Follow

Subscribe

ആലീസും കരടികളും

Folk Tales

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ട് പണ്ടൊരിടത്ത് ആലീസ് എന്നു പേരുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു.  അവൾ വളരെ സുന്ദരിയും ധൈര്യശാലിയും ആയിരുന്നു. ഒരിക്കൽ അവൾ കാട്ടിലൂടെ യാത്ര ചെയ്യുകയായിരുന്നു. അവൾക്ക് വല്ലാത്ത വിശപ്പും ക്ഷീണവും തോന്നി. കാട്ടിൽ അവൾ തനിക്ക് അല്പനേരം വിശ്രമിക്കാൻ പറ്റിയ ഒരിടം അന്വേഷിച്ചു. അപ്പോഴാണ് സുന്ദരമായ ഒരു വീട് ആലീസിൻ്റെ കണ്ണിൽപ്പെട്ടത്. അവൾ ആ വീട്ടിലേക്ക് നടന്നു. വീടിൻ്റെ വാതിൽ മുട്ടി എന്നാൽ ആരും വാതിൽ തുറന്നില്ല. അവൾ വാതിൽ തള്ളി നോക്കി, വാതിൽ തുറന്നു. അവൾ അകത്തേക്ക് പോയി. 

ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

ആലീസ് നടന്ന് അടുക്കളയിലെ മേശയുടെ സമീപമെത്തി. മേശപ്പുറത്ത് മൂന്ന് പാത്രങ്ങളിലായി കഞ്ഞി വിളമ്പി വച്ചിരിക്കുന്നു. സമീപത്തൊന്നും ആരെയും കാണാനുമില്ല. അവൾ ആദ്യത്തെ പാത്രത്തിൽനിന്ന് കഞ്ഞി എടുത്തു രുചിച്ചു. അത് നല്ല ചൂടായിരുന്നു. അടുത്തതായി രണ്ടാമത്തെ പാത്രത്തിലെ കഞ്ഞി കുടിച്ചു അത് നല്ല തണുപ്പായിരുന്നു. മൂന്നാമത്തെയും ചെറുതുമായ പാത്രത്തിലെ കഞ്ഞി അവൾ കുടിച്ചു. അതവൾക്ക് കുടിക്കാൻ പാകത്തിലുള്ളതായിരുന്നു. വിശപ്പു കാരണം ആലീസ് മൂന്ന് പാത്രത്തിലെയും കഞ്ഞി മുഴുവൻ കുടിച്ചു. വിശപ്പു മാറിയപ്പോൾ അവൾക്ക് വല്ലാത്ത ക്ഷീണം തോന്നി. 

ആലീസ് ക്ഷീണം മാറ്റുന്നതിനായി സ്വീകരണ മുറിയിലേക്ക് പോയി. അവിടെ മൂന്ന് കസേരകൾ  ഉണ്ടായിരുന്നു. ആലീസ് ആദ്യം കണ്ട കസേരയിലിരുന്നു, എന്നാൽ അത് വളരെ വലുതായിരുന്നു. തുടർന്നവൾ രണ്ടാമത്തെ കസേരയിലിരുന്നു. ആ കസേരയും വലുതും അവൾക്ക് പറ്റിയതും ആയിരുന്നില്ല. പിന്നീടവൾ മൂന്നാമത്തെതും തനിക്ക് അനുയോജ്യവുമായ അടുത്ത കസേരയിൽ ഇരുന്നു. അവൾ ഇരുന്നതും ആ കസേര ഒടിഞ്ഞു പല കഷണങ്ങളായി നിലത്ത് വീണു. 

യാത്രാക്ഷീണം കാരണം വല്ലാതെ തളർന്ന ആലീസ് അൽപനേരം വിശ്രമിക്കാൻ ആഗ്രഹിച്ചു. അതിനു പറ്റിയ ഒരു മുറി ആ വീട്ടിൽ അവൾ അന്വേഷിച്ചു. ഒടുവിൽ മുകളിലത്തെ നിലയിൽ ഒരു മുറി കണ്ടെത്തി. ആ മുറിയിൽ മൂന്ന് കട്ടിലുകൾ ഉണ്ടായിരുന്നു. അവൾ ആദ്യത്തെ കട്ടിലിൽ കിടന്നു. അത് വളരെ കട്ടിയുള്ളതായിരുന്നു. അവൾ എണീറ്റ് രണ്ടാമത്തെ കട്ടിലിൽ കിടന്നു. അതിൽ കിടക്കാനും അവൾക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടു. ഒടുവിൽ അവൾ മൂന്നാമത്തെ കട്ടിലിൽ കിടന്നു. ആ കട്ടിൽ ആലീസിന് നന്നായി ഇഷ്ടപ്പെട്ടു. അതിൽ കിടന്നതും യത്രാക്ഷീണം കാരണം അവൾ ഉറങ്ങിപ്പോയി. 

