പണ്ട് പണ്ട് മുഗൾവംശ രാജാവായ അക്ബർ ചക്രവർത്തി രാജ്യം ഭരിക്കുന്ന കാലം. ഒരു ദിവസം രാജാവായ അക്ബർ രാജസദസ്സിൽ ഉള്ളവരുടെ ബുദ്ധിപരീക്ഷിക്കാൻ തീരുമാനിച്ചു. അതിനായി അദ്ദേഹം സദസ്സിൽ ഉള്ളവരോട് ഒരു ചോദ്യം ചോദിച്ചു. അതെന്താണെന്നോ?
“തൻ്റെ രാജ്യത്ത് എത്ര കാക്കകളുണ്ട്? ആർക്കെങ്കിലും ഇതിനുത്തരം അറിയാമോ?”
എല്ലാവരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നോക്കി.
“കാക്കകളുടെ എണ്ണമോ?” അവർ മുറുമുറുത്തു.
അപ്പോഴാണ് അക്ബറിൻ്റെ മന്ത്രിയായ ബീർബലിൻ്റെ വരവ്. അദ്ദേഹം വിഷയം തിരക്കി. കാര്യം മനസ്സിലാക്കിയ ബീർബൽ ഉടൻതന്നെ രാജാവിനോട് ഇപ്രകാരം പറഞ്ഞു.
“അല്ലയോ രാജാവേ, രാജ്യത്തെ കാക്കകളുടെ എണ്ണം എനിക്കറിയാം. അങ്ങേയ്ക്ക് സമ്മതമാണെങ്കിൽ ഉത്തരം ഞാൻ പറയാം.”
ഇതുകേട്ട രാജാവ് ബീർബലിനോട് ഉത്തരം പറയാൻ ആവശ്യപ്പെട്ടു.
“ഇരുപത്തി അയ്യായിരത്തി മുന്നൂറ്റി നാല്പത്തി ഒന്ന് (25341).” ബീർബൽ പറഞ്ഞു.
ഇതുകേട്ട രാജാവ് ബീർബലിനോട് ചോദിച്ചു
“എന്താ ഇത്ര ഉറപ്പ്, കാക്കകൾ കൂടാനും കുറയാനും സാധ്യതയില്ലേ?”
ഇതുകേട്ട ബീർബൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അങ്ങേയ്ക്ക് വേണമെങ്കിൽ ഭടന്മാരെ കൊണ്ട് കാക്കകളെ എണ്ണിനോക്കാവുന്നതാണ്.”
“ഒരുപക്ഷേ കാക്കകളുടെ എണ്ണം കൂടുതലാണെങ്കിൽ അത് അയൽരാജ്യത്തു നിന്നും തൻ്റെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാൻ വന്ന കാക്കകൾ ആയിരിക്കും.”
“ഇനി ഒരുപക്ഷേ കാക്കകളുടെ എണ്ണം കുറവാണെങ്കിൽ അത് അയൽരാജ്യത്തുള്ള തൻ്റെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാൻ പോയതും ആയിരിക്കും.”
ഇതുകേട്ട രാജാവിനു ചിരിവന്നു. അങ്ങനെ സദസ്സിലുള്ളവരുടെ ബുദ്ധി പരീക്ഷിക്കുന്നതിനായി രാജാവ് കണ്ടെത്തിയ ചോദ്യത്തിന് ബീർബൽ ബുദ്ധിപരമായി തന്നെ മറുപടി പറഞ്ഞു. ബീർബലിൻെറ ബുദ്ധിശക്തിയിൽ സന്തുഷ്ടനായ രാജാവ് അദ്ദേഹത്തെ അഭിനന്ദിക്കുകയും ധാരാളം സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ഗുണപാഠം
ലളിതമായി ചിന്തിച്ചാൽ നമുക്ക് എല്ലാകാര്യങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിയും
Enjoyed The Birbal Story? Read More Kids Stories
- അന്നയും കുറുനരിയും
- രാജകുമാരിയും തവളയും
- മരംവെട്ടുകാരനും ഭാഗ്യപക്ഷിയും
- ഉറുമ്പും പുൽച്ചാടിയും
- ബീർബലിന്റെ കിച്ചടി
English Summary: The Crows In The Kingdom, Akbar and Birbal story for kids in Malayalam
nice story
Thank you 😊
super story
Thank you Isha 😊