പണ്ടു പണ്ടൊരിടത്ത് ഒരു സുന്ദരമായ ഗ്രാമം ഉണ്ടായിരുന്നു. അവിടെ നാല് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. സത്യാനന്ദ്, വിദ്യാനന്ദ്, ധർമ്മാനന്ദ്, ശിവാനന്ദ്, എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. കുട്ടിക്കാലം മുതലേ അവർ ഒരുമിച്ചായിരുന്നു കളിച്ചുല്ലസിച്ച് വളർന്നത്. എന്നാൽ ശിവാനന്ദ് ഒഴികെയുള്ള മറ്റു മൂന്നു പേരും മിടുക്കന്മാർ ആയിരുന്നു. അവർക്ക് മൂന്നു പേർക്കും പലതരത്തിലുള്ള കഴിവുകളും ഉണ്ടായിരുന്നു. മാത്രമല്ല അവർ പഠനത്തിലും പുതിയ കാര്യങ്ങൾ ചെയ്യുന്നതിലും താൽപര്യം കാണിച്ചു. എന്നാൽ ശിവാനന്ദ് മടിയനായിരുന്നു. അവൻ ആഹാരം കഴിക്കുന്നതിലും ഉറങ്ങുന്നതിലും ആയിരുന്നു താല്പര്യം കാണിച്ചത്. അവന് പഠനത്തിൽ ഒട്ടും തന്നെ താൽപര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സത്യാനന്ദും വിദ്യാനന്ദും ധർമ്മാനന്ദും ശിവാനന്ദിനെ പരിഹസിക്കുക പതിവായിരുന്നു. എന്നിരുന്നാലും അവർ പരസ്പരം സ്നേഹത്തോടെ തന്നെ ആ ഗ്രാമത്തിൽ കഴിഞ്ഞു.
അങ്ങനെയിരിക്കെ ഒരു കടുത്ത വേനൽക്കാലം വന്നു. ആ ഗ്രാമത്തിലെ നദികളും കുളങ്ങളുമെല്ലാം വറ്റിവരണ്ടു. ചെടികളും മരങ്ങളും നശിച്ചു. അതോടെ ഗ്രാമവാസികൾ എല്ലാം തന്നെ പുതിയ സ്ഥലം അന്വേഷിച്ചു പോകാൻ തുടങ്ങി. ഈ സമയം സത്യാനന്ദും വിദ്യാനന്ദും ധർമ്മാനന്ദും ഒത്തു കൂടി. അവരും ആ ഗ്രാമത്തിൽനിന്ന് പുതിയ സ്ഥലത്തേക്ക് പോകാൻ തന്നെ തീരുമാനിച്ചു.
അപ്പോൾ സത്യാനന്ദ് തൻ്റെ സുഹൃത്തുക്കളോട് പറഞ്ഞു
“കുറച്ചകലെയായി ഒരു സുന്ദരമായ പട്ടണം ഉണ്ട്. അത്യാവശ്യ സാധനങ്ങളും എടുത്ത് തൽക്കാലത്തേക്ക് നമുക്ക് അവിടേക്ക് പോകാം. വരൾച്ച കഴിയുമ്പോൾ തിരികെ ഗ്രാമത്തിലേക്ക് വരാം.”
സത്യാനന്ദിൻ്റെ തീരുമാനത്തോട് മറ്റുള്ളവരും യോജിച്ചു. അപ്പോഴാണ് തങ്ങളുടെ സുഹൃത്തായ ശിവാനന്ദിൻ്റെ കാര്യം അവർ ഓർമിച്ചത്. ധർമ്മാനന്ദ് ചോദിച്ചു
“നമുക്ക് ശിവാനന്ദിനെയും കൂടെ കൊണ്ടു പോകണ്ടേ?”
