പണ്ട് പണ്ടൊരു കാട്ടിൽ ഒരു വലിയ പുഴ ഉണ്ടായിരുന്നു. ഈ പുഴയിലായിരുന്നു ഒരു ആമ താമസിച്ചിരുന്നത്. ഈ ആമ പുഴയിലും തീരത്തുമായി കളിച്ചുല്ലസിച്ചു കഴിഞ്ഞിരുന്നു. അങ്ങനെയിരിക്കെയാണ് പുഴയുടെ തീരത്തുള്ള മരത്തിൽ ഒരു കുരുവി കൂട് ഉണ്ടാക്കുന്നത് ആമ കണ്ടത്. ഉണങ്ങിയ ചെറിയ കമ്പുകളും ഇലകളും നാരുകളുമൊക്കെ കൊണ്ട് അമ്മക്കുരുവി ദിവസങ്ങളെടുത്തു തന്റെ കൂട് നിർമ്മാണം പൂർത്തിയാക്കി. ആ വീട്ടിൽ താമസവും തുടങ്ങി. അച്ഛൻക്കുരുവിയും അമ്മക്കുരുവിയും തന്റെ മൂന്ന് കുഞ്ഞുക്കുരുവികളും ഒക്കെയായി അവർ ആ വീട്ടിൽ കഴിഞ്ഞു.
അമ്മക്കുരുവിയുമായി ആമ പെട്ടെന്നുതന്നെ ചങ്ങാത്തത്തിലായി. ദിവസവും പുഴക്കരയിൽ അവർ സംസാരിച്ചിരിക്കുമായിരുന്നു. ഒരു ദിവസം സംസാരത്തിനിടയിൽ ആമ അമ്മക്കുരുവിയുടെ വീടിനെക്കുറിച്ച് പറഞ്ഞു.
“നിങ്ങൾക്ക് വീടുണ്ടാക്കാൻ എന്തൊരു ബുദ്ധിമുട്ടാണ്. കമ്പുകളും ഇലകളും നാരുകളും ശേഖരിക്കുവാൻ തന്നെ ദിവസങ്ങൾ വേണ്ടി വരുന്നു. ഇതെല്ലാം കഴിഞ്ഞ് വീടുണ്ടാക്കി കഴിയുമ്പോഴോ അത് കാണാൻ ഒരു ഭംഗിയുമില്ല. മാത്രമല്ല മേൽക്കൂര ഒന്നുമില്ലാത്തതു കൊണ്ട് മഴപെയ്താൽ നനയുകയും ചെയ്യും.”
ഇതുകേട്ട അമ്മക്കുരുവി ചിരിച്ചു. എന്നാൽ ആമ വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.
“എനിക്ക് നിങ്ങളെപ്പോലെ കൂടുണ്ടാക്കുകയൊന്നും വേണ്ട. എന്റെ പുറംതോട് തന്നെയാണ് എന്റെ കൂട്. മഴപെയ്യുമ്പോൾ ഞാനതിൽ അഭയം തേടും.”
ഇതു കേട്ടപ്പോൾ അമ്മക്കുരുവി തന്റെ സുഹൃത്തായ ആമയോട് പറഞ്ഞു.
“നീ പറഞ്ഞത് ശരിയാണ്. ഞങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് വീട് പണിയുന്നത്. മാത്രമല്ല എന്റെ വീട് കാണാൻ ഭംഗി ഇല്ലാത്തതുമാണ്. കൂടാതെ മഴ പെയ്യുമ്പോൾ നനയുകയും ചെയ്യും. പക്ഷേ വളരെ കഷ്ടപെട്ട് ഉണ്ടാക്കുന്ന ഈ വീട്ടിൽ ഞാൻ മാത്രമല്ല താമസിക്കുന്നത്. ഞാനും എന്റെ കുഞ്ഞുങ്ങളും അവരുടെ അച്ഛനും എല്ലാവരും വളരെ സന്തോഷത്തോടെയാണ് താമസിക്കുന്നത്. നിന്റെ പുറംതോട് നിനക്ക് വീടുപോലെ അഭയം തരും. പക്ഷേ അതിൽ നിനക്ക് മാത്രമേ കഴിയാൻ സാധിക്കൂ. ഒറ്റയ്ക്ക് ഒരു വീട്ടിൽ കഴിയുന്നതിനേക്കാൾ നല്ലതല്ലേ എല്ലാവരും ഒരുമിച്ചുള്ള വീട്ടിൽ സന്തോഷത്തോടെ കഴിയുന്നത്.”
അമ്മക്കുരുവിയുടെ മറുപടി കേട്ട ആമ ഒരു നിമിഷം ചിന്തിച്ചു. എന്നിട്ട് പറഞ്ഞു
“നീ പറഞ്ഞത് ശരിയാണ്. എന്നോട് ക്ഷമിക്കൂ. ഒരു വലിയ വീടുണ്ടാകുക എന്നതല്ല, ആ വീട് എല്ലാവർക്കും ഒരുമിച്ച് സന്തോഷത്തോടെ താമസിക്കാൻ കഴിയുന്നതാക്കുക എന്നതാണ് പ്രധാനം.”
അങ്ങനെ ആമയ്ക്ക് വീടിനെക്കുറിച്ചുള്ള തന്റെ തെറ്റിദ്ധാരണകൾ എല്ലാം മാറി. അമ്മക്കുരുവിയും ആമയും നല്ല സുഹൃത്തുക്കളായി ഒരുപാട് കാലം അവിടെ കഴിഞ്ഞു.
ഗുണപാഠം
ഏകാന്തമായ ഒരു മാളികയേക്കാൾ നല്ലതു എല്ലാവരും സന്തോഷത്തോടെ ഒരുമിച്ചു കഴിയുന്ന കുടിലാണ്.
More Stories For Kids To Read
English Summary: The Tortoise And The Bird, Malayalam stories for kids to read
It is good story
I love it🥰
( i love grandma story )
Good story and good presentation of picture
nice story
Good story
Thank you for your story