പണ്ടു പണ്ടൊരിടത്ത് മൂന്ന് പന്നിക്കുട്ടികളുണ്ടായിരുന്നു. അവർ മൂവരും നല്ല സുഹൃത്തുക്കളായിരുന്നു. ഒരിക്കൽ അവർ യാത്ര ചെയ്തു മനോഹരമായ ഒരു കുന്നിൻചരുവിലെത്തി. ആ സ്ഥലത്തിന്റെ ഭംഗി കണ്ടപ്പോൾ അവർക്ക് അവിടെ കുറച്ചു ദിവസം താമസിക്കാൻ തോന്നി. എന്നാൽ അവിടെ ദുഷ്ടനായ ഒരു ചെന്നായയും താമസിച്ചിരുന്നു. ഇതറിയാതെ പന്നിക്കുട്ടികൾ വീട് പണിയാൻ ആരംഭിച്ചു. മൂന്ന് പന്നിക്കുട്ടികളും വ്യത്യസ്ത സ്വഭാവക്കാരായിരുന്നു. അതുകൊണ്ടു തന്നെ മൂന്നു പേരും മൂന്ന് വ്യത്യസ്തങ്ങളായ വീടാണ് പണിതത്. ആദ്യത്തെ രണ്ടു പന്നിക്കുട്ടികൾക്കും കളികളിലായിരുന്നു താൽപര്യം. എന്നാൽ മൂന്നാമത്തെ പന്നിക്കുട്ടി കഠിനാധ്വാനിയായിരുന്നു.
ആദ്യത്തെ പന്നിക്കുട്ടി കുന്നിന്റെ മുകളിൽ ചുറ്റും കണ്ട കുറച്ചു പുല്ലുകൾ ശേഖരിച്ച് അതുകൊണ്ട് വീട് പണിതു. അതുകണ്ട മറ്റ് പന്നിക്കുട്ടികൾ പറഞ്ഞു
“പുല്ലു കൊണ്ടുള്ള വീടിനു ബലം കുറവായിരിക്കും. അതിൽ താമസിച്ചാൽ സുരക്ഷിതം ആയിരിക്കില്ല.”
എന്നാൽ അവനതു കാര്യമായി എടുത്തില്ല. മറ്റു രണ്ടു പന്നിക്കുട്ടികളും വീടുണ്ടാക്കിയപ്പോൾ അവൻ കളിക്കാൻ തുടങ്ങി.
രണ്ടാമത്തെ പന്നിക്കുട്ടി അടുത്തുള്ള മുളങ്കാട്ടിൽ പോയി അവിടെനിന്നും മുളങ്കമ്പുകൾ ശേഖരിച്ചു കൊണ്ടുവന്നു. മുളങ്കമ്പുകൊണ്ട് വീട് പണിയാൻ തുടങ്ങി. ആദ്യത്തെ പന്നിക്കുട്ടിയെക്കാൾ സമയമെടുത്തായിരുന്നു രണ്ടാമത്തെ പന്നിക്കുട്ടി വീട് പണിതത്. എന്നാൽ ആ വീടിനും വേണ്ടത്ര ഉറപ്പുണ്ടായിരുന്നില്ല. ഇതുകണ്ട മൂന്നാമത്തെ പന്നിക്കുട്ടി പറഞ്ഞു
“ഈ വീടിനും ബലം കുറവാണ്. അതുകൊണ്ടു തന്നെ ഇതിലെ താമസവും സുരക്ഷിതമായിരിക്കുകയില്ല.”
എന്നാൽ അവന്റെ വാക്കുകൾക്ക് ആ പന്നിക്കുട്ടി വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല.
രണ്ടു പന്നികളും വീടുപണി പൂർത്തിയാക്കി പലതരം കളികളിൽ മുഴുകിയപ്പോഴും മൂന്നാമത്തെ പന്നിക്കുട്ടി തന്റെ വീടിന്റെ പണിപ്പുരയിലായിരുന്നു. അവൻ തന്റെ വീട് പണിതത് കല്ലുകൾ കൊണ്ടായിരുന്നു. ദിവസങ്ങളെടുത്തായിരുന്നു അവൻ ഉറപ്പുള്ള തന്റെ വീടുപണി പൂർത്തിയാക്കിയത്. മൂന്നാമത്തെ പന്നിയും വീടുപണി പൂർത്തിയാക്കിയതോടെ മൂന്നുപേരും ഒരുമിച്ചു കളിച്ചുല്ലസിച്ച് ആ കുന്നിൻചരുവിൽ കഴിഞ്ഞു.
അങ്ങനെയിരിക്കെ ആ കുന്നിൻചരുവിലൂടെ പോയ ചെന്നായ മൂന്ന് പന്നിക്കുട്ടികളും കളിക്കുന്നത് കാണാനിടയായി. പന്നികളെ കണ്ടപ്പോൾ ചെന്നായ കരുതി
“നല്ല തടിച്ചു കൊഴുത്ത പന്നികൾ. ഈ മൂന്നു പന്നികളെയും കിട്ടിയാൽ പിന്നെ കുറച്ചു ദിവസത്തേക്ക് ആഹാരം തേടി അലയേണ്ടി വരുകയില്ല.”
