Follow

Subscribe

അമ്മക്കുരുവിയുടെ വീട്

Grandma Stories (മുത്തശ്ശിക്കഥകൾ)

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ട് പണ്ടൊരു കാട്ടിൽ ഒരു വലിയ പുഴ ഉണ്ടായിരുന്നു. ഈ പുഴയിലായിരുന്നു ഒരു ആമ താമസിച്ചിരുന്നത്. പുഴയിലും തീരത്തുമായി ആമ കളിച്ചുല്ലസിച്ചു അവിടെ കഴിഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം പുഴയുടെ തീരത്തുള്ള മരത്തിൽ ഒരു അമ്മക്കുരുവി കൂട് ഉണ്ടാക്കുന്നത് ആമ കണ്ടു. ഉണങ്ങിയ ചെറിയ കമ്പുകളും ഇലകളും നാരുകളുമൊക്കെ കൊണ്ട് ദിവസങ്ങളെടുത്താണ് അമ്മക്കുരുവി തന്റെ കൂട് നിർമ്മാണം പൂർത്തിയാക്കിയത്. ആമ പുഴക്കരയിലിരുന്ന് അതെല്ലാം കാണുന്നുണ്ടായിരുന്നു. കൂടുണ്ടാക്കി കഴിഞ്ഞതും അച്ഛൻക്കുരുവിയും അമ്മക്കുരുവിയും തന്റെ മൂന്ന് കുരുവിക്കുഞ്ഞുങ്ങളും ഒക്കെയായി അവർ ആ വീട്ടിൽ താമസവും തുടങ്ങി.

അമ്മക്കുരുവിയുമായി ആമ പെട്ടെന്നു തന്നെ ചങ്ങാത്തത്തിലായി. ദിവസവും പുഴക്കരയിൽ അവർ സംസാരിച്ചിരിക്കുമായിരുന്നു. ഒരു ദിവസം സംസാരത്തിനിടയിൽ ആമ അമ്മക്കുരുവിയുടെ വീടിനെക്കുറിച്ച് പറഞ്ഞു. 

“നിങ്ങൾക്ക് വീടുണ്ടാക്കാൻ എന്തൊരു ബുദ്ധിമുട്ടാണ്. കമ്പുകളും ഇലകളും നാരുകളും ശേഖരിക്കുവാൻ തന്നെ ദിവസങ്ങൾ വേണ്ടി വരുന്നു. ഇതെല്ലാം കഴിഞ്ഞ് വീടുണ്ടാക്കി കഴിയുമ്പോഴോ അത് കാണാൻ ഒരു ഭംഗിയുമില്ല. മാത്രമല്ല മേൽക്കൂര ഒന്നുമില്ലാത്തതു കൊണ്ടു തന്നെ മഴ പെയ്താൽ നനയുകയും ചെയ്യും.”

ഇതുകേട്ട അമ്മക്കുരുവി ചിരിച്ചു. എന്നാൽ ആമ വീണ്ടും പറഞ്ഞു കൊണ്ടിരുന്നു. 

“എനിക്ക് നിങ്ങളെപ്പോലെ കൂടുണ്ടാക്കുകയൊന്നും വേണ്ട. എന്റെ പുറംതോട് തന്നെയാണ് എന്റെ കൂട്. മഴ പെയ്യുമ്പോൾ ഞാനതിൽ അഭയം തേടും.”

ഇതു കേട്ടപ്പോൾ അമ്മക്കുരുവി തന്റെ സുഹൃത്തായ ആമയോട് പറഞ്ഞു. 

“നീ പറഞ്ഞത് ശരിയാണ്. ഞങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് വീട് പണിയുന്നത്. മാത്രമല്ല എന്റെ വീട് കാണാൻ ഭംഗി ഇല്ലാത്തതുമാണ്. കൂടാതെ മഴ പെയ്യുമ്പോൾ നനയുകയും ചെയ്യും. പക്ഷേ വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന ഈ വീട്ടിൽ ഞാൻ മാത്രമല്ല താമസിക്കുന്നത്. ഞാനും എന്റെ കുഞ്ഞുങ്ങളും അവരുടെ അച്ഛനും എല്ലാവരും വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും ഒത്തൊരുമയോടെയുമാണ് താമസിക്കുന്നത്. നിന്റെ പുറംതോട് നിനക്ക് വീട് പോലെ അഭയം തരുമായിരിക്കും. പക്ഷേ അതിൽ നിനക്ക് മാത്രമേ കഴിയാൻ സാധിക്കൂ. ഒറ്റയ്ക്ക് ഒരു വീട്ടിൽ കഴിയുന്നതിനേക്കാൾ നല്ലതല്ലേ എല്ലാവരും ഒരുമിച്ചുള്ള വീട്ടിൽ സന്തോഷത്തോടെ കഴിയുന്നത്.”

അമ്മക്കുരുവിയുടെ മറുപടി കേട്ട ആമ ഒരു നിമിഷം ചിന്തിച്ചു. എന്നിട്ട് പറഞ്ഞു

“എന്നോട് ക്ഷമിക്കൂ! നീ പറഞ്ഞത് ശരിയാണ്. എല്ലാവരും ഒത്തൊരുമയോടെയും സന്തോഷത്തോടെയും ഒരുമിച്ചു കഴിയുമ്പോൾ ആണ് ഒരു വീട് വീടാകുന്നത്.”

അങ്ങനെ വീടിനെക്കുറിച്ചുള്ള തന്റെ ധാരണകൾ തെറ്റായിരുന്നു എന്ന് മനസിലാക്കിയ ആമ അത് തിരുത്തുകയും ചെയ്തു. മാത്രമല്ല അമ്മക്കുരുവിയും ആമയും നല്ല സുഹൃത്തുക്കളായി പിന്നെയും ഒരുപാട് നാൾ ആ കാട്ടിൽ കഴിഞ്ഞു.

ഗുണപാഠം

എല്ലാവരും ഒത്തൊരുമയോടെയും സന്തോഷത്തോടെയും കഴിയുന്ന ഒരു കുടിലാണ് ഏകാന്തമായ മാളികയെക്കാൾ നല്ലത്

അമ്മക്കുരുവിയുടെ വീട് കഥ കേൾക്കാം

More Malayalam Stories for Kids to Read

English Summary: Malayalam Stories for Kids to Read – The Tortoise And The Bird

In a beautiful forest, a tortoise lived happily by a river. One day, he watched a mother bird building a nest on a tree. Curious about her efforts, he questioned why she went through so much trouble for a home without a roof. The bird kindly explained that her nest, though simple, was filled with love and joy for her family. She emphasised that a true home is not just about shelter but about togetherness and happiness. The tortoise realised that friendship and love made the bird’s nest far more special than his own shell. This heartwarming tale teaches children the importance of community and connection, making it a delightful addition to Malayalam stories for kids.

Arron ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക


18 Comments on അമ്മക്കുരുവിയുടെ വീട്