Follow

Subscribe

കുറുക്കനും ആടും

Aesop's Fables

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ടു പണ്ടൊരു കാട്ടിൽ ഒരു കുറുക്കൻ വസിച്ചിരുന്നു. ഒരു ദിവസം കുറുക്കൻ കാട്ടിലൂടെ നടക്കുകയായിരുന്നു. കുറച്ചു നടന്നപ്പോൾ കുറുക്കന് നല്ല ദാഹം തോന്നി. കുറുക്കൻ ഉടൻതന്നെ അടുത്തു കണ്ട ഒരു ആഴം കുറഞ്ഞ കിണറ്റിൽ വെള്ളം കുടിക്കാനായി ഇറങ്ങി. തനിക്കു മതിയാവോളം വെളളവും കുടിച്ചു. വെള്ളം കുടിച്ചു തിരിച്ചു പോകാനൊരുങ്ങിയ കുറുക്കൻ ആകെ വിഷമിച്ചു. അവന് കിണറ്റിൽ നിന്നും തിരിച്ചു കയറാൻ സാധിക്കുന്നില്ല. ആ കിണറ്റിൽ നിന്നും കയറാനായി പടവുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. നല്ല വഴുക്കലുള്ളത് കാരണം പിടിച്ചു കയറാനും കുറുക്കന് കഴിഞ്ഞില്ല. 

കുറുക്കൻ മനസ്സിൽ കരുതി

“ഇനി ഞാൻ എങ്ങനെയാണ് ഈ കിണറ്റിൽ നിന്നും കരയിൽ കയറുന്നത്? തിരിച്ചു കരയിൽ കയറാനായി പടവുകളോ പിടിച്ചു കയറാൻ ഒരു ചെടിയുടെ വള്ളിയോ പോലും ഇവിടെയൊന്നും കാണാൻ ഇല്ല. ഏതുവിധേനയും ഇവിടെനിന്നും രക്ഷപ്പെട്ടേ മതിയാകൂ.”

കുറുക്കൻ അങ്ങനെ ചിന്തിച്ചു നിൽക്കുമ്പോഴാണ് ഒരു ആട് അതു വഴി വന്നത്‌. 

കുറുക്കൻ കിണറ്റിൽ നിന്നും കയറാൻ കഴിയാതെ നിൽക്കുകയാണെന്ന് അറിയാത്ത ആട് കുറുക്കനോട് ചോദിച്ചു

“സുഹൃത്തേ,ഈ കിണറ്റിലെ വെള്ളം കുടിക്കാൻ കൊള്ളാവുന്നതാണോ?”

ആടിന്റെ ചോദ്യം കേട്ടതും കുറുക്കന് അവിടെ നിന്നും രക്ഷപ്പെടാനായി ഒരു ഉപായം തോന്നി. അവൻ ഉത്സാഹത്തോടെ മറുപടി പറഞ്ഞു

“ഞാൻ ഇന്നുവരെ കുടിച്ചതിൽ വച്ചു ഏറ്റവും നല്ല വെള്ളമാണ് ഈ കിണറ്റിലേത്. നീ ഇവിടെ ഇറങ്ങി വെള്ളം കുടിച്ചു നോക്കൂ.”

കുറുക്കന്റെ മറുപടി കേട്ട ആട് മറ്റൊന്നും നോക്കാതെ കിണറ്റിലേക്ക് ഇറങ്ങി. ആട് കിണറ്റിലേക്ക് ഇറങ്ങിയതും കുറുക്കൻ ഉടൻതന്നെ ആടിന്റെ പുറത്തു ചവിട്ടി കരയിൽ കയറി. എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാകാത്ത ആട് അത്ഭുതത്തോടെ കുറുക്കനെ നോക്കി. എന്നാൽ കുറുക്കൻ സന്തോഷത്തോടെ തുള്ളിച്ചാടുന്നതാണ് ആട് കണ്ടത്. അധികം വൈകുന്നതിന് മുൻപ് തന്നെ കുറുക്കന്റെ സന്തോഷത്തിന്റെ കാരണം ആടിന്‌ മനസ്സിലായി. 