ഇതുകേട്ട സത്യാനന്ദ് പറഞ്ഞു
“വേണ്ട നമുക്കവനെ കൊണ്ടുപോകേണ്ട. അവനെക്കൊണ്ട് ഒരു പ്രയോജനവുമില്ല. മാത്രമല്ല അവൻ നമുക്കൊരു ഭാരമാകും. അതുകൊണ്ട് നമുക്ക് മൂന്നു പേർക്കും കൂടി പോകാം.”
വിദ്യാനന്ദും സത്യാനന്ദിനെ പിന്തുണച്ചു. എന്നാൽ എന്നാൽ ധർമ്മാനന്ദ് പറഞ്ഞു
“നമ്മൾ കുട്ടിക്കാലം മുതൽ ഒരുമിച്ച് വളർന്നതല്ലേ. എന്തുകിട്ടിയാലും പരസ്പരം പങ്കിട്ടല്ലേ കഴിഞ്ഞിരുന്നത്. ഈയൊരു സാഹചര്യത്തിൽ അവനെ മാത്രം ഉപേക്ഷിച്ച് പോകുന്നത് ഉചിതമാണോ? നമുക്കൊരു കാര്യം ചെയ്യാം അവനെയും കൂടെ കൂട്ടാം.”
സത്യാനന്ദും വിദ്യാനന്ദും ധർമ്മാനന്ദിനോട് പറഞ്ഞു
“നീ പറഞ്ഞത് ശരിയാണ്. നമുക്ക് അവനെയും കൊണ്ടു പോകാം.”
അങ്ങനെ നാല് സുഹൃത്തുക്കളും കൂടി ആ ഗ്രാമത്തിൽനിന്നും യാത്ര പുറപ്പെട്ടു. എന്നാൽ പട്ടണത്തിലേക്കുള്ള യാത്രയ്ക്കിടയിൽ അവർക്ക് ഒരു കാട് കടന്നു വേണമായിരുന്നു പോകേണ്ടിയിരുന്നത്. കാട്ടിലൂടെയുള്ള യാത്രക്കിടയിൽ അവർ ഒരു കാഴ്ച കണ്ടു. കുറച്ച് എല്ലിൻ കഷ്ണങ്ങൾ അങ്ങിങ്ങായി അവിടെ ചിതറിക്കിടക്കുന്നു. അവരത് ഏത് മൃഗത്തിൻ്റെ അസ്ഥിയാണെന്ന് പരിശോധിച്ചു. അതൊരു സിംഹത്തിൻ്റെ അസ്ഥിയാണെന്ന് പരിശോധനയിൽ അവർക്ക് വ്യക്തമായി. ഉടൻതന്നെ വിദ്യാനന്ദ് പറഞ്ഞു
“നമ്മുടെ അറിവ് പരീക്ഷിക്കാൻ കിട്ടിയ സുവർണാവസരമാണിത്. നമുക്കത് പ്രയോജനപ്പെടുത്തിയാലോ?”
സത്യാനന്ദും ധർമ്മാനന്ദും അതിനോട് യോജിച്ചു. അതുകണ്ട വിദ്യാനന്ദ് വീണ്ടും പറഞ്ഞു.
“ഞാനൊരു കാര്യം ചെയ്യാം. ഈ എല്ലുകളെ എല്ലാം ചേർത്തു സിംഹത്തിൻ്റെ അസ്ഥികൂടം ഉണ്ടാക്കാം.”
അപ്പോൾ സത്യാനന്ദ് പറഞ്ഞു
“ഞാൻ ആ അസ്ഥികൂടത്തിന് മജ്ജയും മാംസവും നല്കി അതിൻ്റെ ശരീരം നിർമിക്കാം.”
ധർമ്മാനന്ദും അവരോടൊപ്പം കൂടി. അവൻ പറഞ്ഞു
“ഞാൻ ആ ശരീരത്തിന് ജീവൻ നൽകാം.”
അവർ മൂവരും പറയുന്നത് കേട്ട ശിവാനന്ദ് പറഞ്ഞു.
