിലും തലയണയുടെ അടിയിലുമൊക്കെ പരിശോധിച്ചു. അതിലൊന്നും തന്നെ പണമോ സ്വർണമോ കണ്ടെത്താൻ കള്ളനു കഴിഞ്ഞില്ല. അന്നും നിരാശയോടെ തന്നെ അയാൾ കിടന്നുറങ്ങി.
പിറ്റേന്നു രാവിലെ തന്നെ തെനാലിരാമൻ ഉണർന്നു. എന്നിട്ട് കൂടെയുണ്ടായിരുന്ന യാത്രക്കാരനെയും വിളിച്ചുണർത്തി.
“സുഹൃത്തേ, രണ്ടു ദിവസം താങ്കളും കൂടി ഉണ്ടായിരുന്നതുകൊണ്ട് യാത്ര നല്ല രസകരമായിരുന്നു. നമുക്കിനി രണ്ടു വഴിക്കാണ് പോകേണ്ടത്. ഞാൻ ഇപ്പോൾ പോകട്ടെ.”
ഇതും പറഞ്ഞു തെനാലിരാമൻ യാത്ര ചോദിച്ചിറങ്ങി. ഉടൻതന്നെ കള്ളൻ പറഞ്ഞു.
“നിങ്ങൾ ഒരു നിമിഷം നിൽക്കൂ. എനിക്കൊരു കാര്യം അറിയാനുണ്ട്.”
തെനാലിരാമൻ ആശ്ചര്യത്തോടെ ചോദിച്ചു.
“എന്നിൽ നിന്നും നിങ്ങൾക്ക് എന്താണ് അറിയാനുള്ളത്? എന്തായാലും ചോദിക്കൂ. എനിക്ക് അറിയാവുന്നതാണെങ്കിൽ തീർച്ചയായും ഞാൻ പറഞ്ഞുതരാം.”
ഉടൻതന്നെ അയാൾ പറഞ്ഞു
“ഞാൻ നിങ്ങൾ കരുതുന്നതു പോലെ വെറുമൊരു യാത്രക്കാരനല്ല. ഞാനൊരു കള്ളനാണ്. നിങ്ങളുടെ പക്കലുള്ള പണം മോഷ്ടിക്കുന്നതിനു വേണ്ടിയാണ് ഞാൻ നിങ്ങളോടൊപ്പം കൂടിയത്. എന്നാൽ നിങ്ങളുടെ പണം കണ്ടുപിടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. മോഷണങ്ങൾ നടത്തുന്നതിൽ ഞാനിന്നുവരെ പരാജയപ്പെട്ടിട്ടില്ല. പക്ഷേ നിങ്ങൾ എന്നെ പരാജയപ്പെടുത്തി. നിങ്ങൾ എവിടെയാണ് പണമെല്ലാം സൂക്ഷിച്ചിരുന്നതെന്ന് എനിക്കൊന്നു പറഞ്ഞു തരാമോ?”
ഇതുകേട്ടതും തെനാലിരാമൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“നിങ്ങളൊരു കള്ളനാണെന്ന് ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു. ഞാൻ എൻ്റെ പണമെല്ലാം സൂക്ഷിച്ചത് തലയണയുടെ അടിയിലായിരുന്നു.”
അപ്പോൾ കള്ളൻ അത്ഭുതത്തോടെ പറഞ്ഞു.
“എന്ത് ഞാൻ കള്ളനാണെന്നു നിങ്ങൾക്ക് കണ്ടപ്പോൾ തന്നെ മനസ്സിലായെന്നോ? ഞാൻ നിങ്ങളുടെ തലയണയുടെ അടിയിലെല്ലാം നോക്കിയതാണല്ലോ? അവിടെ ഒന്നും കണ്ടില്ലല്ലോ.”
തെനാലിരാമൻ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
“ഞാൻ പണമെല്ലാം സൂക്ഷിച്ചത് എൻ്റെ തലയണയുടെ അടിയിലല്ല. നിങ്ങളുടെ തലയണയുടെ അടിയിലായിരുന്നു.”
ഇതുകേട്ട കള്ളൻ ആശ്ചര്യത്തോടെ ചോദിച്ചു
“അതെന്തിനാണ് നിങ്ങൾ പണം എൻ്റെ തലയണയുടെ അടിയിൽ വച്ചത്?”
“നിങ്ങൾ ഒരിക്കലും എൻ്റെ പണം നിങ്ങളുടെ തലയണയുടെ അടിയിൽ നോക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അതവിടെ സുരക്ഷിതമായിരിക്കുമെന്ന് ഞാൻ വിശ്വസിച്ചു. എൻ്റെ വിശ്വാസം ശരിയാകുകയും ചെയ്തു.”
ഇതുകേട്ടതും ഇളിഭ്യനായ കള്ളൻ ഒന്നും മിണ്ടാനാകാതെ നിന്നു. തെനാലിരാമൻ വൈകാതെ തന്നെ അയാളോട് യാത്ര പറഞ്ഞ് അവിടെ നിന്നും മടങ്ങി.
Read More Funny Stories With Morals
English Summary: Funny stories with morals in Malayalam, Tenali Raman and the traveler is a beautiful story in funny stories with morals. In this funny story, Tenali Raman outsmarts a cheat with his cleverness.
Good story… My son enjoyed well
Thank you Sandeep 😊, Very glad to know your son liked the story 🥰