പണ്ടു പണ്ടൊരിടത്ത് കാടിനോട് ചേർന്ന് ഒരു ചെറിയ കുളം ഉണ്ടായിരുന്നു. ആ കുളത്തിൽ നിറയെ മീനുകളും ഞണ്ടുകളും തവളകളുമെല്ലാം ഉണ്ടായിരുന്നു. ഈ കുളത്തിനരികിലായിട്ടാണ് ഒരു കൊക്ക് ജീവിച്ചിരുന്നത്. കുളത്തിൽ നിന്നും കൊക്ക് തനിക്ക് മതിവരുവോളം മീനുകളെയും ഞണ്ടുകളെയും ഭക്ഷിച്ചു. അതുകൊണ്ടുതന്നെ കൊക്കിന് ആഹാരം തേടി ഒരിടത്തും അലയേണ്ടതായി വന്നില്ല. വർഷങ്ങളോളം കൊക്ക് അങ്ങനെ സുഖമായി അവിടെ കഴിഞ്ഞു. എന്നാൽ നാളുകൾ കഴിയുംതോറും കൊക്കിന് വയസ്സായി തുടങ്ങി. പഴയതുപോലെ കുളത്തിൽ നിന്നും മീൻ പിടിക്കാൻ പറ്റാതെ ആയി. പലപ്പോഴും ഒന്നും കഴിക്കാതെ ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടതായും വന്നു. കൊക്ക് സ്വയം പറഞ്ഞു
“പ്രായമായതു കാരണം പഴയതുപോലെ മീനുകളെയൊന്നും പിടിക്കാൻ പറ്റുന്നില്ല. ഇങ്ങനെ എത്രനാൾ ഞാൻ പട്ടിണി കിടക്കും? എന്തെങ്കിലും ഒരു ഉപായം കണ്ടെത്തിയേ മതിയാകൂ.”
അവസാനം പട്ടിണിയിൽ നിന്ന് കരകയറാൻ അവൻ ഒരു ഉപായം കണ്ടെത്തി. അതനുസരിച്ച് കൊക്ക് കുളത്തിൻ്റെ ഒരു വശത്തായിട്ട് ആരോടും ഒന്നും മിണ്ടാതെ ദുഃഖം അഭിനയിച്ചു നിന്നു. തനിക്കരുകിൽ അബദ്ധത്തിൽ വരുന്ന മത്സ്യങ്ങളെ പോലും പിടിക്കാൻ ശ്രമിക്കുന്നതു അവൻ നിർത്തി. കൊക്കിൻ്റെ വിഷമത്തോടെയുള്ള ഈ നിൽപ്പ് കുളത്തിലെ മീനുകളും മറ്റു ജീവികളുമെല്ലാം ശ്രദ്ധിച്ചു. എന്നാൽ ഒരു ദിവസം മുഴുവൻ കൊക്ക് അവിടെ നിന്നിട്ടും ഭയം കാരണം ആരും അവനോടൊന്നും ചോദിച്ചില്ല.
അടുത്ത ദിവസവും കൊക്ക് തൻ്റെ നിൽപ്പ് അങ്ങനെതന്നെ തുടർന്നു. ഇതുകണ്ട മീനുകളും തവളകളും ഞണ്ടുകളും പരസ്പരം മുഖത്തോട് മുഖം നോക്കി. കൊക്കിനെ ഇത്രയും ദുഃഖിതനായി ഇതിനുമുമ്പ് ആരും കണ്ടിട്ടുണ്ടായിരുന്നില്ല. മാത്രമല്ല കൊക്ക് ആരെയും പിടിക്കാനും ശ്രമിക്കുന്നില്ല. അവർ എത്ര ആലോചിച്ചിട്ടും അതിനുള്ള ഉത്തരം കിട്ടിയില്ല. രണ്ടു ദിവസമായിട്ടും അനങ്ങാതെയുള്ള കൊക്കിൻ്റെ നിൽപ്പ് ജീവികളിൽ ആകാംക്ഷ വർധിപ്പിച്ചു.
അവസാനം കൊക്കിൻ്റെ ദുഃഖത്തിനുള്ള കാരണം നേരിട്ട് ചോദിക്കാൻ തന്നെ അവർ തീരുമാനിച്ചു. അവർ പതിയെ വളരെ കരുതലോടെ കൊക്കിനരുകിൽ എത്തി. എന്നിട്ട് കൊക്കിനോട് ഇപ്രകാരം ചോദിച്ചു.
