Follow

Subscribe

സിംഹവും മുയലും

Panchatantra Stories, Moral Stories

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ടു പണ്ടു ഒരിടത്തൊരു മനോഹരമായ കാട് ഉണ്ടായിരുന്നു. ആ കാട്ടിൽ വിവിധങ്ങളായ നിരവധി മൃഗങ്ങൾ വസിച്ചിരുന്നു. വൃദ്ധനും മടിയനുമായിരുന്ന ഒരു സിംഹമായിരുന്നു ഈ കാട്ടിലെ രാജാവ്. ഈ സിംഹരാജാവ് തനിക്ക് മതിയാവോളം മൃഗങ്ങളെ വേട്ടയാടി കഴിച്ചു അവിടെ കഴിഞ്ഞു. എന്നാൽ പ്രായമാകുന്തോറും സിംഹത്തിനു മൃഗങ്ങളെ വേട്ടയാടുന്നതിന് ഒരുപാട് പ്രയാസപ്പെടേണ്ടതായി വന്നു. പലപ്പോഴും മറ്റു മൃഗങ്ങളോടൊപ്പം ഓടി എത്താൻ കഴിയാതെയായി. മടിയനായ ആ സിംഹം അത് ഒഴിവാക്കാനായി ഒരു ബുദ്ധി പ്രയോഗിച്ചു. അതിനായി ഒരു ദിവസം കാട്ടിലെ മൃഗങ്ങളെയെല്ലാം വിളിച്ചു കൂട്ടി. എന്നിട്ട് അവരോടായി ഇപ്രകാരം പറഞ്ഞു. 

“എനിക്ക് പ്രായമായി വരുകയാണ്. ഇനി മുതൽ ഞാൻ ഒരു ദിവസം ഏതെങ്കിലും ഒരു മൃഗത്തിനെ മാത്രമേ ഭക്ഷിക്കൂ. എനിക്ക് ഭക്ഷണമാകേണ്ട മൃഗം ഏതാണെന്ന് നിങ്ങൾ തന്നെ തീരുമാനിച്ചു എന്റെ ഗുഹയിലേക്ക് അയക്കണം. പിന്നെ ഒരു കാര്യം പ്രത്യകം ശ്രദ്ധിക്കണം. ഏതെങ്കിലും കാരണവശാൽ ഇതിൽ എന്തെങ്കിലും മുടക്കം വന്നാൽ ഞാൻ കണ്ണിൽ കാണുന്ന മൃഗങ്ങളെയെല്ലാം ഭക്ഷിക്കുന്നതായിരിക്കും.”

സിംഹരാജാവിന്റെ വാക്കുകൾ കേട്ട മൃഗങ്ങൾ പരസ്പരം നോക്കി. അവർ എല്ലാവരും കൂടിയാലോചിച്ചു. സിംഹരാജാവിനെ എതിർക്കേണ്ട ധൈര്യം ആ മൃഗങ്ങൾക്കാർക്കും തന്നെ ഉണ്ടായിരുന്നില്ല. അവർക്ക് സിംഹത്തിനെ അനുസരിക്കുകയല്ലാതെ മറ്റു പോംവഴി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സിംഹം പറഞ്ഞത് മറ്റു മൃഗങ്ങളെല്ലാം സമ്മതിച്ചു. അവർ ഓരോ ദിവസം ഓരോ വിഭാഗത്തിലെ മൃഗങ്ങളെ വീതം സിംഹാരാജാവിന്റെ ഗുഹയിലേക്ക് കൃത്യമായി അയച്ചു കൊണ്ടിരുന്നു. സിംഹാരാജാവിനെ ഭയന്നു അതിനു യാതൊരു വിധത്തിലുള്ള മുടക്കവും അവർ വരുത്തിയില്ല. 