“സുഹൃത്തുക്കളേ, നിങ്ങൾ കാണിക്കാൻ പോകുന്നത് വലിയൊരു അബദ്ധമാണ്. നിങ്ങൾ ഇതിരിക്കലും ചെയ്യരുത്. അത് നമുക്ക് ദോഷം ചെയ്യും.”
എന്നാൽ ശിവാനന്ദിൻ്റെ വാക്കുകൾ അവർ ചെവിക്കൊണ്ടില്ല. പകരം ധർമ്മാനന്ദ് ശിവാനന്ദിനോട് പറഞ്ഞു
“ഒരു കഴിവുമില്ലാത്ത നീ ഞങ്ങളെ ഉപദേശിക്കുകയാണോ? നിന്നെ കൂടെ കൂട്ടണ്ട എന്നിവർ പറഞ്ഞതാണ്. ഞാൻ നിർബന്ധിച്ചിട്ടാണ് നിന്നെ കൂടെ കൊണ്ടുവന്നത്. എന്നിട്ട് ഇപ്പോൾ ഞങ്ങളെ ഉപദേശിക്കാൻ വരുന്നോ.”
ഇതുകേട്ടതും ശിവാനന്ദിന് അവരെ ഉപദേശിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലായി. അവൻ പറഞ്ഞു
“ശരി അങ്ങനെയാണെങ്കിൽ നിങ്ങളുടെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ.”
ഇതും പറഞ്ഞു ശിവാനന്ദ് അടുത്ത് കണ്ട ഒരു വലിയ മരത്തിൻ്റെ മുകളിൽ കയറിയിരുന്നു. ഉടൻതന്നെ വിദ്യാനന്ദ് സമയം കളയാതെ അവർ തീരുമാനിച്ചതു പോലെ സിംഹത്തിൻ്റെ അസ്ഥികളെല്ലാം ചേർത്തുവച്ചു. സത്യാനന്ദ് സിംഹത്തിൻ്റെ ആ അസ്ഥികൂടത്തിന് മജ്ജയും മാംസവും നൽകി. ഉടൻതന്നെ ധർമ്മാനന്ദ് മറ്റൊന്നും ചിന്തിക്കാതെ ആ സിംഹത്തിന് ജീവനും നൽകി. എന്നിട്ട് അവർ മൂവരും അറിവ് പരീക്ഷിച്ചു വിജയിച്ച സന്തോഷത്തിൽ സിംഹം കണ്ണു തുറക്കുന്നതും പ്രതീക്ഷിച്ചു അവിടെ തന്നെ നിന്നു.
എന്നാൽ കണ്ണുതുറന്ന സിംഹം തൻ്റെ മുന്നിൽ മൂന്നുപേരെ കണ്ടതും അവർക്കു നേരെ ചാടി വീണു. അവരെ തൻ്റെ ആഹാരമാക്കുകയും ചെയ്തു. എന്നാൽ ഇതെല്ലാം കണ്ടു നിസ്സഹായതയോടെ മരത്തിൻ്റെ മുകളിൽ ഇരിക്കാനേ ശിവാനന്ദിനു കഴിഞ്ഞുള്ളു. സിംഹം അവരെയും കൊണ്ട് അവിടെ നിന്നും പോയി കഴിഞ്ഞതും ശിവാനന്ദ് മരത്തിൽ നിന്നും താഴെയിറങ്ങി. എന്നിട്ട് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.
ഗുണപാഠം
അറിവ് നേടുക എന്നതു പോലെ തന്നെ പ്രധാനമാണ് ആ അറിവ് ബുദ്ധിപൂർവം പ്രയോഗിക്കുക എന്നതും.
Read More Short Stories With Morals
- സത്യസന്ധനായ മനുഷ്യൻ
- കുറുക്കനും മുന്തിരിയും
- വഴിയാത്രക്കാരനും അത്ഭുതവൃക്ഷവും
- രാജ്യത്തിലെ കാക്കകൾ
- തെനാലിരാമനും വഴിയാത്രക്കാരനും
English Summary: Four friends – Short stories with morals