Follow

Subscribe

ആനയുടെ തുമ്പിക്കൈയുടെ രഹസ്യം

Folk Tales

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ട് പണ്ടൊരു കാട്ടിൽ ഒരു ആന ഉണ്ടായിരുന്നു. അന്ന് ആനകൾക്ക് ഇന്നു കാണുന്നതു പോലെ ഇത്രയും വലിയ തുമ്പിക്കൈയൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ആനയുടെ മൂക്കും നമ്മൾ കാണുന്ന മറ്റു മൃഗങ്ങളുടേതു പോലെ തന്നെ ചെറുതായിരുന്നു. നിറയെ മൃഗങ്ങളൊക്കെയുള്ള ഒരു വലിയ കാട്ടിലായിരുന്നു നമ്മുടെ ആനയും താമസിച്ചിരുന്നത്. മൃഗങ്ങളെല്ലാം വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ആ കാട്ടിൽ കഴിഞ്ഞു.

അങ്ങനെയിരിക്കുമ്പോഴാണ് അവിടെ കടുത്ത വേനൽ വന്നത്. കുറേയേറെ നാളുകൾ ആ കാട്ടിൽ മഴ പെയ്തതേ ഇല്ല. അവിടത്തെ തടാകങ്ങളും അരുവികളും നദികളും എല്ലാം വറ്റി വരണ്ടു. എന്തു ചെയ്യണം എന്നറിയാതെ മൃഗങ്ങളെല്ലാം കുഴങ്ങി. അവർ അടുത്ത കാടുകളിലേക്ക് വെള്ളം അന്വേഷിച്ച് പോകാൻ തുടങ്ങി. ആനയും വെള്ളം അന്വേഷിച്ചു നടന്നു. ഒടുവിൽ അവൻ ഒരു കുളക്കരയിൽ എത്തിചേർന്നു. കുളത്തിൽ നിറയെ വെള്ളം കണ്ടതും ആന സന്തോഷത്തോടെ അങ്ങോട്ടേക്ക് ഓടി പോയി. 

“ഹായ് നിറയെ വെള്ളം, എത്ര നേരമായി വെള്ളത്തിനായി അലഞ്ഞു നടക്കുന്നു. എന്തായാലും ഇനി മതിവരുവോളം വെള്ളം കുടിക്കാമല്ലോ.”

ഇതും പറഞ്ഞ് ആന വെള്ളം കുടിക്കാൻ തുടങ്ങിയതും പെട്ടെന്ന് കുളത്തിൽ നിന്നും ഒരു അലർച്ച. അവൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. അതാ മുൻപിൽ നല്ല പച്ച നിറമുള്ള ഒരു മുതല. ആന ഭയന്ന് പിന്നോട്ട് മാറി. ഇതു കണ്ടതും മുതല പറഞ്ഞു

“ഇതെന്റെ മാത്രം കുളമാണ്. ഇവിടെ നിന്നും വെള്ളം കുടിക്കാനുള്ള അധികാരം എനിക്ക് മാത്രമാണ്. മറ്റൊരാളും ഇവിടെ നിന്നും വെള്ളം ഉപയോഗിക്കുന്നത് എനിക്കിഷ്ടമല്ല. നീ എത്രയും പെട്ടെന്ന് ഇവിടെ നിന്നു പോകണം.”

ആന തന്റെ അവസ്ഥ മുതലയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

“കടുത്ത വേനലിൽ കാട്ടിലെ അരുവികളും തടാകങ്ങളുമെല്ലാം വറ്റി കഴിഞ്ഞു. ദാഹിച്ചു വലഞ്ഞാണ് ഞാൻ ഇങ്ങോട്ടേക്ക് വന്നത്. ദയവായി എന്നെ ഈ കുളത്തിൽ നിന്ന് വെള്ളം കുടിക്കാൻ അനുവദിക്കണം.”

എന്നാൽ മുതല ആന പറഞ്ഞതൊന്നും ചെവിക്കൊണ്ടില്ല. ഒടുവിൽ ആന മനസ്സിൽ കരുതി

“ഈ മുതലയോട് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. ഒരു കാര്യം ചെയ്യാം മുതല ഉറങ്ങുന്ന സമയം നോക്കി വരാം. ഇപ്പോൾ മുതലയുമായി കയർക്കാൻ നിൽക്കാതെ പിൻമാറുന്നതാണ് ഉചിതം.” 

അങ്ങനെ ആന അവിടെ നിന്നു പോയി കുറച്ച് അകലെയായി മറഞ്ഞു നിന്നു. ആന പോയി കഴിഞ്ഞപ്പോൾ മുതല കുളത്തിൽ നീന്തിത്തുടിക്കാൻ തുടങ്ങി. ആ കുളത്തിൽ മുതലയോടൊപ്പം ഒരു പച്ച തവളയും ഉണ്ടായിരുന്നു. ഈ തവള എന്നും മുതല നദിയിൽ നീന്തുമ്പോൾ അതിന്റെ മുകളിൽ കയറിയിരിക്കുക പതിവായിരുന്നു. മുതല എത്ര ശ്രമിച്ചാലും തവള അതിന്റെ പുറത്തു നിന്നും ഇറങ്ങുമായിരുന്നില്ല. മുതലയുടെ പുറത്തിരുന്ന് നദിയിലെ കാഴ്ചകൾ ആസ്വദിക്കുന്നത് തവള വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇത് മുതലയ്ക്ക് വലിയ ശല്യമായിരുന്നു. 

