പണ്ടു പണ്ടൊരു കാട്ടിൽ ഒരു കുറുനരി ജീവിച്ചിരുന്നു. ആ കുറുനരിക്ക് എല്ലാത്തിനോടും ഭയമായിരുന്നു. ഒരു ദിവസം അവൻ ആഹാരം അന്വേഷിച്ചു ആ കാടു മുഴുവൻ അലഞ്ഞു. എന്നാൽ ഭീരുവായ കുറുനരിക്ക് അന്ന് ഒന്നും തന്നെ കിട്ടിയില്ല. അവനു വിശപ്പ് സഹിക്കാനും പറ്റുന്നുണ്ടായിരുന്നില്ല. അങ്ങനെ അവൻ ആഹാരം അന്വേഷിച്ചു കാടിന് പുറത്തിറങ്ങാൻ തന്നെ തീരുമാനിച്ചു. കാടിന് പുറത്തിറങ്ങിയ കുറുനരി എത്തി ചേർന്നതാകട്ടെ ഒരു യുദ്ധഭൂമിയിൽ ആയിരുന്നു. അവൻ ചുറ്റും നോക്കി അവിടെയെങ്ങും ആരും തന്നെ ഉണ്ടായിരുന്നില്ല. പക്ഷേ ആളൊഴിഞ്ഞ കൂടാരങ്ങൾ കണ്ടപ്പോൾ ഈ അടുത്തു തന്നെ അവിടെ യുദ്ധം നടന്നതായി അവനു മനസിലായി. അപ്പോൾ കുറുനരി പറഞ്ഞു
“ഇവിടെയെങ്ങും ആരെയും കാണാനില്ല. ആളൊഴിഞ്ഞ ഈ യുദ്ധ ഭൂമി കാണുമ്പോൾ തോന്നുന്നത് യുദ്ധം കഴിഞ്ഞു എല്ലാവരും പോയിട്ടുണ്ടാകും എന്നാണ്. ഒഴിഞ്ഞ ഈ കൂടാരത്തിനകത്ത് നോക്കിയാൽ ബാക്കി വന്ന എന്തെങ്കിലും ആഹാരം കിട്ടാതിരിക്കില്ല.”
ഇതും പറഞ്ഞു അവൻ ആദ്യം കണ്ട ഒരു കൂടാരം ലക്ഷ്യമാക്കി നടന്നു. അപ്പോഴാണ് അവനൊരു ശബ്ദം കേട്ടത്. കുറുനരി ചുറ്റുപാടും നോക്കി. അവിടെയെങ്ങും ആരെയും കാണാനുണ്ടായിരുന്നില്ല. അവൻ വീണ്ടും മുന്നോട്ട് തന്നെ നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അതേ ശബ്ദം അവൻ വീണ്ടും കേട്ടു. ഇത്തവണ മുൻപത്തേക്കാളും ഉച്ചത്തിലായിരുന്നു ശബ്ദം കേട്ടത്. ഭയന്നു വിറച്ച കുറുനരി സ്വയം പറഞ്ഞു
“ഇവിടെയെങ്ങും ആരെയും കാണാനില്ലല്ലോ. പിന്നെ എവിടെ നിന്നാണ് ഈ അപരിചിത ശബ്ദം? കേട്ടിട്ട് എന്തൊച്ചയാണെന്നു മനസ്സിലാകുന്നുമില്ല.”
ഇതും പറഞ്ഞു ആ കുറുനരി ഭയന്നു അടുത്തു കണ്ട ഒരു മരത്തിന്റെ പുറകിൽ ഓടി പോയി ഒളിച്ചു.
എന്നിട്ട് ആ ശബ്ദം വീണ്ടും കേൾക്കുന്നുണ്ടോ എന്ന് അവൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു. തുടർന്നും അതേ ശബ്ദം കേട്ട കുറുനരി പറഞ്ഞു
“എന്ത് ശബ്ദമാണ് ഈ കേൾക്കുന്നത് ? ഇന്ന് ഈ സമയം വരെയും ഞാൻ ഒന്നും തന്നെ കഴിച്ചിട്ടില്ല. ഭയം മാറ്റി വച്ചു മുന്നോട്ട് പോയി നോക്കിയില്ലെങ്കിൽ പട്ടിണി കിടന്നു മരിക്കേണ്ടി വരും.”
