Follow

Subscribe

കഴുതയും വ്യാപാരിയും

Aesop's Fables, Moral Stories

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ട് പണ്ടൊരു ഗ്രാമത്തിൽ ഒരു വ്യാപാരി ഉണ്ടായിരുന്നു. അയാൾ തൻ്റെ മകനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. വ്യാപാരി തൻ്റെ വീട്ടിൽ ഒരു കഴുതയെ വളർത്തിയിരുന്നു. കഴുത വളർന്നു വലുതായപ്പോൾ ആ വ്യാപാരി അതിനെ വിൽക്കുവാൻ തീരുമാനിച്ചു. അദ്ദേഹം തൻ്റെ മകനോട് പറഞ്ഞു

“നമ്മുടെ കഴുത വളർന്നു നല്ല പുഷ്ടിയൊക്കെ വച്ചിട്ടുണ്ട്. നമുക്കതിനെ വിൽക്കാം. ഇപ്പോൾ വിൽക്കുകയാണെങ്കിൽ നല്ല കാശും കിട്ടും.”

മകനും അച്ഛൻ പറഞ്ഞത് ശരിവച്ചു. പക്ഷേ അപ്പോൾ മകനൊരു സംശയം 

“നമ്മുടെ ഗ്രാമത്തിൽ കഴുതയെ ആവശ്യമുള്ളവർ ഇല്ലല്ലോ. അപ്പോൾ നമ്മൾ എന്ത് ചെയ്യും? 

ഇതുകേട്ട വ്യാപാരി പറഞ്ഞു

“കുറച്ചകലെയുള്ള ഒരു ഗ്രാമത്തിൽ കഴുതകളെ ആവശ്യമുള്ളവരുണ്ട്. നമുക്ക് അവിടെ കൊണ്ടുപോയി കൊടുക്കാം.”

അങ്ങനെ അച്ഛനും മകനും കൂടി കഴുതയെ അകലെയുള്ള ഗ്രാമത്തിൽ വിൽക്കാൻ കൊണ്ടുപോകാൻ തീരുമാനിച്ചു. പിറ്റേന്ന് കഴുതയുമായി പുറപ്പെടുന്നതിനു മുൻപ് വ്യാപാരി മകനോട് പറഞ്ഞു.

“ഗ്രാമത്തിലേക്ക് ഇവിടെ നിന്നും ഒരുപാട് യാത്ര ചെയ്യാനുണ്ട്. അതുവരെ കഴുതയെ നടത്തിക്കൊണ്ട് പോയാൽ അവൻ ക്ഷീണിക്കും. അപ്പോൾ പിന്നെ നമ്മൾ പ്രതീക്ഷിക്കുന്ന വിലയും കിട്ടുകയില്ല. നമുക്കൊരു കാര്യം ചെയ്യാം. കഴുതയുടെ കാലുകൾ കെട്ടിയിട്ട് ഒരു കമ്പിൽ ചേർത്ത് കെട്ടാം. എന്നിട്ട് നമുക്ക് കഴുതയെ തലകീഴായി ചുമന്നു കൊണ്ടു പോകാം.”

അങ്ങനെ ആ അച്ഛനും മകനും കൂടി കഴുതയെയും ചുമന്നു യാത്ര തുടങ്ങി. 

അവരങ്ങനെ കഴുതയെയും ചുമന്ന് തൊട്ടടുത്തുള്ള ഒരു ഗ്രാമത്തിലെത്തി. അവിടെ കുറച്ചുപേർ കൂടി നിൽപ്പുണ്ടായിരുന്നു. കഴുതയെയും ചുമന്നു കൊണ്ടുവരുന്ന വ്യാപാരിയെയും മകനെയും കണ്ട് അവർ ഞെട്ടി. അവർ വ്യാപാരിയോട് ചോദിച്ചു.

“നിങ്ങളെങ്ങോട്ടാണ് പോകുന്നത്?”

വ്യാപാരി കഴുതയെ വിൽക്കാൻ കൊണ്ടുപോകുന്ന കാര്യം അവരോട് പറഞ്ഞു. 

“ഇതെന്താ, മനുഷ്യൻ കഴുതയെ ചുമക്കുന്നോ? കഴുതയും കുതിരയും കാളയും സാധാരണ മനുഷ്യനെയാണ് ചുമക്കുന്നത്. അല്ലാതെ മനുഷ്യൻ അവയെ ചുമക്കാറില്ല.”

കൂട്ടത്തിലൊരാൾ പറഞ്ഞു.

ഇതുകേട്ട വ്യാപാരിയും മകനും കൂടി കഴുതയുടെ കെട്ടഴിച്ചു നടത്തിക്കൊണ്ടു പോകാൻ തീരുമാനിച്ചു. എന്നിട്ട് വ്യാപാരി മകനോട് പറഞ്ഞു

“നമ്മൾ രണ്ടുപേരെയും കൊണ്ടുപോകാനുള്ള ശക്തി ഈ കഴുതയ്ക്കില്ല. ഒരു കാര്യം ചെയ്യാം. നീ കഴുതപ്പുറത്തു കയറിവരൂ. ഞാൻ പുറകെ നടന്നു വരാം.”

