പണ്ടു പണ്ടൊരു കാട്ടിൽ ഒരു സിംഹം വസിച്ചിരുന്നു. അത്യാഗ്രഹിയായ ആ സിംഹം ദിവസവും തന്റെ കണ്ണിൽ കാണുന്ന മൃഗങ്ങളെയെല്ലാം കൊന്നു തിന്നു അവിടെ കഴിഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം സിംഹം പതിവു പോലെ ഉച്ചയുറക്കവും കഴിഞ്ഞു രാത്രിയിൽ തനിക്കു കഴിക്കാനുള്ള ഭക്ഷണവും തേടിയിറങ്ങി. അപ്പോഴാണ് മരച്ചുവട്ടിൽ ഉറങ്ങി കിടക്കുന്ന ഒരു മുയലിനെ സിംഹം കണ്ടത്. മുയലിനെ കണ്ടതും സിംഹത്തിനു വളരെയധികം സന്തോഷമായി. അവൻ പറഞ്ഞു
“ആഹാ! കൊള്ളാമല്ലോ നല്ല മുയൽ! ഇന്ന് രാത്രിയിലത്തെ ഭക്ഷണം മുയൽ തന്നെ ആയിക്കോട്ടെ. അപ്പോൾ ആഹാരം തേടി ഇനി അലയുകയും വേണ്ട.”
ഇതും പറഞ്ഞു ആ സിംഹം ഉറങ്ങിക്കിടന്ന മുയലിന്റെ അടുത്തേക്ക് പമ്മി പോകാൻ തുടങ്ങി. അപ്പോഴാണ് സിംഹം മറ്റൊരു കാഴ്ച കണ്ടത്. കുറച്ചു അകലെയായി അതാ തടിച്ചു കൊഴുത്ത ഒരു മാൻ. മാനിനെ കണ്ടതും സിംഹത്തിന്റെ വായിൽ വെള്ളമൂറി. അവൻ പറഞ്ഞു
“ഒരു നിസ്സാരനായ മുയലിനെ കഴിക്കുന്നതിനെക്കാളും നല്ലത് രാത്രിയിൽ ഈ തടിച്ചു കൊഴുത്ത മാനിനെ തന്നെ കഴിക്കുന്നതാണ് .”
ഇതും പറഞ്ഞു അവൻ മാനിന്റെ അടുത്തേക്ക് പാഞ്ഞു. സിംഹത്തിനെ കണ്ടതും മാൻ അതിവേഗം ഓടി. സിംഹം ഉണ്ടോ പിന്മാറുന്നു. അവൻ മാനിന്റെ പിന്നാലെ പാഞ്ഞു. സിംഹത്തിന്റെ കൈയിൽ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി മാൻ ഉൾക്കാട്ടിലേക്കു ഓടി മറഞ്ഞു. ഇനി മാനിന്റെ പുറകെ പോയിട്ട് കാര്യം ഇല്ല എന്ന് മനസിലാക്കിയ സിംഹം നിരാശയോടെ തിരിച്ചു നടന്നു. അപ്പോഴും മരച്ചുവട്ടിൽ ഉറങ്ങി കിടക്കുന്ന മുയലുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു സിംഹത്തിന്.
എന്നാൽ മുയൽ ഉറങ്ങിക്കിടന്ന മരച്ചുവട്ടിൽ വന്നു നോക്കിയ സിംഹം ഞെട്ടി പോയി. മുയലിനെ അവിടെയെങ്ങും കണ്ടില്ല. അതും അവിടെ നിന്നും പോയി കഴിഞ്ഞിരുന്നു. മാത്രമല്ല അപ്പോഴേക്കും സമയവും ഏറെ വൈകി. അതുകണ്ട സിംഹം പറഞ്ഞു
“മുയലിനെ എനിക്ക് അനായാസം ആഹാരമാക്കാമായിരുന്നു. എന്നാൽ മാനിനെ കണ്ടപ്പോൾ ഞാൻ അത്യാഗ്രഹിയായി തീർന്നു. ഇപ്പോൾ കൈയിൽ കിട്ടിയ മുയലും ഇല്ല, മാനും ഇല്ല.”
അങ്ങനെ കൈയിൽ കിട്ടിയ മുയലിനെയും കളഞ്ഞിട്ട് മാനിന്റെ പുറകെ പോയ സിംഹത്തിന് അവസാനം രാത്രിയിൽ പട്ടിണി കിടക്കേണ്ടതായും വന്നു.
ഗുണപാഠം
അത്യാഗ്രഹം പലപ്പോഴും നമ്മുടെ കൈയിലുള്ളതു കൂടി നഷ്ടപ്പെടുന്നതിന് കാരണമാകാം
അത്യാഗ്രഹിയായ സിംഹം കഥ കേൾക്കാം
Read More Stories for Kids
English Summary: Malayalam Moral Story The Greedy Lion is a classic fable that teaches the valuable lesson of greed and its negative consequences. In this tale, a cunning lion, driven by insatiable hunger, tricks other animals into becoming his prey. However, his excessive greed leads to his downfall as he becomes too full to move and falls victim to his own prey. This timeless story, told in Malayalam, serves as a cautionary tale about the dangers of overindulgence and the importance of moderation in all aspects of life.
HA HA HA