വിരൂപനായ താറാവ്

Fairy Tales

ഒരിടത്തൊരു മനോഹരമായ കാടുണ്ടായിരുന്നു. ആ കാട്ടിലെ തടാകത്തിലായിരുന്നു അവിടെയുള്ള താറാവുകളെല്ലാം പാർത്തിരുന്നത്. ആ താറാവ് കൂട്ടത്തിൽ സുന്ദരിയായ ഒരു താറാവ് ഉണ്ടായിരുന്നു. സുന്ദരി താറാവിന് നാലു കുഞ്ഞുങ്ങളായിരുന്നു. ഈ നാല് താറാവ് കുഞ്ഞുങ്ങളിൽ മൂന്ന് താറാവ് കുട്ടികളും ഭംഗിയുള്ളവരായിരുന്നെങ്കിലും നാലാമത്തെ താറാവ് കുഞ്ഞു മാത്രം വിരൂപനായിരുന്നു. അതുകൊണ്ടുതന്നെ മൂന്നു താറാവ് കുഞ്ഞുങ്ങളും നാലാമത്തെ താറാവ് കുഞ്ഞിനെ കളിയാക്കുകയും ഒഴുവാക്കുകയും ചെയ്തു. കൂട്ടത്തിലെ മറ്റു താറാവുകളും അവനെ അവഗണിച്ചു. അവനോടൊപ്പം കളിക്കാനോ സമയം ചിലവഴിക്കാനോ ആരുമുണ്ടായിരുന്നില്ല. അവനെ സ്നേഹിക്കാൻ അവൻ്റെ അമ്മ താറാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മ താറാവ് പലതരത്തിലും മകനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അതെല്ലാം വിഫലമായി. 

ഒരു ദിവസം വിരൂപനായ കുഞ്ഞു താറാവ് വെള്ളത്തിൽ തൻ്റെ പ്രതിബിംബം കണ്ടു. അവൻ്റെ വിരൂപരൂപം കണ്ട്  അവൻ വളരെയധികം വിഷമിച്ചു.  അവനോട് തന്നെ വെറുപ്പും തോന്നി.  അവനിപ്രകാരം വിലപിച്ചു.

“എന്നെ ആരും ഇഷ്ടപ്പെടാത്തതിനു കാരണം ഞാൻ വിരൂപനായതുകൊണ്ടാണ്. വിരൂപനായ എന്നോട് അമ്മ ഒഴികെ മറ്റാരും സംസാരിക്കുകയോ കളിക്കുകയോ ചെയ്യുന്നില്ല.”

 ദുഃഖം സഹിക്കാനാവാതെ തൻ്റെ വീട് വിട്ടു പോകാൻ കുഞ്ഞു താറാവ് തീരുമാനിച്ചു. വിരൂപനായ തന്നെ സ്നേഹിക്കുന്ന ഒരിടം കണ്ടെത്തുകയായിരുന്നു അവൻ്റെ ലക്ഷ്യം.

അങ്ങനെ അവൻ തൻ്റെ വീട്ടിൽ നിന്നും ദൂരെ മറ്റൊരു കാട്ടിൽ എത്തിച്ചേർന്നു. ആ കാട്ടിൽ അവനു താമസിക്കാൻ പറ്റിയ ഒരിടം അന്വേഷിച്ചു. അപ്പോഴാണ് ഒരു മുത്തശ്ശിയുടെ വീട് കുഞ്ഞു താറാവിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. അവൻ മുത്തശ്ശിയുടെ വീട്ടിലേക്ക് പോയി. ആ വീട്ടിൽ മുത്തശ്ശിയോടൊപ്പം ഒരു പൂച്ചയും കോഴിയും കൂടി  ഉണ്ടായിരുന്നു. അവിടെ അവരോടൊപ്പം കുഞ്ഞു താറാവും താമസം തുടങ്ങി.എന്നാൽ അവിടെയും അവൻ സന്തോഷവാനായില്ല. പൂച്ചയോ കൊഴിയോ ഒരിക്കലും അവനോട് സ്നേഹത്തോടെ പെരുമാറിയിരുന്നില്ല. സമയം കിട്ടുമ്പോഴെല്ലാം അവർ വിരൂപനായ താറാവ് കുഞ്ഞിനെ പരിഹസിച്ചു. അവിടെനിന്നും നിരന്തരം പരിഹാസ്യനായ ആ താറാവ് മുത്തശ്ശിയുടെ വീട്ടിൽ നിന്നും രാത്രി ആരുമറിയാതെ പുറപ്പെട്ടു. 

