Follow

Subscribe

നീലകുറുക്കൻ

Panchatantra Stories

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ട് പണ്ടൊരു കാട്ടിൽ ഒരു കുറുക്കൻ ഉണ്ടായിരുന്നു. കാട്ടിനുള്ളിലെ പാറക്കെട്ടുകൾക്ക് ഇടയിലായിരുന്നു കുറുക്കന്റെ താമസം. അവിടെനിന്ന് ദിവസവും രാവിലെ കുറുക്കൻ ആഹാരം തേടി ഇറങ്ങുമായിരുന്നു. കാടു മുഴുവൻ നടന്ന് തനിക്ക് ആവശ്യമുള്ള ആഹാരവും കഴിച്ച് വൈകുന്നേരത്തോടെ തന്റെ താമസസ്ഥലത്തേക്ക് തിരിച്ചു മടങ്ങുകയും ചെയ്തു. ഒരു ദിവസം പതിവുപോലെ കുറുക്കൻ ആഹാരത്തിനായി കാടു മുഴുവൻ അലഞ്ഞു. എന്നാൽ അന്ന് കുറുക്കന് ഒന്നും തന്നെ കിട്ടിയില്ല. മറ്റൊരു വഴിയുമില്ലാതെ കുറുക്കൻ ആഹാരം തേടി കാടിനോട് ചേർന്നുള്ള ഗ്രാമത്തിലേക്ക് പോകാൻ തീരുമാനിച്ചു. 

ഗ്രാമത്തിലെത്തിയ കുറക്കൻ ആഹാരം അന്വേഷിച്ച് പലയിടത്തും നടന്നു. ഒടുവിൽ നടന്നു നടന്ന് കുറുക്കൻ എത്തിയത് തെരുവു നായ്ക്കളുടെ അടുത്തായിരുന്നു. കുറുക്കനെ കണ്ടതും നായ്ക്കളെല്ലാം കൂടി ബഹളം വയ്ക്കാൻ തുടങ്ങി. 

അവ ബൗ ബൗ ബൗ എന്നു കുരച്ചു കൊണ്ട് കുറുക്കനു നേരെ പാഞ്ഞടുത്തു. കുറുക്കൻ ഭയന്നുവിറച്ചു. എന്തു ചെയ്യണമെന്നറിയാതെ  അടുത്തു കണ്ട ഒരു വീട്ടിൽ അഭയം തേടി. അതൊരു  വൃദ്ധയുടെ വീടായിരുന്നു. വസ്ത്രങ്ങൾക്ക് പലതരത്തിലുള്ള നിറങ്ങൾ നൽകുകയായിരുന്നു അവരുടെ തൊഴിൽ. അതിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു ആ വൃദ്ധ ജീവിച്ചത്. അവിടെ കയറിപ്പറ്റിയ കുറുക്കൻ തന്നെ ആരും കാണാതിരിക്കുന്നതിന് വേണ്ടി പതുക്കെ വീടിന്റെ പുറകിലേക്ക് പോയി. 

വീടിന്റെ പുറകുവശത്തായി വൃദ്ധ തുണികൾക്കു ചായം കൊടുക്കുന്ന വലിയ പാത്രങ്ങൾ നിരത്തി വച്ചിട്ടുണ്ടായിരുന്നു. ആ പാത്രങ്ങളുടെ വശങ്ങളിലൊക്കെ പല തരത്തിലുള്ള നിറങ്ങളും പറ്റിപിടിച്ചിരുന്നു. വലിയപാത്രങ്ങളും പറ്റിപിടിച്ചിരിക്കുന്ന നിറങ്ങളും കണ്ട കുറുക്കന് എന്തായിരിക്കും പാത്രത്തിന്റെ ഉള്ളിലെന്നറിയുവാൻ അതിയായ ആകാംഷ തോന്നി. അവൻ പതുക്കെ പാത്രത്തിലേക്ക് എത്തിനോക്കി. എന്നാൽ അവനു കാണാൻ കഴിയുന്നതിലും ഉയരം ആ പത്രത്തിന് ഉണ്ടായിരുന്നു. അവൻ പണിപ്പെട്ടു  ആ പാത്രത്തിലേക്ക് എത്തിനോക്കി. അപ്പോഴല്ലേ രസം കുറുക്കൻ കാൽവഴുതി പാത്രത്തിലേക്ക് ബ്ലും എന്നു വീണു .