അങ്ങനെയിരിക്കെ ആയിരുന്നു ആ നദിയിലേക്ക് നമ്മുടെ ആനക്കുട്ടൻ വെള്ളം കുടിക്കാനായി എത്തിയത്. മുതല ഉച്ചഭക്ഷണവും കഴിച്ചു മയങ്ങിയതും ആന പതുക്കെ കുളക്കരയിൽ തിരിച്ചെത്തി വെള്ളം കുടിക്കാൻ തുടങ്ങി. എന്നാൽ ഈ സമയം ഇതൊന്നുമറിയാതെ കുസൃതിക്കാരനായ തവള ഉറങ്ങിക്കിടന്ന മുതലയുടെ പുറത്തുകയറി. തവള പുറത്തു കയറിയതും മുതല ഉണർന്നു. തവളയെ താഴെ ഇറക്കുന്നതിനായി മുതല കുതറാൻ തുടങ്ങി. അപ്പോഴാണ് ആന കുളത്തിൽ നിന്നും വെള്ളം കുടിക്കുന്നത് മുതലയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ മുതല തവളയെ കുടഞ്ഞു താഴെയിട്ടു. തവളയോടുള്ള ദേഷ്യത്തിൽ നിന്ന മുതല ആന വെള്ളം കുടിക്കുന്നത് കൂടി കണ്ടപ്പോൾ അവന്റെ ദേഷ്യം ഇരട്ടിച്ചു. ഉടൻ തന്നെ മുതല ആനയുടെ മൂക്കിൽ ചാടി കടിച്ചു. കടി കൊണ്ട നമ്മുടെ പാവം ആന മുതലയുടെ പിടിയിൽ നിന്നു രക്ഷപ്പെടുന്നതിനായി സർവ്വശക്തിയുമെടുത്ത് പുറകിലോട്ട് ആഞ്ഞു. മുതലയുണ്ടോ പിടി വിടുന്നു. അവസാനം കുറച്ചു നേരത്തെ മൽപ്പിടുത്തത്തിനു ശേഷം വല്ല വിധേനയും ആന മുതലയുടെ പിടിയിൽ നിന്നു രക്ഷപെട്ടു. അപ്പോഴാണ് ആന തന്റെ കടിയേറ്റ മൂക്ക് ശ്രദ്ധിച്ചത്. മൂക്കിന് ഒരുപാട് നീളം വച്ചിരിക്കുന്നു. ഇതു കണ്ട ആനയ്ക്ക് വല്ലാത്ത ദേഷ്യവും സങ്കടവുമായി. 

സങ്കടവും ദേഷ്യവും സഹിക്കാൻ വയ്യാതെ ആന ആ കുളത്തിലെ വെള്ളം മുഴുവൻ ഒറ്റവലിക്ക് കുടിച്ചു വറ്റിച്ചു. എന്നിട്ടും അരിശം മാറാതെ അവൻ കുളത്തിൽ നിന്നും കുറേ ചെളി വാരിയെടുത്ത്‌  മുതലയുടെയും തവളയുടെയും ദേഹത്തെറിഞ്ഞു. മുതലയുടെയും തവളയുടെയും ദേഹമാകെ ചെളി വീണു. അതോടെ നല്ല പച്ച നിറമായിരുന്ന മുതലയുടെയും തവളയുടെയും ദേഹമാകെ ചെളിയുടെ നിറം പറ്റിപിടിച്ചു. അവർ എത്ര ശ്രമിച്ചിട്ടും ആ നിറം അവരുടെ ശരീരത്തിൽ നിന്നും പോയതുമില്ല. അന്നുവരെ നല്ല ഭംഗിയുള്ള പച്ച നിറവുമായി നടന്ന മുതലയും തവളയും ചെളി പറ്റിയ നിറവുമായി നടക്കാൻ തുടങ്ങി. മാത്രമല്ല തുടർന്നങ്ങോട്ടുള്ള എല്ലാ മുതലകൾക്കും തവളകൾക്കും ചെളി പറ്റിയ നിറമാവുകയും ചെയ്തു.

നമ്മുടെ ആനയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. മുതല പിടിച്ചപ്പോൾ വലുതായ ആനയുടെ മൂക്ക് നീണ്ടു തന്നെയിരുന്നു. അതൊരിക്കലും പഴയതു പോലെ ആയില്ല. അതു വളർന്നു ഇന്നു കാണുന്നതു പോലെ തുമ്പിക്കൈയായി മാറി. അങ്ങനെയാണത്ര നമ്മുടെ ആനകൾക്ക് നല്ല ഭംഗിയുള്ള തുമ്പിക്കൈകൾ ഉണ്ടായത്.

ആനയുടെ തുമ്പിക്കൈയുടെ രഹസ്യം കഥ കേൾക്കാം

Read More Short Bedtime Stories

English Summary: Short bedtime stories in Malayalam. The Elephants Nose is one of the best short bedtime stories to tell to children. No doubt kids will love such short bedtime stories.

Leave a Comment


8 Comments on ആനയുടെ തുമ്പിക്കൈയുടെ രഹസ്യം

  1. വളരെ നല്ല കഥകൾ. എല്ലാ കുട്ടികൾക്കും ഇങ്ങനെയുള്ള കഥകൾ ഇഷ്ടപെടും. Really love this stories🥰

    മറുപടി
    • Dear Aaliya, ഇതൊരു നാടോടിക്കഥയാണ് ഗുണപാഠകഥ അല്ല. കഥകൾ വായിക്കുന്നതിനു നന്ദി തുടർന്നും വായിക്കുക😊

      മറുപടി