Follow

Subscribe

പാട്ടിനു കിട്ടിയ സമ്മാനം

Panchatantra Stories

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ടു പണ്ടൊരു ഗ്രാമത്തിൽ ഒരു അലക്കുകാരൻ ഉണ്ടായിരുന്നു. അയാൾ ഒരു കഴുതയെ വളർത്തിയിരുന്നു. രാവിലെയാകുമ്പോൾ കഴുതയുടെ പുറത്തു അലക്കാനുള്ള തുണികളും വച്ചു ആ അലക്കുകാരൻ പുഴക്കരയിലേക്കു പോകും. വൈകിട്ടാകുമ്പോൾ തുണികളെല്ലാം അലക്കി ഉണക്കി കഴുതപ്പുറത്ത് വച്ച് തിരിച്ചു വീട്ടിലേക്കു മടങ്ങുകയും ചെയ്യും. വീട്ടിൽ എത്തി കഴിഞ്ഞു രാത്രിയാകുമ്പോൾ അയാൾ തന്റെ കഴുതയെ കെട്ടഴിച്ചു സ്വതന്ത്രമായി വിട്ടിരുന്നു. ഈ സമയം കഴുത വയലുകളിലും മറ്റു പറമ്പുകളിലും പോയി തനിക്കു മതിയാവോളം പച്ച പുല്ലോ കായ്കനികളോ കഴിക്കും. അതിനു ശേഷം പുലരുന്നതിനു മുൻപ് തന്നെ തന്റെ യജമാനന്റെ വീട്ടിലേക്കു മടങ്ങുകയും ചെയ്തിരുന്നു. 

കഴുത ഇങ്ങനെ രാത്രിയിൽ ചുറ്റി കറങ്ങുന്നതിനിടയിൽ ഒരു ദിവസം ഒരു കുറുക്കനെ കാണുവാൻ ഇടയായി. പെട്ടന്നു  തന്നെ അവർ നല്ല സുഹൃത്തുക്കളാകുകയും ചെയ്തു. പിന്നീടുള്ള ദിവസങ്ങളിൽ അവർ ഒരുമിച്ചായി രാത്രിയിലുള്ള കറക്കം. അവർ രാത്രികളിൽ ഒരുമിച്ചു ആഹാരം തേടി കഴിച്ചു സന്തോഷത്തോടെ കഴിഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി കുറുക്കൻ പറഞ്ഞു 

“സുഹൃത്തേ, കുറച്ചു അകലെയായി ഒരു വെള്ളരിപ്പാടം ഞാൻ കണ്ടു. ഇന്ന് നമുക്ക് അങ്ങോട്ടേക്ക് പോയാലോ? അവിടെ നിന്ന് നമുക്ക് മതിയാവോളം വെള്ളരിയും കഴിച്ചു മടങ്ങാം.”

കഴുത സമ്മതിച്ചു. അങ്ങനെ അവർ വെള്ളരിപ്പാടത്തേക്ക് പുറപ്പെട്ടു. നല്ല നിലാവുള്ള ദിവസമായിരുന്നു അത്. വെള്ളരിപ്പാടത്തെത്തി നല്ല സ്വാദിഷ്ടമായ വെള്ളരിക്കയും കഴിച്ചു കൊണ്ടിരുന്നപ്പോൾ കഴുതയ്ക്ക് ഒരു ആഗ്രഹം. അവൻ കുറുക്കനോട് പറഞ്ഞു 

“സുഹൃത്തേ, എനിക്ക് ഈ പൂർണ ചന്ദ്രനുള്ള തെളിഞ്ഞ ആകാശവും നിറയെ വെള്ളരികളുള്ള ഈ  വെള്ളരിപ്പാടവും കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു. ഈ സന്തോഷത്തിൽ ഞാൻ ഒരു പാട്ടു പാടാൻ ആഗ്രഹിക്കുന്നു.”

കഴുതയുടെ ആഗ്രഹം കേട്ട കുറുക്കൻ ഞെട്ടി. അവൻ പറഞ്ഞു 

“സുഹൃത്തേ, നിന്റെ ആഗ്രഹത്തെ ഞാൻ മാനിക്കുന്നു. പക്ഷെ നീ ഇപ്പോൾ ഇവിടെ നിന്ന് പാടുകയാണെങ്കിൽ അതു കേട്ട് കൃഷിക്കാർ എഴുന്നേൽക്കാൻ ഇടയുണ്ട്. അത് നമുക്ക് അപകടമാണ്.”