കുറുക്കൻ പേടിച്ചു പാത്രവും തട്ടിമറിച്ചു അതിൽ നിന്നും ചാടിയെഴുന്നേറ്റു. ഈ സമയം വീടിന്റെ പുറകിൽ  പാത്രങ്ങൾ വീഴുന്ന ശബ്ദം കേട്ട വൃദ്ധ അങ്ങോട്ടേക്ക് വന്നു. വൃദ്ധ വരുന്നത് കണ്ട കുറുക്കൻ 

“എത്രയും വേഗം ഇവിടെ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെടണം.” 

എന്നും പറഞ്ഞ് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. പുറത്തെത്തിയ കുറുക്കൻ കുറച്ചകലെയായി നായ്ക്കൾ നിൽകുന്നത് കണ്ടു. അവൻ എന്തു ചെയ്യണം എന്നറിയാതെ വിഷമിച്ചു. എന്നാൽ ഇത്തവണ നായ്ക്കൾ  കുറുക്കനെ കണ്ടു കുരയ്ക്കുകയോ ഓടിക്കുകയോ ചെയ്തില്ല. പകരം കുറുക്കനെ കണ്ടവർ ഭയന്ന് ഓടാൻ തുടങ്ങി. ഇതുകണ്ട കുറുക്കൻ അത്ഭുതപ്പെട്ടു.

“ഇതെന്താണ് നായ്ക്കളെല്ലാം എന്നെ കണ്ട് ഭയന്നോടിയല്ലോ?”

കുറുക്കന് കാര്യമെന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവന് ബോധ്യമായി. 

“സമയം സന്ധ്യയോട് അടുത്തിരിക്കുന്നു.  എത്രയും വേഗം കാട്ടിലേക്ക് പോകണം. സംഭവിച്ചതെന്താണെന്ന് എന്നിട്ട് അന്വേഷിക്കാം.”

ഇതും പറഞ്ഞ് കുറുക്കൻ കാട്ടിലേക്ക് പുറപ്പെട്ടു. യാത്രക്കിടയിൽ അവൻ പല മൃഗങ്ങളെയും കണ്ടു. അവയെല്ലാം തന്നെ കണ്ട് ഭയക്കുന്നതും അവൻ ശ്രദ്ധിച്ചു.  ഒടുവിൽ കുറുക്കൻ യാത്ര ചെയ്തു കാടിനോട് ചേർന്നുള്ള ഒരു നദിക്കരയിൽ എത്തി. കുറുക്കൻ നദിയിൽ വെള്ളം കുടിക്കാനായിറങ്ങി. എന്നാൽ തെളിഞ്ഞ വെള്ളത്തിൽ തന്റെ രൂപം കണ്ടു അവൻ  അമ്പരന്നു. തന്റെ നിറം മാറി പകരം നീല  നിറമായിരിക്കുന്നു. അപ്പോഴാണ് കുറുക്കന് താൻ വൃദ്ധയുടെ വീട്ടിൽ വച്ചിരുന്ന പാത്രത്തിൽ വീണ കാര്യം ഓർമ വന്നത്. പാത്രം മറിഞ്ഞപ്പോൾ അതിൽ നിന്നും നീലനിറത്തിലുള്ള വെള്ളം അവിടമാകെ ഒഴുകിയതും അവൻ ഓർത്തു.  കുറുക്കന് അപ്പോൾ നായ്ക്കളും വഴിയിൽ വച്ചു കണ്ട മൃഗങ്ങളുമെല്ലാം തന്നെ കണ്ട് ഭയന്നതിന്റെ കാരണം മനസ്സിലായി. കുറുക്കൻ പറഞ്ഞു

“തീർച്ചയായും നീലനിറത്തിലുള്ള എന്നെ കണ്ടപ്പോൾ അവർക്ക് മനസ്സിലായി കാണില്ല. അവരെന്നെ ഏതോ ഭീകര മൃഗമായിട്ടാണ് കരുതിയത്.”

ഉടൻതന്നെ നീലക്കുറുക്കന് ഒരു ബുദ്ധി തോന്നി. അവൻ എത്രയും വേഗം കാട്ടിലേക്ക് പോയി. കാട്ടിലെത്തിയ നീലക്കുറുക്കൻ മറ്റു മൃഗങ്ങളെയെല്ലാം വിളിച്ചുകൂട്ടി. നീലക്കുറുക്കനെ കണ്ടതും അവരെല്ലാം ഭയക്കാൻ തുടങ്ങി. അവർ പരസ്പരം പിറുപിറുത്തു.

“ഏതാണ് ഈ നീല നിറത്തിലുള്ള മൃഗം. ഇന്നുവരെ ഈ കാട്ടിലെങ്ങും കണ്ടിട്ടില്ലല്ലോ. കാണുമ്പോൾ തന്നെ ഭയമാകുന്നു.”

