Follow

Subscribe

കുഞ്ഞിക്കിളി

Folk Tales

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ടു പണ്ടൊരിടത്ത് ഒരു കാട്ടിൽ മരത്തിലായി ഒരു അമ്മക്കിളി കൂട് കൂട്ടിയിരുന്നു. ആ കൂട്ടിലായിരുന്നു അമ്മക്കിളിയും അച്ഛൻ കിളിയും താമസിച്ചിരുന്നത്. അമ്മക്കിളി കൂട്ടിൽ മുട്ടയിട്ട് അതിന് അടയിരുന്നു. അച്ഛൻ കിളി ദിവസവും രാവിലെ പോയി അമ്മക്കിളിക്കുള്ള ആഹാരവുമായി വൈകിട്ടോടെ തിരിച്ചെത്തുകയും ചെയ്തു. ദിവസങ്ങളോളം അമ്മക്കിളി അങ്ങനെ തന്റെ മുട്ടയ്ക്ക് അടയിരുന്നു. 

അങ്ങനെയിരിക്കെ ഒരു ദിവസം അമ്മക്കിളിയെ അതിശയിപ്പിച്ചു കൊണ്ട് മുട്ട വിരിഞ്ഞ് ഒരു സുന്ദരി കിളിക്കുഞ്ഞ് പുറത്തു വന്നു. അമ്മക്കിളിക്കും അച്ഛൻ കിളിക്കും വളരെയധികം സന്തോഷമായി. കുഞ്ഞിക്കിളി കുറച്ചു കൂടി വലുതാകുന്നതു വരെ അമ്മക്കിളി പഴയതു പോലെ കൂട്ടിൽ അവൾക്ക് കാവലിരുന്നു. ദിവസങ്ങൾ കടന്നു പോയി. കുഞ്ഞിക്കിളിക്ക് ചിറകൊക്കെ വന്നു തുടങ്ങിയപ്പോൾ അച്ഛൻ കിളിയോടൊപ്പം അമ്മക്കിളിയും ആഹാരം തേടി പോകാൻ തുടങ്ങി. കുഞ്ഞിക്കിളി കൂട്ടിൽ തനിച്ചായതു കൊണ്ട് അമ്മക്കിളി വളരെ വേഗം മടങ്ങിയെത്തുമായിരുന്നു. കുഞ്ഞിക്കിളിയെ തനിച്ചാക്കി പോകുമ്പോൾ അമ്മക്കിളി പറയും

“കുഞ്ഞിക്കിളി, നീ കൂട്ടിൽ തനിച്ചാണ്. ശത്രുക്കൾ ചുറ്റുമുണ്ട്. അതുകൊണ്ട് കൂട്ടിനു പുറത്തിറങ്ങരുത്.” 

കുഞ്ഞിക്കിളി അമ്മക്കിളി പറയുന്നത് അതുപോലെ അനുസരിക്കും. 

അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം അമ്മക്കിളി പോയി കഴിഞ്ഞ് കുഞ്ഞിക്കിളി ഒരു കാഴ്ച കണ്ടു. ആകാശത്തിൽ വളരെ ഉയരത്തിൽ ഒരു പരുന്ത് വട്ടമിട്ട് പറക്കുന്നു. അത്രയും ഉയരത്തിൽ ഒരു പക്ഷി പറക്കുന്നത് അവൾ ആദ്യമായിട്ട് കാണുകയായിരുന്നു. അവൾ അത്ഭുതത്തോടെ അതും നോക്കിയിരുന്ന് സ്വയം പറഞ്ഞു

“ഹായ് എന്താ രസം. എന്തു ഉയരത്തിലാണ് ഈ പരുന്ത് പറക്കുന്നത്. എനിക്കും ഇതുപോലെ ആകാശത്തിൽ ഉയരത്തിൽ വട്ടമിട്ടു പറക്കണം. നിറയെ കാഴ്ചകളും കാണാം.” 

അന്ന് കുഞ്ഞിക്കിളി തന്റെ ആഗ്രഹം അറിയിക്കാൻ അമ്മക്കിളിയുടെ വരവും കാത്തിരുന്നു. അമ്മക്കിളി എത്തിയതും കുഞ്ഞിക്കിളി പറഞ്ഞു.

“അമ്മേ, ഞാനിന്നൊരു പരുന്ത് ആകാശത്തിൽ വട്ടമിട്ടു പറക്കുന്നത് കണ്ടു. എനിക്കും അതുപോലെ ഉയരത്തിൽ പറക്കണം.”

ഇതുകേട്ട അമ്മക്കിളി ചിരിച്ചു.