“കൊക്കമ്മാവാ എന്തുപറ്റി? എന്താണ് ഇത്രയും വിഷമിച്ച് നിൽക്കുന്നത്? രണ്ടുദിവസം ആയല്ലോ ഈ നിൽപ്പ് തുടങ്ങിയിട്ട്.”
എന്നാൽ കൊക്ക് അതു കേട്ട ഭാവം പോലും കാട്ടിയില്ല. തലയും കുമ്പിട്ടു അനങ്ങാതെ തന്നെ നിന്നു.
“കൊക്കമ്മാവനെ ഇത്രയും വിഷമിച്ചു കണ്ടിട്ടില്ലല്ലോ. അതുകൊണ്ടുതന്നെ ദുഃഖത്തിൻ്റെ കാരണം അറിയാൻ ഞങ്ങൾക്ക് എല്ലാവർക്കും ആഗ്രഹമുണ്ട്.”
കൂട്ടത്തിലുള്ള ഒരു മത്സ്യക്കുഞ്ഞ് പറഞ്ഞു.
ഇത്രയുമായപ്പോൾ കൊക്ക് പതിയെ തലയുയർത്തി നോക്കി. എന്നിട്ട് അവരോട് ഇപ്രകാരം പറഞ്ഞു.
“അതോ! ഞാൻ ഒരു വാർത്ത കേട്ടു. അത് കേട്ടത് മുതൽ എനിക്ക് ദുഃഖം സഹിക്കാൻ പറ്റുന്നില്ല.”
കൊക്ക് പറഞ്ഞതു കേട്ട കുളത്തിലെ ജീവികൾക്ക് ആകാംക്ഷ വർധിച്ചു.
“വാർത്ത കേട്ടോ? എന്ത് വാർത്തയാണ്? നമ്മളോട് കൂടെയൊന്ന് പറയൂ കൊക്കമ്മാവാ.”
കൂട്ടത്തിലുള്ള ഒരു മീൻ പറഞ്ഞു.
“അതു പറഞ്ഞു നിങ്ങളെകൂടി വിഷമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”
കൊക്ക് മറുപടി പറഞ്ഞു.
“എന്തു വാർത്തയായാലും ഞങ്ങളോട് കൂടെ പറയൂ. നമ്മളെല്ലാവരും അത് കേൾക്കാൻ തയ്യാറാണ്.”
കുളത്തിലെ ജീവികൾ ഒരേ സ്വരത്തിൽ പറഞ്ഞു. തുടർന്ന് കൊക്ക് അവരോടായി ഇപ്രകാരം പറഞ്ഞു.
“രണ്ടു ദിവസം മുൻപ് ഞാൻ നമ്മുടെ കുളത്തിനരികിലുള്ള ഗ്രാമത്തിൽ കൂടി പറക്കുകയായിരുന്നു. അപ്പോൾ ഗ്രാമത്തിലെ രണ്ടുപേർ പരസ്പരം സംസാരിക്കുന്നത് കേട്ടു. അവർ ഈ കുളം നികത്തി വയൽ ആക്കുവാൻ പോവുകയാണെന്ന്. അത് കേട്ടത് മുതൽ എനിക്ക് വല്ലാത്ത വിഷമമായി. അങ്ങനെ വന്നാൽ ഈ കുളത്തിൽ മത്സ്യങ്ങളും ഞണ്ടുകളും തവളകളും ഒന്നും കാണുകയില്ല. എനിക്ക് മറ്റൊരു കുളത്തിലേക്ക് പോകേണ്ടിയും വരും. ചിറകുകളുള്ളത് കാരണം എനിക്ക് പറന്നു പോകാൻ കഴിയും. പക്ഷേ നിങ്ങൾക്ക് എന്നെ പോലെ പറക്കാൻ കഴിയില്ലല്ലോ. നിങ്ങൾ എന്തു ചെയ്യും? എൻ്റെ ദുഃഖത്തിനുള്ള കാരണം ഇതാണ്.”
