മടയനായ കഴുത

Aesop's Fables

ഒരിടത്തൊരു വ്യാപാരി ജീവിച്ചിരുന്നു. ഉപ്പ് വ്യാപാരം നടത്തിയായിരുന്നു അയാൾ നിത്യവൃത്തിക്കുള്ള വക കണ്ടെത്തിയിരുന്നത്. ഈ വ്യാപാരിക്ക് ഒരു കഴുത ഉണ്ടായിരുന്നു. കച്ചവടത്തിനുള്ള ഉപ്പ് കഴുതപ്പുറത്തു വച്ചായിരുന്നു അയാൾ ചന്തയിൽ എത്തിച്ചിരുന്നത്. കച്ചവടവും കഴിഞ്ഞ് വൈകുന്നേരത്തോടെ കഴുതയുമായി തിരിച്ചു വീട്ടിലേക്കു വരുമായിരുന്നു. ഒരു ചെറിയ നദി കടന്നു വേണമായിരുന്നു അവർക്ക് ചന്തയിലേക്ക് പോകേണ്ടത്.

ഒരു ദിവസം പതിവുപോലെ ഉപ്പ് ചാക്കുമായി വ്യാപാരിയും കഴുതയും ചന്തയിലേക്ക് പുറപ്പെട്ടു. എന്നാൽ നദി കടക്കുന്നതിനിടയിൽ കാൽവഴുതി കഴുത നദിയിൽ വീണു. അധികം ആഴമില്ലാത്ത നദിയായതിനാൽ വലിയ പരുക്കുകൾ ഒന്നുമില്ലാതെ കഴുത രക്ഷപ്പെട്ടു. എന്നാൽ ഉപ്പ് ചാക്ക് വെള്ളത്തിൽ മുങ്ങി. ചാക്ക് മുഴുവൻ വെള്ളം നനയുകയും അതിൽ നിന്നും ഒരുപാട് ഉപ്പ് അലിഞ്ഞു പോവുകയും ചെയ്തു. അല്പം വിശ്രമിച്ചതിനു ശേഷം അവർ വീണ്ടും യാത്ര തുടങ്ങി. വീണ്ടും ഉപ്പ് ചാക്കും കൊണ്ട് ചന്തയിലേക്ക് തിരിച്ച കഴുതയ്ക്ക് ചാക്കിന് ഭാരം നന്നേ കുറഞ്ഞതായി അനുഭവപ്പെട്ടു. 

“ഇതെന്തുപറ്റി? നദിയിൽ ഒന്ന് വീണു എഴുന്നേറ്റപ്പോഴേക്കും ചാക്കിന് നല്ല ഭാരക്കുറവ് ഉണ്ടല്ലോ. അതെന്തായാലും നന്നായി. ഒന്ന് വീണാലെന്ത്. ചാക്കിൻ്റെ ഭാരം കുറഞ്ഞു കിട്ടിയല്ലോ.” കഴുത ആശ്വസിച്ചു.

അടുത്തദിവസം ചന്തയിലേക്കു പോകവേ കഴുത

“ചാക്കിൻ്റെ ഭാരം കുറഞ്ഞു കിട്ടാനായി ഒന്ന് വീഴുന്നതിൽ തെറ്റില്ല.” 

എന്നും പറഞ്ഞു മനപൂർവം നദിയിൽ വീണു. അതിനുശേഷം ഭാരംകുറഞ്ഞ ചാക്കുമായി സന്തോഷത്തോടെ കഴുത ചന്തയിലേക്ക് പോയി. തുടർന്നുള്ള ദിവസങ്ങളിലും കഴുത ഇത് ആവർത്തിച്ചുകൊണ്ടിരുന്നു. 

“ഇതെന്താണ് കഴുത എന്നും നദിയിൽ വീഴുന്നത്? ഇതു കാരണം ദിവസവും ചാക്കിൽനിന്ന് ഒരുപാട് ഉപ്പ് നഷ്ടമാകുന്നുണ്ടല്ലോ.”

വ്യാപാരി തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങി.

ഉപ്പ് വെള്ളത്തിൽ അലിഞ്ഞു ചാക്കിൻ്റെ ഭാരം കുറയുന്നത് കൊണ്ടാണ്  കഴുത ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാക്കിയ വ്യാപാരി കഴുതയെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ തീരുമാനിച്ചു. അതിനായി അടുത്തദിവസം ചന്തയിലേക്ക് പോകാനൊരുങ്ങിയ വ്യാപാരി കഴുതയുടെ പുറത്ത് ഉപ്പ് ചാക്കിനു പകരം പഞ്ഞി നിറച്ച ചാക്ക് വച്ചു കൊടുത്തു. എന്നിട്ട് കഴുതയെയും കൊണ്ട് യാത്ര തുടങ്ങി. പതിവുപോലെ നദിക്കരയിൽ എത്തിയതും കഴുത നദിയിലേക്ക് വീണു. 

കഴുത നദിയിലേക്ക് വീണതു കണ്ടപ്പോൾ വ്യാപാരിക്ക് ചിരിയടക്കാനായില്ല. 

നദിയിൽ നിന്ന് കയറിയ കഴുതയ്ക്ക് അന്ന് ചാക്കിന് പതിവിലും കൂടുതൽ ഭാരം അനുഭവപ്പെട്ടു. അവൻ നന്നേ പണിപ്പെട്ടാണ് നദിയിൽ നിന്ന് എഴുന്നേറ്റത് തന്നെ.

എണീറ്റു നടക്കാൻ തുടങ്ങിയ കഴുത പറഞ്ഞു

“ഇതെന്തു പറ്റി? അല്ലെങ്കിൽ നദിയിൽ വീണതിനു ശേഷം ചാക്കിനു ഭാരം കുറയുകയാണ് ചെയ്യുന്നത്. ഇന്ന് ഭാരം കൂടിയല്ലോ. ഇനി എന്ത് ചെയ്യും?”

ചാക്കിൻ്റെ ഭാരം കാരണം അവൻ നടക്കാൻ പോലുമാകാതെ പ്രയാസപ്പെട്ടു. ഒടുവിൽ അവൻ ആ വ്യാപാരിയെ നിസ്സഹായതോടെ നോക്കി. ഇത് കണ്ട വ്യാപാരി കഴുതയോട് പറഞ്ഞു

“നിൻ്റെ ബുദ്ധിയില്ലായ്മക്കു കിട്ടിയ ശിക്ഷയാണിത്. ഇനി ഒരിക്കലും അതിബുദ്ധി കാണിക്കാൻ ശ്രമിക്കരുത്.”

കഴുതയ്ക്ക് തൻ്റെ തെറ്റ് മനസ്സിലായി. പിന്നീട് ഒരിക്കലും അവൻ ആ കച്ചവടക്കാരനോട് ഇത് ആവർത്തിച്ചില്ല.

ഗുണപാഠം

ഭാഗ്യം എപ്പോഴും നമ്മെ തുണയ്ക്കണം എന്നില്ല അതുകൊണ്ടു നമ്മൾ അലസൻമാർ ആകരുത്.

Read More Kids Stories In Malayalam

English Summary: The Foolish Donkey, Kids Stories In Malayalam

Leave a Comment