എന്നാൽ കഴുതയാകട്ടെ കുറുക്കൻ പറഞ്ഞത് ചെവിക്കൊണ്ടില്ല. അവൻ പറഞ്ഞു 

“ഒരു കാട്ടുമൃഗമായ നിനക്ക് സംഗീതത്തിനെ കുറിച്ചു എന്തറിയാം? പാട്ടു പാടാനും അത് ആസ്വദിക്കാനും ഒരു കഴിവ് വേണം. ഇതൊന്നുമില്ലാത്ത നിന്നോട് ഇതിനെക്കുറിച്ച് പറഞ്ഞിട്ട് ഒരു കാര്യമില്ല.”

ഇതു കേട്ട കുറുക്കന് കഴുതയോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നു മനസ്സിലായി. ഉടൻതന്നെ കുറുക്കൻ കഴുതയോട് പറഞ്ഞു 

“അങ്ങനെയാണെങ്കിൽ ഒരു നിമിഷം എനിക്ക് സമയം തരണം. ഞാൻ ഈ പാടത്തു നിന്നും പുറത്തു പോയതിനു ശേഷം നീ പാടി കൊള്ളുക.”

ഇതും പറഞ്ഞു കുറുക്കൻ പാടത്തിനു പുറത്തുള്ള ഒരു വലിയ മരത്തിന്റെ ചുവട്ടിൽ പോയി ആരും കാണാതെ ഒളിച്ചു. ഈ സമയം കഴുത തന്റെ മുഴുവൻ ശബ്ദവും എടുത്തു പാടാൻ തുടങ്ങി. കഴുതയുടെ പാട്ടു കേട്ടതും കുറുക്കൻ പറഞ്ഞതു പോലെ കൃഷിക്കാർ ഉണർന്നു. അവർ പറഞ്ഞു

“ഈ പാതിരാത്രിയിൽ ആരാണ് ഇങ്ങനെ ഇത്രയും ഒച്ചയെടുത്ത് അലറുന്നത് ?”

ഇതും പറഞ്ഞവർ വെള്ളരിപ്പാടത്തേക്ക് നോക്കി. നല്ല നിലാവെളിച്ചം ഉള്ളതു കൊണ്ടു തന്നെ പാടത്തു നിന്നതു ആരാണെന്നു കൃഷിക്കാർക്ക് പെട്ടന്നു തന്നെ മനസ്സിലായി. അവർ കല്ലുകളും വടികളുമായി വന്നു കഴുതയെ ആക്രമിച്ചു. ഏറുകൊണ്ടും കമ്പു കൊണ്ടുള്ള അടികൊണ്ടും മുറിവേറ്റ കഴുത അവിടെ നിന്നും ജീവനും കൊണ്ട് ഓടി പോയി. ഈ സമയം മരത്തിന്റെ ചുവട്ടിൽ ഒളിച്ചിരുന്ന കുറുക്കൻ കൃഷിക്കാർ അവിടെ നിന്നും പോയി കഴിഞ്ഞതും പുറത്തു വന്നു. എന്നിട്ട് പറഞ്ഞു 

“നല്ല മനോഹരമായി തന്നെയാണ് കഴുത പാടിയത്. ആ പാട്ടിനു അർഹിച്ച സമ്മാനവും കിട്ടി.”

ഇതും പറഞ്ഞു കുറുക്കനും അവിടെ നിന്നും പോയി.

ഗുണപാഠം

സമയവും സന്ദർഭവും നോക്കാതെയുള്ള പ്രവൃത്തിക്ക് വിപരീത ഫലമാകും കിട്ടുക.

പാട്ടിനു കിട്ടിയ സമ്മാനം കഥ കേൾക്കാം

Read More Stories for Kids In Malayalam

English Summary: Malayalam Panchatantra Story: The Musical Donkey
Read the classic Panchatantra story of the Musical Donkey in Malayalam, a cautionary tale about the importance of listening to your friend’s advice. Learn why the donkey’s singing got him into trouble, and what moral lesson we can learn from his story.

Leave a Comment