Follow

Subscribe

വഴിയാത്രക്കാരനും അത്ഭുതവൃക്ഷവും

Fairy Tales

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

ഒരിക്കൽ ഒരു വഴിയാത്രക്കാരൻ മരുഭൂമിയിലൂടെ കാൽനടയായി യാത്ര ചെയ്യുകയായിരുന്നു. അന്ന് പതിവിലും കൂടുതൽ ചൂടുള്ള ദിവസമായിരുന്നു. അതുകൊണ്ടു തന്നെ അയാൾക്ക് നല്ല ക്ഷീണം തോന്നി. നടന്നു നടന്നു തളർന്ന അയാൾ അല്പനേരം തണലത്ത് ഇരിക്കാൻ ആഗ്രഹിച്ചു. അയാൾ ചുറ്റും നോക്കി. അവിടെയെങ്ങും ഒരു കുറ്റിച്ചെടി പോലും കാണാൻ ഉണ്ടായിരുന്നില്ല. ക്ഷീണമകറ്റാൻ ഒരു വഴിയുമില്ലാതെ അയാൾ അവിടെതന്നെ നിന്നു. അയാൾ നിന്നതാകട്ടെ അദൃശ്യമായ ഒരു അത്ഭുതവൃക്ഷത്തിന്റെ ചുവട്ടിൽ ആയിരുന്നു. ഈ അത്ഭുതവൃക്ഷത്തിന്റെ ചുവട്ടിൽ നിന്നും ഒരാൾ എന്ത് ആഗ്രഹിച്ചാലും ആ ആഗ്രഹം ഉടൻതന്നെ സഫലമാകുമായിരുന്നു. എന്നാൽ അത്ഭുതവൃക്ഷം അദൃശ്യമായത് കൊണ്ടുതന്നെ ആർക്കും തന്നെ അതിനെ കാണാൻ സാധിക്കുമായിരുന്നില്ല. ആ വഴിയാത്രക്കാരനും അതുകൊണ്ടുതന്നെ താൻ നിൽക്കുന്നത് ഒരു അത്ഭുതവൃക്ഷത്തിന്റെ ചുവട്ടിലാണെന്ന കാര്യം അറിഞ്ഞില്ല. എന്നാൽ നടന്നു തളർന്ന അയാൾ മനസ്സിൽ പറഞ്ഞു 

“ഒരു മരം ഉണ്ടായിരുന്നെങ്കിൽ അതിന്റെ തണലിൽ അല്പനേരം വിശ്രമിച്ചിട്ടു യാത്ര തുടങ്ങാമായിരുന്നു.”

ഉടൻതന്നെ അയാളുടെ അടുത്തായി ഒരു മരം പ്രത്യക്ഷപ്പെട്ടു. ഇതുകണ്ട വഴിയാത്രക്കാരൻ അത്ഭുതപ്പെട്ടു. കുറച്ചു മുൻപ് ചുറ്റും നോക്കിയപ്പോൾ ഒരു കുറ്റിച്ചെടി പോലും ആ മരുഭൂമിയിൽ അയാൾ കണ്ടിരുന്നില്ല. എന്നാൽ നടന്നു തളർന്ന അയാൾ മറ്റൊന്നും ചിന്തിക്കാതെ ആ മരച്ചുവട്ടിൽ ഇരുന്നു. അല്പനേരം ഇരുന്നു നടന്ന ക്ഷീണം മാറിയപ്പോൾ അയാൾക്ക് നല്ല ദാഹം തോന്നി. 

“കൈയിൽ കരുതിയിരുന്ന വെള്ളവും തീർന്നു. കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കിൽ ദാഹം അകറ്റാമായിരുന്നു.”

