Follow

Subscribe

നാല് സഹോദരന്മാർ

Fairy Tales

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ടു പണ്ടൊരു രാജ്യത്ത് ഒരു ദരിദ്രനായ മുക്കുവൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് നാല് ആണ്മക്കളായിരുന്നു. ഒരു ദിവസം ഈ മുക്കുവൻ തന്റെ മക്കളെ അടുത്തു വിളിച്ചു. എന്നിട്ടു അവരോടായി ഇപ്രകാരം പറഞ്ഞു.

“മക്കളെ, ഞാൻ പ്രായമായി വരുകയാണ്. ഇനി പഴയത് പോലെ മീൻപിടിക്കാനൊന്നും പോകാൻ കഴിയില്ല. ഞാൻ നിങ്ങൾക്കായി ധനമൊന്നും കരുതിയും വച്ചിട്ടില്ല. അതുകൊണ്ട് നിങ്ങൾ നാലു പേരും ഇവിടെ നിന്നും മറ്റേതെങ്കിലും സ്ഥലങ്ങളിൽ പോയി എന്തെങ്കിലും  തൊഴിൽ പഠിച്ചു അതിൽ നിന്നും സമ്പാദിച്ചു തിരിച്ചു വരണം.”

അവർ നാലുപേരും പിതാവ് പറഞ്ഞത് അനുസരിക്കാമെന്നു അദ്ദേഹത്തിന് വാക്ക് കൊടുത്തു. പിറ്റേന്ന് തന്നെ അവർ അവിടെ നിന്നും തിരിച്ചു. അവർ നാലു പേരും നടന്നു നടന്നു ഒരു നാൽക്കവലയിൽ എത്തി. അപ്പോൾ മൂത്തസഹോദരൻ പറഞ്ഞു

“സഹോദരന്മാരെ നമുക്ക് പിരിയുവാൻ സമയമായി. നമുക്ക് നാലുപേർക്കും നാല് വഴികളിലായി പോകാം. എവിടെ പോയാലും എന്തു നേടിയാലും നാലു വർഷം ആകുമ്പോൾ ഈ കവലയിൽ നമുക്ക് കൂടിച്ചേരണം.”

മറ്റു സഹോദരന്മാർ മൂത്ത സഹോദരൻ പറഞ്ഞതു സമ്മതിച്ചു. അങ്ങനെ അവർ നാലു വഴികളിലായി പിരിഞ്ഞു യാത്ര തുടർന്നു.

ആദ്യത്തെ സഹോദരൻ യാത്രക്കിടയിൽ ഒരാളെ കണ്ടു. അയാൾ ചോദിച്ചു

“ആരാണ് നീ? ഇതിനു മുൻപ് ഇവിടെ ഒന്നും കണ്ടിട്ടില്ലലോ. എങ്ങോട്ടാണ് നീ പോകുന്നത്?

“ഞാൻ ഇതിനു മുൻപ് ഇവിടെ വന്നിട്ടില്ല. ഒരു തൊഴിൽ തേടി പട്ടണത്തിലേക്ക് പോകുകയാണ്.”

എന്ന് ആ സഹോദരൻ മറുപടി പറഞ്ഞു. 

ഇതു കേട്ടതും അയാൾ പറഞ്ഞു.

“ഞാനൊരു കള്ളനാണ്. നീ എന്നോടൊപ്പം വന്നാൽ ഞാൻ എങ്ങനെ മോഷ്ടിക്കാം എന്നു നിന്നെ പഠിപ്പിക്കാം.”

ഇതുകേട്ടതും ആ സഹോദരൻ പറഞ്ഞു

“മോഷണം പഠിക്കാൻ ഞാനില്ല. ഒരിക്കൽ പിടിക്കപ്പെടുകയാണെങ്കിൽ പിന്നെ അതുവരെ കഷ്ടപ്പെട്ടു നേടിയതെല്ലാം വെറുതെ ആകും.”

കള്ളൻ ഉടനെ പറഞ്ഞു

“നീ പേടിക്കണ്ട. ആരും കാണാതെ ഒരിക്കലും പിടിക്കപ്പെടാതെ അത്രയും രഹസ്യമായി മോഷ്ടിക്കാൻ ഞാൻ നിന്നെ പഠിപ്പിക്കാം.”

