സിംഹവും‌ ‌എലിയും‌

Aesop's Fables

ഒരിടത്തൊരിടത്ത് ഒരു കാട്ടിൽ ഒരു സിംഹരാജാവ് ഉണ്ടായിരുന്നു. കാട്ടിലെ രാജാവായ ഈ സിംഹം വളരെ നന്മയുള്ളവനും ദയാലുവും ആയിരുന്നു. അതുകൊണ്ടുതന്നെ കാട്ടിലെ മൃഗങ്ങളെല്ലാം സിംഹത്തിനെ വളരെയധികം ഇഷ്ടപ്പെട്ടു. ഒരു ദിവസം ഉച്ചയ്ക്ക് സിംഹം ഒരു മരച്ചുവട്ടിൽ കിടന്നുറങ്ങുകയായിരുന്നു. അപ്പോഴാണ് വികൃതി കുട്ടനായ കിട്ടു എലിയുടെ വരവ്. അവൻ ഉറങ്ങിക്കിടന്ന സിംഹരാജാവിനെ ശല്യം ചെയ്യാൻ തുടങ്ങി. അങ്ങോട്ടുമിങ്ങോട്ടും ഓടുകയും സിംഹത്തിൻ്റെ ദേഹത്തുകൂടി വീഴുകയും ചെയ്തു. തന്നെ ഉറങ്ങാൻ അനുവദിക്കാതെ ശല്യം ചെയ്ത കിട്ടു എലിയെ സിംഹരാജൻ  കൈയ്യോടെ പിടികൂടി.

തന്നെ ഉറക്കത്തിൽ നിന്നുണർത്തിയ കിട്ടു എലിയെ സിംഹരാജൻ ശിക്ഷിക്കാൻ ഒരുങ്ങി. കിട്ടു എലി ഭയന്നു വിറച്ചു. എങ്ങനെയും സിംഹത്തിൻ്റെ കയ്യിൽ നിന്നും രക്ഷപ്പെടാനുള്ള ഉപായം ആലോചിച്ചു. എന്നിട്ട് കിട്ടു എലി സിംഹരാജനോട് ഇപ്രകാരം പറഞ്ഞു.

“അല്ലയോ സിംഹരാജാവേ, എന്നെ ശിക്ഷിക്കരുത്. എന്നെ ശിക്ഷിക്കാതെ വെറുതെ വിട്ടാൽ തീർച്ചയായും ഞാൻ ആപത്തിൽ അങ്ങയെ സഹായിക്കുന്നതായിരിക്കും.”

ഇത് കേട്ടതും സിംഹരാജാവിന് ചിരി വന്നു.  എന്നിട്ടിപ്രകാരം പറഞ്ഞു

“നല്ല തമാശ തന്നെ. ഒരു എലി തന്നെ ആപത്തിൽ സഹായിക്കുമെന്നോ?”

എന്നാലും കിട്ടു എലിയുടെ ആത്മവിശ്വാസം കണ്ട് സിംഹം അവനെ വെറുതെ വിട്ടു. തൻ്റെ ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിൽ കിട്ടു എലി അവിടെ നിന്നും ഓടിപ്പോയി.

കുറച്ചു നാളുകൾക്ക് ശേഷം കിട്ടു എലി കാട്ടിലൂടെ നടക്കുമ്പോൾ ഒരു കാഴ്ച കണ്ടു. സിംഹരാജാവിനെ വേട്ടക്കാർ പിടികൂടി ഒരു മരത്തിൽ കെട്ടിയിട്ടിരിക്കുന്നു. കിട്ടു എലി ഉടനെതന്നെ അന്നു തന്നോട് ദയ കാണിച്ച  സിംഹരാജാവിനെ ഏതുവിധവും സഹായിക്കാൻ  തീരുമാനിച്ചു. അവൻ പതുക്കെ വേട്ടക്കാരൻ്റെ കണ്ണിൽപ്പെടാതെ സിംഹരാജാവിൻ്റെ അടുത്തെത്തി. സിംഹത്തിനെ കെട്ടിയിരുന്ന കയർ കടിച്ചു മുറിക്കാൻ തുടങ്ങി. തന്നെ കെട്ടിയിരുന്ന കയർ പൊട്ടിയതും സിംഹരാജൻ കിട്ടു എലിക്ക് നന്ദിയും പറഞ്ഞു രണ്ടുപേരും കൂടി കാട്ടിലേക്ക് ഓടി.

ഗുണപാഠം

നാം ആരെയും നിസ്സാരമായി കാണരുത്. ചിലപ്പോൾ നമ്മൾ കാണിക്കുന്ന ചെറിയ ദയപോലും ഒരു നാൾ നമുക്ക് വലിയ സഹായമായി മാറുന്നതാകാം.

Enjoyed The Bedtime Story For Kids? Read More

English Summary: The Lion And The Mouse, kids bedtime story in Malayalam

Leave a Comment

14 Comments on സിംഹവും‌ ‌എലിയും‌