ഉറുമ്പും പ്രാവും

Aesop's Fables

പണ്ട് പണ്ടൊരു കാട്ടിൽ ഒരു കുഞ്ഞനുറുമ്പ് ഉണ്ടായിരുന്നു. അത് കാട്ടിലൊക്കെ കളിച്ചുല്ലസിച്ച് സന്തോഷത്തോടെ ജീവിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് വേനൽക്കാലം വന്നത്. കുഞ്ഞനുറുമ്പും മറ്റ് മൃഗങ്ങളുമെല്ലാം വേനലിൻ്റെ ചൂട് അസഹനീയമായപ്പോൾ നദിയുടെയും പുഴയുടെയും കുളത്തിൻ്റെയും തീരത്തൊക്കെ അഭയം തേടി. കുഞ്ഞനുറുമ്പും ചൂട് കുറയ്ക്കുന്നതിനായി ഒരു പുഴയുടെ തീരത്ത് എത്തി. പുഴയിൽ ഇറങ്ങിയ കുഞ്ഞനുറുമ്പ് പെട്ടെന്ന് കാൽവഴുതി വെള്ളത്തിൽ വീണു. 

ഈ സമയം പുഴയുടെ തീരത്തുള്ള ഒരു മരത്തിൻ്റെ ചില്ലയിൽ സുന്ദരിപ്രാവ് ഇരിക്കുന്നുണ്ടായിരുന്നു. കുഞ്ഞനുറുമ്പ് വെള്ളത്തിൽ വീഴുന്നതു കണ്ട സുന്ദരിപ്രാവ് ഉടൻതന്നെ മരത്തിൽനിന്ന് ഒരു ഇല കൊത്തിയെടുത്ത് ഉറുമ്പിന് ഇട്ടുകൊടുത്തു.  കുഞ്ഞനുറുമ്പ് ഇലയിൽ കയറി രക്ഷപ്പെട്ടു. തൻ്റെ ജീവൻ രക്ഷിച്ച സുന്ദരിപ്രാവും ഉറുമ്പും പെട്ടെന്നുതന്നെ കൂട്ടുകാരായി. ദിവസവും വൈകുന്നേരങ്ങളിൽ അവർ പുഴക്കരയിൽ ഒത്തുകൂടി. വേനൽക്കാലവും കടന്നുപോയി.  എന്നാലും ഉറുമ്പ് തൻ്റെ സുഹൃത്തിനെ കാണാനായി പുഴക്കരയിൽ പതിവായി എത്തുമായിരുന്നു.

അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം ഒരു വേട്ടക്കാരൻ ആ പുഴക്കരയിൽ എത്തി. അയാൾ സുന്ദരിപ്രാവിനെ കാണാനിടയായി. വേട്ടക്കാരൻ തൻ്റെ കയ്യിലിരുന്ന തോക്കെടുത്ത് പ്രാവിനെ ഉന്നംവച്ചു. ഈ സമയം അവിടെയെത്തിയ കുഞ്ഞനുറുമ്പ് ഇതു കണ്ടു. അവൻ ഉടൻതന്നെ തൻ്റെ സുഹൃത്തിനെ രക്ഷിക്കാനായി ആ വേട്ടക്കാരൻ്റെ കാലിൽ സർവ്വശക്തിയുമെടുത്ത് ഒരു കടി വച്ചുകൊടുത്തു. വേട്ടക്കാരന് തൻ്റെ ഉന്നം പിഴച്ചു. അയാൾ വേദന കൊണ്ട് നിലവിളിച്ചു. എന്നാൽ വെടിയുടെ ശബ്ദം കേട്ട് അപകടം മനസ്സിലാക്കിയ സുന്ദരിപ്രാവ് അവിടെനിന്നും പറന്നുപോയി. വേട്ടക്കാരൻ പോയതിനു ശേഷം തിരിച്ചുവന്ന സുന്ദരിപ്രാവ് തൻ്റെ ജീവൻ രക്ഷിച്ച കുഞ്ഞനുറുമ്പിന് നന്ദി പറഞ്ഞു. നല്ല കൂട്ടുകാരായി അവർ പിന്നെയും ഒരുപാട് നാൾ ആ കാട്ടിൽ താമസിച്ചു.

ഗുണപാഠം

നമ്മൾ ചെയ്യുന്ന നല്ല പ്രവൃത്തിയുടെ ഫലം എപ്പോഴായാലും തിരിച്ചുകിട്ടുക തന്നെ ചെയ്യും.

Read More Malayalam Kids Stories

English Summary: The Ant and The Dove, Malayalam kids stories

Leave a Comment

2 Comments on ഉറുമ്പും പ്രാവും