ഒരിടത്തൊരിടത്ത് മൂന്ന് പന്നിക്കുട്ടികളുണ്ടായിരുന്നു. അവർ നല്ല സുഹൃത്തുക്കളായിരുന്നു. ഒരിക്കൽ അവർ യാത്ര ചെയ്തു മനോഹരമായ ഒരു കുന്നിൻചരുവിലെത്തി. ആ സ്ഥലത്തിൻ്റെ ഭംഗി കണ്ടപ്പോൾ അവർക്ക് അവിടെ കുറച്ചു ദിവസം താമസിക്കാൻ തോന്നി. എന്നാൽ അവിടെ ദുഷ്ടനായ ഒരു ചെന്നായയും താമസിച്ചിരുന്നു. ഇതറിയാതെ പന്നിക്കുട്ടികൾ വീട് പണിയാൻ ആരംഭിച്ചു. മൂന്ന് പന്നിക്കുട്ടികളും വ്യത്യസ്ത സ്വഭാവക്കാരായിരുന്നു. അതുകൊണ്ടുതന്നെ മൂന്നുപേരും മൂന്ന് വ്യത്യസ്തങ്ങളായ വീടാണ് പണിതത്. ആദ്യത്തെ രണ്ടു പന്നിക്കുട്ടികൾക്കും കളികളിലായിരുന്നു താൽപര്യം. എന്നാൽ മൂന്നാമത്തെ പന്നിക്കുട്ടി കഠിനാധ്വാനിയായിരുന്നു.
ആദ്യത്തെ പന്നിക്കുട്ടി കുന്നിൻ്റെ മുകളിൽ ചുറ്റുംകണ്ട കുറച്ചു പുല്ലുകൾ ശേഖരിച്ച് അതുകൊണ്ട് വീട് പണിതു. അതുകണ്ട മറ്റ് പന്നിക്കുട്ടികൾ പറഞ്ഞു “വീടിന് ബലമില്ല സുരക്ഷിതവുമല്ല.”
എന്നാൽ അവനതു കാര്യമായി എടുത്തില്ല. മറ്റു രണ്ടു പന്നിക്കുട്ടികളും വീടുണ്ടാക്കിയപ്പോൾ അവൻ കളിക്കാൻ തുടങ്ങി.
രണ്ടാമത്തെ പന്നിക്കുട്ടി അടുത്തുള്ള മുളങ്കാട്ടിൽ പോയി അവിടെനിന്നും മുളങ്കമ്പുകൾ ശേഖരിച്ചു കൊണ്ടുവന്നു. മുളങ്കമ്പുകൊണ്ട് വീട് പണിയാൻ തുടങ്ങി. ആദ്യത്തെ പന്നിക്കുട്ടിയെക്കാൾ സമയമെടുത്തായിരുന്നു രണ്ടാമത്തെ പന്നിക്കുട്ടി വീട് പണിതത്. എന്നാൽ ആ വീടിനും വേണ്ടത്ര ഉറപ്പുണ്ടായിരുന്നില്ല. ഇതുകണ്ട മൂന്നാമത്തെ പന്നിക്കുട്ടി പറഞ്ഞു
“ഈ വീടിനും ബലം കുറവാണ്, സുരക്ഷിതവുമല്ല.”
എന്നാൽ അവൻ്റെ വാക്കുകൾക്ക് ആ പന്നിക്കുട്ടി വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല.
രണ്ടു പന്നികളും വീടുപണി പൂർത്തിയാക്കി പലതരം കളികളിൽ മുഴുകിയപ്പോഴും മൂന്നാമത്തെ പന്നിക്കുട്ടി തൻ്റെ വീടിൻ്റെ പണിപ്പുരയിലായിരുന്നു. അവൻ തൻ്റെ വീട് പണിതത് കല്ലുകൾകൊണ്ടായിരുന്നു. ദിവസങ്ങളെടുത്തായിരുന്നു അവൻ ഉറപ്പുള്ള തൻ്റെ വീടുപണി പൂർത്തിയാക്കിയത്. മൂന്നാമത്തെ പന്നിയും വീടുപണി പൂർത്തിയാക്കിയതോടെ മൂന്നുപേരും ഒരുമിച്ചു കളിച്ചുല്ലസിച്ച് ആ കുന്നിൻചരുവിൽ കഴിഞ്ഞു.