“പരുന്തിനെ പോലെ ഉയരത്തിൽ പറക്കാനോ? കുഞ്ഞേ, നിന്റെ ചിറകുകൾക്ക് ഇപ്പോൾ അതിനുള്ള ശക്തിയായില്ല. കുറച്ചു കൂടി കഴിയട്ടെ നിനക്കും അതുപോലെ ഭംഗിയായി പറക്കാൻ കഴിയും.”

എന്നാൽ ഇതു കേട്ട കുഞ്ഞിക്കിളിക്ക് വിഷമമായി. അവൾ അമ്മയോട് പറഞ്ഞു.

“അമ്മേ എന്റെ ചിറകുകൾക്ക് ശക്തിയുണ്ട്. തീർച്ചയായും എനിക്ക് പറക്കാൻ കഴിയും.”

അമ്മക്കിളി കുഞ്ഞിക്കിളിയോട് ഉറപ്പിച്ചു പറഞ്ഞു. 

“നിനക്ക് പറക്കാൻ പ്രായമാകുമ്പോൾ ഞാൻ പറയാം. അതുവരെ കാത്തിരിക്കൂ ആവശ്യമില്ലാത്ത വാശിയൊന്നും വേണ്ട.”

അവൾ വിഷമത്തോടെയാണെങ്കിലും അമ്മക്കിളി പറഞ്ഞത് തലകുലുക്കി സമ്മതിച്ചു. 

പിറ്റേന്നു രാവിലെ പതിവു പോലെ അമ്മക്കിളിയും അച്ഛൻകിളിയും ആഹാരംതേടി പുറപ്പെട്ടു. കുഞ്ഞിക്കിളി അവർ പോകുന്നതും നോക്കി കൂട്ടിലിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അന്നും ആകാശത്ത് പരുന്ത് വട്ടമിട്ടു പറക്കുന്നത് അവൾ കണ്ടു. ഇതുകണ്ട കുഞ്ഞിക്കിളിക്ക് തന്റെ ആഗ്രഹം അടക്കാൻ കഴിഞ്ഞില്ല. അമ്മക്കിളിയുടെ വിലക്കുകളെല്ലാം ധിക്കരിച്ച് അവൾ ആകാശത്തേക്ക് പറന്നുയർന്നു.

“ഹായ്, എന്തു മനോഹരമായാണ് ഞാൻ പറക്കുന്നത്. എന്തു നല്ല കാഴ്ചകൾ. അമ്മയുടെ പേടി കാരണം ഞാൻ ഇത്രനാളും വെറുതെ കൂട്ടിലിരുന്നു.”

ഇതും പറഞ്ഞ് കുഞ്ഞിക്കിളി വീണ്ടും വീണ്ടും ഉയരത്തിൽ പറക്കാൻ തുടങ്ങി. എന്നാൽ അത്രയും ഉയരത്തിൽ പറക്കാനുള്ള ശക്തി കുഞ്ഞിക്കിളിയുടെ ചിറകുകൾക്ക് ഉണ്ടായിരുന്നില്ല. അവളുടെ ചിറകുകൾ കുഴയാൻ തുടങ്ങി. അവൾക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു. പാവം കുഞ്ഞിക്കിളി പറക്കാനാകാതെ തളർന്നു താഴേക്കുവീണു.

ഇതൊന്നുമറിയാതെ ആഹാരവുമായി കൂട്ടിലെത്തിയ അമ്മക്കിളി ഞെട്ടിപ്പോയി. കുഞ്ഞിക്കിളിയെ കൂട്ടിൽ കാണാനില്ല. അമ്മക്കിളി വളരെയധികം വിഷമിച്ചു. ആ കാട് മുഴുവൻ അമ്മക്കിളി കരഞ്ഞു കരഞ്ഞു തന്റെ കുഞ്ഞിക്കിളിയെ അന്വേഷിച്ചു പറന്നു നടന്നു. ഒടുവിൽ ഒരു മരത്തിന്റെ ചുവട്ടിൽ ബോധമില്ലാതെ കിടക്കുന്ന കുഞ്ഞിക്കിളിയെ അമ്മക്കിളി കണ്ടു. അമ്മക്കിളിക്ക് ദുഃഖം സഹിക്കാനായില്ല. ഉടൻതന്നെ കുഞ്ഞിക്കിളിയെ അവിടെനിന്ന് എടുത്ത് അമ്മക്കിളി കൂട്ടിലേക്ക് കൊണ്ടു പോയി. കുറെയേറെ സമയമെടുത്തു അവൾക്ക് ബോധം തിരിച്ചു കിട്ടാൻ. അതുവരെയും അമ്മക്കിളി അവൾ കണ്ണ് തുറക്കുന്നതും കാത്തു അവളെ പരിചരിച്ചും ആ കൂട്ടിൽ തന്നെയിരുന്നു. 

