Follow

Subscribe

വേട്ടക്കാരനും നാല് സുഹൃത്തുക്കളും

Panchatantra Stories, Moral Stories

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ടു പണ്ടൊരു കാട്ടിൽ നാല് സുഹൃത്തുക്കൾ വസിച്ചിരുന്നു. കാക്ക, മാൻ, ആമ, ചുണ്ടെലി എന്നിവരായിരുന്നു ആ നാല് സുഹൃത്തുക്കൾ. അവർ എന്നും വൈകുന്നേരം കാട്ടിലെ ഒരു മരത്തിന്റെ ചുവട്ടിൽ ഒത്തു കൂടുമായിരുന്നു. പരസ്പരം വിശേഷങ്ങൾ പങ്കുവച്ചും തമാശകൾ പറഞ്ഞും അവർ സമയം ചിലവഴിച്ചു. എന്തൊക്കെ തിരക്കുണ്ടെങ്കിലും ദിവസവും അവർ ഇതിനായി സമയം മാറ്റിവച്ചു. അതിനൊരു മുടക്കവും വരുത്തിയിരുന്നില്ല. അങ്ങനെ അവർ പരസ്പരം സ്നേഹിച്ചു ആ കാട്ടിൽ കഴിഞ്ഞു.

അങ്ങനെയിരിക്കെ ഒരു ദിവസം പതിവു പോലെ അവർ ആ മരത്തിന്റെ ചുവട്ടിൽ ഒത്തുകൂടി. എന്നാൽ മാൻ മാത്രം അവിടെ എത്തിയില്ല. അവർ മാനിനെയും പ്രതീക്ഷിച്ചു ഒരുപാട് നേരം അവിടെ നിന്നു. സമയം വൈകുന്തോറും തങ്ങളുടെ സുഹൃത്തിന് എന്തെകിലും അപകടം ഉണ്ടായോ എന്നവർ ഭയന്നു. അപ്പോൾ കാക്ക പറഞ്ഞു

“ഞാനൊരു കാര്യം ചെയ്യാം, പറന്നു പോയി കാട്ടിലൊക്കെ മാനിനെ അന്വേഷിച്ചിട്ട് വരാം. തീർച്ചയായും  അവനു എന്തോ അപകടം സംഭവിച്ചിട്ടുണ്ട്.”

ഇതും പറഞ്ഞു കാക്ക പറന്നു പോയി. എന്നിട്ട് അവൻ ആ കാടു മുഴുവൻ മാനിനെ അന്വേഷിച്ചു. അപ്പോൾ അതാ കുറ്റിക്കാട്ടിൽ ഒരു വേടൻ വിരിച്ച വലയിൽ കുടുങ്ങിയ നിലയിൽ കാക്ക മാനിനെ കണ്ടു. കാക്കയെ കണ്ടതും മാൻ പറഞ്ഞു 

“സുഹൃത്തേ, എന്നെ എത്രയും പെട്ടന്ന് ഇവിടെ നിന്നു രക്ഷിക്കൂ. വേടൻ ഏതു നിമിഷവും ഇവിടെ വരാം. അതിനു മുൻപ് ഏതു വിധേനയും എന്നെ ഈ വലയിൽ നിന്നു പുറത്തു കടക്കാൻ  സഹായിക്കണം.”

ഇതു കേട്ടതും കാക്ക പറഞ്ഞു.

“സുഹൃത്തേ, നീ പേടിക്കാതിരിക്കൂ. ഞാൻ പോയി മറ്റുള്ളവരോട് വിവരം അറിയിക്കട്ടെ. ഉറപ്പായിട്ടും നിന്നെ ഇവിടെ നിന്നു രക്ഷിക്കാൻ ഒരു ഉപായവുമായി ഞാൻ മടങ്ങി വരുന്നതാണ്.”

ഇതും പറഞ്ഞു കാക്ക പറന്നു പോയി തന്റെ സുഹൃത്തുക്കളോട് നടന്ന സംഭവം വിവരിച്ചു. ഇതു കേട്ടു കൊണ്ടിരുന്ന ചുണ്ടെലി ഉടനെ കാക്കയോട് പറഞ്ഞു

“സുഹൃത്തേ, എത്രയും വേഗം മാൻ കുടുങ്ങി കിടക്കുന്ന സ്ഥലം ഏതാണെന്ന് പറയൂ. ഞാൻ അവിടെ എത്തി ആ വലയുടെ കണ്ണികൾ കടിച്ചു മുറിച്ചു മാനിനെ വലയിൽ നിന്ന് രക്ഷിക്കുന്നതായിരിക്കും.”

ഇതു കേട്ടതും കാക്ക എലിയോട് പറഞ്ഞു

“മാൻ കുടുങ്ങി കിടക്കുന്ന സ്ഥലം ഇവിടെ നിന്നും അല്പം അകലെയാണ്. നീ അവിടെ എത്തുമ്പോഴേക്കും വേടൻ വന്നു മാനിനെ കൊണ്ടു പോയിരിക്കും.”