ഇതും പറഞ്ഞു കുറുനരി ഭയത്തോടെ ശബ്ദം കേട്ട ഭാഗത്തേക്ക് പതിയെ പതിയെ പോയി. അപ്പോൾ ആ കാഴ്ച കണ്ടു അവൻ അത്ഭുതപ്പെട്ടു. യുദ്ധ സമയത്തൊക്കെ ഉപയോഗിക്കുന്ന ഒരു ഡ്രമ്മിന്റെ ഒച്ചയായിരുന്നു കുറുനരി കേട്ടു കൊണ്ടിരുന്നത്. ഒരു മരത്തിന്റെ സമീപത്തായി സൈനികർ ഉപേക്ഷിച്ചു പോയ ഒരു വലിയ ഡ്രം ഇരിക്കുന്നുണ്ടായിരുന്നു. അതിൽ കാറ്റടിക്കുമ്പോൾ മരത്തിന്റെ ചില്ലകൾ തട്ടുന്ന ശബ്ദമായിരുന്നു അവൻ കേട്ടു കൊണ്ടിരുന്നത്. അപ്പോൾ കുറുനരി പറഞ്ഞു
“ഞാനെന്തൊരു മണ്ടനാണ്. ഈ ഡ്രമ്മിന്റെ ശബ്ദം കേട്ടാണോ ഞാൻ ഭയന്നു വിറച്ചത്.”
അങ്ങനെ ഭയം മാറിയ കുറുനരി എത്രയും വേഗം ഒരു കൂടാരത്തിന്റെ അകത്തു കയറി നോക്കി. അതിൽ അവനു ദിവസങ്ങളോളം കഴിക്കുവാനുള്ള ആഹാരം ഉണ്ടായിരുന്നു. അവൻ തനിക്കു മതിയാവോളം ഭക്ഷണവും കഴിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു.
“ഭയം കാരണം പേടിച്ചു തിരിച്ചു പോയിരുന്നെങ്കിൽ ഇന്ന് ഭക്ഷണം ഒന്നും കിട്ടാതെ വലഞ്ഞേനെ. ഇതിപ്പോൾ കുറച്ചു ദിവസത്തേക്കു സുഖമായി കഴിയേണ്ട ആഹാരം ഇവിടെയുണ്ട്. അത് തീരും വരെ ഇവിടെ തന്നെ കഴിച്ചു കൂട്ടാം. അപ്പോൾ പിന്നെ അതുവരെയും ആഹാരം തേടി അലയുകയും വേണ്ട.”
അങ്ങനെ തന്റെ ഭയത്തെ അതിജീവിച്ച കുറുനരി വളരെ നാളുകൾ മതിവരുവോളം ഭക്ഷണവും കഴിച്ചു സുഖമായി അവിടെ കഴിഞ്ഞു.
ഗുണപാഠം
ഭയം മാറ്റി വച്ചു ധീരമായി പ്രതിസന്ധികളെ നേരിടുന്നവരാണ് ജീവിതത്തിൽ വിജയം കൈവരിച്ചിട്ടുള്ളത്.
ഭീരുവായ കുറുനരി കഥ കേൾക്കാം
Read More Stories for Kids
- നൃത്തം ചെയ്യുന്ന പന്ത്രണ്ട് രാജകുമാരിമാർ
- കുറുക്കനും മുന്തിരിയും
- ബുദ്ധിമാന്മാരായ ആടുകൾ
- നാല് സുഹൃത്തുക്കൾ
- ബുദ്ധിമാനായ കാക്ക
English Summary: The Jackal and The Drum – Panchatantra Story in Malayalam
Explore the timeless Panchatantra tale, “The Jackal and The Drum,” in Malayalam. This engaging story teaches a valuable lesson on fear and courage, making it perfect for readers of all ages. Enjoy this captivating and educational moral story today!