കൊക്കിൻ്റെ മറുപടികേട്ട് കുളത്തിലെ ജീവികൾ ഞെട്ടിപ്പോയി. അവർ എന്തുപറയണം എന്നറിയാതെ പേടിച്ചു നിന്നു. എന്നിട്ട് അവർ കൊക്കിനോട് ചോദിച്ചു
“ഞങ്ങൾക്കും ഇവിടെ നിന്നും രക്ഷപ്പെടണം അതിനെന്തെങ്കിലും വഴിയുണ്ടോ കൊക്കമ്മാവാ?”
ഇത് കേട്ടതും കൊക്കമ്മാവൻ പറഞ്ഞു
“എനിക്കു വേണമെങ്കിൽ നിങ്ങളെ രക്ഷിക്കാൻ കഴിയും. ഞാൻ എന്തായാലും ദൂരെയുള്ള ഒരു വലിയ കുളത്തിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുകയാണ്. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ നിങ്ങളെയും കൂടെ കൂട്ടാം.”
ഇതുകേട്ടതും കുളത്തിലെ ജീവികൾ ബഹളം വയ്ക്കാൻ തുടങ്ങി.
“ഞങ്ങളെയും രക്ഷിക്കൂ. ഞങ്ങളെയും കൂടെ കൊണ്ടുപോകൂ.”
മീനുകൾ തൻ്റെ സൂത്രത്തിൽ വീണു എന്ന് മനസ്സിലാക്കിയ കൊക്ക് അവരോടായി ഇപ്രകാരം പറഞ്ഞു.
“തീർച്ചയായും ഞാൻ നിങ്ങളെ എന്നോടൊപ്പം വലിയ കുളത്തിലേക്ക് കൊണ്ടു പോകുന്നതാണ്. പക്ഷേ നോക്കൂ എനിക്ക് ഒരുപാട് വയസ്സായി. നിങ്ങളെ എല്ലാവരെയും ഒരുമിച്ച് വലിയ കുളത്തിലേക്ക് കൊണ്ടുപോകാൻ എനിക്ക് സാധിക്കുകയില്ല. ഓരോ ദിവസവും കുറച്ചു പേരെ വീതമാണെങ്കിൽ ഞാൻ കൊണ്ടുപോകാം. എന്തായാലും ഗ്രാമവാസികൾ കുളം നികത്താൻ കുറച്ചു ദിവസം എടുക്കും. അതിനു മുൻപായി ഞാൻ നിങ്ങളെല്ലാവരെയും വലിയ കുളത്തിൽ എത്തിക്കാം.”
ഇതു കേട്ടതും കുളത്തിലെ ജീവികൾക്ക് വലിയ സന്തോഷമായി. അവർ കൊക്കമ്മാവൻ്റെ അഭിപ്രായത്തോട് പൂർണമായും യോജിച്ചു. അടുത്ത ദിവസം മുതൽ തന്നെ കുറച്ചു മീനുകളെയും കൊണ്ട് കൊക്കമ്മാവൻ പോകാൻ തുടങ്ങി. അങ്ങനെ കൊക്കിൻ്റെ സൂത്രം ഫലിച്ചു. കൊക്ക് മീനുകളെ പറഞ്ഞു പറ്റിച്ചു കൊണ്ടുപോയി കൊണ്ടിരുന്നത് കുളത്തിലേക്ക് ആയിരുന്നില്ല. മറിച്ച് തനിക്ക് വേണ്ട ഭക്ഷണമായിട്ടായിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. കുളത്തിലെ മീനുകളുടെ എണ്ണവും കുറഞ്ഞു വന്നു.
ഇതേ കുളത്തിലായിരുന്നു സമർത്ഥനായ ഒരു ഞണ്ട് ജീവിച്ചിരുന്നത്. അവൻ ദിവസവും കൊക്കമ്മാവാൻ വന്ന് മീനുകളെ കൊണ്ട് പോകുന്നത് കാണുന്നുണ്ടായിരുന്നു. അവനും എങ്ങനെയും ഈ കുളത്തിൽ നിന്നും രക്ഷപ്പെടണം എന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം മീനുകളെ കൊണ്ടു പോകാനായി കുളത്തിലേക്ക് വന്ന കൊക്കിനോട് ഞണ്ട് ചോദിച്ചു.
“കൊക്കമ്മാവാ എനിക്കും ഇവിടെ നിന്ന് രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ട്. എന്നും മീനുകളെയല്ലേ കൊണ്ടുപോകുന്നത്. ഇന്നു എന്നെ കൊണ്ടുപോകാമോ?”