അങ്ങനെയിരിക്കെ ആ കുന്നിൻചരുവിലൂടെ പോയ ചെന്നായ മൂന്ന് പന്നിക്കുട്ടികളും കളിക്കുന്നത് കാണാനിടയായി. പന്നികളെ കണ്ടപ്പോൾ ചെന്നായ കരുതി
“എങ്ങനെയും ഇതിനെ ഇന്ന് ഭക്ഷണമാക്കണം.”
അതിനായി ചെന്നായ പന്നിക്കുട്ടികളുടെ നേർക്കു ചാടിവീണു. ചെന്നായയെ കണ്ടു ഭയന്നുവിറച്ച പന്നിക്കുട്ടികൾ അവരവരുടെ വീടുകളിലേക്ക് ഓടികയറി വാതിലടച്ചു.
ചെന്നായ ആദ്യം പോയത് പുല്ലുകൊണ്ട് മേഞ്ഞ പന്നിയുടെ വീട്ടിലേക്കായിരുന്നു. അവിടെ ചെന്ന് വാതിൽ മുട്ടി. ഭയന്നുവിറച്ച പന്നിക്കുട്ടി തൻ്റെ വീട് സുരക്ഷിതമായിരിക്കും എന്നു കരുതി വീട്ടിനകത്ത് ഒളിച്ചിരുന്നു. എന്നാൽ ചെന്നായ അധികം പ്രയാസം ഒന്നും കൂടാതെ തന്നെ ആ വീട് തകർത്തു അകത്തുകയറി. ഭയന്നുവിറച്ച ആ പന്നിക്കുട്ടി രണ്ടാമത്തെ പന്നിക്കുട്ടിയുടെ മുളകൊണ്ടുണ്ടാക്കിയ വീട്ടിൽ അഭയംതേടി. എന്നാൽ ചെന്നായ അവിടേക്ക് പാഞ്ഞു.
രണ്ട് പന്നിക്കുട്ടികളും മുളകൊണ്ടുണ്ടാക്കിയ വീട്ടിൽ സുരക്ഷിതരാണെന്ന് കരുതി. ചെന്നായ ആ വീടിൻ്റെ വാതിലിൽ മുട്ടി. തുടർന്ന് ആ വീടും തകർത്തു. ഭയന്നുവിറച്ച രണ്ട് പന്നിക്കുട്ടികളും കൂടി മൂന്നാമത്തെ പന്നിയുടെ വീട്ടിൽ അഭയം തേടി. മൂന്ന് പന്നികളും കൂടി ഭയന്നുവിറച്ച് ഇഷ്ടികകൾകൊണ്ട് നിർമ്മിച്ച വീട്ടിൽ ഇരുന്നു. അവിടെയും എത്തിയ ചെന്നായ വാതിലിൽ മുട്ടി. തുടർന്ന് വീട് തകർക്കാനുള്ള ശ്രമം തുടങ്ങി. എന്നാൽ ചെന്നായയ്ക്ക് ആ വീട് തകർക്കാൻ കഴിഞ്ഞില്ല. പലതവണ ശ്രമിച്ചിട്ടും നടക്കാത്തതിനെ തുടർന്ന് ചെന്നായ വീടിനു ചുറ്റും നടന്നു നോക്കി. അപ്പോഴാണ് വീടിൻ്റെ ചിമ്മിനി ചെന്നായയുടെ ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ ഒന്നും ചിന്തിക്കാതെ ചെന്നായ ചിമ്മിനി വഴി വീടിനകത്ത് കയറാൻ ശ്രമിച്ചു. എന്നാൽ ചിമ്മിനി വഴി ഇറങ്ങിയ ചെന്നായ അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന വെള്ളത്തിൽ വീണു. തിളച്ച വെള്ളം ദേഹത്തു വീണപ്പോൾ അത് ജീവനും കൊണ്ടോടി. പിന്നെ ഒരിക്കലും ചെന്നായ പന്നിക്കുട്ടൻമാരുടെ വീടിൻ്റെ പരിസരത്തു പോലും പോയില്ല.
ഗുണപാഠം
കഠിനാധ്വാനത്താൽ നമ്മൾ ചെയ്യുന്ന ഒരു പ്രവൃത്തിയും വെറുതെയാകില്ല.
Enjoyed The Kids Story Malayalam? Read More
English Summary: The Three Little Pigs, Kids story Malayalam