പണ്ടു പണ്ടൊരു കാട്ടിൽ നദിയുടെ കരയിൽ ഒരു ആപ്പിൾ മരം ഉണ്ടായിരുന്നു. ഈ ആപ്പിൾ മരത്തിൽ ഒരു കുരങ്ങൻ ജീവിച്ചിരുന്നു. അവൻ ഒറ്റയ്ക്കായിരുന്നു അവിടെ ജീവിച്ചിരുന്നത്. ആപ്പിൾ മരത്തിൽ നിന്നും ആപ്പിളുകളും ഭക്ഷിച്ച് സന്തോഷത്തോടെ അവൻ അവിടെ കഴിഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം വിശന്നുവലഞ്ഞ ഒരു മുതല അവിടെ എത്തിച്ചേർന്നു. അവൻ ഭക്ഷണം അന്വേഷിച്ചു ഒരുപാട് അലഞ്ഞു. ഒടുവിൽ ആപ്പിൾ മരത്തിലിരിക്കുന്ന കുരങ്ങനെ കണ്ടു. കുരങ്ങനെ കണ്ടതും മുതല പറഞ്ഞു
” ഞാൻ കുറച്ചു ദൂരെനിന്നാണ് വരുന്നത്. രാവിലെ മുതൽ ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല. നല്ല വിശപ്പുണ്ട് എന്തെങ്കിലും കഴിക്കാൻ കിട്ടിയാൽ നന്നായിരുന്നു.”
ഇതുകേട്ട് ദയ തോന്നിയ കുരങ്ങൻ ആപ്പിൾ മരത്തിൽ നിന്നും കുറച്ച് മധുരമുള്ള ചുവന്ന ആപ്പിളുകൾ അടർത്തിയെടുത്തു മുതലയ്ക്കു നൽകി. മുതല അതെല്ലാം വളരെ സ്വാദോടെ കഴിച്ചു. വിശന്നു തളർന്ന തനിക്ക് ആഹാരം നൽകിയ കുരങ്ങനുമായി മുതല വളരെ വേഗം ചങ്ങാത്തത്തിലായി. ദിവസവും മുതല കുരങ്ങനെ കാണാൻ ആപ്പിൾ മരത്തിൻ്റെ ചുവട്ടിൽ എത്തുമായിരുന്നു. അവർ ആപ്പിൾ മരത്തിലെ സ്വാദുള്ള ചുവന്ന ആപ്പിളുകളും കഴിച്ചു വളരെ നേരം സംസാരിച്ചു കൊണ്ടിരിക്കുക പതിവായി.
ഒരുദിവസം സംസാരിച്ചുകൊണ്ടിരിക്കെ മുതല കുരങ്ങനോട് തനിക്കൊരു ഭാര്യയുണ്ട് എന്നും അവൾ നദിയുടെ അക്കരെയാണ് താമസിക്കുന്നതെന്നും പറഞ്ഞു. നല്ലവനായ കുരങ്ങൻ അന്ന് മുതൽ മുതലയുടെ ഭാര്യയ്ക്കും നൽകാനായി ധാരാളം ആപ്പിളുകൾ നൽകാൻ തുടങ്ങി. മുതലയുടെ ഭാര്യയ്ക്കും ആപ്പിൾ വളരെയധികം ഇഷ്ടപ്പെട്ടു. അവൾ എന്നും തൻ്റെ ഭർത്താവ് കൊണ്ടുവരുന്ന ആപ്പിളുകൾക്കായി കാത്തിരിക്കുമായിരുന്നു. ഒരുദിവസം അവൾ വിചാരിച്ചു
“ആപ്പിളിന് ഇത്രയും രുചിയാണെങ്കിൽ മധുരമുള്ള ആപ്പിളുകൾ മാത്രം കഴിക്കുന്ന കുരങ്ങൻ്റെ ഹൃദയത്തിന് എന്തു മധുരമായിരിക്കും? അവനെ തിന്നാൻ പറ്റിയാൽ കുശാലായിരിക്കും”.
ഇതെല്ലാം മനസ്സിലൊളിപ്പിച്ച് കുരങ്ങനെ വീട്ടിലേക്ക് ക്ഷണിക്കാൻ അവൾ മുതലയോട് ആവശ്യപ്പെട്ടു. എന്നാൽ മുതല തൻ്റെ സുഹൃത്തിനെ വീട്ടിലേക്ക് ക്ഷണിക്കാൻ തയ്യാറായില്ല. എങ്ങനെയും കുരങ്ങനെ വീട്ടിൽ എത്തിക്കാനായി മുതലയുടെ ഭാര്യ ഒരു പദ്ധതി തയ്യാറാക്കി. അതിനായി അവൾ രോഗിയായി നടിച്ചു. ഒരു കുരങ്ങൻ്റെ ഹൃദയം ഭക്ഷിച്ചാൽ മാത്രമേ തൻ്റെ അസുഖം ഭേദമാകുകയുള്ളൂ എന്ന് വൈദ്യൻ പറഞ്ഞതായി തൻ്റെ ഭർത്താവായ മുതലയെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് തൻ്റെ ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ സുഹൃത്തായ കുരങ്ങൻ്റെ ഹൃദയം കൊണ്ടുവരാൻ അവൾ ആവശ്യപ്പെട്ടു.