ഇതുകേട്ടതും കൊക്കിന് സന്തോഷമായി.
“അതെന്തായാലും നന്നായി. മീനുകളെ ഭക്ഷിച്ചു ഞാനും മടുത്തു. ഇന്നൊരു വ്യത്യസ്തമായ ഭക്ഷണം ആകട്ടെ. എന്തായാലും ഇന്ന് ഞണ്ടിനെ തന്നെ കൊണ്ടുപോകാം.”
ഇതും മനസ്സിൽ വിചാരിച്ചു കൊക്ക് ഞണ്ടിനോട് പറഞ്ഞു.
“തീർച്ചയായും ഞാനിന്ന് നിന്നെ കൊണ്ടു പോകുന്നതാണ്.”
ഇതു കേട്ടതും ഞണ്ടിന് വളരെയധികം സന്തോഷമായി. നമുക്ക് ഇപ്പോൾ തന്നെ പോകാം കൊക്ക് പറഞ്ഞു. നീളമുള്ള തൻ്റെ ചുണ്ടുകൊണ്ട് ഞണ്ടിനെയും കോരിയെടുത്തു കൊക്ക് പറക്കാൻ തുടങ്ങി. കൊക്കിനൊപ്പം പറക്കുമ്പോഴും അവൻ എത്തിപ്പെടാൻ പോകുന്ന വലിയ കുളത്തെക്കുറിച്ചും അവിടെ സുരക്ഷിതമായി എത്തിച്ചേർന്ന കുളത്തിലെ തൻ്റെ സുഹൃത്തുക്കളെ കുറിച്ചുമായിരുന്നു ഞണ്ടിൻ്റെ ചിന്ത. എന്നാൽ കുറച്ചു നേരം പറന്നു കഴിഞ്ഞിട്ടും ഞണ്ടിന് അടുത്തെങ്ങും കുളം കാണാൻ കഴിഞ്ഞില്ല. മാത്രമല്ല കുറച്ച് അകലെയായി കുറേ പാറക്കെട്ടുകൾ മാത്രമേ കാണുന്നുണ്ടായിരുന്നുള്ളു.
ഒടുവിൽ ക്ഷമ നശിച്ച ഞണ്ടു കൊക്കിനോട് ചോദിച്ചു.
“അകലെയായി കുറേ പാറക്കെട്ടുകൾ മാത്രമല്ലേ കാണാനുള്ളൂ വലിയ കുളത്തിലേക്കു ഇനിയും ഒരുപാടു ദൂരം പോകേണ്ടതായിട്ടുണ്ടോ?”
ഞണ്ടിൻ്റെ ചോദ്യം കേട്ട കൊക്ക് ചിരിച്ചു കൊണ്ടു ഇപ്രകാരം പറഞ്ഞു.
“അൽപ്പം കൂടി ക്ഷമയോടെ കാത്തിരിക്കൂ. ശരിയായ സ്ഥലത്തു തന്നെ ഞാൻ നിന്നെ കൊണ്ടെത്തിക്കുന്നത് ആയിരിക്കും.”
ഒടുവിൽ കൊക്ക് ഞണ്ടിനെയും കൊണ്ട് പറന്നെത്തിയത് അകലെ കണ്ട പാറക്കെട്ടിലേക്ക് ആയിരുന്നു. കുളത്തിന് പകരം പാറക്കെട്ടുകളിൽ ഇറങ്ങിയത് കണ്ട ഞണ്ട് അത്ഭുതപ്പെട്ടു. അവൻ കൊക്കിനോട് ചോദിച്ചു
“ഇതെന്താണ് കൊക്കമ്മാവാ നമുക്ക് കുളത്തിലേക്കല്ലേ പോകേണ്ടത്. എന്തിനാണ് നമ്മൾ ഇങ്ങോട്ടേക്ക് വന്നത്?
അപ്പോൾ കൊക്ക് ചിരിച്ചു കൊണ്ടു ഞണ്ടിനോടു പറഞ്ഞു
“നീയും കുളത്തിലെ നിൻ്റെ മറ്റു സുഹൃത്തുക്കളും എന്തൊരു വിഡ്ഢികളാണ്. കുളം വറ്റിക്കാൻ പോകുന്നു എന്ന് ഞാൻ കള്ളം പറഞ്ഞതാണ്. മുൻപേ കൊണ്ടുവന്ന നിൻ്റെ മറ്റു സുഹൃത്തുക്കളെപോലെ നിന്നെയും ആഹാരമാക്കാനാണ് ഇങ്ങോട്ടേക്കു കൊണ്ടുവന്നത്.”
