Follow

Subscribe

ചങ്ങാതിമാരായ എലികൾ

Folk Tales

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ടു പണ്ട് സുഹൃത്തുക്കളായ രണ്ടു എലികൾ ജീവിച്ചിരുന്നു. ഒരാൾ ഗ്രാമത്തിലും മറ്റൊരാൾ നഗരത്തിലുമായിരുന്നു താമസിച്ചിരുന്നത്. അവർ വസിച്ചിരുന്നത് രണ്ടിടത്തായിരുന്നു എങ്കിലും രണ്ടു പേരും നല്ല സുഹൃത്തുക്കളായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം അവർ പരസ്പരം കാണുകയും ഗ്രാമത്തിലെയും നഗരത്തിലെയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഗ്രാമത്തിലെ എലി തന്റെ സുഹൃത്തിനെ വീട്ടിലേക്കു ക്ഷണിച്ചു. നഗരത്തിലെ എലി സന്തോഷപൂർവം തന്നെ തന്റെ സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചു. ഏതാനും ദിവസം തന്റെ സുഹൃത്തിനോടൊപ്പം താമസിക്കുന്നതിനായി അവൻ ഗ്രാമത്തിലേക്ക് പുറപ്പെട്ടു. 

ഗ്രാമത്തിലെ എലി ഒരു മരത്തിന്റെ പൊത്തിലായിരുന്നു താമസിച്ചിരുന്നത്. അവൻ സന്തോഷത്തോടെ തന്റെ സുഹൃത്തിനു ഗ്രാമം മുഴുവൻ കാണിച്ചു. വയലുകളും പുഴകളും എല്ലാം കണ്ടു അവർ രാത്രിയോടെ വീട്ടിൽ എത്തി. അപ്പോൾ ഗ്രാമത്തിലെ എലി തന്റെ സുഹൃത്തിനു കഴിക്കാനായി ധാന്യമണികളും കിഴങ്ങുകളും നൽകി. എന്നാൽ നഗരത്തിലെ എലിക്ക് ഗ്രാമത്തിലെ കാഴ്ചകളോ ആഹാരമോ ഒന്നും തന്നെ ഇഷ്ടപ്പെട്ടില്ല. അവൻ തന്റെ സുഹൃത്തിനോട് പറഞ്ഞു 

“ഗ്രാമത്തിൽ കാണാനായി എന്താണുള്ളത്? കുറേ വയലുകളും പുഴകളും ഈ പച്ചപ്പും അല്ലാതെ. അതുമാത്രമല്ല എത്രയോ രുചികരമായ ആഹാരങ്ങൾ വേറെയുണ്ട്. നീ എങ്ങനെയാണ് ഇപ്പോഴും ഈ ധാന്യമണികളും കിഴങ്ങുകളും കഴിച്ചു കഴിയുന്നത് ?”

ഇതു കേട്ട ഗ്രാമത്തിലെ എലി പറഞ്ഞു 

“സുഹൃത്തേ, ഇത് ഗ്രാമമാണ്. ഇവിടെ ഇതൊക്കെയാണ് ഉള്ളത്. എനിക്കിത് ശീലമായി. നീ എന്താണ് അവിടെ കഴിക്കുന്നത്? അവിടത്തെ കാഴ്ചകൾ എങ്ങനെയാണ്? എനിക്ക് നീ അതൊക്കെ പറഞ്ഞു തരൂ.”

ഇതു കേട്ടതും നഗരത്തിലെ എലി പറഞ്ഞു 

“ഞാൻ നഗരത്തെക്കുറിച്ചു പറയുന്നതിനേക്കാൾ നല്ലത് അതു നിനക്ക് കാണിച്ചു തരുന്നതായിരിക്കും. ഒരു കാര്യം ചെയ്യാം നമുക്കൊരുമിച്ചു നഗരത്തിലേക്ക് പോകാം.”

ഗ്രാമത്തിലെ എലി തന്റെ സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചു. അങ്ങനെ അടുത്ത ദിവസം തന്നെ അവർ രണ്ടുപേരും കൂടി നഗരത്തിലേക്ക് പുറപ്പെട്ടു. പോകുന്ന വഴിയിൽ നിറയെ വാഹനങ്ങളും ആൾക്കാരും എല്ലാം കൂടി നല്ല തിരക്കായിരുന്നു. ഗ്രാമത്തിലെ എലിക്ക് അവിടെ ശ്വാസം മുട്ടി. നഗരത്തിലെ എലി താമസിച്ചിരുന്നത് ഒരു വീട്ടിന്റെ തട്ടുമ്പുറത്തായിരുന്നു. അവർ ഒരുപാട് ദൂരം യാത്ര ചെയ്ത് അവിടെ എത്തി. അപ്പോഴേക്കും രാത്രിയായിരുന്നു. രാത്രിയായപ്പോൾ നഗരത്തിലെ വിളക്കുകളെല്ലാം തെളിഞ്ഞു. നഗരം കൂടുതൽ മനോഹരമായി. നഗരത്തിലെ ഈ കാഴ്ച ഗ്രാമത്തിലെ എലിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അപ്പോൾ അവൻ സുഹൃത്തിനോട് പറഞ്ഞു 

“ഇവിടെ എത്തി തിരക്കു കണ്ടപ്പോൾ എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. എന്നാൽ ഇപ്പോൾ ഈ വെളിച്ചത്തിൽ നഗരം വളരെയധികം സുന്ദരമായി തോന്നുന്നു.”

