അമ്മക്കിളിയെ തേടി

Grandma Stories

പണ്ടു പണ്ടൊരിടത്ത് ഒരു ഗ്രാമത്തിൽ ഒരു മുത്തശ്ശിയമ്മ ജീവിച്ചിരുന്നു. ഒരു ചെറിയ വീട്ടിൽ മുത്തശ്ശിയമ്മ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. മുത്തശ്ശിയുടെ വീടിനോട് ചേർന്നുള്ള പറമ്പിൽ ഒരു ചക്കരമാവുണ്ടായിരുന്നു.  അങ്ങനെയിരിക്കെ ഒരു ദിവസം ഈ ചക്കരമാവിൻ്റെ കൊമ്പത്ത് ഒരു കിളി മനോഹരമായ കൂടുണ്ടാക്കി അവിടെ താമസവും തുടങ്ങി. ആ കിളി തനിച്ചായിരുന്നു  കൂട്ടിൽ കഴിഞ്ഞിരുന്നത്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കിളി മുട്ടയിട്ട് കൂട്ടിൽ അടയിരിക്കാൻ തുടങ്ങി. ആ കിളി തനിക്കാവശ്യമായ ധാന്യമണികളും കരുതിവച്ചിട്ടായിരുന്നു അടയിരിക്കാൻ തുടങ്ങിയത്. 

ദിവസങ്ങൾ കടന്നു പോയി. എന്നാൽ പ്രതീക്ഷിച്ച ദിവസങ്ങൾ കഴിഞ്ഞിട്ടും മുട്ട വിരിഞ്ഞില്ല. അവൾ ശേഖരിച്ച് വച്ചിരുന്ന ധാന്യമണികളെല്ലാം തീർന്നു. കിളിയ്ക്ക്  വിശപ്പ് സഹിക്കാനായില്ല. അവൾ കരുതി

“വിശപ്പ് സഹിക്കാനാവുന്നില്ല. മുട്ട വിരിയാൻ ചിലപ്പോൾ ഇനിയും ദിവസങ്ങളെടുത്തേക്കാം. അതുവരെ എന്തായാലും വിശന്നിരിക്കാൻ കഴിയുകയില്ല. ഒരു കാര്യം ചെയ്യാം. പെട്ടെന്ന് പോയി എവിടെ നിന്നെങ്കിലും കുറിച്ച് ധാന്യമണികളും ശേഖരിച്ച് മടങ്ങാം.”

ഇതും പറഞ്ഞ് ആ കിളി കൂട്ടിൽ നിന്നും പറന്നുയർന്നു. എന്നാൽ കിളി പോയി കുറച്ചു കഴിഞ്ഞപ്പോഴേക്കും മുട്ടയിൽ ചെറിയൊരു അനക്കം ഉണ്ടായി. ആ മുട്ട പൊട്ടാൻ തുടങ്ങി. അതിൽനിന്നും ഒരു സുന്ദരിയായ കുഞ്ഞിക്കിളി പുറത്തുവന്നു. തൻ്റെ അമ്മക്കിളിയെ പ്രതീക്ഷിച്ചു ചുറ്റും തിരഞ്ഞ അവൾ അവിടെയെങ്ങും അമ്മയെ കണ്ടില്ല. കുഞ്ഞിക്കിളിക്ക് വിഷമമായി. അമ്മ പുറത്തെങ്ങോ പോയതാണെന്ന് മനസിലാക്കിയ കുഞ്ഞിക്കിളിക്ക് അമ്മ വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാൻ കഴിഞ്ഞില്ല. അവൾ തൻ്റെ അമ്മയെ അന്വേഷിച്ചു പോകാൻ തന്നെ തീരുമാനിച്ചു.

കുഞ്ഞിക്കിളി തൻ്റെ കുഞ്ഞു ചിറകുകൾ കൊണ്ട് പറക്കാൻ തുടങ്ങി. എന്നാൽ കുഞ്ഞിക്കിളിയുടെ  ചിറകുകൾക്ക് അതിനുള്ള ശക്തി ഉണ്ടായിരുന്നില്ല. അവൾ ഉരുണ്ടു താഴെവീണു. വീണെഴുന്നേറ്റ കുഞ്ഞിക്കിളി പിന്മാറാൻ തയ്യാറായില്ല. അവൾ തൻ്റെ അമ്മയെ അന്വേഷിച്ചു നടന്നു. 

