മരംവെട്ടുകാരനും ഭാഗ്യപക്ഷിയും

Folk Tales

പണ്ടു പണ്ടൊരിടത്ത് ഒരു പാവം മരംവെട്ടുകാരൻ ഉണ്ടായിരുന്നു. അയാൾ കാട്ടിൽ പോയി ദിവസവും മരംവെട്ടി ഒരു കടയുടമയ്ക്ക് നൽകി അതിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു ഉപജീവനം നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ആ മരം വെട്ടുകാരൻ വിറകുശേഖരിക്കുന്നതിനായി കഠിനമായി അധ്വാനിച്ചിരുന്നു. ഇയാൾ ദിവസവും മരംവെട്ടുന്നതും അധ്വാനിക്കുന്നതും എല്ലാം ഒരു ചെറിയ പക്ഷി കാണുന്നുണ്ടായിരുന്നു. 

ഒരു ദിവസം പതിവുപോലെ മരംവെട്ടുകാരൻ കാട്ടിലേക്ക് പോയി. അവിടെ അയാൾ ഉണങ്ങിയ ഒരു മരം അന്വേഷിച്ചു ഒരുപാട് അലഞ്ഞു. അവസാനം ഒരു മരം കണ്ടെത്തി അതിൽ നിന്നും വിറകുവെട്ടാൻ തുടങ്ങി. എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ ആ മരംവെട്ടുകാരന് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു. അയാൾ അടുത്തു കണ്ട മരത്തിൻ്റെ ചുവട്ടിൽ അല്പനേരം വിശ്രമിക്കാൻ തീരുമാനിച്ചു. എന്നാൽ ക്ഷീണം കാരണം അയാൾ ഉറങ്ങിപോയി. 

അന്നും ഒരു മരത്തിൻ്റെ മുകളിലിരുന്ന് ആ കുഞ്ഞു പക്ഷി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. മരംവെട്ടുകാരൻ ഉറങ്ങി കഴിഞ്ഞപ്പോൾ ആ പക്ഷി അയാളുടെ അടുത്തുവന്ന് ഒരു സ്വർണമുട്ട അവിടെ വച്ചിട്ട് പറന്നുപോയി. 

ഉറങ്ങിയെഴുന്നേറ്റ മരംവെട്ടുകാരൻ തൻ്റെ അടുത്ത് കിടക്കുന്ന സ്വർണമുട്ട കണ്ട് അത്ഭുതപ്പെട്ടു. അയാൾ ചുറ്റും നോക്കി. അവിടെയെങ്ങും ആരെയും കണ്ടില്ല. സമയവും ഒരുപാട് വൈകിയിരുന്നു. അയാൾ ഉടൻതന്നെ ആ സ്വർണമുട്ടയും എടുത്ത് അന്ന് വെട്ടിയ കുറച്ചു വിറകുമായി കാട്ടിൽനിന്നു മടങ്ങി.

അയാൾ വിറകുമായി കടയുടമയുടെ അടുക്കലെത്തി. പതിവായി കൊണ്ടു വരുന്നതിനേക്കാൾ വളരെക്കുറച്ചു വിറകായിരുന്നു അന്ന്  മരംവെട്ടുകാരൻ അയാൾക്ക് നൽകിയത്.  ഇതുകണ്ടതും കടയുടമ ചോദിച്ചു

“ഇതെന്താണ് നീ സാധാരണ കൊണ്ടുവരുന്നതിനെക്കാൾ വിറക് ഇന്നു കുറവാണല്ലോ? നീയിന്നു കാര്യമായി പണിയെടുത്തില്ലേ? കാട്ടിലെ കാഴ്ചകളും കണ്ട് നടന്നോ?” 

ഇതുകേട്ടതും മരംവെട്ടുകാരൻ പറഞ്ഞു

“ഒരിക്കലുമില്ല. ഞാൻ പതിവുപോലെ തന്നെ നന്നായി വിറകുവെട്ടി.”