കള്ളന്റെ വാക്ക് വിശ്വസിച്ച ആ സഹോദരൻ ഒടുവിൽ മോഷണവിദ്യ പഠിക്കാൻ തന്നെ തീരുമാനിച്ചു. അയാൾ തന്റെ തൊഴിലിൽ ആഗ്രഗണ്യനായി തീരുകയും ചെയ്തു. 

രണ്ടാമത്തെ സഹോദരൻ വഴിയിൽ വച്ചു ഒരു ജ്യോതിശാസ്ത്രജ്ഞനെ കണ്ടുമുട്ടി. അയാൾ ആ സഹോദരനിൽ നിന്നും കാര്യങ്ങൾ അറിഞ്ഞു. എന്നിട്ടു അയാളോട് ചോദിച്ചു

“നീ ജ്യോതിശാസ്ത്രം പഠിക്കുന്നോ? ഇതിലൂടെ അകലെയുള്ള നക്ഷത്രങ്ങളെ കുറിച്ചു പഠിക്കുവാനും അതുവഴി നിനക്ക് ധാരാളം പണം സമ്പാദിക്കുവാനും സാധിക്കും.”

ഇതുകേട്ടതും രണ്ടാമത്തെ സഹോദരന് സന്തോഷമായി. അയാൾ ജ്യോതിശാസ്ത്രം പഠിക്കാൻ തന്നെ തീരുമാനിച്ചു. അയാൾക്ക്‌ ആ ജ്യോതിശാസ്ത്രജ്ഞൻ ഒരു ദൂരദർശിനി നൽകി.

അതുവഴി ആ സഹോദരൻ നക്ഷത്രങ്ങളെയും ഭൂമിയിൽ വളരെ അകലെയുള്ള വസ്തുക്കളെയും യാതൊരു തരത്തിലുള്ള പ്രയാസവുമില്ലാതെ കണ്ടു.

മൂന്നാമത്തെ സഹോദരൻ തന്റെ യാത്രയിൽ കണ്ടുമുട്ടിയത് ഒരു നായാട്ടുകാരനെ ആയിരുന്നു. ആ നായാട്ടുകാരൻ അയാളെ വളരെ എളുപ്പത്തിൽ  മൃഗങ്ങളെ വേട്ടയാടുന്നത്തിൽ നിപുണനാക്കി. മാത്രമല്ല ആ സഹോദരന് ഒരു തോക്കും നൽകി. വളരെ അകലെയുള്ള വസ്തുവിനെയും ലക്ഷ്യം തെറ്റാതെ വേട്ടയാടാൻ അത് അയാളെ സഹായിച്ചു. 

നാലാമത്തെ സഹോദരൻ തന്റെ യാത്രക്കിടയിൽ കണ്ടുമുട്ടിയത് ഒരു തയ്യൽക്കാരനെ ആയിരുന്നു. ആ തയ്യൽക്കാരന് കാശുണ്ടാക്കാൻ ഒരു തൊഴിൽ തേടി അലയുന്ന ചെറുപ്പക്കാരനോട് സഹതാപം തോന്നി. അയാൾ അവനെ തന്റെ കൂടെ കൂട്ടി. മാത്രമല്ല ഒരു സൂചിയും നൂലും കൊണ്ട് ലോകത്തിലെ ഏതൊരു വസ്തുവിനെയും തുന്നിച്ചേർക്കാവുന്ന വിദ്യ അവനു പറഞ്ഞു കൊടുത്തു. വളരെ കുറച്ചു ദിവസം കൊണ്ടു തന്നെ അവൻ തന്റെ കലയിൽ പ്രഗത്ഭനായി. അവൻ തന്റെ കൈയിലുള്ള സൂചിയും നൂലും കൊണ്ട് പൊട്ടിയതും കീറിയതുമായ ഏതൊരു വസ്തുവിനെയും തുന്നിചേർത്തു. 

അങ്ങനെ നാലു വർഷങ്ങൾ കടന്നു പോയി. അവർ പരസ്പരം കാണാം എന്നു പറഞ്ഞ ആ ദിവസം വന്നെത്തി. പറഞ്ഞതുപോലെ തന്നെ നാലുപേരും അവർ പിരിഞ്ഞ നാൽക്കവലയിൽ എത്തി. അധികം വൈകാതെ അവർ തങ്ങളുടെ വീട്ടിലേക്കു പുറപ്പെട്ടു. വീട്ടിൽ ആ പിതാവ് അവരെയും പ്രതീക്ഷിച്ചു ഇരിക്കുവായിരുന്നു. പിതാവ് തന്റെ പുത്രന്മാരെ കണ്ടതും വളരെയധികം സന്തോഷവാനായി. എന്നിട്ടു അദ്ദേഹം തന്റെ പുത്രന്മാർ സ്വായത്തമാക്കിയ വിദ്യകൾ എന്തൊക്കെയാണെന്ന് അന്വേഷിച്ചു. അവരുടെ കഴിവുകൾ പരീക്ഷിക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. 