എന്നയാൾ പിറുപിറുത്തു. അപ്പോൾ അതാ അയാൾ ഇരുന്നതിന്റെ അടുത്തായി ഒരു കൽപാത്രം നിറയെ വെള്ളം ഇരിക്കുന്നത് കണ്ടു. ഇതുകണ്ട വഴിയാത്രക്കാരൻ അമ്പരന്നു. നല്ല ദാഹം ഉണ്ടായിരുന്നതിനാൽ അയാൾ  അതിലെ വെള്ളം മുഴുവൻ കുടിച്ചു തീർത്തു. അല്പം നേരം തണലത്ത് ഇരുന്നു ദാഹം മാറ്റി കഴിഞ്ഞപ്പോൾ അയാൾക്ക് നല്ല വിശപ്പു തോന്നി. അയാൾ മനസ്സിൽ പറഞ്ഞു 

“അതിരാവിലെ യാത്ര തുടങ്ങിയതാണ്. ഇതുവരെയും ഒന്നും തന്നെ കഴിച്ചില്ല. വിശപ്പ് സഹിക്കാനും പറ്റുന്നില്ല. ഈ മരുഭൂമിയിൽ കഴിക്കാൻ എന്തു ലഭിക്കാനാണ്? എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ കഴിക്കായിരുന്നു.”

അങ്ങനെ ചിന്തിച്ചിരുന്നതും അതാ തന്റെ മുന്നിലായി വിഭവസമൃദ്ധമായ ആഹാരങ്ങൾ നിരന്നിരിക്കുന്നു. ഇതുകണ്ട വഴിയാത്രക്കാരന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അയാൾ ചുറ്റും നോക്കി. അവിടെയെങ്ങും ആരെയും കാണാൻ ഉണ്ടായിരുന്നില്ല. നല്ല വിശപ്പുണ്ടായിരുന്ന അയാൾ ഉടൻതന്നെ ആ ഭക്ഷണം മുഴുവനും കഴിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ യാത്രക്ഷീണം ഉള്ളതു കൊണ്ട് അയാൾക്ക് നല്ല ഉറക്കം വന്നു. അയാൾ ആ മരച്ചുവട്ടിൽ തന്നെ ഉറങ്ങാനായി കിടന്നു. വെറും നിലത്തു കിടന്നപ്പോൾ അയാൾ പറഞ്ഞു  

“ഒരു കിടക്ക കിട്ടിയിരുന്നെങ്കിൽ സുഖമായി കിടന്നു ഉറങ്ങാമായിരുന്നു. പക്ഷേ ഈ മരുഭൂമിയിൽ അതെവിടെ നിന്നും കിട്ടാനാണ് ?”

എന്നാൽ ഉടൻതന്നെ അയാൾ ആഗ്രഹിച്ചതുപോലെ ഒരു കിടക്ക അയാളുടെ മുൻപിലെത്തി. വഴിയാത്രക്കാരൻ തീർത്തും അത്ഭുതപ്പെട്ടു. താൻ ആഗ്രഹിക്കുന്നതെല്ലാം എങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് അപ്പോഴും അയാൾക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല. അയാൾ മറ്റൊന്നും ചിന്തിക്കാതെ ആ കിടക്കയിൽ കിടന്നു. വെറും നിലത്തു കിടന്ന അയാൾക്ക് മൃദുലമായ കിടക്കയിൽ കിടന്നപ്പോൾ നല്ല ആശ്വാസം തോന്നി.

ഉറങ്ങാൻ തുടങ്ങിയപ്പോൾ നടന്നു നടന്നു തളർന്ന അദ്ദേഹത്തിന്റെ കാലുകൾക്കു വല്ലാത്ത വേദന അനുഭവപ്പെട്ടു. തന്റെ കാലുകൾ ആരെങ്കിലും ഒന്ന് തിരുമ്മി തന്നിരുന്നെങ്കിൽ എന്ന് അയാൾ ആഗ്രഹിച്ചു. അപ്പോൾ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട്  ഒരു പരിചാരകൻ അവിടെ പ്രത്യക്ഷപ്പെട്ടു. അയാൾ ആ വഴിയാത്രക്കാരന്റെ കാലുകൾ തിരുമ്മാൻ തുടങ്ങി. 