എന്നാൽ അയാളുടെ വാക്കുകൾ കടയുടമ പൂർണമായും വിശ്വസിക്കാതെ വന്നപ്പോൾ ആ മരംവെട്ടുകാരന് നടന്ന സംഭവങ്ങൾ കടയുടമയോട് പറയേണ്ടിവന്നു. അയാളിൽ നിന്നും സ്വർണമുട്ടയെക്കുറിച്ചു കേട്ട കടയുടമയ്ക്ക് ആ സ്വർണമുട്ട കാണണമെന്ന് അതിയായ ആഗ്രഹം തോന്നി. മരംവെട്ടുകാരൻ ഉടൻതന്നെ തനിക്ക് കിട്ടിയ സ്വർണമുട്ട കടയുടമയ്ക്ക് കാണിച്ചുകൊടുത്തു. ഇതുകണ്ടതും അയാൾമനസ്സിൽ കരുതി

“ഈ മരംവെട്ടുകാരന്  സ്വർണമുട്ടയുടെ വില എന്തായാലും അറിയാൻ വഴിയില്ല. ഏതു വിധേനയും ആ സ്വർണമുട്ട കൈക്കലാക്കണം.”

അതിനായി ആയാൾ മരംവെട്ടുകാരനോട് പറഞ്ഞു.

“നീ സ്വർണമുട്ട എനിക്ക് തരികയാണെങ്കിൽ ഞാൻ ഒരു സ്വർണനാണയം നിനക്ക് തരാം.” 

ഇതുകേട്ടതും തൻ്റെ കൈയിലുള്ള സ്വർണമുട്ടയുടെ വിലയറിയാത്ത ആ മരംവെട്ടുകാരൻ അത് കടയുടമയ്ക്ക് നൽകി. സ്വർണമുട്ട കയ്യിൽ കിട്ടിയതും കടയുടമ മരംവെട്ടുകാരനോട് പറഞ്ഞു.

” നിനക്ക് കിട്ടിയ ഈ സ്വർണമുട്ടയിടുന്ന പക്ഷി ആ കാട്ടിൽ എവിടെയെങ്കിലും തന്നെയായിരിക്കും കഴിയുന്നത്. അതിനെ നാളെ പിടിച്ചു കൊണ്ടുവരികയാണെങ്കിൽ ഞാൻ നിനക്ക് രണ്ടു സ്വർണനാണയങ്ങൾ തരാം.”

രണ്ടു സ്വർണനാണയങ്ങൾ എന്നു കേട്ടതും  അത്യാഗ്രഹിയായി തീർന്ന മരംവെട്ടുകാരൻ 

“തീർച്ചയായും ഞാൻ ആ പക്ഷിയെ നാളെ ഏതു വിധേനയും കൊണ്ടു വരുന്നതായിരിക്കും.”

എന്ന് കടയുടമയ്ക്ക് വാക്കു കൊടുത്തു. അതിനുശേഷം മരംവെട്ടുകാരൻ തൻ്റെ വീട്ടിലേക്ക് മടങ്ങി.

പിറ്റേന്ന് രാവിലെതന്നെ ആ മരംവെട്ടുകാരൻ വിറക് വെട്ടുന്നതിനായി കാട്ടിലേക്ക് പോയി. യാത്രയിൽ മുഴുവൻ അയാളുടെ മനസ്സിൽ പക്ഷിയെ പിടിച്ചുകൊടുത്താൽ കിട്ടാൻ പോകുന്ന രണ്ട് സ്വർണനാണയങ്ങൾ മാത്രമായിരുന്നു. അതിനായി അയാൾ തലേദിവസം വിറക് വെട്ടിയ മരത്തിനടുത്തേക്ക് പോയി. കുറച്ചുനേരം വിറക് വെട്ടിയതിനു ശേഷം അയാൾ ക്ഷീണിച്ചതു പോലെ മരത്തിൽ ചാരി ഉറക്കം നടിച്ചിരുന്നു. 