ഒരു ദിവസം വൈകുന്നേരം ആ പിതാവും പുത്രന്മാരും മുറ്റത്തു ഒരു മരത്തിന്റെ ചുവട്ടിൽ ഇരിക്കുവായിരുന്നു. അപ്പോൾ ആ പിതാവ് കരുതി തന്റെ പുത്രന്മാരുടെ കഴിവുകൾ പരീക്ഷിക്കാൻ ഇതു തന്നെ പറ്റിയ സമയം. അദ്ദേഹം താൻ ഇരുന്ന മരത്തിന്റെ മുകളിലേക്ക് നോക്കി. അവിടെ ഒരു പക്ഷിക്കൂട് കണ്ടു. ഉടൻതന്നെ അദ്ദേഹം ജ്യോതിശാസ്ത്രജ്ഞനായ രണ്ടാമത്തെ മകനോട് പറഞ്ഞു.

“നീ ആ പക്ഷിക്കൂട്ടിൽ നോക്കി അതിൽ എത്ര മുട്ടകൾ ഉണ്ടെന്നു പറയൂ.”

അവൻ ഉടൻതന്നെ തന്റെ ദൂരദർശിനി എടുത്തു നോക്കി. എന്നിട്ട് പിതാവിനോട് പറഞ്ഞു.

“പിതാവേ, ആ പക്ഷിക്കൂട്ടിൽ അഞ്ച് മുട്ടകളാണ് ഉള്ളത്. അമ്മപക്ഷി ഈ മുട്ടകൾക്കു അടയിരിക്കുകയാണ്.”

ഇതുകേട്ടതും പിതാവ് തന്റെ മൂത്തമകനോട്  പറഞ്ഞു.

“മകനേ, നീ അമ്മപക്ഷി അറിയാതെ പക്ഷിക്കൂട്ടിൽ കയറി ആ അഞ്ചു മുട്ടകളും എടുത്തു കൊണ്ടു വരുക.”

ഇതുകേട്ടതും ആ മകൻ നിമിഷനേരം കൊണ്ട് മരത്തിൽ കയറി പക്ഷി അറിയാതെ മുട്ടകൾ എടുത്തുകൊണ്ടു വന്നു പിതാവിനെ ഏല്പിച്ചു. അടുത്തതായി അദ്ദേഹം മുട്ടകൾ നാലും ഒരു മേശയുടെ നാലു വശങ്ങളിലുമായും ഒരെണ്ണം മേശയുടെ മധ്യത്തിലും വച്ചു. അതിനു ശേഷം തന്റെ മൂന്നാമത്തെ മകനെ അടുത്തു വിളിച്ചു. എന്നിട്ട് അവനോട് പറഞ്ഞു. 

“നീ ഈ അഞ്ചു മുട്ടകളെയും ഒറ്റ വെടിയിൽ പൊട്ടിക്കണം.”

അവൻ ഉടൻതന്നെ തന്റെ തോക്കെടുത്ത് ഒറ്റ വെടിയിൽ അഞ്ചു മുട്ടകളും ഉടച്ചു പിതാവിന് കാണിച്ചു കൊടുത്തു. ഇതുകണ്ട പിതാവ് തന്റെ നാലാമത്തെ മകനോട് പറഞ്ഞു. 

“നീ എത്രയും വേഗം ഈ മുട്ടകളെയെല്ലാം തയ്ച്ചു പഴയതു പോലെ ആക്കണം.”

അവൻ തന്റെ സൂചിയും നൂലും കൊണ്ട് മുട്ടകളെയെല്ലാം തയ്ച്ചു പഴയതു പോലെ ആക്കി. തന്റെ നാലു മക്കളുടെയും കഴിവുകൾ കണ്ട പിതാവിന് വളരെയധികം സന്തോഷമായി. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. അപ്പോഴാണ് ഒരു വാർത്ത അവർ അറിഞ്ഞത്. 