അപ്പോഴേക്കും അവർക്കു ആഹാരം കഴിക്കേണ്ട സമയമായിരുന്നു. അവർ നേരെ ആഹാരം കഴിക്കാനായി പോയി. നഗരത്തിലെ എലി തന്റെ സുഹൃത്തിനു കഴിക്കാനായി ബ്രെഡും ചീസും നൽകി. എന്നാൽ ഇത് ഗ്രാമത്തിലെ എലിക്ക് ഇഷ്ടപ്പെട്ടില്ല. അവൻ തന്റെ സുഹൃത്തിനോട് പറഞ്ഞു 

“ഒരു മയവും ഇല്ലാത്ത ഈ ബ്രെഡ്‌ നീ എങ്ങനെയാണ് കഴിക്കുന്നത് ? അതുമാത്രമല്ല ഈ ചീസിന്റെ രുചിയും എനിക്ക് ഇഷ്ടപ്പെട്ടില്ല.”

അവർ അങ്ങനെ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടന്ന് തട്ടുമ്പുറത്ത് ഒരു ഒച്ച കേട്ടു. അപ്പോൾ നഗരത്തിലെ എലി പറഞ്ഞു

“സുഹൃത്തേ, അത് കണ്ടൻ പൂച്ചയുടെ ഒച്ചയാണ്. അവൻ ഇവിടേയ്ക്ക് വരുന്നതിനു മുൻപ് എത്രയും വേഗം എവിടെയെങ്കിലും പോയി ഒളിക്കുക.”

ഇതും പറഞ്ഞു അവൻ ഓടി. എന്നാൽ ഗ്രാമത്തിലെ എലിക്കാകട്ടെ പരിചിതമല്ലാത്ത സ്ഥലത്തു ഒളിക്കാൻ ഒരു സ്ഥലം കണ്ടെത്താൻ നന്നായി പ്രയാസപ്പെടേണ്ടി വന്നു. ഒടുവിൽ പൂച്ച പോയി കഴിഞ്ഞതും രണ്ടു സുഹൃത്തുക്കളും തട്ടുമ്പുറത്ത് എത്തി. അപ്പോൾ ഗ്രാമത്തിലെ എലി പറഞ്ഞു 

“സുഹൃത്തേ, ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം. നീ എങ്ങനെയാണ് ഇവിടെ കഴിയുന്നത്. എല്ലായിടത്തും തിരക്കും എപ്പോഴും വാഹനങ്ങളുടെ ശബ്ദവും ഒന്നു ശ്വസിക്കാൻ ശുദ്ധ വായു പോലും ഇവിടെ ഇല്ല. അതെല്ലാം പോകട്ടെ ഒന്ന് സമാധാനത്തോടെ ഇരുന്നു ആഹാരം കഴിക്കാൻ പോലും കഴിയില്ല. എനിക്ക് എന്റെ ഗ്രാമം തന്നെയാണ് ഇഷ്ടം. എനിക്കൊരിക്കലും ഇവിടെ കഴിയാൻ പറ്റില്ല.”

അപ്പോൾ നഗരത്തിലെ എലി പറഞ്ഞു 

“സുഹൃത്തേ, ഞാൻ ജനിച്ചു വളർന്നത് ഇവിടെയാണ്. എനിക്ക് ഇവിടമാണ് സ്വർഗം. എനിക്കൊരിക്കലും നിന്നെ പോലെ ഗ്രാമത്തിൽ കഴിയാനും കഴിയില്ല. ഇവിടത്തെ ആഹാരവും സൗകര്യങ്ങളും ഒന്നും തന്നെ ഞാൻ ഗ്രാമത്തിൽ കണ്ടില്ല. അതുകൊണ്ടു തന്നെ എനിക്ക് ഗ്രാമം അസൗകര്യങ്ങളുടേത് ആയിരിക്കും.”

അപ്പോൾ ഗ്രാമത്തിലെ എലി പറഞ്ഞു 

“നീ പറഞ്ഞത് ശരിയാണ്. നമ്മൾ രണ്ടു പേരും രണ്ടു വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ വളർന്നവരാണ്. നീ നഗരത്തിലും ഞാൻ ഗ്രാമത്തിലും. അതുകൊണ്ടു തന്നെ നിനക്ക് ഗ്രാമത്തിലും എനിക്ക് നഗരത്തിലും ജീവിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. ഞാനിപ്പോൾ മടങ്ങി എന്റെ ഗ്രാമത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നു. പക്ഷേ എവിടെ ആയിരുന്നാലും നമ്മുടെ സൗഹൃദം എന്നും ഇങ്ങനെ തന്നെ ഉണ്ടാകും.”

ഇതും പറഞ്ഞു ഗ്രാമത്തിലെ എലി നഗരത്തിൽ നിന്ന് ഗ്രാമത്തിലേക്ക് മടങ്ങി. പിന്നെയും ഒരുപാട് കാലം ആ എലികൾ പഴയതു പോലെ തന്നെ തങ്ങളുടെ സൗഹൃദം തുടർന്നു കൊണ്ടേയിരുന്നു.

Read More Stories for Kids

English Summary: The Town Mouse and the Country Mouse is a classic fable, presented in Malayalam, that tells the story of two mice from very different environments. The country mouse invites the town mouse to enjoy the simple, quiet countryside, while the town mouse later offers a glimpse of the luxurious yet dangerous city life. The story teaches the moral that a peaceful life with little is better than a luxurious life filled with constant worries.

Leave a Comment