കുറുക്കനു പറ്റിയ അമളി

Aesop's Fables

പണ്ട് പണ്ടൊരു കാട്ടിൽ ഒരു കുറുക്കനും കൊക്കും ഉണ്ടായിരുന്നു. അവർ നല്ല സുഹൃത്തുക്കളായിരുന്നു. സുഹൃത്തുക്കളായിരുന്നെങ്കിലും വ്യത്യസ്ത സ്വഭാവക്കാരായിരുന്നു കൊക്കും കുറുക്കനും. കുറുക്കൻ മറ്റുള്ളവരെ പരിഹസിക്കുകയും പറ്റിക്കുകയും പതിവായിരുന്നു. എന്നാൽ കൊക്ക് എല്ലാവരെയും സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു.

അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം കുറുക്കൻ കൊക്കിനെ തൻ്റെ വീട്ടിൽ വിരുന്നിന് ക്ഷണിച്ചു. കൊക്ക് സന്തോഷപൂർവം തൻ്റെ സുഹൃത്തിൻ്റെ ക്ഷണം സ്വീകരിച്ചു. കുറുക്കൻ പറഞ്ഞ ദിവസം തന്നെ കൊക്ക് കുറുക്കൻ്റെ വീട്ടിലെത്തി. കുറുക്കൻ സ്വാദിഷ്ടമായ നല്ല സൂപ്പ് പാചകം ചെയ്തു വച്ചിരുന്നു. എന്നിട്ട് രണ്ട് പരന്ന പാത്രത്തിൽ ഇത് വിളമ്പി വച്ചു. കൊക്കിന് നല്ല വിശപ്പുണ്ടായിരുന്നു. സൂപ്പ് കഴിക്കാൻ വന്ന കൊക്ക് പാത്രം കണ്ട് അന്ധാളിച്ചു. നീണ്ട ചുണ്ടുകളുള്ള കൊക്കിന് പരന്ന പാത്രത്തിൽ കഴിക്കാൻ പറ്റുമായിരുന്നില്ല. ഇതറിഞ്ഞിട്ടും തന്നെ പരിഹസിക്കാൻ ആയിട്ടാണ് കുറുക്കൻ തന്നെ വിളിച്ചു വരുത്തിയതെന്ന് കൊക്കിന് മനസ്സിലായി. എന്നിട്ടും അല്പംപോലും നിരാശയോ ദുഃഖമോ പുറത്തുകാണിക്കാതെ സുഹൃത്തിന് നന്ദിയും പറഞ്ഞു കൊക്ക് മടങ്ങി. 

കുറച്ചു ദിവസങ്ങൾക്കുശേഷം കൊക്ക് സുഹൃത്തായ കുറുക്കനെ തൻ്റെ വീട്ടിൽ വിരുന്നിനു ക്ഷണിച്ചു. ഇതുകേട്ട കുറുക്കൻ  മനസ്സിൽ കരുതി താൻ ഇത്രയും അപമാനിച്ചിട്ടും  അതൊന്നും നോക്കാതെ തന്നെ വിരുന്നിനു വിളിച്ച കൊക്കിനെ സമ്മതിക്കണം. സന്തോഷത്തോടെ തന്നെ കുറുക്കൻ  കൊക്കിൻ്റെ ക്ഷണം സ്വീകരിച്ചു. കൊക്ക് പറഞ്ഞ സമയത്തു തന്നെ കുറുക്കനും കൊക്കിൻ്റെ വീട്ടിലെത്തി. കൊക്ക് തൻ്റെ സുഹൃത്തിനെ സൽകരിക്കുന്നതിനായി മീൻ കൊണ്ടുള്ള വിഭവമാണ് ഉണ്ടാക്കിയത്. സുഹൃത്ത് വന്നതും കൊക്ക് രണ്ട് പാത്രങ്ങളിലായി ഇത് വിളമ്പിവച്ചു.  പൊക്കമുള്ളതും ഇടുങ്ങിയതുമായ പാത്രത്തിലാണ് കൊക്ക് ആഹാരം വിളമ്പിയത്. ഈ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ കുറുക്കന് കഴിയുമായിരുന്നില്ല. കാരണം കുറുക്കന്റെ ചുണ്ടുകൾ കൂർത്തതായിരുന്നില്ല മാത്രവുമല്ല തല വലുതും ആയിരുന്നു. കൊക്ക് കഴിക്കുന്നതും നോക്കിയിരുന്ന കുറുക്കൻ ഇളിഭ്യനായി അവിടെനിന്നും മടങ്ങി. നമ്മളൊരിക്കലും മറ്റുള്ളവരുടെ കുറവുകളെ പരിഹസിക്കരുത് എന്ന ഒരു വലിയ പാഠം  കുറുക്കൻ അങ്ങനെ പഠിച്ചു. പിന്നീടൊരിക്കലും  കുറുക്കാൻ ആരെയും പരിഹസിച്ചില്ല.

ഗുണപാഠം

നാം ഒരിക്കലും സ്വാർത്ഥത കാണിക്കാനോ മറ്റുള്ളവരുടെ പോരായ്മകളെ പരിഹസിക്കാനോ ശ്രമിക്കരുത്.

Enjoyed The Kids Malayalam Story? Read More

English Summary: The Fox And The Stork, Kids Malayalam story

Leave a Comment