ആ രാജ്യത്തിലെ രാജകുമാരിയെ ഒരു ഭൂതം തട്ടി കൊണ്ടുപോയി. സൈനികർ എത്ര കിണഞ്ഞു ശ്രമിച്ചിട്ടും ആ ഭൂതം രാജകുമാരിയെ എവിടെയാണ് കൊണ്ടുപോയത് എന്നു കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല. ഒടുവിൽ രാജാവ് ഒരു വിളംബരം പുറപ്പെടുവിച്ചു.

“ആരാണോ ഭൂതത്തിന്റെ കൈയിൽ നിന്നും രാജകുമാരിയെ രക്ഷപ്പെടുത്തി കൊണ്ടു വരുന്നത് അയാൾക്ക് രാജകുമാരിയെ വിവാഹം ചെയ്തു കൊടുക്കുന്നതായിരിക്കും.”

രാജാവിന്റെ ഈ വിളംബരം അറിഞ്ഞ സഹോദരന്മാർ രാജകുമാരിയെ കണ്ടെത്താൻ തന്നെ തീരുമാനിച്ചു. ഉടൻതന്നെ അതിൽ ഒരാൾ രണ്ടാമത്തെ ജ്യോതിശാസ്ത്രജ്ഞനായ സഹോദരനോട് പറഞ്ഞു.

“നീ എത്രയും വേഗം നിന്റെ കൈയിലുള്ള ദൂരദർശിനി ഉപയോഗിച്ചു രാജകുമാരി എവിടെ ഉണ്ട് എന്ന് കണ്ടുപിടിക്കണം.”

അവൻ തന്റെ ദൂരദർശിനിയിലൂടെ നോക്കി. ഭൂതം രാജകുമാരിയെ കൊണ്ടുപോയ സ്ഥലം കണ്ടെത്തി. സമുദ്രത്തിന് നടുക്കുള്ള ഒരു പാറയിലായിരുന്നു ഭീമാകാരനായ ഭൂതം രാജകുമാരിയെ  തടവിലാക്കിയിരുന്നത്. രാജകുമാരി എവിടെയാണെന്ന് അറിഞ്ഞ ആ സഹോദരന്മാർ ഉടൻതന്നെ രാജാവിനെ ചെന്നു കണ്ടു. രാജകുമാരി എവിടെ ഉണ്ട് എന്ന് അറിയിച്ചു. ഇതറിഞ്ഞ രാജാവ് സഹോദരന്മാരോട് പറഞ്ഞു.

“നിങ്ങൾ ഏതു വിധേനയും രാജകുമാരിയെ ഭൂതത്തിൽ നിന്നു രക്ഷപ്പെടുത്തി തിരികെ കൊട്ടാരത്തിൽ എത്തിക്കണം. അതിനായി നിങ്ങൾക്ക് എന്തു സഹായം വേണമെങ്കിലും ആവശ്യപ്പെടാവുന്നതാണ്.”

അവർ തങ്ങൾക്ക് നാലുപേർക്കും സമുദ്രത്തിലൂടെ യാത്ര ചെയ്യാനായി ഒരു കപ്പൽ ഏർപ്പാടാക്കി തരാൻ രാജാവിനോട് ആവശ്യപ്പെട്ടു. രാജാവ് ശീഘ്രം തന്നെ അവർക്ക് പോകാനായി ഒരു കപ്പൽ തയ്യാറാക്കി. ഒട്ടും സമയം കളയാതെ അവർ നാലുപേരും കൂടി രാജകുമാരിയെ രക്ഷപ്പെടുത്താനായി ആ കപ്പലിൽ പുറപ്പെട്ടു.

സമുദ്രത്തിലൂടെ യാത്ര ചെയ്ത് അവർ രാജകുമാരിയെ തടവിലാക്കിയിരിക്കുന്ന പാറയ്ക്കു സമീപം എത്തി. അപ്പോൾ ജ്യോതിശാസ്ത്രജ്ഞനായ രണ്ടാമത്തെ സഹോദരൻ പറഞ്ഞു.

“ഞാൻ ദൂരദർശിനിയിലൂടെ നോക്കി ഭൂതം എന്തു ചെയ്യുന്നു എന്നു പറയാം. അതിനു ശേഷം നമുക്ക് എങ്ങനെ രാജകുമാരിയെ രക്ഷിക്കാം എന്നു തീരുമാനിക്കാം.”

