പണ്ടു പണ്ടൊരു രാജ്യത്ത് രാജാവിന് ഒരു സുന്ദരിയായ മകളുണ്ടായിരുന്നു. രാജാവിനോടൊപ്പം കാടിനോട് ചേർന്നുള്ള ഒരു മനോഹരമായ കൊട്ടാരത്തിലായിരുന്നു രാജകുമാരി താമസിച്ചിരുന്നത്. എന്നാൽ ആ കൊട്ടാരത്തിൽ അവളോടൊപ്പം കളിക്കാൻ കൂട്ടുകാരായി ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നാലും രാജകുമാരി പലതരം കളികളുമായി ആ കൊട്ടാരത്തിൽ സന്തോഷത്തോടെ കഴിഞ്ഞു. അവൾക്ക് കളിക്കുന്നതിനായി രാജാവ് ഒരു സ്വർണ നിറമുള്ള പന്ത് നൽകിയിരുന്നു. രാജകുമാരിക്ക് ആ പന്ത് വളരെയധികം ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ അവൾ തന്റെ പ്രിയപ്പെട്ട പന്തുമായി കളിച്ചു കൊണ്ടായിരുന്നു കൊട്ടാരത്തിൽ കൂടുതൽ സമയവും ചിലവഴിച്ചത്.
രാജകുമാരി ഒരു ദിവസം പതിവു പോലെ കൊട്ടാരത്തിലെ പൂന്തോട്ടത്തിനോട് ചേർന്നുള്ള കുളത്തിനടുത്തു നിന്ന് പന്ത് തട്ടി കളിക്കുകയായിരുന്നു. എന്നാൽ പെട്ടെന്ന് അവളുടെ കൈയിൽ നിന്നും പന്ത് കുളത്തിലേക്ക് വീണു. രാജകുമാരി ഉടൻ തന്നെ ഓടി കുളത്തിനടുത്തേക്ക് പോയി. എന്നിട്ട് കുളത്തിൽ നിന്നും പന്തെടുക്കാൻ ശ്രമിച്ചു. എന്നാൽ അതവളുടെ കൈയെത്തും ദൂരത്തായിരുന്നില്ല. രാജകുമാരി അന്ന് തനിക്ക് ഏറ്റവും പ്രിയപ്പെട്ട പട്ടു വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. അതുകൊണ്ടു തന്നെ അവൾക്ക് കുളത്തിലിറങ്ങാനും മനസ്സു വന്നില്ല. രാജകുമാരി മനസ്സിൽ പറഞ്ഞു
“എങ്ങനെയാണ് ഞാനീ കുളത്തിൽ ഇറങ്ങുന്നത്. കുളത്തിലിറങ്ങിയാൽ തന്റെ ഈ മനോഹരമായ വസ്ത്രം മുഴുവൻ നനയും.”
അവൾ കുളത്തിൽ ഇറങ്ങാതെ ചുറ്റും നോക്കി. എന്നാൽ അവിടെയെങ്ങും അവളെ സഹായിക്കാനായി ആരും തന്നെ ഉണ്ടായിരുന്നില്ല. എന്ത് ചെയ്യണം എന്നറിയാതെ അവൾ കരയിൽ നിന്നു വിലപിക്കാൻ തുടങ്ങി. അപ്പോൾ അവളുടെ കരച്ചിൽ കേട്ടു ഒരു തവള കുളത്തിൽ നിന്നും പുറത്തുവന്നു.
തവള രാജകുമാരിയോട് ഇങ്ങനെ വിലപിക്കുന്നത് എന്തിനാണെന്ന് ആരാഞ്ഞു. രാജകുമാരി കരഞ്ഞു കൊണ്ട് തവളയോട് പറഞ്ഞു.
“എന്റെ പ്രിയപ്പെട്ട സ്വർണപന്ത് ഈ കുളത്തിൽ വീണു.”