മണ്ടനായ മുതല തൻ്റെ ഭാര്യ പറഞ്ഞത് അതുപോലെ വിശ്വസിച്ചു. എന്നാൽ സുഹൃത്തിനെ കൊല്ലണമല്ലോ എന്ന ചിന്ത അവനെ അസ്വസ്ഥനാക്കി. ഭാര്യ മരിക്കുന്നത് കാണാൻ ആ മുതലയെ കൊണ്ട് സാധിക്കുമായിരുന്നില്ല. ഒടുവിൽ കുരങ്ങനെ കൊണ്ടുവരാൻ തന്നെ മുതല തീരുമാനിച്ചു. അതിനായി ആപ്പിൾ മരത്തിനടുത്തു ചെന്ന് കുരങ്ങനെ മുതല വീട്ടിലേക്ക് ക്ഷണിച്ചു. തൻ്റെ സുഹൃത്തായ മുതലയുടെ ക്ഷണം കുരങ്ങൻ വളരെയധികം സന്തോഷത്തോടെ സ്വീകരിച്ചു. കുരങ്ങൻ പറഞ്ഞു
“സുഹൃത്തേ, എനിക്ക് നിങ്ങളുടെ വീട്ടിൽ വരുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷേ എനിക്ക് നീന്താൻ അറിയില്ലല്ലോ. പിന്നെ എങ്ങനെയാണ് ഞാൻ അക്കരെ വരുന്നത്?”
ഇതുകേട്ട മുതല പറഞ്ഞു അതിനാണോ വിഷമം. നീ എൻ്റെ പുറത്തു കയറിക്കോളൂ. ഞാൻ നിന്നെ അക്കരെ എത്തിക്കാം. ഇത് കേട്ടതും കുരങ്ങൻ മുതലയുടെ പുറത്തുകയറി നദിയുടെ അക്കരേയ്ക്ക് യാത്രയായി. നദിയുടെ നടുവിൽ എത്തിയപ്പോൾ മുതല കരുതി
“ഇനി എന്തായാലും കുരങ്ങനു തിരിച്ചു പോകാൻ കഴിയില്ല. അവനോടു സത്യം പറയാം.”
മുതല കുരങ്ങനോട് സത്യം പറഞ്ഞു.
“എൻ്റെ ഭാര്യക്ക് അസുഖമാണ്. ഒരു കുരങ്ങൻ്റെ ഹൃദയം ഭക്ഷിച്ചാൽ മാത്രമേ അസുഖം ഭേദമാകൂ. നിന്നെ അതിനുവേണ്ടിയാണ് കൊണ്ടുപോകുന്നത്.”
ഇത് കേട്ട കുരങ്ങൻ ഞെട്ടിപ്പോയി. പക്ഷേ അത് പുറത്തുകാണിക്കാതെ ബുദ്ധിമാനായ കുരങ്ങൻ ഇപ്രകാരം പറഞ്ഞു.
“ഇതിനാണോ നീ എന്നെ കൊണ്ടുപോകുന്നത്. നിൻ്റെ ഭാര്യയുടെ ജീവൻ രക്ഷിക്കുന്നതിന് എൻ്റെ ഹൃദയം നൽകണമെങ്കിൽ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ എൻ്റെ ഹൃദയം ആപ്പിൾ മരത്തിലെ പൊത്തിൽ വച്ചിരിക്കുകയാണ്. ഞങ്ങൾ കുരങ്ങന്മാർ അങ്ങനെ ഹൃദയം കൊണ്ടുനടക്കാറില്ല. നമുക്ക് വേഗം തിരിച്ചുപോയി അതെടുക്കാം.”
ഇതുകേട്ട മണ്ടനായ മുതല വളരെയധികം സന്തോഷിച്ചു.
“ഒരു മടിയും കൂടാതെ തൻ്റെ ഹൃദയം നൽകാൻ മാത്രം ദയയുള്ളവനാണല്ലോ തൻ്റെ സുഹൃത്ത്. ഭാര്യയുടെ അസുഖം മാറുകയും ചെയ്യും സുഹൃത്തിനെ കൊല്ലുകയും വേണ്ട.” ഇങ്ങനെ ചിന്തിച്ചു മുതല കഴിയുന്നത്ര വേഗത്തിൽ തിരിച്ചു നീന്തി.
ആപ്പിൾ മരത്തിൻ്റെ ചുവട്ടിൽ അവർ എത്തിയതും കുരങ്ങൻ ഒറ്റച്ചാട്ടത്തിന് ആപ്പിൾ മരത്തിലേക്ക് കയറി. എന്നിട്ട് ഹൃദയവും പ്രതീക്ഷിച്ചു നിന്ന മുതലയോട് ഇപ്രകാരം പറഞ്ഞു.
“ദുഷ്ടയായ നിൻ്റെ ഭാര്യയോട് പറയൂ നിൻ്റെ ഭർത്താവാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢിയെന്ന്.” എന്നിട്ട് ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ കുരങ്ങൻ മരച്ചില്ലകൾക്കിടയിൽ ഒളിച്ചു.
ഗുണപാഠം
വിഡ്ഢിയായ ഒരു സുഹൃത്തിനെക്കാൾ നല്ലത് ബുദ്ധിമാനായ ശത്രുവാണ്
Read More Short Stories For Kids In Malayalam
English Summary: The Monkey And The Crocodile, short stories for kids in Malayalam
Nalla language use cheythittund, maathramalla kadhakalude chithrangalum super aayittund… ningal thanne varakkunnathaano?
Thank you! അതെ ചിത്രങ്ങൾ കഥകളുടെ സന്ദർഭങ്ങൾ അനുസരിച്ചു തയ്യാറാക്കുന്നതാണ്.
In My Bad Times .i open this site and start reading the stories to get relaxation. Iam not a child but it gives us a great relax.Thankyou So much for this.waiting for more stories from you.
Thank you so much for the wonderful comment😊. We are preparing more stories, that will be published gradually.