Follow

Subscribe

ആനയും തയ്യൽക്കാരനും

Folk Tales

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ടു പണ്ടൊരു ഗ്രാമത്തിൽ ഒരു ക്ഷേത്രം ഉണ്ടായിരുന്നു. ഈ ക്ഷേത്രത്തിൽ ഒരു ആനയെ വളർത്തിയിരുന്നു. കുസൃതിക്കാരനായ ആനയെ എല്ലാവരും വളരെയധികം ഇഷ്ടപ്പെട്ടു. ദിവസവും വൈകുന്നേരം പാപ്പാൻ അവനെ കുളിപ്പിക്കുന്നതിനായി അടുത്തുള്ള കുളത്തിലേക്ക് കൊണ്ടു പോകും. ഈ സമയത്തു ഗ്രാമവാസികൾ അവനു കഴിക്കാനായി പഴങ്ങളും ശർക്കരയും ഓലയുമെല്ലാം നൽകും. അവൻ അതെല്ലാം സന്തോഷത്തോടെ വാങ്ങി കഴിക്കുകയും ചെയ്യും. അങ്ങനെ കുളിക്കാൻ പോകുന്ന ആന വയറും നിറച്ചായിരുന്നു തിരിച്ചു മടങ്ങിയിരുന്നത്.

ഈ കുളത്തിലേക്കുള്ള വഴിയരികിലായിരുന്നു ഒരു തയ്യൽക്കാരൻ തന്റെ തയ്യൽക്കട നടത്തിയിരുന്നത്. അയാൾക്ക് ആനയെ വളരെ ഇഷ്ടമായിരുന്നു. ദിവസവും ആന കുളി കഴിഞ്ഞു മടങ്ങുമ്പോൾ അയാൾ പഴങ്ങൾ നൽകുക പതിവായിരുന്നു. അതുകൊണ്ടു തന്നെ ആന തയ്യൽക്കടയുടെ മുൻപിൽ എത്തുമ്പോൾ തന്നെ പഴത്തിനായി തന്റെ തുമ്പിക്കൈ നീട്ടും. അപ്പോൾ തയ്യൽക്കാരൻ സന്തോഷത്തോടെ ആനയുടെ തുമ്പിക്കൈയിൽ പഴങ്ങൾ വച്ചു കൊടുക്കുകയും ചെയ്യും. അവൻ പഴങ്ങൾ കഴിച്ചതിനു ശേഷം തന്റെ തുമ്പിക്കൈ ഇളക്കി അയാൾക്ക്‌ നന്ദിയും പറഞ്ഞു അവിടെ നിന്ന് മടങ്ങും.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. എന്നാൽ ഒരു ദിവസം തയ്യൽക്കാരൻ വല്ലാത്ത കോപത്തിലായിരുന്നു. തയ്ച്ച തുണി വാങ്ങാൻ വന്ന ഒരാളുമായി പണത്തിന്റെ പേരിൽ അയാൾ കലഹിച്ചിരുന്നു. തയ്യൽക്കാരൻ അങ്ങനെ ദേഷ്യത്തിൽ ഇരുന്നപ്പോഴായിരുന്നു ആനയുടെ അന്നത്തെ വരവ്. നടന്നതൊന്നും അറിയാത്ത ആന എന്നത്തേയും പോലെ തന്നെ പഴത്തിനായി തന്റെ തുമ്പിക്കൈ നീട്ടി. എന്നാൽ കോപത്തിലിരുന്ന തയ്യൽക്കാരൻ മറ്റൊന്നും ചിന്തിക്കാതെ ഉടൻതന്നെ തന്റെ കൈയിലിരുന്ന സൂചി വച്ചു ആനയുടെ തുമ്പിക്കൈയിൽ ഒരു കുത്തു കൊടുത്തു. കുത്തു കൊണ്ടതും ആന ഉടനെ വേദന കൊണ്ട് തന്റെ തുമ്പിക്കൈ വലിച്ചു. സൂചി കൊണ്ടുള്ള കുത്ത് അവനു നന്നായി വേദനിച്ചു. ആനയ്ക്ക് വളരെയധികം വിഷമമായി. എന്നിട്ടും അവൻ ഒന്നും മിണ്ടാതെ നടന്നു പോയി. 

