കുറുക്കനും മുന്തിരിയും

Aesop's Fables

പണ്ടു പണ്ടൊരു കാട്ടിൽ ഒരു കുറുക്കൻ ഉണ്ടായിരുന്നു. ദിവസവും രാവിലെ കുറുക്കൻ ആഹാരം തേടി കാട് മുഴുവൻ ചുറ്റിത്തിരിയും. വൈകുന്നേരം ആകുമ്പോഴേക്കും ആഹാരമൊക്കെ കഴിച്ചു വയറും നിറച്ച് തൻ്റെ ഗുഹയിൽ തിരിച്ചെത്തും.

ഒരു ദിവസം പതിവുപോലെ കുറുക്കൻ തൻ്റെ ഗുഹയിൽ നിന്നും ആഹാരവും തേടി പുറത്തിറങ്ങി. അന്ന് നല്ല ചൂടുള്ള ദിവസമായിരുന്നു. കുറുക്കൻ അന്ന് ഒരുപാട് അലഞ്ഞിട്ടും അവന് ആഹാരമൊന്നും കിട്ടിയില്ല. അവൻ വിശപ്പും ദാഹവും കാരണം അവശനായി. അങ്ങനെയിരിക്കുമ്പോഴാണ് കുറുക്കൻ ഒരു മരത്തിൽ നിറയെ മുന്തിരിവള്ളികൾ പടർന്നു കിടക്കുന്നത് കണ്ടത്. ആ മുന്തിരിവള്ളികൾ നിറയെ നല്ല പഴുത്ത മുന്തിരികൾ കുലകുലയായി കിടക്കുന്നു. ഇത് കണ്ട കുറുക്കന് കൊതി സഹിക്കാനായില്ല. 

“രാവിലെ മുതൽ ചുറ്റിത്തിരിയുന്നു. ഇതുവരെ കഴിക്കാൻ ഒന്നും കിട്ടിയില്ല. വിശന്നിട്ടും വയ്യ. ഈ മുന്തിരികൾ അടർത്തിയെടുത്തു കഴിച്ചാൽ വിശപ്പും മാറും ദാഹവും മാറും.”

എന്നും പറഞ്ഞ് കുറുക്കൻ മുന്തിരിവള്ളിയുടെ അരികിലേക്ക് പോയി. 

അവൻ മുന്തിരി  പറിച്ചെടുക്കുന്നതിനായി എത്തിനോക്കി. അപ്പോഴല്ലേ രസം അവനതു അടർത്തിയെടുക്കാൻ പറ്റുന്നതിലും അല്പം ഉയരത്തിൽ ആയിരുന്നു. വിശപ്പും കൊതിയും കാരണം കുറുക്കൻ പിന്മാറാൻ തയ്യാറായില്ല. അവൻ മുന്തിരി പറിച്ചെടുക്കുന്നതിനായി ഒന്നു ചാടി നോക്കി. അപ്പോഴും അവന് ആ മുന്തിരികൾ കൈക്കലാക്കാൻ കഴിഞ്ഞില്ല. കുറുക്കൻ ആലോചിച്ചു

“എങ്ങനെയും ആ മുന്തിരികൾ പറിച്ചെടുക്കണം.  നല്ല മുന്തിരികൾ ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു.” 

അവൻ ഓടിക്കൊണ്ടുവന്നു ഒന്നും കൂടി ചാടി നോക്കി. അപ്പോഴും അവനത് കിട്ടിയില്ല. അവൻ പലതവണ അത് ആവർത്തിച്ചു. എന്നിട്ടും ആ മുന്തിരികൾ അവന് അടർത്തിയെടുക്കാൻ കഴിഞ്ഞില്ല.  അവൻ്റെ ശ്രമങ്ങൾ എല്ലാം വിഫലമായി. വിശപ്പും ദാഹവും കാരണം വലഞ്ഞ ആ കുറുക്കൻ നിരാശനായി. അവൻ ആ മുന്തിരിവള്ളിയുടെ ചുവട്ടിൽ ഇരുന്നു ആലോചിച്ചു. മുന്തിരികൾ അടർത്തിയെടുക്കാൻ ഒരു വഴിയും ഇല്ലാതെ കുറുക്കൻ പറഞ്ഞു

“ഞാൻ എന്തൊരു വിഡ്ഢിയാണ്. ഞാൻ ഇപ്പോഴാണ് ഓർത്തത് മുന്തിരി പുളിപ്പാണ്. ഈ പുളിപ്പുള്ള മുന്തിരിക്ക് വേണ്ടിയാണല്ലോ ഞാനിത്രയും കഷ്ടപ്പെട്ടത്.”

ഇതും പറഞ്ഞ് ആ കുറുക്കൻ തിരിഞ്ഞുപോലും നോക്കാതെ അവിടെ നിന്നും ഓടിപ്പോയി.

ഗുണപാഠം

നമ്മുടെ കഴിവിനപ്പുറമുള്ള കാര്യങ്ങൾ നല്ലതല്ല എന്ന് ചിന്തിക്കരുത്.

Read More Stories For Kids, Bedtime Stories

English Summary: The Fox And The Grapes, stories for kids, bedtime stories

Leave a Comment

10 Comments on കുറുക്കനും മുന്തിരിയും