ആട് മനസ്സിൽ കരുതി

“ഞാനെന്തൊരു മണ്ടനാണ്. കുറുക്കൻ  പറഞ്ഞതു വിശ്വസിച്ചു മറ്റൊന്നും നോക്കാതെ ഈ കിണറ്റിൽ ഇറങ്ങി. ഇനി എങ്ങനെയാണ് ഞാൻ കരയിൽ കയറുന്നത്?”

ആട് വിഷമത്തോടെ കുറുക്കനോട് ചോദിച്ചു

“നീയെന്തിനാണ് എന്നെ പറ്റിച്ചത്? ഈ കിണറ്റിൽ നിന്നും തിരിച്ചു കയറാൻ പടവുകളൊന്നും ഇല്ലെന്നു എന്തിനാണ് എന്നിൽ നിന്നും മറച്ചുവച്ചത്?”

ഇതു കേട്ടതും കൂസലില്ലാതെ കുറുക്കൻ 

ആടിനോട് ചോദിച്ചു

“ഞാനെന്തിനാണ് പറയുന്നത്? നിനക്ക്‌ കിണറ്റിലേക്ക് ഇറങ്ങുന്നതിന് മുൻപ് തിരിച്ചു കയറാൻ പറ്റുമോ എന്നു നോക്കാമായിരുന്നില്ലേ?”

ഉടൻതന്നെ ആട് പറഞ്ഞു

“ഞാൻ നിന്നെ നല്ലൊരു സുഹൃത്തിനെ പോലെയാണ് കണ്ടത്. അതുകൊണ്ട് തന്നെ ഞാൻ നീ പറഞ്ഞത് വിശ്വസിച്ചു. ദയവായി എന്നെ ഇവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷിക്കൂ.”

ഇതു കേട്ടതും കുറുക്കൻ ആടിനോട് പറഞ്ഞു

“നീ ഒരു പരിചയവും ഇല്ലാത്ത എന്നെ എന്തിനാണ് വിശ്വസിച്ചത്? എന്റെ ജീവൻ തിരിച്ചു കിട്ടിയതു തന്നെ ഭാഗ്യം. എനിക്കു നിന്നെ രക്ഷിക്കാനൊന്നും സമയമില്ല. നിനക്ക്‌ കഴിയുമെങ്കിൽ സ്വയം രക്ഷപ്പെടൂ.”

ഇതും പറഞ്ഞു കുറുക്കൻ അവിടെ നിന്നും ഓടി പോയി. പാവം ആട് ആകട്ടെ എന്തു ചെയ്യണമെന്ന് അറിയാതെ ആ കിണറ്റിൽ തന്നെ നിന്നു.

ഗുണപാഠം

ഒന്നും ആലോചിക്കാതെ അന്ധമായി ഒരു പ്രവൃത്തിയും ചെയ്യരുത്.

Read More Short Stories In Malayalam With Moral

English Summary: Short Stories In Malayalam With Moral – The Fox and the Goat

“The Fox and the Goat” is a classic Aesop’s Fable that tells the story of a clever fox who outwits a thirsty goat. The story is a great example of a short story in Malayalam with a moral. It teaches the importance of thinking before acting and the dangers of being too trusting. This story is one of the many examples of short stories in Malayalam with moral that can be found in the literature. The story begins with a fox coming across a thirsty goat who is trapped in a well. The clever fox uses his wit to trick the goat into giving him a ride out of the well, leaving the goat trapped. The moral of the story is that intelligence and careful thinking can help you out of difficult situations, while carelessness and trust can lead to harm. The story is a perfect example of the type of short stories in Malayalam with moral that can be enjoyed by people of all ages and backgrounds.

Leave a Comment