ഇതും പറഞ്ഞു അയാൾ തന്റെ ദൂരദർശിനി എടുത്തു നോക്കി. അപ്പോൾ ഭൂതം രാജകുമാരിക്കു കാവൽ നിൽക്കുകയായിരുന്നു. കുറച്ചു സമയം അവർ പാറയ്ക്ക് അല്പം അകലെയായി നിന്നു ഭൂതത്തിനെ വീക്ഷിച്ചു കൊണ്ടിരുന്നു. ഭൂതം ഒന്നു മയങ്ങാൻ തുടങ്ങിയതും രണ്ടാമത്തെ സഹോദരൻ പറഞ്ഞു

“ഇതാണ് രാജകുമാരിയെ രക്ഷിക്കാൻ പറ്റിയ സമായം. ഭൂതം ഉറങ്ങുകയാണ്.”

ഇതുകേട്ടതും കള്ളനായ മൂത്ത സഹോദരൻ പറഞ്ഞു

“ഞാൻ ഭൂതം അറിയാതെ എത്രയും വേഗം രാജകുമാരിയെ അവിടെ നിന്നും രക്ഷപ്പെടുത്തി കപ്പലിൽ എത്തിക്കാം.”

ഇതും പറഞ്ഞു അയാൾ ആ പാറപ്പുറത്ത് കയറി. നിമിഷ നേരം കൊണ്ടുതന്നെ രാജകുമാരിയെയും രക്ഷിച്ചു തിരിച്ചു കപ്പലിൽ കയറി. എന്നാൽ മായങ്ങുകയായിരുന്ന ഭൂതം പെട്ടന്നു തന്നെ ഉണർന്നു. ഭൂതത്തിന് തൻ്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. രാജകുമാരിയെ കാണാനില്ല. ഭൂതം ഒന്നു ഞെട്ടി. ചുറ്റും നോക്കിയ ഭൂതം രാജകുമാരി കപ്പലിൽ പോകുന്നത് കണ്ടു. ഉടൻതന്നെ ഭൂതം കപ്പൽ ലക്ഷ്യമാക്കി പറന്നു. ഇതുകണ്ട നയാട്ടുകാരനായ മൂന്നാമത്തെ സഹോദരൻ തന്റെ തോക്കെടുത്ത് ആ ഭൂതത്തിനെ വെടിവച്ചു. എന്നാൽ വെടി കൊണ്ട ആ ഭൂതം വന്നു വീണതു കപ്പലിൽ തന്നെയായിരുന്നു. ഭീമാകാരനായ ഭൂതം വന്നു വീണതും ആ കപ്പൽ തകർന്നു. രാജകുമാരിയും നാലു സഹോദരങ്ങളും വെള്ളത്തിൽ മുങ്ങാൻ തുടങ്ങി. ഉടൻതന്നെ നാലാമത്തെ സഹോദരൻ തന്റെ അത്ഭുതകരമായ സൂചിയും നൂലും കൈയിൽ എടുത്ത് ആ കപ്പലിനെ തുന്നിച്ചേർത്തു പഴയ രൂപത്തിലാക്കി. രാജകുമാരിയെയും തന്റെ സഹോദരങ്ങളെയും വെള്ളത്തിൽ നിന്നും രക്ഷിച്ചു കപ്പലിൽ കയറ്റി. തുടർന്ന് എല്ലാവരും കൂടി കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. 

കൊട്ടാരത്തിൽ മടങ്ങിയെത്തിയ രാജകുമാരിയെ കണ്ടതും രാജാവ് വളരെയധികം സന്തോഷിച്ചു. രാജകുമാരിയിൽ നിന്നും നടന്ന കാര്യങ്ങളെല്ലാം അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. തുടർന്ന് താൻ കൊടുത്ത വാക്കു പാലിക്കാൻ തന്നെ രാജാവ് തീരുമാനിച്ചു. നാലു സഹോദരന്മാരോടായി രാജാവ് എന്നിട്ട് ഇപ്രകാരം പറഞ്ഞു

“രാജകുമാരിയെ ആരു വിവാഹം കഴിക്കണം എന്നു ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. നിങ്ങൾ നാലുപേരും കൂടിയാണ് രാജകുമാരിയെ ഭൂതത്തിന്റെ കൈയിൽ നിന്നും രക്ഷിച്ചത്. അതുകൊണ്ടു തന്നെ രാജകുമാരിയുടെ കാര്യത്തിൽ നിങ്ങൾ നാലു പേർക്കും തുല്യ അവകാശമാണ്.”