അങ്ങനെ നടന്ന് കുഞ്ഞിക്കിളി ആദ്യം കണ്ടത് ഒരു പശുവിനെ ആയിരുന്നു. പശുവിനെ കണ്ടതും കുഞ്ഞിക്കിളിക്ക് സംശയം.

“ഇതായിരിക്കുമോ തൻ്റെ അമ്മ.”

അവൾ പശുവിനോട് ചോദിച്ചു.

“നിങ്ങളാണോ എൻ്റെ അമ്മ?”

ഇതുകേട്ട പശു കുഞ്ഞിക്കിളിയെ ഒന്നു നോക്കി. എന്നിട്ട് പറഞ്ഞു.

“ഞാനൊരു പശുവാണ്. നിൻ്റെ അമ്മയല്ല. ഞാൻ നിനക്ക് വേണമെങ്കിൽ കുടിക്കാനായി കുറച്ച് പാൽ തരാം.”

ഇതുകേട്ട കുഞ്ഞിക്കിളി പറഞ്ഞു.

“എനിക്ക് പാലൊന്നും വേണ്ട. ഞാനെൻ്റെ അമ്മയെ അന്വേഷിച്ചു വന്നതാണ്. എനിക്ക് എത്രയും വേഗം എൻ്റെ അമ്മയെ കണ്ടെത്തണം.” 

ഇതും പറഞ്ഞ് കുഞ്ഞിക്കിളി പശുവിനോട് യാത്ര ചോദിച്ചു അവിടെ നിന്നും പോയി.

അടുത്തതായി കുഞ്ഞിക്കിളി കണ്ടത് പുല്ലു തിന്നുകൊണ്ടിരിക്കുന്ന ഒരു ആടിനെയാണ്. ആടിനെ കണ്ടതും കുഞ്ഞിക്കിളി ചോദിച്ചു.

“നിങ്ങളെൻ്റെ അമ്മയാണോ?”

ഇതുകേട്ട ആട് ഉടനെ കുഞ്ഞിക്കിളിയോട് പറഞ്ഞു.

“ഞാൻ നിൻ്റെ അമ്മയല്ല. ഞാനൊരു ആടാണ്. പക്ഷേ നിനക്ക് വേണമെങ്കിൽ ഞാൻ കുറച്ച് നല്ല പച്ച പുല്ല് തരാം.”

ഇത് കേട്ടതും കുഞ്ഞിക്കിളി പറഞ്ഞു.

“എനിക്കിപ്പോൾ പുല്ലൊന്നും വേണ്ട. എനിക്ക് എത്രയും വേഗം എൻ്റെ അമ്മയെ കണ്ടെത്തണം.”

ഇതും പറഞ്ഞു കുഞ്ഞിക്കിളി തൻ്റെ അമ്മയെ അന്വേഷിച്ചു വീണ്ടും നടന്നു. 

കുഞ്ഞിക്കിളി അടുത്തതായി കണ്ടത് ഒരു പന്നിയെ ആയിരുന്നു. ചെളിയിൽ കളിച്ചുകൊണ്ടിരുന്ന പന്നിയോട് കുഞ്ഞിക്കിളി ചോദിച്ചു.

“നിങ്ങളാണോ എൻ്റെ അമ്മ?”

ഇതുകേട്ട പന്നി പൊട്ടിച്ചിരിച്ചു. എന്നിട്ട് കുഞ്ഞിക്കിളിയോട് പറഞ്ഞു. 

“ഞാനൊരു പന്നിയാണ്. നിൻ്റെ അമ്മയല്ല. നീ വരികയാണെങ്കിൽ നമുക്കീ ചെളിയിൽ ഒരുമിച്ചു കളിക്കാം.”

ഇതുകേട്ട കുഞ്ഞിക്കിളിക്ക് വിഷമമായി. അവൾ പറഞ്ഞു. 

“എനിക്കിപ്പോൾ കളിക്കാനൊന്നും സമയമില്ല. എനിക്ക് എത്രയും വേഗം എൻ്റെ അമ്മയുടെ അടുത്ത് പോകണം.”

ഇതും പറഞ്ഞ് കുഞ്ഞിക്കിളി നിരാശയോടെ അവിടെനിന്നും മടങ്ങി. അവൾ വിഷമിച്ച് നടക്കവേ നമ്മുടെ മുത്തശ്ശിയെ കണ്ടു. കുഞ്ഞിക്കിളി മുത്തശ്ശിയോടു ചോദിച്ചു.

