ഒരു ദിവസം അക്ബർ ചക്രവർത്തിയും ബീർബലും കൂടി പൂന്തോട്ടത്തിലൂടെ വെറുതെ നടക്കുകയായിരുന്നു. അപ്പോൾ അക്ബർ ബീർബലിനോടായി ചോദിച്ചു.
“ബീർബൽ, എപ്പോഴെങ്കിലും നിങ്ങൾക്ക് സ്വർണനാണയമോ നീതിയോ ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ടതായി വന്നാൽ നിങ്ങൾ ഇതിൽ എന്തായിരിക്കും തിരഞ്ഞെടുക്കുക?”
അക്ബറിന്റെ ചോദ്യം കേട്ടതും ബീർബൽ ഉടൻ തന്നെ പറഞ്ഞു
“അങ്ങനെയൊരു അവസരം വന്നാൽ ഞാൻ തീർച്ചയായും സ്വർണനാണയം തന്നെ തിരഞ്ഞെടുക്കും പ്രഭു.”
ബീർബലിന്റെ മറുപടി കേട്ട അക്ബർ ഒന്നു ഞെട്ടി. അദ്ദേഹം ബീർബലിനോട് പറഞ്ഞു
“ബീർബൽ, അങ്ങ് എന്റെ ചോദ്യത്തിന് ആലോചിക്കാതെയാണ് മറുപടി പറഞ്ഞതെന്ന് തോന്നുന്നു. നിങ്ങൾ നന്നായി ആലോചിച്ചതിനു ശേഷം മാത്രം മറുപടി പറഞ്ഞാൽ മതി.”
ഇതുകേട്ട ബീർബൽ അക്ബറിനോട് വീണ്ടും പറഞ്ഞു
“ഇതിൽ ആലോചിക്കേണ്ടതായി ഒന്നും തന്നെ ഇല്ല ചക്രവർത്തി. ഞാൻ തീർച്ചയായും സ്വർണനാണയം തന്നെ തിരഞ്ഞെടുക്കും.”
ബീർബലിന്റെ വാക്കുകൾ കേട്ട അക്ബർ തീർത്തും നിരാശനായി. അദ്ദേഹം പറഞ്ഞു
“ഞാൻ കരുതിയിരുന്നത് കൊട്ടാരത്തിലെ മറ്റു അംഗങ്ങളെ പോലെ അങ്ങ് അത്യാഗ്രഹിയല്ല എന്നാണ്. പക്ഷെ നിങ്ങൾ എന്റെ ധാരണ തെറ്റിച്ചു. എന്നാലും ചോദിക്കുകയാണ്. നിങ്ങൾ എന്തുകൊണ്ടാണ് സ്വർണനാണയം തന്നെ തിരഞ്ഞെടുത്തത് എന്ന് പറയാമോ?”
അക്ബറിന്റെ വാക്കുകൾ കേട്ട ബീർബൽ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു
“മഹാനായ അക്ബർ ചക്രവർത്തിയുടെ രാജ്യത്തിൽ നീതിക്കു യാതൊരു ബുദ്ധിമുട്ടും ഇല്ല പ്രഭു. അതുകൊണ്ടു തന്നെ എനിക്ക് നീതി പ്രത്യേകിച്ചു തിരഞ്ഞെടുക്കേണ്ട ആവശ്യവുമില്ല. എന്നാൽ അങ്ങയുടെ കൈയിൽ നിന്നും സ്വർണനാണയം ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ് ഞാൻ സ്വർണനാണയം തിരഞ്ഞെടുത്തത്.”
നീതിമാനായ അക്ബർ ചക്രവർത്തിക്ക് ബീർബലിന്റെ വാക്കുകൾ വളരെയധികം ഇഷ്ടപ്പെട്ടു. ബീർബലിന്റെ ബുദ്ധിവൈഭവത്തിൽ സന്തുഷ്ടനായ രാജാവ് അദ്ദേഹത്തിന് ധാരാളം സ്വർണനാണയങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു.
സ്വർണനാണയവും നീതിയും കഥ കേൾക്കാം
Read More Malayalam fables for kids
- തെനാലിരാമനും വഴിയാത്രക്കാരനും
- ജിറാഫിന്റെ നൃത്തം
- അന്നയും കുറുനരിയും
- തൊപ്പി വില്പ്നക്കാരനും കുരങ്ങൻമാരും
- തെനാലിരാമനും കള്ളന്മാരും
English Summary: Malayalam fables for kids | Gold Coin And Justice. Emperor Akbar poses a question to Birbal, asking him to choose between justice and a gold coin. Birbal’s surprising response of choosing the gold coin initially disappoints Akbar, but Birbal cleverly explains that justice is already prevalent in the kingdom, making the gold coin a more valuable choice. Akbar, pleased with Birbal’s wisdom, rewards him with gold coins. The story highlights the importance of thoughtful communication and choosing one’s words wisely.
I love birbal and Akbar stories