ഇതു കേട്ടതും തവള രാജകുമാരിയോട് ചോദിച്ചു.
“അതിന് എന്തിനാണിങ്ങനെ കരയിൽ നിന്ന് വിലപിക്കുന്നത്? കുളത്തിൽ ഇറങ്ങി പന്തെടുത്താൽ പോരെ? എന്താ രാജകുമാരിക്ക് നീന്തൽ അറിയില്ലേ?”
ഇതുകേട്ട രാജകുമാരി വിഷമത്തോടെ തവളയോട് പറഞ്ഞു.
“എനിക്ക് നീന്താൻ അറിയാം. പക്ഷേ ഞാൻ കുളത്തിൽ ഇറങ്ങുകയാണെങ്കിൽ എന്റെ ഈ മനോഹരമായ വസ്ത്രം മുഴുവൻ നനയും.”
ഇതു കേട്ടതും തവള രാജകുമാരിയോട് പറഞ്ഞു.
“ഞാൻ വേണമെങ്കിൽ കുളത്തിൽ നിന്ന് പന്ത് എടുത്തു തരാം. പക്ഷേ അതിനു മുൻപ് ഞാൻ പറയുന്നത് അനുസരിക്കാമെന്ന് രാജകുമാരി എനിക്ക് വാഗ്ദാനം ചെയ്തു തരണം.”
ഉടൻതന്നെ രാജകുമാരി തവളയ്ക്ക് വാഗ്ദാനവും നൽകി
“എന്റെ പന്ത് തിരിച്ചെടുത്ത് തരികയാണെങ്കിൽ നീ പറയുന്നത് എന്തും ഞാൻ അനുസരിക്കാം.”
ഇപ്രകാരം രാജകുമാരിയിൽ നിന്നു വാഗ്ദാനം കിട്ടിയതും തവള പറഞ്ഞു
“രാജകുമാരി, ഞാനീ കുളത്തിൽ തനിച്ചാണ്. അതുകൊണ്ടു തന്നെ എനിക്ക് സുഹൃത്തുക്കളാരുമില്ല. രാജകുമാരി എന്നെ ഒരു സുഹൃത്തായി കൂടെ കൂട്ടണം. എന്നിട്ട് എന്നോടൊപ്പം കളിക്കുകയും ആഹാരം കഴിക്കുകയും വേണം. കൂടാതെ ഉറങ്ങുന്നതിന് മുൻപ് എനിക്ക് വേണ്ടി കഥകൾ വായിച്ചു തരണം. മാത്രമല്ല രാജകുമാരിയോടൊപ്പം എന്നെയും ഉറങ്ങാൻ അനുവദിക്കുകയും ഉറങ്ങുന്നതിനു മുൻപ് എനിക്ക് സ്നേഹത്തോടെ ഒരു ചുംബനം നൽകുകയും വേണം.”
ഇതു കേട്ട രാജകുമാരി തന്റെ പന്ത് തിരിച്ചു കിട്ടുന്നതിനു വേണ്ടി മറ്റൊന്നും ചിന്തിക്കാതെ തവളയോട് പറഞ്ഞു.
“നീ എത്രയും വേഗം എന്റെ പന്തെടുത്ത് തരികയാണെങ്കിൽ തീർച്ചയായും ഇതെല്ലാം അനുസരിക്കാമെന്ന് ഞാൻ നിനക്ക് ഉറപ്പു തരുന്നു.”
രാജകുമാരിയിൽ നിന്നും ഉറപ്പ് കിട്ടിയതും തവള സന്തോഷത്തോടെ പന്തെടുക്കുന്നതിനായി കുളത്തിലേക്ക് ചാടി. വൈകാതെ തന്നെ സ്വർണപന്തുമായി അവൻ മടങ്ങി വന്നു. തന്റെ സ്വർണപന്ത് കണ്ട ഉടനെ രാജകുമാരി സന്തോഷത്തോടെ തുള്ളിച്ചാടി. എന്നിട്ട് അവൾ തവളയുടെ കയ്യിൽനിന്നും പന്തും വാങ്ങി കൊട്ടാരത്തിലേക്ക് ഓടിപ്പോയി. തവളയ്ക്കു കൊടുത്ത വാഗ്ദാനം അവൾ വിസ്മരിച്ചു.