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. തങ്ങളെ സിംഹം ഭക്ഷിക്കുമെന്നു അറിഞ്ഞിട്ടും ദിവസവും തിരഞ്ഞെടുക്കപ്പെടുന്ന മൃഗങ്ങൾ സിംഹത്തിന്റെ ഗുഹയിലേക്ക് പോകുക തന്നെ ചെയ്തു. അതിനെ എതിർക്കാൻ ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ മുയലുകളുടെ ഊഴമായി. മുയലുകളെല്ലാം ഒത്തുകൂടി കൂട്ടത്തിൽ പ്രായമായ ഒരു മുയലിനെ  അതിനായി തിരഞ്ഞെടുത്തു. അതൊരു ബുദ്ധിമാനും സൂത്രശാലിയുമായ മുയലായിരുന്നു. അവൻ തന്റെ സുഹൃത്തുക്കളോട് യാത്ര ചോദിച്ചു സിംഹരാജാവിന്റെ ഗുഹയിലേക്കു തിരിച്ചു. പോകും വഴി മുയൽ മനസ്സിൽ കരുതി

“അറിഞ്ഞുകൊണ്ട് എങ്ങനെയാണ് സ്വന്തം ജീവൻ ബലി കഴിപ്പിക്കുന്നത്. പക്ഷേ സിംഹത്തിന്റെ ഗുഹയിലേക്ക് പോകാതിരിക്കാനും കഴിയില്ല. അത് മറ്റു മൃഗങ്ങൾക്കും ആപത്താണ്. ഏതു വിധേനയും സിംഹത്തിന്റെ കൈയിൽ നിന്നും രക്ഷപ്പെടണം.”

ഇത്തരത്തിൽ യാത്രയിലുട നീളം മുയലിന്റെ മനസ്സിൽ സിംഹരാജാവിന്റെ കൈയിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്ന ചിന്തയായിരുന്നു. ആ ബുദ്ധിമാനായ മുയൽ അതിനായി ഒരു പദ്ധതിയും തയ്യാറാക്കി. തന്റെ പദ്ധതി നടപ്പിലാക്കുന്നതിനായി മുയൽ വളരെ വൈകിയാണ് സിംഹത്തിന്റെ ഗുഹയിൽ എത്തിച്ചേർന്നത്. 

പതിവിലും വളരെ വൈകിയിട്ടും തന്റെ ഭക്ഷണമാകേണ്ട മൃഗം എത്താതിരുന്നതിനാൽ കാത്തിരുന്ന സിംഹാരാജാവിന്റെ കോപം ഇരട്ടിച്ചു. ക്ഷമ നശിച്ച സിംഹരാജാവ് മനസ്സിൽ കരുതി

“ഇതെന്താണ് എന്റെ ആഹാരമാകേണ്ട മൃഗം ഇതുവരെയും എത്തിയില്ലലോ. സമയം വളരെയധികം വൈകിയിരിക്കുന്നു.”

സിംഹരാജാവ് അങ്ങനെ ചിന്തിച്ചു നിന്നതും അതാ വരുന്നു ഒരു മുയൽ. മുയലിനെ കണ്ടതും സിംഹരാജാവ് കോപം കൊണ്ട് ജ്വലിച്ചു. എന്നിട്ട് മയലിനോട് ചോദിച്ചു. 

“നീ എന്താണ് ഇത്രയും വൈകിയത്? എന്റെ ക്ഷമ പരീക്ഷിക്കാൻ നിനക്ക് അത്രയും ധൈര്യമോ?”

ഇതും പറഞ്ഞു സിംഹരാജാവ് മുയലിന്റെ അടുത്തേക്ക്  കോപത്തോടെ പാഞ്ഞടുത്തു. സിംഹത്തിന്റെ കോപം കണ്ട് ഭയന്നു വിറച്ച മുയൽ പറഞ്ഞു.

