പണ്ടു പണ്ടൊരിടത്ത് ഒരു മനോഹരമായ കാടുണ്ടായിരുന്നു. ആ കാട്ടിലായിരുന്നു തന്റെ പ്രജകളായ മൃഗങ്ങളെയെല്ലാം വളരെയധികം സ്നേഹിച്ചിരുന്ന സിംഹരാജാവ് പാർത്തിരുന്നത്. ഒരു ദിവസം രാജാവായ സിംഹം മറ്റു മൃഗങ്ങൾക്കായി കാട്ടിൽ ഒരു വിരുന്നൊരുക്കി. കാട്ടിലെ എല്ലാ മൃഗങ്ങളും സന്തോഷത്തോടെ ഈ വിരുന്നിൽ പങ്കെടുത്തു. സിംഹരാജാവ് തന്റെ അതിഥികളായി എത്തിയ മൃഗങ്ങളെയെല്ലാം സ്വീകരിച്ചു. അവർക്ക് മതിവരുവോളം ഭക്ഷണവും നൽകി. മാത്രമല്ല വിനോദത്തിനായി വിരുന്നിനോടൊപ്പം കലാപരിപാടികളും നടത്തി. അതിനായി സിംഹരാജാവ് ആദ്യം ക്ഷണിച്ചത് പാട്ടുകാരനായ കുയിലിനെ ആയിരുന്നു.
കുയിൽ അതിമനോഹരമായി തന്നെ പാടി. കാട്ടിലെ മൃഗങ്ങളെല്ലാം തന്നെ കുയിലിന്റെ പാട്ട് നന്നായി ആസ്വദിച്ചു. കുയിൽ പാടി കഴിഞ്ഞതും മൃഗങ്ങൾക്കെല്ലാം ഒരു നൃത്തം വേണം എന്നായി. ഇതു കേട്ട സിംഹരാജാവ് കാണികളായി ഇരുന്ന മൃഗങ്ങളോടായി ഇപ്രകാരം പറഞ്ഞു
“നിങ്ങളിൽ നൃത്തം ചെയ്യാൻ അറിയാവുന്ന ഒരാൾ സ്വയം മുന്നോട്ട് വന്നു നൃത്തം ചെയ്യുക. എല്ലാവരെയും സന്തോഷിപ്പിക്കുക.”
സിംഹരാജാവ് ഇതു പറഞ്ഞതും കുരങ്ങൻ സന്തോഷത്തോടെ നൃത്തം ചെയ്യുവാനായി മുന്നോട്ടു വന്നു. അവൻ വളരെ മനോഹരമായി തന്നെ നൃത്തം ചെയ്തു. ഇതു കണ്ട മറ്റു മൃഗങ്ങൾക്കെല്ലാം സന്തോഷമായി. അവർ ആർപ്പു വിളിക്കാനും കൂടെ ആടാനും തുടങ്ങി. കാണികളുടെ ആർപ്പു വിളികളിൽ നിന്നു അവർ തന്റെ നൃത്തം നന്നായി ആസ്വദിക്കുന്നു എന്ന് മനസിലാക്കിയ കുരങ്ങൻ ഉത്സാഹത്തോടെ തന്നെ നൃത്തം ചെയ്തു. എന്നാൽ കുരങ്ങന്റെ നൃത്തം എല്ലാവരും ആസ്വദിക്കുന്നത് കണ്ട ജിറാഫിന് ഇതു തീരെ രസിച്ചില്ല. അവൻ എല്ലാവരോടുമായി പറഞ്ഞു
“എത്ര മോശമായിട്ടാണ് ഈ കുരങ്ങൻ നൃത്തം ചെയ്യുന്നത്. നിങ്ങൾ എന്തിനാണ് ഇതു കണ്ട് ഇത്രയും ആവേശം കൊള്ളുന്നത് ?”
എന്നാൽ ജിറാഫ് പറഞ്ഞത് മറ്റു മൃഗങ്ങൾക്കൊന്നും തന്നെ തീരെ ഇഷ്ടപ്പെട്ടില്ല. അപ്പോൾ ഒരു കുറുക്കൻ ജിറാഫിനോട് ചോദിച്ചു
“നിനക്ക് കുരങ്ങൻ നൃത്തം ചെയ്യുന്നത് ഇഷ്ടപ്പെടാത്തതിനു കാരണം തീർച്ചയായും അതിലും നന്നായി നിനക്ക് നൃത്തം ചെയ്യാൻ കഴിയുന്നത് കൊണ്ടായിരിക്കും അല്ലേ?”
ഇതു കേട്ട ജിറാഫ് ഉടൻ തന്നെ പറഞ്ഞു
“തീർച്ചയായും, ഈ കുരങ്ങനെക്കാളും മനോഹരമായി നൃത്തം ചെയ്യാൻ എനിക്ക് കഴിയും.”