അയാൾ ഉറങ്ങിയെന്ന് കരുതി അന്നും ആ പക്ഷി പതുക്കെ അയാളുടെ അടുത്ത് വന്നു. ഒരു സ്വർണമുട്ട കൂടി നൽകി. അതിനുശേഷം പറക്കാൻ തുടങ്ങിയ പക്ഷിയെ ആ മരംവെട്ടുകാരൻ കൈയോടെ പിടികൂടി. അയാളുടെ കൈയിലിരുന്ന പക്ഷി ചോദിച്ചു

“എന്തിനാണ് എന്നെ നിങ്ങൾ പിടിച്ചത്? ഞാൻ നിന്നെ സഹായിക്കാൻ ശ്രമിച്ചതല്ലേ.”

ഇതു കേട്ടതും മരംവെട്ടുകാരൻ ആ പക്ഷിയോട് പറഞ്ഞു.

“ഇന്നലെ നീ തന്ന മുട്ട കടയുടമയ്ക്ക് നൽകിയപ്പോൾ അയാൾ എനിക്കൊരു സ്വർണനാണയം തന്നു. ഇന്ന് നിന്നെ പിടിച്ചു കൊടുക്കുകയാണെങ്കിൽ രണ്ട് സ്വർണനാണയം തരാമെന്നു പറഞ്ഞിട്ടുണ്ട്.”

ഉടൻതന്നെ പക്ഷി പറഞ്ഞു

“അല്ലയോ മരംവെട്ടുകാരാ നീയൊരു വിഡ്ഢിയാണ്. ഞാൻ തന്ന ഒരു സ്വർണമുട്ട എത്രയോ സ്വർണ നാണയങ്ങളെക്കാളും വിലപിടിച്ചതാണ്. നിൻ്റെ കഷ്ടപ്പാട് കണ്ടിട്ടാണ് ഞാൻ നിന്നെ സഹായിക്കാൻ ശ്രമിച്ചത്. പക്ഷെ എന്നിട്ടും നീ എന്നെ രണ്ട്  സ്വർണനാണയത്തിന് വിൽക്കാൻ നോക്കുന്നോ?”

പക്ഷി പറഞ്ഞതു കേട്ടപ്പോൾ മരംവെട്ടുകാരനു വല്ലാത്ത വിഷമമായി. അയാൾ ആ പക്ഷിയെ പോകാൻ അനുവദിച്ചു. അപ്പോൾ ആ പക്ഷി പറഞ്ഞു

“വൈകിപ്പോയി. എനിക്കിനി ഈ ഭൂമിയിൽ ജീവിക്കാൻ കഴിയില്ല. ഞാൻ ഒരു സാധാരണ പക്ഷിയല്ല. മനുഷ്യർക്ക് നന്മ ചെയ്യുകയും  അവർക്ക് ഭാഗ്യം കൊടുക്കുകയും ചെയ്യുന്ന   ഭാഗ്യപക്ഷിയാണ്. ഞങ്ങൾ മനുഷ്യരെ അവരുടെ കഷ്ടപ്പാടിൽ നിന്നും സഹായിക്കും. 

എന്നാൽ മനുഷ്യർ ഒരിക്കലും ഞങ്ങളെ സ്പർശിക്കാൻ പാടില്ല. ആരെങ്കിലും   സ്പർശിക്കുകയാണെങ്കിൽ ഞങ്ങൾക്ക് ജീവൻ നഷ്ടമാകും.”

പക്ഷിയുടെ വാക്കുകൾ കേട്ട മരംവെട്ടുകാരൻ ദുഃഖത്തോടെ അപേക്ഷിച്ചു.

“അല്ലയോ ഭാഗ്യപക്ഷി, ഞാൻ അറിവില്ലാതെ  ചെയ്ത തെറ്റിന് എന്നോട് ക്ഷമിക്കണം. എനിക്ക് നിൻ്റെ ജീവൻ രക്ഷിക്കാൻ എന്തെങ്കിലും ഉപായം ഉണ്ടെങ്കിൽ പറഞ്ഞു തരണം.”

മരംവെട്ടുകാരൻ്റെ ദുഃഖം കണ്ടപ്പോൾ ആ പക്ഷി പറഞ്ഞു.