മുത്തശ്ശിയുടെ വീട്ടിൽ നിന്നും കുഞ്ഞു താറാവ് എത്തപ്പെട്ടത് ഒരു കുറ്റിക്കാട്ടിലായിരുന്നു. അവിടെ ആരുടേയും കണ്ണിൽപ്പെടാതെ അവൻ ദിവസങ്ങളോളം കഴിഞ്ഞു. പകൽ മുഴുവൻ അവിടത്തെ കുളത്തിൽ നീന്തിത്തുടിച്ചു. അവൻ ഒറ്റയ്ക്കായിരുന്നെങ്കിലും അവിടെ സന്തോഷവാനായിരുന്നു. 

“ഇവിടെ വിരൂപനായതിൻ്റെ പേരിൽ എന്നെ പരിഹസിക്കാനോ കുറ്റം പറയാനോ ആരുമില്ല”  താറാവ് സ്വയം പറഞ്ഞു.

അങ്ങനെയിരിക്കെ ഒരു കർഷകൻ താറാവിനെ കാണാനിടയായി. അയാൾ താറാവിനെ തൻ്റെ വീട്ടിലേക്ക് കൊണ്ടുപോയി.

എന്നാൽ വിരൂപനായതുകൊണ്ടുതന്നെ കർഷകൻ്റെ കുട്ടികൾ കുഞ്ഞു താറാവിനെ ഇഷ്ടപ്പെട്ടിരുന്നില്ല. അവർ താറാവിനെ പതിവായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. അവിടുത്തെ ജീവിതവും ബുദ്ധിമുട്ട് നിറഞ്ഞതായപ്പോൾ കുഞ്ഞു താറാവ് രാത്രിയിൽ ആരുമറിയാതെ അവിടെ നിന്നും രക്ഷപ്പെട്ടു. ഒരു ചതുപ്പ് നിലത്തിൽ എത്തിച്ചേർന്നു. ശൈത്യകാലത്ത് കൊടുംതണുപ്പിലും അവൻ അവിടെ കഴിഞ്ഞു. 

ശൈത്യകാലം കഴിഞ്ഞ് വസന്തകാലമായപ്പോഴേക്കും അവന് വളരെയധികം സന്തോഷമായി. തനിക്ക് ഇഷ്ടം പോലെ കുളത്തിൽ നീന്താമല്ലോ. അപ്പോഴാണ് കുളത്തിൽ ഭംഗിയുള്ള അരയന്നങ്ങൾ നീന്തുന്നത് അവൻ്റെ ശ്രദ്ധയിൽപ്പെട്ടത്. വളരെ ഭംഗിയുള്ള അരയന്നങ്ങളെ കണ്ടപ്പോൾ അവൻ വളരെയധികം വിഷമിച്ചു. വിരൂപനായ തന്നെ അവർ കളിയാക്കിയേക്കുമെന്ന് അവൻ ഭയന്നു. ചിലപ്പോൾ അവർ തന്നെ സ്നേഹിച്ചാലോ എന്ന് കരുതി മടിയോടെ അവൻ കുളത്തിനടുത്തേക്ക് പോയി. കുളത്തിലെ തൻ്റെ പ്രതിബിംബം കണ്ടവൻ ഞെട്ടി പോയി. അവൻ വളരെയധികം സുന്ദരനായ ഒരു അരയന്നം ആയിരിക്കുന്നു. അപ്പോഴാണ് അവന് മനസ്സിലായത് ചെറുപ്പത്തിൽ താൻ മറ്റു താറാവ് കുഞ്ഞുങ്ങളിൽൽ നിന്നും വ്യത്യസ്തനാകാനുള്ള കാരണം. താൻ ഒരു അരയന്നം ആയിരുന്നു, താറാവായിരുന്നില്ല.  അവൻ വളരെ സന്തോഷത്തോടെ ആ അരയന്നങ്ങളുടെ അടുത്തേക്ക് പോയി. അവർ അവനെ തങ്ങളുടെ കൂട്ടത്തിൽ കൂട്ടുകയും അവനോടൊന്നിച്ച് കളിക്കുകയും ചെയ്തു. വിരൂപനായതിൻ്റെ പേരിൽ തൻ്റെ സഹോദരങ്ങൾ ഉൾപ്പെടെ തന്നെ പരിഹസിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്ത താറാവ് ഇന്ന് എല്ലാവരും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു സുന്ദരനായ അരയന്നമായി മാറിയിരിക്കുന്നു.

ഗുണപാഠം

സൗന്ദര്യത്തിൻ്റെ പേരിൽ നാം ആരെയും പരിഹസിക്കാനോ വിലയിരുത്താനോ പാടില്ല.

Enjoyed The Kids Moral Story? Read More

English Summary: The Ugly Duckling, Kids moral story

Leave a Comment

4 Comments on വിരൂപനായ താറാവ്