Follow

Subscribe

പുലി വരുന്നേ പുലി

Aesop's Fables, Moral Stories

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ടു പണ്ടൊരിടത്ത്  സുന്ദരമായ ഒരു ഗ്രാമം ഉണ്ടായിരുന്നു. കൃഷിയും ആടു വളർത്തലുമൊക്കെ ആയിരുന്നു ആ ഗ്രാമത്തിലുള്ളവരുടെ പ്രധാന ജോലി. ഈ ഗ്രാമത്തിലായിരുന്നു മടിയനും അലസനുമായ രാജുവും അവൻ്റെ അച്ഛനും താമസിച്ചിരുന്നത്. ആടുകളെ വളർത്തലായിരുന്നു രാജുവിൻ്റെ അച്ഛൻ്റെ പ്രധാന ജോലി. മടിയനായ തൻ്റെ മകനെ ഓർത്ത് ആ അച്ഛൻ വളരെയധികം വിഷമിച്ചിരുന്നു. തൻ്റെ ജോലിഭാരം വർധിച്ചപ്പോൾ അച്ഛൻ ആടുകളെ മേയ്ക്കുന്ന ജോലി മകനെ ഏൽപ്പിക്കാൻ ആഗ്രഹിച്ചു. അദ്ദേഹം ഒരു ദിവസം രാജുവിനെ തൻ്റെ അടുക്കലേക്ക് വിളിച്ചു. എന്നിട്ട് ഇപ്രകാരം പറഞ്ഞു.

“മകനേ, നിൻ്റെ അച്ഛന് ഇനി പഴയതുപോലെ ആടുകളെ മേയ്ക്കാൻ കൊണ്ടുപോകാൻ കഴിയില്ല. നീ ഇനി മുതൽ ദിവസവും ആടുകളെയും കൊണ്ട് പുല്ലുമേയ്ക്കാൻ കുന്നിൻചരുവിലേക്ക് പോകണം. അവിടെ വന്യമൃഗങ്ങളും മറ്റും വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് നീ വളരെയധികം ശ്രദ്ധിക്കണം. ഒരുപക്ഷേ വന്യമൃഗങ്ങൾ വന്നാൽ നീ ശബ്ദമുണ്ടാക്കി ഗ്രാമീണരെ സഹായത്തിനു വിളിക്കണം.”

രാജുവിന് ആടുകളെ മേക്കാൻ കൊണ്ടുപോകുന്നത് ഇഷ്ടപ്പെട്ടില്ലെങ്കിലും അച്ഛൻ്റെ നിർബന്ധത്തിനു വഴങ്ങി സമ്മതിക്കേണ്ടി വന്നു. 

അടുത്തദിവസം മുതൽ തന്നെ രാജു ആടുകളെയും കൊണ്ട് കുന്നിൻചരുവിലേക്ക് പോകാൻ തുടങ്ങി. എന്നാൽ ആടുകളെ മേയാൻ വിട്ട് അതിനെയും നോക്കിയിരിക്കുന്നത് രാജുവിനെ മടുപ്പിച്ചു. അപ്പോഴാണ് കുറച്ചു ഗ്രാമീണർ അകലെയായി നിൽക്കുന്നത് അവൻ്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ രാജു 

“പുലി വരുന്നേ പുലി”

എന്നുറക്കെ നിലവിളിച്ചു. രാജുവിൻ്റെ  നിലവിളി കേട്ടതും ഗ്രാമത്തിലുള്ളവർ കമ്പുകളും കല്ലുകളുമൊക്കെയായി പുലിയെ ഓടിക്കുന്നതിനായി കുന്നിൻചരുവിലേക്ക് ഓടിയെത്തി. അവരെ കണ്ടതും രാജു ചിരിക്കാൻ തുടങ്ങി. തങ്ങളെ പറ്റിച്ചതാണെന്നു മനസ്സിലാക്കിയ ഗ്രാമീണർ അവനെ ശകാരിച്ചിട്ട് അവിടെനിന്നും പരിഹാസ്യരായി മടങ്ങി.

അടുത്ത ദിവസവും രാജു ആടുകളുമായി വീണ്ടും കുന്നിൻചരുവിലെത്തി. അന്നും ആടുകളെ മേയാൻ വിട്ടതിനുശേഷം അവൻ “പുലി വരുന്നേ പുലി” എന്നു വിളിക്കാൻ തുടങ്ങി. അവൻ്റെ വിളി കേട്ട് അന്നു വളരെ കുറച്ചുപേർ മാത്രം വന്നു. അവരെ കണ്ടതും രാജു വീണ്ടും ചിരിക്കാൻ തുടങ്ങി. തങ്ങൾ വീണ്ടും പറ്റിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ അവർ രാജുവിനോട് ദേഷ്യപ്പെട്ട് അവിടെ നിന്നും മടങ്ങി.

മൂന്നാമത്തെ ദിവസവും രാജു ആടുകളുമായി കുന്നിൻചരുവിലെത്തി. ആടുകൾ മേയുന്നതും നോക്കിയവൻ ഇരുന്നു. പെട്ടെന്ന് ഒരു പുലി ആടുകളുടെ നേർക്ക് ചാടിവീണു. രാജു എന്തു ചെയ്യണമെന്നറിയാതെ നിലവിളിച്ചു. 

“പുലി വരുന്നേ പുലി…..

പുലി വരുന്നേ പുലി……”

എന്നാൽ അവൻ്റെ നിലവിളികേട്ട് ആരുംതന്നെ കുന്നിൻചരുവിലേക്ക് വന്നില്ല. അന്ന് പുലി രാജുവിൻ്റെ നിരവധി ആടുകളെ ആഹാരമാക്കി. പുലി പോയതിനുശേഷം അവൻ ബാക്കി ആടുകളുമായി നിരാശയോടെ വീട്ടിലേക്ക് മടങ്ങി.

ഗുണപാഠം

അസത്യം പറയുന്നവരെ ആരും വിശ്വസിക്കുകയില്ല. അതുകൊണ്ട് എല്ലായിപ്പോഴും സത്യസന്ധരായിരിക്കുക.

Enjoyed The Malayalam Moral Story? Read More

English Summary: The Boy And The Tiger, Malayalam moral story for kids

Leave a Comment

4 Comments on പുലി വരുന്നേ പുലി