“ഒരു ഉപായം ഉണ്ട്. ഞാൻ മരിച്ചു കഴിയുമ്പോൾ നിങ്ങളെൻ്റെ ഒരു തൂവലെടുത്ത് തീയ്ക്ക് അഭിമുഖമായി കാണിക്കണം. അപ്പോൾ നിങ്ങൾക്ക് എൻ്റെ വീട്ടിലേക്കുള്ള വഴി തെളിഞ്ഞുവരും. എന്നിട്ട് ആ തൂവലുമായി വീട്ടിലെത്തി അച്ഛൻ പക്ഷിയോട്  നടന്ന കാര്യങ്ങൾ പറയണം. തീർച്ചയായും അദ്ദേഹത്തിന് നിങ്ങളെ സഹായിക്കാൻ കഴിയും.”

ഇതും പറഞ്ഞ് ആ പക്ഷി ബോധരഹിതനായി നിലത്തുവീണു. ഉടൻതന്നെ ആ മരംവെട്ടുകാരൻ പക്ഷിയുടെ ഒരു തൂവലെടുത്തു തീയ്ക്ക് അഭിമുഖമായി കാണിച്ചു. പക്ഷി പറഞ്ഞതുപോലെ തന്നെ ആ മരംവെട്ടുകാരൻ്റെ മുമ്പിൽ ഒരു വഴി തെളിഞ്ഞുവന്നു. അയാൾ തൂവലുമായി ആ വഴി സഞ്ചരിച്ച് പക്ഷിയുടെ വീട്ടിലെത്തിച്ചേർന്നു. മരംവെട്ടുകാരനെ കണ്ടതും അച്ഛൻ പക്ഷി സംശയത്തോടെ അയാളെ നോക്കി. എന്നിട്ട് ചോദിച്ചു.

“എങ്ങനെയാണ് ഒരു മനുഷ്യൻ ഇവിടെ എത്തിച്ചേർന്നത്? നിങ്ങളെന്തിനാണ് ഇവിടെ വന്നത്? ആരാണ് നിങ്ങൾക്കീ വഴി കാണിച്ചു തന്നത്?”

അച്ഛൻ പക്ഷിയുടെ ചോദ്യങ്ങൾ കേട്ട മരംവെട്ടുകാരൻ തന്നെ സഹായിക്കാൻ ശ്രമിച്ച ഭാഗ്യപക്ഷിക്ക് താൻ കാരണം മരണം നേരിടേണ്ടിവന്ന കാര്യം വിഷമത്തോടെ പറഞ്ഞു. 

ഇതുകേട്ട അച്ഛൻ പക്ഷി ഒരു നിമിഷം പോലും പാഴാക്കാതെ മരംവെട്ടുകാരൻ്റെ കൈയിൽ നിന്നും പക്ഷിയുടെ തൂവൽ വാങ്ങി താഴെവച്ചു. എന്നിട്ട് അതിനു ചുറ്റും പത്ത് പ്രാവശ്യം വലംവച്ചു. അതിനുശേഷം അച്ഛൻ പക്ഷി ആ തൂവലിൽ സ്പർശിച്ചതും കുഞ്ഞു പക്ഷിയുടെ ജീവനില്ലാത്ത ശരീരം അവിടെ പ്രത്യക്ഷമായി. ഉടൻതന്നെ അമ്മപക്ഷിയും സഹോദരി പക്ഷിയും കൂടെ കുറേ ഇലകൾ കൊണ്ടുവന്ന് കുഞ്ഞുപക്ഷിയുടെ ദേഹത്ത് വച്ചു.  തുടർന്നവർ അതിനുചുറ്റും നിന്ന് പ്രാർത്ഥിച്ചു. 

നിമിഷങ്ങൾക്കകം കുഞ്ഞുപക്ഷിക്ക് തൻ്റെ ജീവൻ തിരിച്ചു കിട്ടി. അവൻ പതുക്കെ തൻ്റെ കണ്ണുകൾ തുറന്നു. ഇതുകണ്ട മരംവെട്ടുകാരൻ സന്തോഷത്തോടെ തുള്ളിച്ചാടി. അവൻ ഉറക്കെ പറഞ്ഞു. 