അപ്പോഴാണ് ഞണ്ട് ഒരു കാര്യം ശ്രദ്ധിച്ചത്. ആ പാറക്കെട്ടുകളിൽ അങ്ങിങ്ങായി മീനുകളുടെ മുള്ളുകൾ കിടക്കുന്നു. ഇതുകണ്ട ഞണ്ടിന് കാര്യം മനസ്സിലായി അവൻ ഭയന്നു. എന്നിട്ടും അവൻ തൻ്റെ മനസാന്നിധ്യം കൈവിട്ടില്ല. ഉടൻതന്നെ ഞണ്ട് സർവ്വശക്തിയും എടുത്ത് കൊക്കിൻ്റെ കഴുത്തിൽ കടിച്ചു പിടിച്ചു. എന്നിട്ട് കൊക്കിനോട് പറഞ്ഞു
“ദുഷ്ടനായ കൊക്കേ, ഇത്രയും നാൾ നീ ഞങ്ങളെ ചതിക്കുകയായിരുന്നു അല്ലേ? എത്രയും വേഗം എന്നെ കുളത്തിൽ തിരികെ കൊണ്ടുപോയി വിടണം. ഇല്ലെങ്കിൽ ഞാനിപ്പോൾ തന്നെ നിൻ്റെ കഴുത്ത് കടിച്ചു മുറിക്കും.”
ഇതും പറഞ്ഞു ഞണ്ട് കൊക്കിൻ്റെ കഴുത്തിൽ വിടാതെ കടിച്ചു പിടിച്ചിരുന്നു. ഞണ്ടു പിടിവിട്ടില്ലെങ്കിൽ തൻ്റെ ജീവൻ നഷ്ടമാകുമെന്ന് മനസിലാക്കിയ കൊക്ക് മറ്റു മാർഗമൊന്നും ഇല്ലാതെ ഞണ്ടിനെ തിരിച്ചു കുളത്തിൽ കൊണ്ടുപോയി വിടാമെന്ന് സമ്മതിച്ചു. അങ്ങനെ എത്രയും വേഗം കൊക്ക് ഞണ്ടുമായി തിരിച്ചു കുളത്തിലെത്തി. കുളത്തിൽ സുരക്ഷിതമായി എത്തിച്ചേർന്നതിനു ശേഷമാണു ഞണ്ടു കൊക്കിൻ്റെ കഴുത്തിലെ പിടി വിട്ടത്. തൻ്റെ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ കൊക്ക് എത്രയും വേഗം അവിടെനിന്നും പറന്നുപോയി. ഞണ്ട് ഉടൻതന്നെ കുളത്തിലെ മീനുകളോടും മറ്റു ജീവികളോടും നടന്ന സംഭവങ്ങൾ വിശദീകരിച്ചു. തങ്ങളെ കൊക്ക് സൂത്രത്തിൽ വഞ്ചിച്ചതാണെന്ന് മനസിലാക്കിയ മീനുകൾ വളരെയധികം നിരാശരായി. പിന്നെ ഒരിക്കലും അവർ അതുപോലെ ആരെയും വിശ്വസിച്ചില്ല.
ഗുണപാഠം
മനസാന്നിധ്യം കൈവിടാതിരുന്നാൽ ഏതു പ്രതിസന്ധി ഘട്ടത്തെയും നമുക്ക് അതിജീവിക്കാം.
Enjoyed The Short Moral Story? Read More
- കുറുക്കനും ആടും
- ഉറുമ്പും പുൽച്ചാടിയും
- തെനാലിരാമനും വഴിയാത്രക്കാരനും
- ബുദ്ധിമാന്മാരായ ആടുകൾ
- കുറുക്കനും മുന്തിരിയും
English Summary: Short Moral Story In Malayalam – The Stork And The Crab
bro, I love this story. It inspires me to become the best person I can be and makes me strive towards the unattainable goals for the foreseen future
Very glad to hear that you liked the story, and it helped. Keep reading the stories and share them with others who have your love and care. 😊