കൊട്ടാരത്തിലെത്തിയ രാജകുമാരിയാകട്ടെ തവളയുടെ കാര്യം പൂർണമായും മറന്നു തന്റെ അച്ഛനോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനും തുടങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഭക്ഷണം കഴിക്കുന്ന മുറിയുടെ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു. രാജാവ് വാതിൽ തുറന്നു നോക്കിയപ്പോൾ അതാ മുൻപിൽ ഒരു തവള നിൽക്കുന്നു. വാതിൽ തുറന്നതും തവള അധികാര ഭാവത്തോടെ അകത്തേക്ക് കയറി രാജകുമാരിയുടെ അടുത്ത് ഒരു കസേരയിൽ ഇരുന്നു. തവളയെ അവിടെ കണ്ടതും രാജകുമാരി ഒന്നു ഞെട്ടി. എന്നാൽ രാജകുമാരി തവളയെ നോക്കുകയോ പരിചയഭാവം കാണിക്കുകയോ ചെയ്തില്ല.
അധികാരത്തോടെ അകത്തേക്ക് കയറിവന്ന തവളയെ രാജാവ് ആശ്ചര്യത്തോടെ നോക്കി. എന്നിട്ട് തവളയോട് കാര്യം അന്വേഷിച്ചു. തവള രാജാവിനോട് രാജകുമാരി തനിക്ക് നൽകിയ വാഗ്ദാനത്തെ കുറിച്ച് പറഞ്ഞു. എന്നാലത് കേട്ടിട്ടും രാജകുമാരിയുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല. മാത്രമല്ല അവൾ അപ്പോഴും മറ്റൊന്നും ശ്രദ്ധിക്കാതെ തന്റെ ആഹാരം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.
രാജാവ് തവള പറഞ്ഞത് സത്യമാണോ എന്ന് രാജകുമാരിയോട് ചോദിച്ചു. അവൾ തവള പറഞ്ഞതെല്ലാം സത്യമാണെന്ന് അച്ഛനോട് സമ്മതിച്ചു.
അപ്പോൾ ഉടൻ തന്നെ രാജാവ് ആ രാജകുമാരിയോട് ആജ്ഞാപിച്ചു
“നീ തവളയ്ക്ക് വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ തീർച്ചയായും അത് പാലിക്കുക തന്നെ വേണം.”
രാജാവ് പറഞ്ഞത് ഇഷ്ടമായില്ലെങ്കിലും രാജകുമാരി മനസ്സില്ലാമനസ്സോടെ ആജ്ഞ പാലിക്കാമെന്ന് അച്ഛന് വാക്കു കൊടുത്തു. അച്ഛന്റെ ആജ്ഞ പാലിക്കുന്നതിനു വേണ്ടി അവൾ ഇഷ്ടമല്ലെങ്കിലും തവളയെ തന്നോടൊപ്പം ഇരുന്ന് ആഹാരം കഴിക്കാൻ അനുവദിച്ചു. അങ്ങനെ തവള രാജകുമാരിയോടൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചു.
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ രാജകുമാരി തന്റെ മുറിയിലേക്ക് പോയി. തവളയും രാജകുമാരിയോടൊപ്പം അവളുടെ മുറിയിലേക്ക് പോയി. എന്നാൽ രാജകുമാരിക്ക് അത് തീരെ ഇഷ്ടമായില്ല. രാജകുമാരി തവളയെ മുറിയിൽ നിന്നു പുറത്താക്കിയതിനു ശേഷം വാതിലടച്ചു. അപ്പോൾ തവള രാജകുമാരിയോട് അവളുടെ വാഗ്ദാനത്തെക്കുറിച്ചും രാജാവിന്റെ ആജ്ഞയെ കുറിച്ചുമെല്ലാം ഓർമിപ്പിച്ചു. അവസാനം മറ്റൊരു വഴിയുമില്ലാതെ അവൾക്ക് ആ തവളയെ തന്റെ മുറിയിലേക്ക് കയറ്റേണ്ടി വന്നു.