“എൻ്റെ അമ്മ നിങ്ങളാണോ?” 

ഇതുകേട്ട മുത്തശ്ശി കുഞ്ഞിക്കിളിയോട് പറഞ്ഞു

” ഞാൻ നിൻ്റെ അമ്മയല്ല. പക്ഷേ തീർച്ചയായും എനിക്ക് നിന്നെ സഹായിക്കാൻ കഴിയും.”

 മുത്തശ്ശിയുടെ വാക്കുകൾ കേട്ടതും കുഞ്ഞിക്കിളിക്ക് സന്തോഷമായി. അവൾ മുത്തശ്ശിയോട് ചോദിച്ചു.

“നിങ്ങൾക്ക് ഉറപ്പായും എൻ്റെ അമ്മയെ കണ്ടെത്താൻ സഹായിക്കാൻ കഴിയുമോ?”

“അതെ തീർച്ചയായും കഴിയും.” 

എന്നും പറഞ്ഞ് മുത്തശ്ശി കുഞ്ഞിക്കിളിയെ തൻ്റെ കൈയിലെടുത്തു. 

മുത്തശ്ശി കുഞ്ഞിക്കിളിയെയും കൊണ്ട് ചക്കരമാവിൻ്റെ അരികിലെത്തി. അതിനുശേഷം അവളെ  മാവിൻ്റെ ചില്ലയിലെ കൂട്ടിലേക്ക്‌ വച്ചു. എന്നിട്ട് കുഞ്ഞിക്കിളിയോട് പറഞ്ഞു.

“നീ അല്പസമയം ഇവിടെ കാത്തിരിക്കൂ. നിൻ്റെ അമ്മ ഉടനെതന്നെ വരുന്നതായിരിക്കും.”

ഇതും പറഞ്ഞ് മുത്തശ്ശി കുഞ്ഞിക്കിളിയോടൊപ്പം അമ്മക്കിളിയെ കാത്തിരുന്നു. മുത്തശ്ശി പറഞ്ഞതുപോലെ വൈകാതെ തന്നെ അമ്മക്കിളി ധാന്യമണികളുമായി കൂട്ടിൽ തിരിച്ചെത്തി. കൂട്ടിൽ തിരിച്ചെത്തിയ അമ്മക്കിളി കുഞ്ഞിക്കിളിയെ കണ്ടു അത്ഭുതപ്പെട്ടു.  അമ്മക്കിളിയെ കണ്ടതും സന്തോഷത്തോടെ കുഞ്ഞിക്കിളി പറഞ്ഞു.

“എനിക്കറിയാം തീർച്ചയായും നിങ്ങളാണ് എൻ്റെ അമ്മ.”

ഇതുകേട്ട അമ്മക്കിളി പറഞ്ഞു.

“അതെ ഞാൻ തന്നെയാണ് നിൻ്റെ അമ്മ. ഞാൻ ധാന്യമണികൾ ശേഖരിക്കുവാനായി പോയിരുന്നു.”

തുടർന്ന് കുഞ്ഞിക്കിളി നടന്ന കാര്യങ്ങൾ അമ്മക്കിളിയോട് പറഞ്ഞു.

അവൾ പറഞ്ഞതെല്ലാം അത്ഭുതത്തോടെ കേട്ടിരുന്ന അമ്മക്കിളി തൻ്റെ കുഞ്ഞിനെ ആപത്തൊന്നും കൂടാതെ കൂട്ടിൽ തിരിച്ചെത്തിച്ച മുത്തശ്ശിക്ക് നന്ദി പറഞ്ഞു.

അതിനുശേഷം അമ്മക്കിളി താൻ കൊണ്ടുവന്ന ധാന്യമണികളിൽ നിന്ന് കുറച്ചെടുത്ത് കുഞ്ഞിക്കിളിക്ക് നൽകി. 

അമ്മക്കിളിയും കുഞ്ഞിക്കിളിയും അങ്ങനെ ഒരുപാട് നാൾ സന്തോഷത്തോടെ ആ കൂട്ടിൽ കഴിഞ്ഞു.

Enjoyed The Grandma Story? Read More Stories

English Summary: Baby bird finds her mother, grandma story for kids in Malayalam

Leave a Comment

5 Comments on അമ്മക്കിളിയെ തേടി