Follow

Subscribe

സൂത്രശാലിയായ കുറുക്കൻ

Moral Stories, Aesop's Fables

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ടു പണ്ടൊരിടത്ത് ഒരു കാട്ടിൽ സൂത്രശാലിയായ ഒരു കുറുക്കൻ താമസിച്ചിരുന്നു. ഒരു ദിവസം അവൻ കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു കാക്ക നെയ്യപ്പവും കൊണ്ട് പറന്നു പോകുന്നത് കണ്ടത്.  കാക്കയുടെ കയ്യിലെ നെയ്യപ്പം കണ്ട കുറുക്കന് കൊതി സഹിക്കാനായില്ല. കുറുക്കൻ കാക്കയെ പിന്തുടരാൻ തുടങ്ങി. കാക്ക പറന്നു ഒരു മരക്കൊമ്പിൽ ചെന്നിരുന്നു. 

“ഏതുവിധവും ആ നെയ്യപ്പം കൈക്കലാക്കണം”

 എന്നു മനസ്സിൽ കരുതിയ കുറുക്കൻ കാക്കയുടെ അടുത്തേക്ക് പോയി. അവൻ പതിയെ കാക്ക ഇരിക്കുന്ന മരത്തിനടുത്തെത്തി. 

“നിന്നെ ഇതിനുമുൻപ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ ഈ കാട്ടിൽ ആദ്യമായിട്ടാണോ വരുന്നത്?”

കുറുക്കൻ്റെ ചോദ്യത്തിന് കാക്ക മറുപടിയൊന്നും പറഞ്ഞില്ല. എന്നിട്ടും കുറുക്കൻ പറഞ്ഞുകൊണ്ടിരുന്നു. 

“നിന്നെ കാണാൻ നല്ല ഭംഗിയുണ്ട്. നിൻ്റെ കറുപ്പുനിറവും ചെറിയ കണ്ണുകളുമൊക്കെ ആകർഷകമാണ്. ഒരു കാര്യം ശ്രദ്ധിക്കണം. കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കണം. അപകടം നിറഞ്ഞ സ്ഥലമാണ് കാട്.” ഇത്തരത്തിലുള്ള വാക്കുകളിലൂടെ കാക്കയുടെ വിശ്വാസം നേടിയെടുക്കാൻ കുറുക്കൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ കുറുക്കൻ കാക്കയോട് പറഞ്ഞു

“ഞങ്ങൾ കുറക്കൻമാർക്ക് പാട്ടുപാടാൻ ഒന്നും കഴിയില്ല. നിങ്ങൾ എന്ത് മനോഹരമായാണ് പാടുന്നത്. എനിക്ക് കാക്കയുടെ പാട്ട് വളരെ ഇഷ്ടമാണ്. ശരിക്കും പറഞ്ഞാൽ കാക്കകളാണ് ഏറ്റവും മനോഹരമായി പാട്ടുപാടുന്നത്. വിരോധമില്ലെങ്കിൽ എനിക്കു വേണ്ടി ഒരു പാട്ടു പാടാമോ?”

ഇത്രയും ആയപ്പോൾ കാക്ക കുറുക്കനെ വിശ്വസിച്ചു. കുറുക്കൻ്റെ മുഖസ്തുതിയിൽ കാക്ക മറ്റെല്ലാം മറന്നു. കാക്ക കുറുക്കനു വേണ്ടി പാട്ടുപാടാൻ തുടങ്ങി. 

“കാ….കാ…..കാ……കാ.…..”

കാക്ക പാട്ടുപാടാൻ തുടങ്ങിയപ്പോൾ തന്നെ കാക്കയുടെ വായിലിരുന്ന നെയ്യപ്പം നിലത്തു വീണു. ഇത് കാണേണ്ട താമസം കുറുക്കൻ ഉടൻതന്നെ ഓടിച്ചെന്നു ആ നെയ്യപ്പം കൈക്കലാക്കി. 

തനിക്കു പറ്റിയ മണ്ടത്തരം മനസ്സിലാക്കിയ കാക്ക ഉടൻതന്നെ കുറുക്കനോട് പറഞ്ഞു

“അതെൻ്റെ നെയ്യപ്പമാണ്, അതൻ്റെ നെയ്യപ്പമാണ് എനിക്കതു തിരിച്ചു നൽകുക.”

 കുറുക്കൻ കാക്കയോട് പറഞ്ഞു.

“ഒരിക്കലുമില്ല. എൻ്റെ മുഖസ്തുതിയിൽ മയങ്ങി നീ തന്നെയാണ് നിൻ്റെ നെയ്യപ്പം നഷ്ടപ്പെടുത്തിയത്. ഞാൻ ആഗ്രഹിച്ചത് എനിക്ക് കിട്ടി.”

ഇതും പറഞ്ഞ് കുറുക്കൻ നെയ്യപ്പവുമായി കാട്ടിലേക്ക് ഓടി. 

കുറുക്കൻ്റെ പ്രശംസയിൽ മതിമറന്നു നെയ്യപ്പം നഷ്ടപ്പെട്ട കാക്ക വിഷമിച്ചു അവിടെ നിന്നും പറന്നുപോയി.

ഗുണപാഠം

നമ്മൾ ആരുടെയും മുഖസ്തുതിയിൽ വീഴരുത്.

Liked Aesop Fables? Read More Kids Stories

English Summary: The Fox And The Crow, Aesop fables for kids in Malayalam

അപരൃ ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

12 Comments on സൂത്രശാലിയായ കുറുക്കൻ