തവള മുറിയിൽ വന്ന് രാജകുമാരിയുടെ അടുത്തിരുന്നു. അവൾ തന്റെ പ്രിയപ്പെട്ട കഥാപുസ്തകം എടുത്തു വായിക്കാൻ തുടങ്ങി. ഇതു കണ്ട തവള രാജകുമാരിയോട് ചോദിച്ചു
“എനിക്കും കൂടി കഥ വായിച്ചു തരാമോ? എനിക്കു കഥകൾ കേൾക്കുന്നത് വളരെ ഇഷ്ടമാണ്. മാത്രമല്ല ഉറങ്ങുന്നതിനു മുൻപ് കഥകൾ പറഞ്ഞുതരാമെന്ന് രാജകുമാരി എന്നോട് വാക്ക് പറഞ്ഞിരുന്നതാണ്.”
രാജകുമാരി മനസ്സില്ലാമനസ്സോടെ തവളയ്ക്കും കഥ വായിച്ചു കൊടുത്തു. അപ്പോൾ രണ്ടുപേരുടെയും ഇഷ്ടപെട്ട കഥകളും കഥാപാത്രങ്ങളും എല്ലാം ഒരുപോലെ ആയിരുന്നു. അതുകൊണ്ടു തന്നെ സമയം കഴിയുംതോറും രാജകുമാരി തവളയുമായുള്ള സൗഹൃദം ഇഷ്ടപ്പെടാൻ തുടങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോൾ രാജകുമാരിക്ക് ഉറക്കം വന്നു തുടങ്ങി. അപ്പോൾ രാജകുമാരി തവളയോട് പറഞ്ഞു
“എനിക്ക് നല്ല ഉറക്കം വരുന്നു. നീ പുറത്തു പോയി കിടന്നുറങ്ങൂ. എനിക്ക് നിന്നോടൊപ്പം കട്ടിലിൽ കിടന്നുറങ്ങാൻ കഴിയില്ല.”
എന്നാൽ തവള പുറത്തു പോകാൻ തയ്യാറായില്ല. ഇതു കണ്ട രാജകുമാരിക്ക് ദേഷ്യമായി. അവൾ തവളയെ ബലമായി തന്നെ ജനാലയുടെ ഒരു ഭാഗത്തായി കൊണ്ടു വച്ചു. അതിനു ശേഷം അവൾ ഉറങ്ങാനായി കിടന്നു. അപ്പോൾ ഒരു ശബ്ദം കേട്ട് അവൾ ഉണർന്നു. നോക്കിയപ്പോൾ തവള കരയുന്നതാണ് അവൾ കണ്ടത്. ഇതു കണ്ട് സങ്കടം തോന്നിയ രാജകുമാരി തവളയോട് തിരിച്ചു തന്റെ കട്ടിലിലേക്കു വരുവാൻ പറഞ്ഞു.
ഉടൻ തന്നെ തവള തുള്ളിച്ചാടി കട്ടിലിലേക്ക് കയറി. അപ്പോഴല്ലേ രസം. തവള രാജകുമാരിയെ അടുത്ത വാഗ്ദാനത്തെക്കുറിച്ച് ഓർമിപ്പിച്ചു.
“ഉറങ്ങുന്നതിന് മുൻപായി തനിക്ക് ചുംബനം നൽകാമെന്നു രാജകുമാരി പറഞ്ഞിരുന്നു.”