അപ്പോൾ ആമ കാക്കയോട് പറഞ്ഞു

“നീ പറയുന്നത് ശരിയാണ് നമ്മുടെ പക്കൽ അത്രയും സമയം ഇല്ല. ഒരു കാര്യം ചെയ്യൂ, എത്രയും വേഗം എലിയെ നിന്റെ പുറത്തു കയറ്റി അവിടേക്ക് കൊണ്ടു പോകൂ. ഞാൻ പുറകേ വന്നു കൊള്ളാം.”

ഇതു കേട്ടതും കാക്ക പറഞ്ഞു

“ഇതു തീർച്ചയായും നല്ല ആശയമാണ്. നമുക്ക് അങ്ങനെ തന്നെ ചെയ്യാം.”

ഉടൻ തന്നെ കാക്ക ചുണ്ടെലിയെയും തന്റെ പുറത്തു കയറ്റി മാനിന്റെ അടുത്തേക്ക് പറന്നു. തന്റെ സുഹൃത്തുക്കളെ കണ്ട മാനിന് വളരെയധികം സന്തോഷമായി. ചുണ്ടെലി ഒട്ടും സമയം കളയാതെ വലക്കണ്ണികൾ ഓരോന്നായി മുറിക്കാൻ തുടങ്ങി. കാക്ക വേടൻ വരുന്നുണ്ടോ എന്നു നോക്കാനായി പറന്നു മരക്കൊമ്പിൽ പോയി ഇരുന്നു. അപ്പോഴേക്കും ആമയും ഇഴഞ്ഞു അവിടെ എത്തി. എത്രയും പെട്ടന്ന് എലി വലക്കണ്ണികൾ കടിച്ചു മുറിച്ചു മാനിനെ സ്വതന്ത്രമാക്കി. 

അപ്പോഴായിരുന്നു വേടന്റെ വരവ്. വേടൻ വരുന്നത് കണ്ട കാക്ക സുഹൃത്തുക്കൾക്ക് മുന്നറിയിപ്പും നൽകി ദൂരെയുള്ള മരക്കൊമ്പിൽ ഒളിച്ചു. മാൻ ഓടി അടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചു. എലി അടുത്തു കണ്ട ഒരു മാളത്തിലും ഒളിച്ചു. എന്നാൽ പാവം ആമയ്ക്ക് പതിയെ ഇഴഞ്ഞു നീങ്ങാനെ കഴിഞ്ഞുള്ളൂ. മാനിനായി വല വിരിച്ചിരുന്നിടത്ത് എത്തിയ വേടൻ പൊട്ടി കിടന്ന വല കണ്ടു ഞെട്ടി. അപ്പോൾ വേടൻ പറഞ്ഞു 

“ഇതെങ്ങനെ സംഭവിച്ചു? ഇത്രയും വലിയ വല എങ്ങനെയാണ് ഒരു മാൻ പൊട്ടിച്ചത്? ഇന്ന് വെറും കൈയോടെ മടങ്ങേണ്ടി വരുമല്ലോ.”

അപ്പോഴാണ് പതിയെ ഇഴഞ്ഞു നീങ്ങുന്ന ആമ വേടന്റെ ശ്രദ്ധയിൽപ്പെട്ടത്. ആമയെ കണ്ട വേടന് സന്തോഷമായി. അപ്പോൾ വേടൻ മനസ്സിൽ കരുതി

“മാനിനെ കിട്ടിയില്ലെങ്കിൽ എന്താ ഇന്നത്തേക്ക് ആമയെ കിട്ടിയല്ലോ. തൽക്കാലം ഇന്ന് ആമയെ കൊണ്ട് തൃപ്തിപ്പെടാം.”

അങ്ങനെ വേടൻ ആമയെ പിടിച്ചു തന്റെ കൈയിൽ കരുതിയ സഞ്ചിയിൽ ഇട്ടു. അതിനെയും കൊണ്ട് യാത്രയായി. ആമയെ വേടൻ കൊണ്ടു പോകുന്നത് കണ്ട ആ സുഹൃത്തുക്കൾ വളരെയധികം വിഷമിച്ചു. ആമയെ എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്നു അറിയാൻ കാക്ക വേടനെ പിന്തുടർന്നു. കുറേയധികം യാത്ര ചെയ്തപ്പോൾ ക്ഷീണിതനായ വേടൻ ഒരു തടാകത്തിന്റെ കരയിൽ വിശ്രമിക്കാനായി സഞ്ചിയും താഴെ വച്ചു കിടന്നു. ഈ സമയം കാക്ക പറന്നു ചെന്ന് തന്റെ സുഹൃത്തുക്കളെ വിവരമറിയിക്കുകയും ആമയെ രക്ഷിക്കാൻ അവർ ഒരു പദ്ധതി തയ്യാറാക്കുകയും ചെയ്തു.

