വിജയനഗര സാമ്രാജ്യത്തിലെ രാജാവായ കൃഷ്ണദേവരായരുടെ സദസ്സിലെ കവിയും വിദൂഷകനുമായിരുന്നു തെനാലി രാമൻ. ഒരിക്കൽ അറേബ്യയിൽ നിന്നും ഒരു വ്യാപാരി കുറേ കുതിരകളുമായി വിജയനഗര സാമ്രാജ്യത്തിൽ എത്തിച്ചേർന്നു. കൊട്ടാരത്തിലുള്ളവർ ആ കുതിരകളെയെല്ലാം വാങ്ങി. ഇതു കണ്ട തെനാലി രാമൻ അവരോട് പറഞ്ഞു
“നിങ്ങൾ വാങ്ങിയ ഈ അറേബ്യൻ കുതിരകളെക്കാളും എന്തു കൊണ്ടും കേമന്മാരാണ് നമ്മുടെ രാജ്യത്തിലെ കുതിരകൾ.”
എന്നാൽ രാമൻ പറഞ്ഞത് അവർക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അവർ രാമനോട് പറഞ്ഞു.
“അല്ലയോ രാമാ അങ്ങു പറഞ്ഞതിനോട് യോജിക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ല. അറേബ്യൻ കുതിരകൾ തന്നെയാണ് കേമന്മാർ.”
ഇതു കേട്ടു കൊണ്ടിരുന്ന രാജാവ് തെനാലി രാമനോടും കൊട്ടാരത്തിലുള്ളവരോടുമായി ഇപ്രകാരം പറഞ്ഞു
“നിങ്ങൾ ഇങ്ങനെ പരസ്പരം തർക്കിക്കേണ്ട. നമുക്ക് ഒരു കാര്യം ചെയ്യാം. കൊട്ടാരത്തിൽ ഒരു കുതിരയോട്ട മത്സരം നടത്താം. അതിൽ നമ്മുടെ രാജ്യത്തിലെ കുതിരകളും അറേബ്യൻ കുതിരകളും മത്സരിക്കട്ടെ. ജയിക്കുന്ന കുതിര എവിടെയുള്ളതാണോ അതാണ് കേമൻ. മാത്രമല്ല ജയിക്കുന്ന കുതിരയുടെ ഉടമയ്ക്ക് ആയിരം സ്വർണനാണയവും സമ്മാനമായി നല്കുന്നതാണ്.”
രാജാവിന്റെ തീരുമാനം ഏവർക്കും സ്വീകാര്യമായിരുന്നു. എല്ലാവരും കുതിരയോട്ട മത്സരത്തിനായി കുതിരകളെ തയ്യാറെടുപ്പിച്ചു. കുതിരകൾക്കു നല്ല ആഹാരമെല്ലാം കൊടുത്തു അതിനെ ആരോഗ്യമുള്ളതും ശക്തനുമാക്കി മാറ്റി. മാത്രമല്ല കുതിരയെ ഓടിക്കുന്നതിനായി നല്ല പരിശീലനം ലഭിച്ച കുതിരയോട്ടക്കാരെയും വച്ചു. എന്നാൽ രാമനാകട്ടെ തന്റെ കുതിരയ്ക്കു ജീവിച്ചിരിക്കാൻ വേണ്ടുന്ന പുല്ലും വെള്ളവും മാത്രം നൽകി.
അങ്ങനെ കുതിരയോട്ട മത്സരത്തിന് തീരുമാനിച്ചിരുന്ന ദിവസവും എത്തി. എല്ലാവരും തങ്ങളുടെ കുതിരകളുമായി കൊട്ടാരത്തിൽ എത്തിച്ചേർന്നു. എല്ലാ കുതിരകളും തടിച്ചു കൊഴുത്തിരുന്നു. എന്നാൽ രാമന്റെ കുതിരയാകട്ടെ മെലിഞ്ഞതും ആരോഗ്യമില്ലാത്തതും ആയിരുന്നു. ഇതു കണ്ട മറ്റുള്ളവർ രാമനെ നോക്കി ചിരിക്കാൻ തുടങ്ങി.
മത്സരം ആരംഭിക്കാൻ സമയമായി. എല്ലാവരും ഓട്ടമത്സരത്തിനുള്ള കുതിരകളെ വരിവരിയായി നിർത്തി. കുതിരകളെ ഓടിക്കാൻ പരിശീലിപ്പിച്ച ആൾക്കാരെയും നിർത്തി. തെനാലിരാമൻ തന്റെ വിശന്നു വലഞ്ഞ കുതിരയെയും അവിടെ കൊണ്ടു നിർത്തി. എന്നിട്ടു എല്ലാവരോടുമായി പറഞ്ഞു
“എന്റെ കുതിരയെ ഞാൻ തന്നെയാണ് ഓടിക്കുന്നത്.”