കുഞ്ഞിക്കിളി കണ്ണു തുറന്നപ്പോൾ കണ്ടത് വിഷമിച്ചിരിക്കുന്ന അമ്മയെയാണ്. ഇതുകണ്ട കുഞ്ഞിക്കിളിക്ക് വിഷമമായി. അപ്പോൾ അമ്മക്കിളി കുഞ്ഞിക്കിളിയോട് പറഞ്ഞു 

“ഞാൻ അപ്പോഴേ പറഞ്ഞതല്ലേ നിന്റെ കുഞ്ഞു ചിറകുകൾക്ക് പറക്കാനുള്ള ശക്തി ആയിട്ടില്ലെന്ന്.”

തന്റെ തെറ്റ് മനസിലാക്കിയ കുഞ്ഞിക്കിളി വിഷമത്തോടെ അമ്മക്കിളിയോടു പറഞ്ഞു

“അമ്മ പറഞ്ഞത് സത്യമാണ്. എന്റെ ചിറകുകൾക്ക് പറക്കാനുള്ള ശക്തിയായിട്ടില്ല. ഞാനിനി അമ്മ പറയുന്നത് അതുപോലെ അനുസരിക്കാം. ഒരിക്കലും അമ്മയെ വേദനിപ്പിക്കുകയുമില്ല.”

ഇതുകേട്ട അമ്മക്കിളിക്ക് സന്തോഷമായി. 

“കുഞ്ഞേ, കുറച്ചു നാൾ കൂടി നീ കാത്തിരിക്കൂ. അപ്പോൾ നിനക്കും മനോഹരമായി പറന്ന് നടക്കാം.”

അമ്മക്കിളി തന്റെ കുഞ്ഞിനെ ആശ്വസിപ്പിച്ചു. 

കുഞ്ഞിക്കിളി തന്റെ കുഞ്ഞു ചിറകുകൾക്ക് പറക്കാനുള്ള ശക്തിയാകുന്നതുവരെയും കാത്തിരുന്നു. ഒടുവിൽ കുഞ്ഞിക്കിളി പറക്കാറായപ്പോൾ തന്റെ അച്ഛനോടും അമ്മയോടുമൊപ്പം ആ കാട് മുഴുവൻ അവളുടെ ഇഷ്ടത്തിന് പറന്നു നടന്നു. അങ്ങനെ ഒരുപാട് കാലം അമ്മക്കിളിയും അച്ഛൻ കിളിയും കുഞ്ഞിക്കിളിയും സന്തോഷത്തോടെ ആ കാട്ടിൽ കഴിഞ്ഞു.

ഗുണപാഠം

മുതിർന്നവർ പറയുന്ന കാര്യങ്ങൾ ചിലപ്പോൾ താൽകാലികമായി നമ്മെ വിഷമിപ്പിക്കുമെങ്കിലും അവ പലപ്പോഴും വലിയ ആപത്തുകളിൽ നിന്നു നമ്മെ രക്ഷിക്കും.

കുഞ്ഞിക്കിളിയുടെ കഥ കേൾക്കാം

Read More Stories for Kids In Malayalam

English Summary: The Baby Bird, Kids reading stories Malayalam

Sreedev sreenivas ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

14 Comments on കുഞ്ഞിക്കിളി

  1. വിരിഞ്ഞു നിൽക്കുന്ന റോസാപൂക്കൾ മറ്റുള്ളവരെ ആകർഷിക്കുന്നത് പോലെ വായനയുടെ ലോകത്തേക്ക് കൊണ്ട് എത്തിക്കും വിധം വളരെ രസകരമാണ് ഓരോ കഥകളും. നിങ്ങളുടെ നല്ല മനസ്സിനെ ആദ്യം തന്നെ അഭിനന്ദിക്കുകയാണ്…

    മറുപടി
  2. Excellent. I am an adult but my Malayalam reading and writing is not that great. Have started enjoying these short stories. Very nice. I am trying to bring the child in me 🙂

    മറുപടി
  3. ഇതിലെ കഥകളെല്ലാം വളരെ നല്ലതാണ്. ഈ കഥ എൻ്റെ മകന് വളരെ ഇഷ്ടമാണ്. വളരെ നന്ദി. ഇനിയും ഇതുപോലെ ഒരുപാട് കഥകൾ പ്രതീക്ഷിക്കുന്നു. 👍

    മറുപടി
    • താങ്കളുടെ അഭിപ്രായത്തിനു ഒരുപാട് നന്ദി 🙏. നിരവധി കഥകൾ പരിഗണനയിൽ ഉണ്ട്, തുടർന്നും ധാരാളം കഥകൾ പബ്ലിഷ് ചെയുന്നതായിരിക്കും.

      മറുപടി
  4. കുട്ടികൾക്ക് വളരെ ഉപകാരപെടുന്ന കുട്ടിക്കഥകളാണ് ഇവ എല്ലാം കഥകളും എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു

    മറുപടി