എന്നാലത് രാജകുമാരിക്ക് അംഗീകരിക്കാനായില്ല. തവള എന്തൊക്കെ പറഞ്ഞിട്ടും രാജകുമാരി അതിനു തയ്യാറായില്ല.
ഒടുവിൽ രാജകുമാരിയുടെ ഇഷ്ടമില്ലായ്മ കണ്ട തവള പറഞ്ഞു.
“ഒരു തവണ ഒരേ ഒരു തവണ മാത്രം എന്നെ കെട്ടിപ്പിടിച്ച് ഒരു ചുംബനം നൽകുകയാണെങ്കിൽ ഞാൻ എന്നെന്നേക്കുമായി ഇവിടെ നിന്ന് പോകാം. പിന്നെ ഒരിക്കലും രാജകുമാരിയെ ശല്യം ചെയ്യാൻ ഞാൻ ഇങ്ങോട്ടേക്ക് വരില്ല.”
ഇതു കേട്ട രാജകുമാരിക്ക് വളരെയധികം വിഷമമായി. അവൾ മറ്റൊന്നും ചിന്തിക്കാതെ തവളയെ കെട്ടിപ്പിടിച്ച് ഒരു ചുംബനം നൽകി. എന്നാൽ പെട്ടെന്നാണ് അത് സംഭവിച്ചത്. രാജകുമാരിയെ അതിശയിപ്പിച്ചുകൊണ്ട് തവള ഉടൻ തന്നെ ഒരു സുന്ദരനായ രാജകുമാരനായി മാറി. തവളയുടെ സ്ഥാനത്ത് രാജകുമാരനെ കണ്ട രാജകുമാരി എന്താണ് സംഭവിച്ചതെന്നറിയാതെ അത്ഭുതപ്പെട്ടു നിന്നു. അപ്പോൾ ആ രാജകുമാരൻ പറഞ്ഞു.
“അല്ലയോ രാജകുമാരി, ഞാനൊരു രാജകുമാരനായിരുന്നു. എന്നെ ഒരു ദുർമന്ത്രവാദി ശപിച്ചാണ് ഞാൻ തവളയായത്. ആ ശാപത്തിൽ നിന്നും രക്ഷപ്പെടണമെങ്കിൽ ഒരു രാജകുമാരിയുടെ ചുംബനത്തിനു മാത്രമേ കഴിയുമായിരുന്നുള്ളൂ. അതിനു വേണ്ടിയാണ് ഞാൻ രാജകുമാരിയോടൊപ്പം കൂടിയത്.”
ഇതു കേട്ട രാജകുമാരിക്ക് വളരെയധികം സന്തോഷമായി. ഒറ്റയ്ക്കായിരുന്ന രാജകുമാരിക്ക് അങ്ങനെ ഒരു നല്ല സുഹൃത്തിനെ കിട്ടി. അവർ ഒരുമിച്ച് കളിച്ചില്ലുസിച്ച് സന്തോഷത്തോടെ ആ കൊട്ടാരത്തിൽ ഒരുപാട് കാലം കഴിഞ്ഞു.
രാജകുമാരിയും തവളയും കഥ കേൾക്കാം
Liked The Story About Princess And Frog? Read More
- വേട്ടക്കാരനും നാല് സുഹൃത്തുക്കളും
- സത്യസന്ധനായ മനുഷ്യൻ
- രാജ്യത്തിലെ ഏറ്റവും വലിയ വിഡ്ഢി
- അത്യാഗ്രഹിയായ സിംഹം
- കുറുക്കനും മുന്തിരിയും
English Summary: The Princess And The Frog – A story about a princess and a frog
The Princess And The Frog is a beautiful story about a princess and a frog. In this story, the princess loses her favorite toy in a pool. The princess has to rely on a frog to recover it. The princess promises to obey whatever the frog says if she gets the ball. After retrieving the ball, the princess is unwilling to keep her word. The plot of the story is about the exciting events that take place after that.