Follow

Subscribe

ഒരേയൊരു ചോദ്യം

Birbal Stories

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ടു പണ്ട് അക്ബർ ചക്രവർത്തി രാജ്യം ഭരിക്കുന്ന കാലം. അക്ബറിന്റെ മന്ത്രിയായിരുന്ന ബീർബലിന്റെ ബുദ്ധിവൈഭവം ലോകമെങ്ങും പ്രശസ്‌തമായിരുന്നു. ഒരു ദിവസം അക്ബറിന്റെ രാജസദസ്സിൽ ഒരു പണ്ഡിതൻ എത്തിച്ചേർന്നു. തന്റെ ബുദ്ധി വൈഭവം കൊണ്ടു പല രാജ്യത്തിലെയും പണ്ഡിതന്മാരെ പരാജയപ്പെടുത്തിയിട്ടായിരുന്നു അദ്ദേഹത്തിന്റെ വരവ്. ആ പണ്ഡിതൻ അക്ബറിനെ കണ്ടു തന്റെ ആഗമനോദ്ദേശ്യം പറഞ്ഞു.

“അല്ലയോ ചക്രവർത്തി, ഞാൻ പല രാജ്യങ്ങളും സന്ദർശിച്ചിട്ടാണ് വരുന്നത്. ആ രാജ്യങ്ങളിലെ പണ്ഡിതന്മാരെയെല്ലാം ഞാൻ എന്റെ ബുദ്ധിശക്തി കൊണ്ട് പരാജയപ്പെടുത്തി. അപ്പോഴാണ് ബീർബലിനെക്കുറിച്ച് കേട്ടറിഞ്ഞത്. അതിനാലാണ് ഇങ്ങോട്ടേക്ക് വന്നത്. എനിക്ക് ബീർബലിനെക്കൂടി പരാജയപ്പെടുത്തി എന്റെ പാണ്ഡിത്യം തെളിയിക്കണം എന്നു ആഗ്രഹമുണ്ട്.”

അക്ബറിന് അഹങ്കാരിയായ ആ പണ്ഡിതന്റെ സംസാരം തീരെ രസിച്ചില്ല. പക്ഷെ ഈ അഹങ്കാരം അല്പസമയം കൂടിയേ കാണൂ എന്നറിയാവുന്ന അക്ബർ ഒന്നും പറയാതെ ബീർബലിനെ തന്റെ സഭയിലേക്ക് വിളിപ്പിച്ചു. സഭയിലെത്തിയ ബീർബൽ പണ്ഡിതനെ അഭിവാദ്യം ചെയ്തു. എന്നിട്ട് അദ്ദേഹത്തിനോട് പറഞ്ഞു

“അല്ലയോ പണ്ഡിതാ അങ്ങേക്ക് എന്താണോ ചോദിക്കാനുള്ളത് അത് ചോദിച്ചാലും.”

ഇതു കേട്ടതും പണ്ഡിതൻ ബീർബലിനോട് ചോദിച്ചു

“പറയൂ ബീർബൽ നിങ്ങളോട് എളുപ്പമുള്ള നൂറ് ചോദ്യങ്ങൾ ചോദിക്കണോ അതോ പ്രയാസമുള്ള ഒരു ചോദ്യം ചോദിക്കണോ?”

ബീർബൽ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു

“പ്രയാസമുള്ള ഒരു ചോദ്യം ചോദിക്കൂ.”

ഇതു കേട്ടതും രാജാവിലും സഭയിലുള്ളവരിലുമെല്ലാം ജിജ്ഞാസ വർധിച്ചു.

“ഏതായിരിക്കും ആ ഒരു ചോദ്യം?” അവർ പരസ്പരം പിറു പിറുത്തു.

പണ്ഡിതൻ മനസ്സിൽ കരുതി.

“ഏതു വിധേനയും ബീർബലിനെ പരാജയപ്പെടുത്തുക തന്നെ വേണം. അതിനായി ബീർബലിനെ കൊണ്ട് ഒരിക്കലും ഉത്തരം പറയാൻ കഴിയാത്ത ചോദ്യം തന്നെ ചോദിക്കണം.”

ഒരു നിമിഷം ആലോചിച്ചതിനു ശേഷം പണ്ഡിതൻ ആ ഒരു ചോദ്യം ബീർബലിനോട് ചോദിച്ചു.

“പറയൂ ബീർബൽ കോഴിയാണോ അതോ മുട്ടയാണോ ആദ്യം ഉണ്ടായത്?”

പണ്ഡിതന്റെ ഈ ചോദ്യം കേട്ടതും സദസ്സ് മുഴുവൻ നിശബ്ദമായി. എന്നാൽ ബീർബൽ അപ്പോഴും പുഞ്ചിരിച്ചു കൊണ്ടു തന്നെ നിന്നു. ചോദ്യം കേട്ടു കഴിഞ്ഞതും ബീർബൽ പണ്ഡിതനോടായി പറഞ്ഞു.

“ആദ്യം ഉണ്ടായത് തീർച്ചയായും കോഴി തന്നെയാണ്.”

ഇതു കേട്ടതും പണ്ഡിതൻ ബീർബലിനോടായി ചോദിച്ചു

“അതെങ്ങനെയാണ് നിങ്ങൾക്ക് ഇത്രയും ഉറപ്പായിട്ടു പറയാൻ കഴിയുന്നത്?”

അപ്പോൾ ബീർബൽ പറഞ്ഞു.

“നിങ്ങൾ എന്നോട് ഒരു ചോദ്യം ചോദിക്കുമെന്നാണ് പറഞ്ഞത്. അത് നിങ്ങൾ  ഇതിനകം തന്നെ ചോദിച്ചു കഴിഞ്ഞു. അതിനു ഞാൻ മറുപടിയും നൽകി. അപ്പോൾ പിന്നെ എങ്ങനെയാണ് ഞാൻ നിങ്ങളുടെ ഈ ചോദ്യത്തിന് ഉത്തരം നൽകുന്നത്?”

ആ പണ്ഡിതന് അതിനു മറുപടി ഒന്നും തന്നെ പറയാൻ ഉണ്ടായിരുന്നില്ല. അയാൾ ഒന്നും മിണ്ടാതെ നാണിച്ചു തലയും കുനിച്ചു അവിടെ നിന്നും മടങ്ങി.

Read More Children’s Stories in Malayalam

English Summary: “Just One Question” is a classic Akbar Birbal story that showcases the wit and intelligence of Birbal. In this story, a highly distinguished scholar asks Birbal a question that seems to have no answer. Despite the complexity of the question, Birbal is able to come up with a clever solution that impresses both the scholar and Emperor Akbar. The Akbar Birbal stories are known for their humor and the clever solutions that Birbal provides to the challenges faced by Akbar. These stories demonstrate Birbal’s exceptional intelligence and quick thinking, which was one of the reasons why he was such a valuable advisor to Akbar. The Akbar Birbal stories continue to captivate audiences with their humor and clever solutions, making them a popular source of entertainment and inspiration.

Leave a Comment

1 Comment on ഒരേയൊരു ചോദ്യം