കർഷകൻ്റെ കിണർ

Birbal Stories

പണ്ട് മുഗൾവംശ രാജാവായ അക്ബർ രാജ്യം ഭരിക്കുന്ന കാലം. ഒരു ദിവസം അക്ബറിൻ്റെ കൊട്ടാരത്തിൽ വിചിത്രമായ ഒരു പരാതിയുമായി ഒരു കർഷകൻ എത്തി. അക്ബർ ആ കർഷകനോട് തൻ്റെ പരാതി എന്താണെന്ന് ചോദിച്ചു. അയാൾ പറഞ്ഞു

“ഞാൻ ഒരു കർഷകനാണ്. കൃഷിയിടം നനയ്ക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അടുത്ത സ്ഥലയുടമയായ ഒരു ധനികൻ്റെ പക്കൽ നിന്നും കിണറുൾപ്പെടുന്ന കുറച്ചു സ്ഥലം വാങ്ങിയിരുന്നു.” 

ഇതുകേട്ട അക്ബർ ചക്രവർത്തി ചോദിച്ചു 

“അത് നല്ല കാര്യം തന്നെയാണ്.  ഇപ്പോൾ എന്താണ് പ്രശ്നം?”

കർഷകൻ പറഞ്ഞു

“ഞാൻ വാങ്ങിയ സ്ഥലത്തിലെ കിണറ്റിൽ നിന്നും അദ്ദേഹം എന്നെ വെള്ളം എടുക്കാൻ ഇപ്പോൾ അനുവദിക്കുന്നില്ല.”

ഇത് കേട്ടതും അക്ബർ ചക്രവർത്തി ആശ്ചര്യപ്പെട്ടു.

“അതെന്തുകൊണ്ടാണ് അദ്ദേഹം നിങ്ങളെ വെള്ളമെടുക്കാൻ അനുവദിക്കാത്തത്?”

അക്ബർ ചോദിച്ചു.

“അയാൾ പറയുന്നത് കിണറും സ്ഥലവും മാത്രമാണ് എനിക്ക് തന്നത്. കിണറ്റിലുള്ള വെള്ളം ഇപ്പോഴും അദ്ദേഹത്തിനുള്ളതാണ്. അതെടുക്കാൻ പാടില്ല”. കർഷകൻ മറുപടി പറഞ്ഞു.

ഇതൊരു വിചിത്രമായ വാദമാണല്ലോ അക്ബർ ചക്രവർത്തി മനസ്സിൽ കരുതി.

പരാതി എത്രയും വേഗം പരിഹരിക്കുന്നതിനായി തൻ്റെ മന്ത്രിയായ ബീർബലിനെ അദ്ദേഹം ഏർപ്പാടാക്കി. 

ബീർബൽ ആ കർഷകനോടൊപ്പം അദ്ദേഹത്തിൻ്റെ പരാതി സ്ഥലത്തെത്തി. അദ്ദേഹം കർഷകൻ വാങ്ങിയ സ്ഥലം നോക്കിയശേഷം ധനികനെ കണ്ടു. ബീർബൽ അയാളോട് ചോദിച്ചു.

“നിങ്ങളെന്താണ് കർഷകനെ കിണറ്റിൽ നിന്നും വെള്ളം എടുക്കാൻ അനുവദിക്കാത്തത്?”

ഇതിനു മറുപടിയായി 

“ഞാൻ അദ്ദേഹത്തിന് കിണറും അതുൾപ്പെടുന്ന സ്ഥലവും മാത്രമാണ് കൊടുത്തത്. അതിലെ വെള്ളം നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ വെള്ളം എടുക്കാൻ അനുവദിക്കുകയില്ല.”

എന്ന വിചിത്രമായ വാദം ധനികൻ വീണ്ടും ആവർത്തിച്ചു.

ധനികൻ കർഷകനെ കബളിപ്പിക്കുകയാണെന്ന് മനസിലാക്കിയ ബീർബൽ ധനികൻ്റെ അതിബുദ്ധിക്ക് അതേ നാണയത്തിൽത്തന്നെ മറുപടി നൽകാൻ തീരുമാനിച്ചു.

ഒരു നിമിഷം ചിന്തിച്ചതിനു ശേഷം ബീർബൽ ധനികനോട് ഇപ്രകാരം പറഞ്ഞു. 

“നിങ്ങൾ പറഞ്ഞത് ശരിയാണ്. അദ്ദേഹത്തിന് കിണറും അതുൾപ്പെടുന്ന സ്ഥലവും മാത്രമാണ് നൽകിയത്. വെള്ളമല്ല. അങ്ങനെയാണെങ്കിൽ കിണറ്റിലെ വെള്ളം മുഴുവൻ നിങ്ങൾ വറ്റിക്കണം. അല്ലെങ്കിൽ ആ വെള്ളം കിണറ്റിൽ സൂക്ഷിക്കുന്നതിൻ്റെ വാടക കർഷകന് നൽകണം. അല്ലാത്തപക്ഷം ശിക്ഷാനടപടികൾ നേരിടേണ്ടിവരും.”

ബീർബലിൻ്റെ വാക്കുകൾ കേട്ട ധനികന് ഇനിയും കർഷകനെ കബളിപ്പിക്കാൻ കഴിയില്ലെന്ന് ബോധ്യമായി. അയാൾ ബീർബലിനോട് ക്ഷമ ചോദിക്കുകയും കർഷകനെ വെള്ളം എടുക്കാൻ അനുവദിക്കുകയും ചെയ്തു.

Enjoyed the story of Birbal? Read More Stories

English Summary: Farmer’s Well, story of Birbal in Malayalam

Leave a Comment

8 Comments on കർഷകൻ്റെ കിണർ

  1. thank you for this beautiful story
    from 4 years old I loved stories especialy mytholagycal
    I love Tenali Raman stories and Akbar Birbal stories and the Mahabharatha
    From Prarthana

    മറുപടി