“അല്ലയോ സിംഹരാജാവേ, ഞാൻ മനഃപൂർവം വൈകിയതല്ല. ഇവിടെ വൈകിയാൽ ഉണ്ടാകുന്ന വിപത്തിനെ കുറിച്ച് എനിക്ക് അറിയാവുന്നതല്ലേ. ഞാൻ ഇങ്ങോട്ടേക്കു വരുന്ന വഴിക്ക് അങ്ങയെക്കാളും വലിപ്പവും ശക്തിയുള്ള മറ്റൊരു സിംഹത്തിനെ കാണാൻ ഇടയായി. ആ സിംഹം എന്നെ ആഹാരമാക്കാൻ നോക്കിയതാണ്. ഞാൻ വല്ല വിധേനയും രക്ഷപ്പെട്ടാണ് ഇങ്ങോട്ടേക്കു വന്നത്.”

ഇതു കേട്ട സിംഹരാജാവിന് ആശ്ചര്യമായി. ഉടൻതന്നെ സിംഹം മുയലിനോട്  ചോദിച്ചു

“എന്ത് ഈ കാട്ടിൽ ഞാൻ അല്ലാതെ മറ്റൊരു വലിയ സിംഹമോ? നീ ഈ കാട്ടിൽ അതിനെ മുൻപ് കണ്ടിട്ടുണ്ടോ?”

ഉടൻതന്നെ സൂത്രശാലിയായ മുയൽ പറഞ്ഞു

“ഇല്ല ഞാനതിനെ ഇതിനു മുൻപ് ഈ കാട്ടിൽ കണ്ടിട്ടില്ല. പക്ഷേ ആ സിംഹത്തിനു അങ്ങയെക്കാളും വലിപ്പവും ശക്തിയുണ്ട്.”

ഏതുവിധേനയും സിംഹത്തിനെ പ്രകോപിതനാക്കുക തന്നെയായിരുന്നു മുയലിന്റെ ലക്ഷ്യം. മുയൽ അതിൽ വിജയിക്കുകയും ചെയ്തു. 

തന്നെക്കാളും വലുതും ശക്തിമാനുമായ മറ്റൊരു സിംഹം എന്ന മുയലിന്റെ വാക്കുകൾ കേട്ട സിംഹത്തിനു അതു തീരെ രസിച്ചില്ല. മറ്റൊന്നും ചിന്തിക്കാതെ ഉടൻതന്നെ സിംഹം മുയലിനോട് ചോദിച്ചു

“നീ എവിടെ വച്ചാണ് അതിനെ കണ്ടത്? എന്നെ അങ്ങോട്ടേക്ക്  കൊണ്ടു പോകാമോ?”

തന്റെ പദ്ധതി വിജയിച്ച സന്തോഷത്തിൽ മുയൽ സിംഹത്തിനോട് പറഞ്ഞു

“തീർച്ചയായും ഞാൻ അങ്ങയെ അങ്ങോട്ടേക്ക് കൊണ്ടു പോകാം. പക്ഷേ ഇവിടെ നിന്നും അല്പം അകലെയായാണ് ഞാനതിനെ കണ്ടത്.”

സിംഹം മുയലിനോടു പറഞ്ഞു

“ആത് സാരമില്ല. നീ എത്രയും വേഗം എന്നെ അങ്ങോട്ടേക്ക് കൊണ്ടു പോകുക.”

അങ്ങനെ സിംഹരാജാവും മുയലും കൂടി സിംഹത്തിനെ കണ്ട സ്ഥലത്തേക്ക് യാത്രയായി.   അതിനായി ആരുമില്ലാത്ത ഉൾകാട്ടിലേക്കാണ് മുയൽ സിംഹത്തിനെ തന്ത്രപൂർവം കൊണ്ടു പോയത്. അവിടെ ആഴമുള്ള ഒരു വലിയ കിണർ ഉണ്ടായിരുന്നു. ആ കിണർ കണ്ടതും മുയൽ സിംഹത്തിനോട് പറഞ്ഞു

“അല്ലയോ സിംഹരാജാവേ, അതിന്റെ ഉള്ളിലാണ് ഞാൻ ആ സിംഹത്തിനെ കണ്ടത്. എനിക്ക്  അങ്ങോട്ടേക്ക് വരാൻ ഭയമാകുന്നു. അതുകൊണ്ട് അങ്ങു പോയി നോക്കൂ. ഞാൻ ഇവിടെ നിൽക്കാം.”