അങ്ങനെ മകൻ കഴുതപ്പുറത്തു കയറിയും അച്ഛൻ പുറകെ നടന്നും അവർ യാത്ര പുനരാരംഭിച്ചു. 

അവർ യാത്രചെയ്ത് മറ്റൊരു ഗ്രാമത്തിലെത്തി. അവിടെ കുറച്ച് ഗ്രാമീണർ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. കഴുതപ്പുറത്ത് വന്ന മകനെ അവർ രൂക്ഷമായി നോക്കി. എന്നിട്ടവനോട് ചോദിച്ചു.

“പുറകെ നടന്നുവരുന്നത് ആരാണ്?”

അവൻ സൗമ്യമായി പറഞ്ഞു 

“അതെൻ്റെ അച്ഛനാണ്.”

ഇതുകേട്ട ഗ്രാമീണർക്ക് ദേഷ്യമായി. അവർ ആ ചെറുപ്പക്കാരനോട് പറഞ്ഞു. 

“പ്രായമായ അച്ഛനെ നടത്തിയിട്ട് കഴുതപ്പുറത്തു കയറിവരാൻ നിനക്കെങ്ങനെ തോന്നി? നീ ചെറുപ്പമല്ലേ നടന്നു പോകാനുള്ള ആരോഗ്യം നിനക്ക് ഉണ്ടല്ലോ? അച്ഛനെ കഴുതപ്പുറത്തു കയറ്റിയിട്ട് നിനക്ക് നടന്നു വന്നാൽ പോരായിരുന്നോ?”

ഇതുകേട്ട മകൻ ഉടൻതന്നെ കഴുത പുറത്തു നിന്നും ഇറങ്ങി. പകരം അച്ഛനെ കഴുതപ്പുറത്തു കയറ്റി. അച്ഛൻ കഴുതപ്പുറത്തും മകൻ പുറകിലുമായി അവർ വീണ്ടും യാത്ര തുടങ്ങി.

അവർ യാത്രചെയ്ത് അടുത്ത ഗ്രാമത്തിലെത്തി. അവിടെ ഒരു പുഴയുടെ തീരത്തിലൂടെ അവർ പോവുകയായിരുന്നു. പുഴയിൽ കുളിക്കാനും വെള്ളമെടുക്കാനുമായി കുറേ സ്ത്രീകൾ അവിടെ ഉണ്ടായിരുന്നു. കഴുതപ്പുറത്ത് പോകുന്ന അച്ഛനെയും നടന്നുവരുന്ന മകനെയും കണ്ട് അവർ പരസ്പരം പിറുപിറുത്തു. കൂട്ടത്തിൽ ഒരു സ്ത്രീ അടുത്തുവന്ന് ആ വ്യാപാരിയോട് പറഞ്ഞു. 

“മകനെ നടത്തിയിട്ട് നിങ്ങൾക്ക് എങ്ങനെയാണ് കഴുതപ്പുറത്തു കയറിവരാൻ തോന്നിയത്? അവൻ നന്നേ ചെറുപ്പമല്ലേ. ഇത്രയും ദൂരം നടക്കാൻ അവനെക്കൊണ്ട് എങ്ങനെ സാധിക്കും?”

ഇതുകേട്ട വ്യാപാരി ഇളിഭ്യനായി. അയാൾ ഉടൻതന്നെ കഴുതപ്പുറത്തു നിന്നും ഇറങ്ങി. എന്നിട്ട് മകനോട് പറഞ്ഞു. 

“ഒരു കാര്യം ചെയ്യാം. നമുക്കൊരുമിച്ച് കഴുതപ്പുറത്തു പോകാം. നീയാദ്യം കയറൂ. ഞാൻ നിൻ്റെ പുറകിലായിരിക്കാം.”

അങ്ങനെ അച്ഛനും മകനും ഒരുമിച്ച് കഴുതപ്പുറത്തു കയറി യാത്ര വീണ്ടും തുടങ്ങി. അവർ യാത്രചെയ്ത് അടുത്ത ഗ്രാമത്തിലെത്തി. അവിടെ വഴിയരികിൽ ഒരു വൃദ്ധൻ നിൽക്കുന്നുണ്ടായിരുന്നു. ഇവരെ കണ്ടതും വൃദ്ധൻ ചോദിച്ചു.

“രണ്ടുപേരും കൂടി കഴുതപ്പുറത്തു കയറി എങ്ങോട്ടാണ് പോകുന്നത്?”

വൃദ്ധന്റെ ചോദ്യത്തിന് വ്യാപാരി മറുപടി പറഞ്ഞു.