തിരിച്ചു നടന്നപ്പോൾ ആന മനസ്സിൽ കരുതി

“ഒരു തെറ്റും ചെയ്യാത്ത എന്നെ എന്തിനാണ് അയാൾ സൂചി കൊണ്ടു കുത്തിയത്? എന്തായാലും തയ്യൽക്കാരനെ നാളെ ഒരു പാഠം പഠിപ്പിക്കുക തന്നെ വേണം.”

അടുത്ത ദിവസവും ആന പതിവു പോലെ കുളിക്കാനായി കുളത്തിലേക്ക്‌ പോയി. എന്നാൽ തിരിച്ചു വന്നപ്പോൾ അവൻ പാപ്പാൻ കാണാതെ കുളത്തിൽ നിന്നും തന്റെ തുമ്പിക്കൈ നിറയെ ചെളി വെള്ളം എടുത്തു കൊണ്ടു വന്നു. ആന തയ്യൽക്കടയുടെ മുന്നിലെത്തിയപ്പോൾ തുണികൾ തയ്ക്കുന്ന തിരക്കിലായിരുന്നു തയ്യൽക്കാരൻ. ഉടൻതന്നെ ആന തന്റെ തുമ്പിക്കൈയിൽ കരുതിയിരുന്ന ചെളിവെള്ളം തയ്യൽക്കാരന്റെ ദേഹത്തേക്ക് ഒഴിച്ചു കൊടുത്തു. ആ ചെളിവെള്ളം അയാളുടെ ദേഹത്തും അവിടെയിരുന്ന തുണികളിലുമൊക്കെ വീണു. അയാൾ ഞെട്ടലോടെ തലയുയർത്തി നോക്കി. അപ്പോൾ തന്റെ മുന്നിൽ നിൽക്കുന്ന ആനയെയാണ് അയാൾ കണ്ടത്. കഴിഞ്ഞ ദിവസം സൂചി കൊണ്ടു കുത്തി വേദനിപ്പിച്ചതു  കൊണ്ടാണ് ആന ഇങ്ങനെ ചെയ്‍തത് എന്നു അയാൾക്ക് അപ്പോൾ തന്നെ മനസ്സിലായി. തന്റെ തെറ്റു മനസിലാക്കിയ തയ്യൽക്കാരൻ ആനയോട് പറഞ്ഞു

“എന്നോട് ക്ഷമിക്കൂ. ഞാൻ ഇന്നലെ നിന്നോട് ചെയ്‍തത് തെറ്റായിപ്പോയി. ഇനിയൊരിക്കലും ഞാൻ ഇങ്ങനെ പെരുമാറില്ല.”

ഇതു കേട്ടതും ആന തന്റെ തുമ്പിക്കൈ പൊക്കി തലയും കുലുക്കി അവിടെ നിന്നും പോയി.

ഗുണപാഠം

നമ്മൾ എങ്ങനെയാണോ മറ്റുള്ളവരോട് പെരുമാറുന്നത് അതുപോലെ ആയിരിക്കും അവർ തിരിച്ചു നമ്മളോടും പെരുമാറുന്നത്.

ആനയും തയ്യൽക്കാരനും കഥ കേൾക്കാം

Read More Malayalam Stories For Kids

English Summary: The Elephant and The Tailor is a must-read for anyone searching for engaging Malayalam stories to read online. This captivating tale features a clever elephant who outwits a tailor and showcases the wit and intelligence of the elephant. Set in a small village, this timeless story is sure to delight and entertain readers of all ages. If you’re looking for a great read, The Elephant and The Tailor is a story that is sure to leave a lasting impression. Whether you’re a fan of traditional Malayalam stories or just looking for a good tale, this is one of the best Malayalam stories to read online. Don’t miss the opportunity to immerse yourself in this charming story and experience the magic of this well-crafted tale. With so many amazing Malayalam stories to read online, The Elephant and The Tailor is a must-read for anyone seeking quality entertainment.

Leave a Comment

1 Comment on ആനയും തയ്യൽക്കാരനും