ചെന്നായ ഉടൻ തന്നെ പന്നിക്കുട്ടികളുടെ നേർക്കു ചാടിവീണു. ചെന്നായയെ കണ്ടു ഭയന്നുവിറച്ച പന്നിക്കുട്ടികൾ അവരവരുടെ വീടുകളിലേക്ക് ഓടികയറി വാതിലടച്ചു.
ചെന്നായ ആദ്യം പോയത് പുല്ലു കൊണ്ട് മേഞ്ഞ പന്നിയുടെ വീട്ടിലേക്കായിരുന്നു. അവിടെ ചെന്ന് വാതിൽ മുട്ടി. ഭയന്നുവിറച്ച പന്നിക്കുട്ടി തന്റെ വീട് സുരക്ഷിതമായിരിക്കും എന്നു കരുതി വീട്ടിനകത്ത് ഒളിച്ചിരുന്നു. എന്നാൽ ചെന്നായ അധികം പ്രയാസം ഒന്നും കൂടാതെ തന്നെ ആ വീട് തകർത്തു അകത്തുകയറി. ഭയന്നുവിറച്ച ആ പന്നിക്കുട്ടി രണ്ടാമത്തെ പന്നിക്കുട്ടിയുടെ മുള കൊണ്ടുണ്ടാക്കിയ വീട്ടിൽ അഭയം തേടി. എന്നാൽ ചെന്നായ അവിടേക്ക് പാഞ്ഞു.
രണ്ട് പന്നിക്കുട്ടികളും മുള കൊണ്ടുണ്ടാക്കിയ വീട്ടിൽ സുരക്ഷിതരാണെന്ന് കരുതി. ചെന്നായ ആ വീടിന്റെ വാതിലിൽ മുട്ടി. തുടർന്ന് ആ വീടും തകർത്തു. ഭയന്നുവിറച്ച രണ്ട് പന്നിക്കുട്ടികളും കൂടി മൂന്നാമത്തെ പന്നിയുടെ വീട്ടിൽ അഭയം തേടി. മൂന്ന് പന്നികളും കൂടി ഭയന്നു വിറച്ച് ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച വീട്ടിൽ ഇരുന്നു. അവിടെയും എത്തിയ ചെന്നായ വാതിലിൽ മുട്ടി. തുടർന്ന് വീട് തകർക്കാനുള്ള ശ്രമവും തുടങ്ങി. എന്നാൽ ചെന്നായയ്ക്ക് ആ വീട് തകർക്കാൻ കഴിഞ്ഞില്ല. പല തവണ ശ്രമിച്ചിട്ടും നടക്കാത്തതിനെ തുടർന്ന് ചെന്നായ വീടിനു ചുറ്റും നടന്നു നോക്കി. അപ്പോഴാണ് വീടിന്റെ ചിമ്മിനി ചെന്നായയുടെ ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ ഒന്നും ചിന്തിക്കാതെ ചെന്നായ ചിമ്മിനി വഴി വീടിനകത്തേക്ക് കയറാൻ ശ്രമിച്ചു. എന്നാൽ ചിമ്മിനി വഴി ഇറങ്ങിയ ചെന്നായ അടുപ്പിൽ തിളച്ചു കൊണ്ടിരുന്ന വെള്ളത്തിൽ വീണു. തിളച്ച വെള്ളം ദേഹത്തു വീണപ്പോൾ അത് ജീവനും കൊണ്ടോടി.
ചെന്നായ പോയി കഴിഞ്ഞപ്പോൾ മറ്റു രണ്ടു പന്നികളും കൂടി മൂന്നാമത്തെ പന്നിയോട് പറഞ്ഞു
“സുഹൃത്തേ, ഞങ്ങളോട് ക്ഷമിക്കൂ. വീടു പണിതപ്പോൾ ഞങ്ങൾ നിന്റെ വാക്കു കേട്ടില്ല. എങ്ങനെയും വീട് പണി തീർത്ത് കളിക്കാനായിരുന്നു ഞങ്ങൾക്ക് താല്പര്യം. നീ അപ്പോഴും കഷ്ടപ്പെട്ട് ഉറപ്പുള്ള ഈ വീട് പണിതു. അതുകൊണ്ടാണ് നമുക്ക് മൂന്നു പേർക്കും നമ്മുടെ ജീവൻ തിരിച്ചു കിട്ടിയത്. ഇനി ഒരിക്കലും ഞങ്ങൾ മടിയന്മാരാകില്ല. ഞങ്ങൾക്ക് നിന്റെ വീട്ടിൽ അഭയം തന്നതിന് നന്ദി.”
അങ്ങനെ മൂന്ന് പന്നികളും സന്തോഷത്തോടെ വളരെക്കാലം അവിടെ കഴിഞ്ഞു. പിന്നെ ഒരിക്കലും ചെന്നായ പന്നിക്കുട്ടൻമാരുടെ വീടിന്റെ പരിസരത്തു പോലും പോയില്ല.
ഗുണപാഠം
കഠിനാധ്വാനത്താൽ നമ്മൾ ചെയ്യുന്ന ഒരു പ്രവൃത്തിയും വെറുതെയാകില്ല.
Enjoyed The Kids Story Malayalam? Read More
- സത്യസന്ധനായ മരംവെട്ടുകാരൻ
- ആനയും തയ്യൽക്കാരനും
- സൂത്രശാലിയായ കുറുക്കൻ
- തെനാലിരാമനും വഴിയാത്രക്കാരനും
- പുലി വരുന്നേ പുലി
English Summary: The Three Little Pigs, Kids story Malayalam