ഇതു കേട്ട മറ്റുള്ളവർ അത്ഭുതപ്പെട്ടു. അവർ പരസ്പരം നോക്കി ചിരിക്കാൻ തുടങ്ങി. രാമൻ യാതൊരു ഭാവ ഭേദവുമില്ലാതെ കുതിരപ്പുറത്ത് കയറി. രാമന്റെ കൈയിൽ നീളമുള്ള ഒരു വടിയും അതിന്റെ അറ്റത്തു കുറച്ചു നല്ല പച്ച പുല്ലും കെട്ടി ഇട്ടിരുന്നു. ഇതെന്തിനാണെന്നു ആർക്കും തന്നെ മനസ്സിലായില്ല.
അങ്ങനെ മത്സരം ആരംഭിച്ചു. ഉടൻ തന്നെ രാമൻ തന്റെ കൈയിലിരുന്ന പുല്ലു കെട്ടിയ വടി കുതിരയുടെ മുന്നിലായിട്ടു വരുന്ന വിധം നീട്ടി പിടിച്ചു. വിശന്നു വലഞ്ഞ കുതിര നല്ല പച്ച പുല്ല് കണ്ടതും അത് കഴിക്കാനുള്ള ആർത്തിയിൽ മുന്നോട്ട് പാഞ്ഞു. എന്നാൽ കുതിര എത്ര ഓടിയിട്ടും അതിനു ആ പുല്ല് കിട്ടിയില്ല. എന്നാൽ പുല്ല് അതിന്റെ കൈയെത്തും ദൂരത്തു തന്നെയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കുതിര വീണ്ടും വീണ്ടും വേഗം കൂട്ടിക്കൊണ്ടേയിരുന്നു. ആഹാരത്തിനു വേണ്ടി ഓടിയ രാമന്റെ കുതിരയോടൊപ്പം എത്താൻ മറ്റു കുതിരകൾക്കൊന്നും തന്നെ ആയില്ല. അങ്ങനെ വളരെ വേഗത്തിൽ രാമന്റെ കുതിര ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു.
കുതിരയോട്ടത്തിൽ വിജയിച്ച തന്റെ കുതിരയ്ക്കു രാമൻ ആദ്യം തന്നെ വയറു നിറയുവോളം പുല്ലും വെള്ളവും നല്കി. ഇതു കണ്ട രാജാവ് തെനാലി രാമനോട് ചോദിച്ചു
“അല്ലയോ രാമാ, എങ്ങനെയാണ് ഇത്രയും ആരോഗ്യമുള്ള കുതിരകൾക്കൊപ്പം ഓടിയിട്ടു ആരോഗ്യമില്ലാത്ത നിന്റെ കുതിരയ്ക്ക് വിജയിക്കാൻ കഴിഞ്ഞത് ?”
രാമൻ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു
“അല്ലയോ രാജാവേ, മറ്റു കുതിരകൾ ജയിക്കുന്നതിനു വേണ്ടിയാണ് ഓടിയതെങ്കിൽ എന്റെ കുതിര ആഹാരത്തിനു വേണ്ടിയാണ് ഓടിയത്. ഞാൻ ഒരിക്കലും എന്റെ കുതിരയ്ക്ക് വയറു നിറയുവോളം ഭക്ഷണം നൽകിയിരുന്നില്ല. അതുകൊണ്ടു തന്നെ കുതിരക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നു. കൂടാതെ പുല്ല് കണ്ടതും അതിന്റെ വിശപ്പ് ഇരട്ടിയായി. കുതിര അതിവേഗം തന്നെ ഓടി. അങ്ങനെയാണ് എന്റെ കുതിരയ്ക്ക് വിജയിക്കാൻ കഴിഞ്ഞത്.”
മറുപടി കേട്ട രാജാവിന് രാമൻ കുതിരയോട്ടത്തിൽ വിജയിച്ചതിന്റെ രഹസ്യം മനസിലായി. ജയിക്കുന്നതിനായി രാമൻ പ്രയോഗിച്ച സൂത്രം രാജാവിന് വളരെയധികം ഇഷ്ടപ്പെട്ടു. രാജാവ് പിന്നെ ഒട്ടും വൈകാതെ തന്നെ രാമനു അർഹതപ്പെട്ട സമ്മാനവും നൽകി.
Enjoyed the Tenali Raman Story in Malayalam? Explore More Stories Now!
- നൃത്തം ചെയ്യുന്ന പന്ത്രണ്ട് രാജകുമാരിമാർ
- ആനയുടെ തുമ്പിക്കൈയുടെ രഹസ്യം
- ആമയും മുയലും
- ആലീസും കരടികളും
- ജിറാഫിന്റെ നൃത്തം
English Summary: Tenali Raman Story In Malayalam | Tenali Raman The Horse Trainer
Tenali Raman The Horse Trainer is a popular story about the intelligence and wit of Tenali Raman, a court jester of King Krishnadevaraya. In this story, Raman proves that Vijayanagara’s horses are superior to the horses from Arabia by uniquely winning a horse race.