“എനിക്കെൻ്റെ  ഭാഗ്യപക്ഷിയെ തിരികെ കിട്ടി. എനിക്കെൻ്റെ ഭാഗ്യപക്ഷിയെ തിരികെ കിട്ടി.”

ഇതു കണ്ടതും കുഞ്ഞുപക്ഷി പറഞ്ഞു

“ഞങ്ങൾ ഭാഗ്യപക്ഷികൾ ഭാഗ്യം പ്രത്യക്ഷമാവുന്നതു പോലെ പെട്ടെന്ന് വരികയും അതുപോലെതന്നെ പെട്ടെന്ന് അപ്രത്യക്ഷമാകുകയും ചെയ്യും. അതുകൊണ്ടാണ് ഞങ്ങളെ  ഭാഗ്യപക്ഷികൾ എന്നു വിളിക്കുന്നത്. ഞങ്ങൾ ഒരിക്കലും അത്യാഗ്രഹിയായവരുടെ കൂടെ നിൽക്കുകയില്ല. അതുകൊണ്ട് നമുക്കിപ്പോൾ പിരിയുക തന്നെ വേണം.”

ഇതുകേട്ട മരംവെട്ടുകാരൻ

“എൻ്റെ അത്യാഗ്രഹവും അജ്ഞതയും കാരണം  കയ്യിൽ വന്ന ഭാഗ്യത്തെ എനിക്കു നഷ്ടമായി.” 

എന്നും പറഞ്ഞു കരയാൻ തുടങ്ങി. 

മരംവെട്ടുകാരൻ്റെ ദുഃഖം കണ്ട ഭാഗ്യപക്ഷി പറഞ്ഞു.

“വിഷമിക്കേണ്ട തീർച്ചയായും ഞാൻ വീണ്ടും ഒരിക്കൽ നിന്നെ കാണാൻ വരുന്നതായിരിക്കും. പക്ഷേ അതിനുവേണ്ടി നീ കാത്തിരിക്കേണ്ടിവരും.”

അതിനുശേഷം ആ കുഞ്ഞുപക്ഷി തൻ്റെ കുടുംബത്തോടൊപ്പം അവിടെ നിന്നും പറന്നകന്നു. 

മരംവെട്ടുകാരൻ തൻ്റെ കയ്യിൽ വന്ന ഭാഗ്യം നഷ്ടമായതോർത്ത് വളരെയധികം ദുഃഖിച്ചു. എന്നാൽ എന്നെങ്കിലും ഒരിക്കൽ ഭാഗ്യപക്ഷിയെ വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ അയാൾ തൻ്റെ വീട്ടിലേക്ക് മടങ്ങി.

Liked Folk Tale Stories? Read More

English Summary: The Woodcutter And The Lucky Bird, folk tale stories in Malayalam, folk tale stories for children

Leave a Comment

7 Comments on മരംവെട്ടുകാരനും ഭാഗ്യപക്ഷിയും

  1. ഇന്നലെകളുടെ മധുരതരമായ ഓർമ്മകളിലൂടെ ഇന്നിലേക്ക് കടക്കുന്ന നമുക്ക് പുതുമായർന്ന ഇത്തരത്തിലുള്ള കഥകൾ വളരെ പ്രയോജനകരമാണ്…. ലളിതമായ ശൈലിയിൽ എഴുതിരിക്കുന്ന വരികൾ വളരെ മനോഹരമായിട്ടാണ് ആസ്വദിച്ച് വായിക്കുന്നത്. ഇനിയും ഇത് പോലുള്ള ധാരാളം കഥകൾ പ്രതീക്ഷിക്കുന്നു.

    മറുപടി
    • Thank You Priya 🙂, കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം. കൂടുതൽ കഥകൾ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഉടൻതന്നെ പബ്ലിഷ് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

      മറുപടി