ഇതും പറഞ്ഞു മുയൽ അവിടെ തന്നെ നിന്നു. 

മുയലിന്റെ വാക്കു വിശ്വസിച്ച സിംഹം മറ്റൊന്നും ചിന്തിക്കാതെ ആ കിണറ്റിനരികിലേക്ക് പോയി. എന്നിട്ട് കിണറ്റിലേക്ക് എത്തി നോക്കിയ സിംഹം ഞെട്ടിപ്പോയി. കിണറ്റിനുള്ളിൽ തന്നെപ്പോലെ മറ്റൊരു സിംഹം നിൽക്കുന്നു. അത് തന്റെ പ്രതിബിംബം ആണെന്ന് സിംഹരാജാവിന് മനസിലായില്ല. അതുകൊണ്ട് തന്നെ ആ സിംഹത്തിനെ കണ്ടതും സിംഹരാജാവിന്റെ കോപം ഇരട്ടിച്ചു. സിംഹരാജാവ് ദേഷ്യത്തോടെ ആ കിണറ്റിലേക്ക് നോക്കി അലറാൻ തുടങ്ങി. തിരിച്ചും കിണറ്റിനുള്ളിൽ നിന്നും ഒരു അലർച്ച കേട്ടു. തിരിച്ചു കേട്ട ശബ്ദം തന്റെ പ്രതിധ്വനിയാണെന്ന് മനസ്സിലാകാത്ത സിംഹരാജാവിന് തന്റെ ക്രോധം അടക്കാനായില്ല.

സൂത്രശാലിയായ മുയലിന്റെ കെണിയിൽ വീണ സിംഹം ഉടൻതന്നെ മറ്റൊന്നും ചിന്തിക്കാതെ തന്റെ ശത്രുവിനെ വകവരുത്താനയി ആ കിണറ്റിലേക്ക് എടുത്തു ചാടി. അങ്ങനെ മുയലിന്റെ വാക്കു കേട്ട് മറ്റൊന്നും ചിന്തിക്കാതെ കിണററ്റിൽ എടുത്തു ചാടിയ  സിംഹരാജാവിനു തന്റെ ജീവൻ നഷ്ടമായി. സൂത്രശാലിയായ മുയലാകട്ടെ തന്റെ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ  തിരിച്ചു തന്റെ മാളത്തിലേക്കും മടങ്ങി.

ഗുണപാഠം

എതിരാളികൾ എത്ര കരുത്തരായാലും ബുദ്ധിശക്തിയിലൂടെ നമുക്ക് അവരെ കീഴടക്കാൻ കഴിയുന്നതാണ്.

Read More Kids’ Short Stories In Malayalam

English Summary: The lion and the Rabbit

The story ‘The Lion and the Rabbit’ is a classic Panchatantra tale that teaches the valuable lesson that wisdom is stronger than physical strength. This story is written in the Malayalam language, making it a great addition to the collection of short stories in Malayalam for children. The story follows the adventures of a clever rabbit who outwits a powerful lion through his quick thinking and resourcefulness. As one of the most popular short stories in Malayalam, ‘The Lion and the Rabbit’ is a must-read for kids learning this language. Its memorable characters and a compelling plot make it a favorite among readers of all ages. So if you’re looking for engaging short stories in Malayalam to share with your children, be sure to add ‘The Lion and the Rabbit’ to your list.

Leave a Comment

1 Comment on സിംഹവും മുയലും