ആ പദ്ധതി പ്രകാരം മാൻ തടാകത്തിനു കുറച്ചു അകലെയായി ചത്തതു പോലെ കിടന്നു. എലി അടുത്തുള്ള മരപൊത്തിൽ ഒളിച്ചിരുന്നു. കാക്ക മാനിന്റെ അടുത്തായി ഒരു മരക്കൊമ്പിൽ ഇരുന്നു. ക്ഷീണം തീർത്തു എണീറ്റ വേടൻ കുറച്ചകലെയായി കിടക്കുന്ന മാനിനെ കണ്ടു. അയാൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അയാൾ പതിയെ പതിയെ മാൻ കിടന്നിടത്തേക്കു പോയി. ആ സമയം എലി ആമയെ വച്ചിരുന്ന സഞ്ചി കടിച്ചു മുറിക്കാൻ തുടങ്ങി. വേടൻ അടുത്ത് എത്താറായതും കാക്ക മരക്കൊമ്പിൽ നിന്നും പറന്നുയർന്നു മാനിന്‌ വേടൻ അടുത്തെത്തിയതിന്റെ സൂചന നൽകി. അവൻ ഉടൻ തന്നെ എണീറ്റു പതിയെ ഓടാൻ തുടങ്ങി. വേടനും പുറകേ ഓടി. ആമയ്ക്ക് ഇഴഞ്ഞു രക്ഷപ്പെടാനുള്ള സമയം ഉണ്ടാക്കി കൊടുക്കാനാണ് മാൻ ഇപ്രകാരം  ചെയ്‍തത്.

സഞ്ചിയിൽ നിന്നും പുറത്തിറങ്ങിയ ആമ അടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചു. ആമ രക്ഷപ്പെട്ടു എന്നു ഉറപ്പായപ്പോൾ മാൻ തന്റെ ഓട്ടത്തിന്റെ വേഗത വർധിപ്പിച്ചു. അവൻ ഉൾക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇനി മാനിന്റെ പുറകെ ഓടിയിട്ട് കാര്യമില്ല എന്നു മനസ്സിലാക്കിയ വേടൻ തിരികെ തന്റെ സഞ്ചിയിരുന്നിടത്തു എത്തി. അവിടെ കടിച്ചുമുറിക്കപ്പെട്ട വെറും സഞ്ചിയാണ് വേടൻ കണ്ടത്. അവൻ ചുറ്റും നോക്കി ആമയെ അവിടെയെങ്ങും കണ്ടില്ല. വേടൻ നിരാശയോടെ പറഞ്ഞു  

“ആദ്യം മാനിനായി വല വിരിച്ചു അതിനെ കിട്ടിയില്ല. പകരം ഒരു ആമയെയാണ് കിട്ടിയത്. എന്നാൽ ഇപ്പോൾ കൈയിൽ കിട്ടിയ ആമയും നഷ്ടപ്പെട്ടു.”

അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. മറ്റൊരു വഴിയുമില്ലാതെ ഒഴിഞ്ഞ സഞ്ചിയുമായി വേടന് തന്റെ വീട്ടിലേക്കു മടങ്ങേണ്ടി വന്നു.

അങ്ങനെ ആ നാലു സുഹൃത്തുക്കളും വേടന്റെ കൈയിൽ നിന്നും രക്ഷപ്പെട്ടു. വീണ്ടും പഴയതു പോലെ അവർ എന്നും  വൈകുന്നേരങ്ങളിൽ ആ മരത്തിന്റെ ചുവട്ടിൽ ഒത്തു കൂടുകയും സ്നേഹത്തോടെ ഒരുപാട് കാലം ആ കാട്ടിൽ കഴിയുകയും ചെയ്തു.

ഗുണപാഠം

എന്തൊക്കെ പരിമിതികളുണ്ടെങ്കിലും ഒത്തൊരുമ ഉണ്ടെങ്കിൽ ഏതു പ്രതിസന്ധി ഘട്ടത്തെയും അതിജീവിക്കാൻ നമുക്ക് സാധിക്കുന്നതാണ്.

വേട്ടക്കാരനും നാല് സുഹൃത്തുക്കളും കഥ കേൾക്കാം

Read More Stories for Kids In Malayalam

English Summary: Malayalam Story | Four Friends And A Hunter

In this captivating Malayalam story ‘Four Friends And A Hunter’, four unique forest friends demonstrate the power of friendship and teamwork in the face of danger. When a deer gets trapped in a hunter’s net, it’s up to the loyal group to devise a clever plan for a daring rescue. This enchanting Malayalam story teaches valuable lessons of unity and support, reminding us that as long as we stand by each other, we can overcome any challenge that comes our way. Dive into this delightful tale of friendship and courage today! Experience the heartwarming camaraderie of four unique forest friends as they navigate the trials and triumphs of their extraordinary adventure.

Leave a Comment


1 Comment on വേട്ടക്കാരനും നാല് സുഹൃത്തുക്കളും