ജിറാഫിന്റെ ഈ വാക്കുകൾ ഒരു മാൻ കേൾക്കുന്നുണ്ടായിരുന്നു. അവൻ മനസ്സിൽ കരുതി.
“എന്തൊരു അസൂയയാണ് ഈ ജിറാഫിന്. ഇവനെ ഒരു പാഠം പഠിപ്പിക്കുക തന്നെ വേണം.”
അതിനായി മാൻ ഒരു സൂത്രം ഒപ്പിച്ചു. കുരങ്ങന്റെ നൃത്തം കഴിഞ്ഞതും ഉടൻതന്നെ മാൻ വിളിച്ചു പറഞ്ഞു
“അടുത്തതായി നൃത്തം ചെയ്യാനായി വേദിയിലേക്ക് വരുന്നത് നമ്മുടെ ജിറാഫാണ്.”
മാൻ പറയുന്നത് കേട്ട മറ്റു മൃഗങ്ങൾ സ്തബ്ധരായി.
“ജിറാഫ് നൃത്തം ചെയ്യുവാനോ? ഈ ശരീരവും വച്ചു എങ്ങനെയാണ് അവനെ കൊണ്ട് നൃത്തം ചെയ്യുവാൻ സാധിക്കുന്നത് ?”
അവർ പരസ്പരം പിറു പിറുത്തു.
എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് ജിറാഫ് നൃത്തം ചെയ്യുവാനായി വേദിയിലേക്ക് വന്നു. അവൻ തന്റെ നീണ്ട കാലുകളും വലിയ വയറും ഉയരം കൂടിയ കഴുത്തും വച്ചു നൃത്തം ചെയ്യാൻ തുടങ്ങി. എന്നാൽ ജിറാഫിന് അവന്റെ നീണ്ട കാലുകൾ കൊണ്ട് നൃത്തം ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല. മാത്രമല്ല ജിറാഫിന് കുരങ്ങന്റേതു പോലെ മെയ് വഴക്കവും ഇല്ലായിരുന്നു. എന്നിട്ടും അവൻ പിന്മാറാൻ തയ്യാറായില്ല. അവൻ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടേയിരുന്നു.
ജിറാഫിന്റെ നൃത്തം കണ്ട കാണികളായ മൃഗങ്ങൾക്ക് രോഷം അടക്കാൻ ആയില്ല. അവർ ജിറാഫിനോട് വേദിയിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെട്ടു. കുരങ്ങന്റെ നൃത്തം കണ്ടു കൈയടിച്ച കാണികൾ ജിറാഫിനെ കൂകാൻ തുടങ്ങി. അസൂയ മൂത്തു തനിക്കു പറ്റാത്ത പണിക്കു മുതിർന്ന ജിറാഫിനെ എല്ലാവരും പരിഹസിക്കാൻ തുടങ്ങി. അവസാനം നാണം കെട്ട് അവന് വേദിയിൽ നിന്നും തല കുനിച്ചു മടങ്ങേണ്ടതായി വന്നു. മാത്രമല്ല അപമാനിതനായ ജിറാഫ് ആ കാട്ടിൽ നിന്നും തന്നെ എന്നന്നേക്കുമായി ഓടി പോയി. പിന്നെയാരും കാട്ടിലെങ്ങും ആ ജിറാഫിനെ കണ്ടതേയില്ല. അങ്ങനെ അസൂയ കാണിച്ച ജിറാഫിന് തന്റെ വാസസ്ഥലം തന്നെ ഉപേക്ഷിക്കേണ്ടതായും വന്നു.
ഗുണപാഠം
അസൂയ നമ്മളെ പലപ്പോഴും അന്ധരാക്കുകയും ആപത്തിൽ കൊണ്ടു ചാടിക്കുകയും ചെയ്യും
ജിറാഫിന്റെ നൃത്തം കഥ കേൾക്കാം
Read More Stories for Kids
- യഥാർഥ രാജാവ്
- സൂത്രശാലിയായ കുറുക്കൻ
- കൊക്കും ഞണ്ടും
- നാല് സഹോദരന്മാർ
- നൃത്തം ചെയ്യുന്ന പന്ത്രണ്ട് രാജകുമാരിമാർ
English Summary: The Giraffe’s Dance: Short Fables with Morals in Malayalam
In the jungle, animals planned a fun party with performances. Everyone was excited! They cheered for each act, especially the monkey’s amazing dance and tricks. But, a giraffe felt jealous and wanted attention too. When the giraffe tried to dance, it turned out funny, and the animals didn’t like it. This Malayalam fable teaches us about envy and the importance of embracing who we are.
Good
Very good