ഇതുകേട്ടതും രണ്ടാമത്തെ സഹോദരൻ പറഞ്ഞു

“രാജകുമാരി എവിടെയാണെന്ന് കണ്ടെത്തിയത് ഞാനാണ്. അതുകൊണ്ടുതന്നെ രാജകുമാരിയെ വിവാഹം കഴിക്കാനുള്ള അവകാശം എനിക്കു തന്നെയാണ്.”

ഇതുകേട്ട മൂത്ത സഹോദരൻ ഉടനെ പറഞ്ഞു

“അതെങ്ങനെ ശരിയാകും? രാജകുമാരിയെ ഭൂതത്തിന്റെ കൈയിൽ നിന്നും രക്ഷപ്പെടുത്തിയത് ഞാനാണ്. അപ്പോൾ രാജകുമാരിയെ വിവാഹം കഴിക്കാനുള്ള അവകാശം എനിക്കുളതാണ്.”

ഉടൻതന്നെ മൂന്നാമത്തെ സഹോദരൻ പറഞ്ഞു

“ഞാനാണ് ആ ഭീമാകാരനായ ഭൂതത്തിനെ വധിച്ചത്. അപ്പോൾ രാജകുമാരിയെ വിവാഹം കഴിക്കാനുള്ള അവകാശം തീർച്ചയായും എനിക്ക് മാത്രമുള്ളതാണ്.”

അപ്പോഴേക്കും ഇതുകേട്ടുകൊണ്ടിരുന്ന നാലാമത്തെ സഹോദരൻ പറഞ്ഞു

“നിങ്ങൾ മൂന്നുപേരും പറഞ്ഞത് ശരിയാണ്. പക്ഷെ വെള്ളത്തിൽ മുങ്ങിത്താഴാൻ പോയ നിങ്ങളെയെല്ലാം രക്ഷിച്ചത് ഞാനാണ്. ഞാനില്ലായിരുന്നെങ്കിൽ തീർച്ചയായും നിങ്ങൾ ആരും തന്നെ ഇപ്പോൾ ജീവനോടെ ഉണ്ടായിരിക്കില്ല. അങ്ങനെ നോക്കുമ്പോൾ രാജകുമാരിയെ വിവാഹം കഴിക്കാൻ ഏറ്റവും അർഹൻ ഞാൻ തന്നെയാണ്.”

ഇപ്രകാരം നാലുപേരും കൂടി തർക്കമായി. ഒടുവിൽ എല്ലാം കേട്ടുകൊണ്ടിരുന്ന രാജാവ് പറഞ്ഞു

“രാജകുമാരിയുടെ കാര്യത്തിൽ നിങ്ങൾ നാലുപേർക്കും തുല്യ അവകാശമാണ്. അതുകൊണ്ടു തന്നെ നിങ്ങളിൽ ഒരാളെ തിരഞ്ഞെടുക്കുക എന്നതും പ്രയാസമാണ്. അതുകൊണ്ട് രാജകുമാരിയെ ആർക്കും വിവാഹം ചെയ്തു നൽകുന്നില്ല. പകരം രാജകുമാരിയെ രക്ഷിച്ചതിനുള്ള പ്രതിഫലമായി നിങ്ങൾക്ക് സമ്മതമാണെങ്കിൽ നാലുപേർക്കുമായി നാലു ചെറു രാജ്യങ്ങൾ നൽകാം.”

രാജാവിന്റെ വാക്കുകൾ കേട്ട സഹോദരങ്ങൾക്ക് ആ തീരുമാനം വളരെയധികം ഇഷ്ടപ്പെട്ടു. അവർ രാജാവിൽ നിന്നും നാലു ചെറു രാജ്യങ്ങളും വാങ്ങി ശിഷ്ടകാലം സന്തോഷത്തോടെ കഴിഞ്ഞു.

Discover More Malayalam Fairy Tales and Other Fascinating Stories

English Summary: Malayalam Fairy Tales – The Four Skillful Brothers
“The Four Skillful Brothers” is a German fairy tale that has been translated into the Malayalam language and featured on our site as part of the collection of Malayalam Fairy Tales. The story follows the journey of four brothers, each with their unique skill. As they embark on a quest to prove themselves, they encounter various obstacles and challenges that test their abilities. Along the way, they learn valuable lessons about the importance of teamwork and the power of determination. This classic fairy tale is a must-read for those interested in Malayalam Fairy Tales and the timeless themes they explore.”

Leave a Comment