ഇതുകണ്ട കുറുക്കൻ അവരോട് പറഞ്ഞു

“ഞാനാണ് ഇന്നുമുതൽ കാട്ടിലെ രാജാവ്. നിങ്ങൾ എല്ലാവരും എന്നെ അനുസരിക്കണം. കൂടാതെ നാളെ മുതൽ എനിക്ക് വേണ്ട ഭക്ഷണം സമയാസമയം കൊണ്ടെത്തിക്കുകയും വേണം.”

നീലക്കുറുക്കനെ കണ്ടു ഭയന്ന മൃഗങ്ങൾ എതിർത്തൊന്നും തന്നെ പറഞ്ഞില്ല. അങ്ങനെ അപ്പോൾ മുതൽ നീലകുറുക്കൻ കാട്ടിലെ രാജാവായി മാറി. മൃഗങ്ങൾ അവനെ ഭയക്കാനും അനുസരിക്കാനും തുടങ്ങി. അന്നുമുതൽ കുറുക്കനു ആഹാരം തേടി അലയേണ്ടതായി വന്നില്ല. നീല നിറത്തിലുള്ള മൃഗത്തിനെ കണ്ട് പേടിച്ച അവർ അന്ന് മുതൽ കൃത്യമായി തന്നെ ആഹാരം അവന്റെ മുന്നിലെത്തിച്ചു. മൃഗങ്ങൾ തന്നെ ഭയക്കുന്നതും അനുസരിക്കുന്നതും എല്ലാം കുറുക്കനു വളരെയധികം ഇഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെ താൻ നീല നിറത്തിലായ കുറുക്കനാണെന്ന കാര്യം തന്റെ അടുത്ത സുഹത്തുക്കളായ കുറുക്കന്മാരോട് പോലും പറഞ്ഞില്ല. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. മറ്റു മൃഗങ്ങൾക്ക്  പുതിയ മൃഗത്തിനെ മനസ്സിലായതുമില്ല.

അങ്ങനെയിരിക്കെ ഒരു പൗർണമി ദിവസം വന്നെത്തി. തെളിഞ്ഞ ആകാശത്തിൽ പൂർണ ചന്ദ്രനെ കണ്ടതും കാട്ടിലെ കുറുക്കന്മാർ കൂവാൻ തുടങ്ങി. ഇത് കേട്ടതും നമ്മുടെ രാജാവായ നീലക്കുറുക്കനും താൻ രാജാവാണെന്ന കാര്യം പോലും ചിന്തിക്കാതെ കൂവി തുടങ്ങി. കാട്ടിലെ പുതിയ രാജാവ് കുറുക്കൻമാർ കൂവുന്നതുപോലെ കൂവുന്നത് കണ്ട് മറ്റു മൃഗങ്ങൾ അന്ധാളിച്ചു. അവർക്ക് പെട്ടെന്നുതന്നെ കാര്യം മനസ്സിലായി. തങ്ങളുടെ മുൻപിൽ നിൽക്കുന്ന രാജാവ് നീല ചായം തേച്ച  കുറുക്കനാണെന്ന് അവർ തിരിച്ചറിഞ്ഞു. അവർ ദേഷ്യത്തോടെ കുറുക്കനു നേരെ പാഞ്ഞടുത്തു. മൃഗങ്ങളെല്ലാം തന്റെ നേർക്ക് പാഞ്ഞുവരുന്നത് കണ്ട കുറുക്കൻ തനിക്ക് പറ്റിയ അമളി മനസിലായി. അവൻ ജീവനും കൊണ്ട് അവിടെ നിന്നും ഓടിപ്പോയി. പിന്നെയൊരിക്കലും ആരും ആ കുറുക്കനെ കാട്ടിലെങ്ങും കണ്ടിട്ടേയില്ല.

Liked Popular Short Story For Kids In Malayalam? Read More

English Summary: The Blue Jackal – A popular short story in Panchatantra
The Blue Jackal is a popular short story in Panchatantra that children love. It is also one of the most popular short stories of cunning foxes. In this story ‘The Blue Jackal’ our cunning fox goes down from the forest to a nearby village to search for food. Arriving in the village, the fox falls into a large pot filled with blue paint, and the blue color sticks all over his body. The plot of the story is about the interesting events that take place next. In all Panchatantra stories, there is a very good lesson hidden for children, The Blue Jackal is one such good popular short story with morals.

Story Malayalam ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

3 Comments on നീലകുറുക്കൻ