താൻ ആഗ്രഹിക്കുന്നതെല്ലാം അതുപോലെ നടക്കുന്നത് കണ്ട വഴിയാത്രക്കാരന് അപ്പോഴക്കും ചെറിയ ഭയം തോന്നി തുടങ്ങി. എന്നാൽ നല്ല ഉറക്കക്ഷീണം ഉണ്ടായതു കാരണം അയാൾ പെട്ടന്നു തന്നെ ഉറങ്ങിപ്പോയി. ആ മരച്ചുവട്ടിൽ കിടന്നു ബോധം കെട്ടു ഉറങ്ങിയ വഴിയാത്രക്കാരൻ ഉണർന്നപ്പോഴും പരിചാരകൻ തന്റെ  കാൽ തിരുമ്മി കൊണ്ടിരിക്കുന്നതാണ് കണ്ടത്. ഇതു കണ്ട വഴിയാത്രക്കാരൻ ഭയന്നു. ഭയത്തിനോടൊപ്പം തന്നെ അയാളിൽ സംശയവും ഉണ്ടായി. അയാൾ മനസ്സിൽ പറഞ്ഞു 

“ഈ സ്ഥലം അത്ര ശരിയാണെന്ന് തോന്നുന്നില്ല. ഇനി ഏതെങ്കിലും ഭൂതത്തിന്റെ വാസസ്ഥലം ആയിരിക്കുമോ ഇത് ? ആ ഭൂതമെങ്ങാനും ഇവിടെ വന്നാൽ ! എന്തായാലും എത്രയും വേഗം ഇവിടെ നിന്നും പോകാം.”

എന്നാൽ അത്ഭുതവൃക്ഷത്തിന്റെ ചുവട്ടിൽ നിന്നും അയാൾ ഭൂതത്തിനെക്കുറിച്ച്  ചിന്തിച്ചതും അവിടെ ഒരു ഭൂതം പ്രത്യക്ഷപ്പെട്ടു. തന്റെ മുന്നിൽ ഒരു ഭൂതം നിൽക്കുന്നതു കണ്ട വഴിയാത്രക്കാരൻ ഭയന്ന് വിറച്ചു. അയാൾ എന്തു ചെയ്യണമെന്ന് അറിയാതെ ആ ഭൂതത്തിനോട് പറഞ്ഞു 

“അല്ലയോ ഭൂതമേ ഞാൻ അറിയാതെ ഇവിടെ വന്നു പോയതാണ്. ദയവായി എന്നെ കൊല്ലരുത്.”

എന്നാൽ ഇതു വകവയ്ക്കാതെ ഭൂതം അയാളെ കൊല്ലാനായി പാഞ്ഞടുത്തു. ഇതുകണ്ട വഴിയാത്രക്കാരൻ പ്രാർഥിച്ചു 

“ദൈവമേ, എന്നെ എങ്ങനെയെങ്കിലും ഈ ഭൂതത്തിന്റെ കൈയിൽ നിന്നും രക്ഷപ്പെടുത്തണേ.”

അയാൾ ഇതു പറഞ്ഞതും ഉടൻതന്നെ ആ ഭൂതം അവിടെ നിന്നും അപ്രത്യക്ഷമായി. ഭയന്നുവിറച്ച വഴിയാത്രക്കാരൻ തന്റെ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഒരു നിമിഷം പോലും പാഴാക്കാതെ അവിടെ നിന്നും ഓടിപോയി. അത്ഭുതവൃക്ഷത്തിന്റെ ശക്തി കൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്ന് അറിയാതിരുന്ന വഴിയാത്രക്കാരൻ പിന്നെ ഒരിക്കലും അതുവഴി പോയിട്ടേയില്ല.

Read More Wonder Stories For Kids in Malayalam

English Summary: Wonder Stories For Kids in Malayalam | The Wishing Tree. This Malayalam wonder story for kids is about a traveler who comes across a magical tree in the desert. The tree can grant any wish that the traveler makes. The traveler wishes for food, water, a bed, and a massage, and all of his wishes are granted. However, when he starts to think negative thoughts, such as the thought of being eaten by a demon, the demon appears. The traveler realizes that he must be careful of what he thinks, and he goes on his way. This story teaches children the importance of being careful of their thoughts and words. It also shows them that even in the most unexpected places, there can be magic and wonder to be found.

Leave a Comment