“ഞങ്ങൾ കഴുതയെ വിൽക്കുന്നതിനായി അടുത്ത ഗ്രാമത്തിലേക്ക് പോകുകയാണ്.”

ഇതുകേട്ട വൃദ്ധൻ പറഞ്ഞു.

“ആ ഗ്രാമത്തിലേക്ക് ഇനിയും ഒരുപാട് ദൂരമുണ്ട്. നിങ്ങൾ രണ്ടുപേരും കൂടി ഇങ്ങനെ കഴുതപ്പുറത്ത് പോയാൽ അവിടെ എത്തുമ്പോഴേക്കും കഴുത അവശനാകും. മാത്രമല്ല നിങ്ങളുദ്ദേശിക്കുന്ന വിലയും കിട്ടില്ല.”

ഇതുകേട്ട ഉടൻതന്നെ അച്ഛനും മകനും കഴുതപ്പുറത്തു നിന്നിറങ്ങി. അച്ഛൻ മകനോട് പറഞ്ഞു.

“നമുക്കൊരു കാര്യം ചെയ്യാം. ഇനിയങ്ങോട്ട് കഴുതയോടൊപ്പം നമുക്കും നടന്നുപോകാം.”

കഴുതയുടെ കഴുത്തിൽ ഒരു കയറും കെട്ടി അങ്ങനെ അവർ മൂന്നുപേരും കൂടി നടക്കാൻ തുടങ്ങി. എന്നാൽ അവർ നടന്നെത്തിയത് വഴി അവസാനിച്ച ഒരു സ്ഥലത്തായിരുന്നു. തുടർന്നങ്ങോട്ട് പോകാൻ അവർക്ക് വഴി ഉണ്ടായിരുന്നില്ല. തുടർന്നും യാത്രചെയ്ത് ആ ഗ്രാമത്തിൽ എത്തണമെങ്കിൽ വരണ്ടുണങ്ങിയ ഒരു പാടം കടന്നുപോകണമായിരുന്നു. അതിനാൽ അവർ അടുത്തുകണ്ട പാടത്തിലൂടെ യാത്രചെയ്യാൻ തുടങ്ങി. ഇതും കണ്ടുകൊണ്ടു അങ്ങ് ദൂരെയായി ആ സ്ഥലത്തിൻ്റെ ഉടമസ്ഥൻ നില്പുണ്ടായിരുന്നു.

അയാൾ അവിടെനിന്നും വിളിച്ചുപറഞ്ഞു.

“സൂക്ഷിച്ചു പോകണം. ഞാൻ ഇവിടെയൊക്കെ വൃത്തിയാക്കിയിട്ട് ഒരുപാടായി. കല്ലും മുള്ളുമൊക്കെ കാണും. പിന്നെ നിങ്ങളെന്തിനാണ് ഒരു കഴുത കൂടെയുള്ളപ്പോൾ ഇങ്ങനെ നടക്കുന്നത്?  അതിൻ്റെ പുറത്തുകയറി പോയാൽ മതിയല്ലോ.”

ഇതുകേട്ടതും അച്ഛനും മകനും പരസ്പരം നോക്കി. എന്നിട്ട് ആ വ്യാപാരി തൻ്റെ മകനോട് പറഞ്ഞു. 

“നമുക്ക് എല്ലാവരെയും തൃപ്തിപ്പെടുത്തി ഒന്നും ചെയ്യാൻ കഴിയില്ല. നമ്മൾ എന്തു നല്ലതു ചെയ്താലും മറ്റുള്ളവർ അതിൽ എന്തെങ്കിലുമൊക്കെ കുറ്റം കണ്ടുപിടിക്കും. നമുക്ക് ഏതാണോ ഉചിതമെന്ന് തോന്നുന്നത് അതുപോലെ ചെയ്യാം.”

ഇതും പറഞ്ഞു അവർ കഴുതയുമായി അവർക്ക് ഉചിതമെന്നു തോന്നിയ രീതിയിൽ  മുന്നോട്ട് പോയി. ഒട്ടും സമയം പാഴാക്കാതെ അവർ ഗ്രാമത്തിലെത്തുകയും നല്ല വിലയ്ക്ക് കഴുതയെ വിൽക്കുകയും ചെയ്തു. തുടർന്ന് വ്യാപാരിയും മകനും സന്തോഷത്തോടെ തൻ്റെ ഗ്രാമത്തിലേക്ക് മടങ്ങി.

ഗുണപാഠം

നമുക്ക് എല്ലാവരെയും തൃപ്തിപ്പെടുത്തി ഒന്നും ചെയ്യാൻ കഴിയില്ല. നമുക്ക് ഉചിതമായത് ഏതാണോ അത് തിരഞ്ഞെടുക്കുക

Read More Fables With Morals In Malayalam

English Summary: A Donkey To Market, Fables with morals in Malayalam

Leave a Comment

4 Comments on കഴുതയും വ്യാപാരിയും