ആലീസ് ഉറങ്ങിയതും ആ വീടിൻ്റെ ഉടമസ്ഥർ തിരിച്ചുവന്നു. ആ വീട് ആരുടേതാണെന്ന് അറിയോ?? മൂന്ന് കരടികളുടെ വീടായിരുന്നു അത്. കരടികൾ വീട്ടിലെത്തിയ ഉടനെ അടുക്കളയിൽ വിളമ്പി വച്ചിരുന്ന കഞ്ഞികുടിക്കാനായി മേശക്കരികിൽ പോയി.

അവിടെ എത്തിയ അച്ഛൻ കരടി പറഞ്ഞു

“എൻ്റെ കഞ്ഞി ആരോ എടുത്തു കുടിച്ചിരിക്കുന്നു.”

 “എൻ്റെ കഞ്ഞിയും ആരോ എടുത്തു കുടിച്ചിരിക്കുന്നു.”

അമ്മ കരടിയും പറഞ്ഞു.

“എൻ്റെ കഞ്ഞിയും ആരോ എടുത്തു കുടിച്ചു.” ഇതും പറഞ്ഞു കരടിക്കുട്ടി കരയാൻ തുടങ്ങി. 

സ്വീകരണമുറിയിൽ എത്തിയ അച്ഛൻ കരടി തൻ്റെ കസേര മാറിയിരിന്നതു കണ്ടു പറഞ്ഞു

 “എൻ്റെ കസേരയിൽ ആരോ ഇരിന്നിട്ടുണ്ട്”.

അമ്മ കരടിയും ഇതുതന്നെ പറഞ്ഞു.

പക്ഷേ കരടിക്കുട്ടിയ്ക്ക് തൻ്റെ വിഷമം സഹിക്കാൻ പറ്റിയില്ല.

“എൻ്റെ കസേരയിൽ ആരോ ഇരിന്നു ഒടിച്ചിരിക്കുന്നു”.

മൂന്നു കരടികളും തങ്ങളുടെ വീട്ടിൽ വന്നതാരാണെന്ന് കണ്ടുപിടിക്കുന്നതിനായി വീട് മുഴുവൻ തിരഞ്ഞു. അവസാനം അവർ മുകളിലത്തെ നിലയിലും എത്തി. അവരുടെ കിടപ്പുമുറിയിൽ എത്തിയപ്പോൾ അച്ഛൻ കരടി പറഞ്ഞു, 

“എൻ്റെ കിടക്കയിൽ ആരോ കിടന്നിട്ടുണ്ട്”.

തൻ്റെ കിടക്കയും മറ്റും മാറി കിടക്കുന്നത് കണ്ട അമ്മ കരടിയും പറഞ്ഞു 

“എൻ്റെ കട്ടിലിലും ആരോ കിടന്നിട്ടുണ്ട്.”

എന്നാൽ തൻ്റെ കട്ടിലിന് അടുത്തെത്തിയ കരടിക്കുട്ടി പറഞ്ഞു 

“എൻ്റെ കട്ടിലിൽ ഇപ്പോഴും ആരോ കിടക്കുന്നു”.

കരടിക്കുട്ടിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടുണർന്ന ആലീസ് ഞെട്ടിപ്പോയി. തൻ്റെ മുൻപിൽ മൂന്ന് കരടികൾ. അവൾ ഭയന്നുവിറച്ചു. ആലിസിൻ്റെ ഭയന്ന മുഖം കണ്ട കരടികൾക്ക് അവളോട് സഹതാപം തോന്നി. അവളോട് കാര്യങ്ങൾ തിരക്കി. അവൾ നടന്ന സംഭവങ്ങൾ കരടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഇനിയിങ്ങനെ ആവർത്തിക്കില്ല എന്ന് അവർക്ക് ഉറപ്പും കൊടുത്തു. ഇതുകേട്ട ദയാലുക്കളായ കരടികൾ അവളെ പോകാൻ അനുവദിച്ചു. ആലീസ് ഉടൻതന്നെ പുറത്തേക്ക് ഓടി. പിന്നെ ഒരിക്കലും അവള്‍ ആ കാട്ടിൽ പോയില്ല.

ഗുണപാഠം

അപരിചിത സ്ഥലങ്ങളിൽ പോകുമ്പോൾ അശ്രദ്ധ കാണിക്കരുത്.

Enjoyed The Malayalam Kids Story? Read More

English Summary: Alice and the Bears, Malayalam kids story

Catherine ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

4 Comments on ആലീസും കരടികളും